മന്ദഹസിക്കാൻ മറക്കാത്ത വാക്കുകൾ
text_fieldsആൾക്കൂട്ടത്തിനും ഏകാന്തതക്കുമിടയിൽ കവിതയുടെ ഇടം എവിടെയാണ്? അത്തരത്തിൽ സുരക്ഷിതവും സ്വകാര്യവുമായ ഒരിടം, ഒരേറുമാടം, ഒരു 'വാച്ച്ടവർ' കവിക്ക് പതിച്ചുകിട്ടുമോ? ആ ഏറുമാടത്തിലിരുന്ന് ഈ ലോകത്തെ നോക്കിക്കാണുന്നതിൽപരം എന്ത് സൗഭാഗ്യമാണ് ഒരു കവിക്ക് ആഗ്രഹിക്കാനാവുക? പക്ഷേ, കവികളല്ലേ, അവർക്ക് ദന്തഗോപുരങ്ങളിൽ ഒളിച്ചിരിക്കാനാവില്ല. അവർ ഗോപുരത്തിെൻറ പിരിയൻ ഗോവണികൾ കയറിയിറങ്ങിക്കൊണ്ടിരിക്കും. സ്വപ്നങ്ങൾക്കും യാഥാർഥ്യങ്ങൾക്കുമിടക്ക് 'കമ്യൂട്ട്' ചെയ്തുകൊണ്ടേയിരിക്കും.
പലപ്പോഴും ഗോവണിപ്പടികളിൽ തന്നെ താമസമുറപ്പിച്ചെന്നും വരാം. കെ.എം. റഷീദ് എന്ന ഈ കവിയുടെ സവിശേഷത അത്തരമൊരു 'കമ്യൂട്ടിങ്' ആണ്. അനിയന്ത്രിതമായൊരു ആന്ദോളനമല്ലത്; ബോധപൂർവമായ വരവും പോക്കും തിരിച്ചുപോക്കുമാണ്. സ്വകാര്യമായ ആത്മീയാന്വേഷണങ്ങൾ ഒരു വശത്ത്; അസഹ്യമായ രാഷ്്ട്രീയ ലോകം മറുവശത്ത്. ഇടയിൽപെട്ടുപോകുന്ന വാക്കുകൾ. ആ വാക്കുകൾ അനുഭവിക്കുന്ന സമ്മർദങ്ങളെ അതിവിദഗ്ധമായി കാവ്യവത്കരിക്കുന്നിടത്താണ് റഷീദിെൻറ ആത്മാവിഷ്കാരം വായനക്കാരെ പിടിച്ചുനിർത്തുന്നത്.
ആത്മീയാന്വേഷണം തന്നെയാണ് ഈ കവിതകളുടെ കാതൽ. സൂക്ഷ്മ മാർഗത്തിലൂടെയുള്ള, അരികുപറ്റിയുള്ള, അധികം ബഹളം വെക്കാതെയുള്ള ഒരു തീർഥാടനം. ഈ തീർഥാടകനെ നമ്മൾ പരിചയപ്പെടുന്നത് പക്ഷേ, യാത്രക്കിടയിലല്ല, വിശ്രമവേളയിലാണ്. യാത്രയുടെ/തീർഥാടനത്തിെൻറ നിരർഥകതയെ പറ്റിയാണോ അയാൾ സംസാരിക്കുന്നതെന്ന് ഒരുവേള സംശയിക്കപ്പെട്ടേക്കാം.
'അടർന്നു വീണിട്ടും മരച്ചോട്ടിൽതന്നെ കഴിയാനുള്ള
ഇലയുടെ ആഗ്രഹം തകരുന്നത്
എങ്ങനെ കണ്ടിരിക്കാനാവും?
പാറയിൽത്തന്നെ കഴിയാനുള്ള മണൽത്തരിയുടെ മോഹം
മണ്ണിനടിയിൽതന്നെ
ഉറങ്ങാനുള്ള വിത്തിെൻറ സ്വപ്നം'
(ഞെട്ടറ്റു വീണത്)
ഇതൊരു വിശ്രാന്തിയുടെ വേളയാണ്. പൂർണത്തിൽനിന്ന് വിട്ടുപോകാനാവാതെ വിവിധ ഘടകങ്ങൾ വിഷാദംകൊള്ളുന്ന പ്രതിസന്ധിയാണ്. സ്രഷ്ടാവിൽനിന്ന്/ആദിമ സ്രോതസ്സിൽനിന്ന് വേർപെടാൻ വിധിക്കപ്പെട്ട ഏതൊരു സൃഷ്ടിയുടെയും ആശങ്കകളാണ്.
''വഴികളെല്ലാം ഖബറിടങ്ങളാകും മുമ്പ്
ഗർഭപാത്രത്തിലേക്കെന്ന പോലെ
എന്നെക്കൂടി തിരിച്ചുവിളിക്കൂ, ഉമ്മാ'
(ഭയം)
എന്ന ആവശ്യം അത്തരം ഭയാശങ്കകളെയെല്ലാം ഒരുമിച്ച് പ്രതിനിധാനംചെയ്യുന്നു. ഇലക്കും മരത്തിനുമിടയിലെ ചെറുഞെട്ടിെൻറ വേദനകളാണ് പലപ്പോഴും ഈ കവിയുടെ വിചാരങ്ങളായി പരിണമിക്കുന്നത്. ഒറ്റക്കുനിന്നുനിന്ന് വൻ മരമായി, വേരുകളാൽ പാതാളത്താൽ സ്പർശിച്ച കുഞ്ഞുചെടിയുടെ വിചാരങ്ങളാൽ ആത്മീയാന്വേഷണത്തിെൻറ വേറിട്ടൊരു വഴിയാണൊരുക്കുന്നത്.
'മഞ്ഞുതുള്ളിയുടെ സുജൂദ്' എന്ന രചനയിൽ 'ഒരു മഞ്ഞുതുള്ളിയെങ്കിലുമാകാനെത്ര നോമ്പുനോൽക്കണം' എന്ന് വായിച്ചപ്പോൾ ഓർമവന്നത് ജി.ശങ്കരക്കുറുപ്പിെൻറ 'സൂര്യകാന്തി'യാണ്. മിസ്റ്റിസിസത്തിലൂടെ സാമൂഹിക ബോധ്യത്തിലേക്ക് പ്രവേശിക്കുേമ്പാൾ റഷീദ് അതീവ സൂക്ഷ്മത പുലർത്തുന്നു. വാക്കുകളെ കൂടുതൽ കൂർപ്പിച്ചെടുക്കുന്നു.
''ദൈവമേ നിന്നോട് പറഞ്ഞ രഹസ്യങ്ങളെല്ലാം
ഒറ്റിക്കൊടുക്കുകയായിരുന്നല്ലേ നീ
(ഒറ്റിപ്പ്)
കവിയുടെ ആത്മവിമർശനം, രാഷ്ട്രീയ വിമർശനം ഇത്രയും കറുത്ത ഹാസ്യമാണെന്ന് തെളിയിക്കുന്ന കവിതയാണിത്.
''എെൻറ എെൻറയെന്നോതി
പിന്നാലെക്കൂടിയ നിഴലിനെ
ആട്ടിയോടിക്കുന്ന' ഒരാളാണ് ഈ കവിതയിലെ ഞെട്ടിക്കുന്ന രൂപകം. ആ നിഴൽ ഭൂതകാലത്തെയും ഈടുവെപ്പുകളെയും ആർജിത സ്മൃതിയെയും ആകമാനം പ്രതിനിധാനം ചെയ്യുന്നു. ആ ആട്ടിയോടിക്കലാകട്ടെ അയാളെ സംബന്ധിച്ചിടത്തോളം അത്രമേൽ അനിവാര്യവുമായിരിക്കാം. മാളുകൾ, തീന്മേശകൾ, സിനിമാശാലകൾ, ബീവറേജുകൾ അവിടെയെല്ലാമുള്ള മുഖം നഷ്ടപ്പെട്ട വ്യാജസംതൃപ്തികൾ അയാളെ ക്ഷണിച്ചുകൊണ്ടിരിക്കുകയാണ്. തൊട്ടപ്പുറത്ത് മറ്റൊരു കാഴ്ചയുണ്ട്.
''നിർത്താതെ നെയ്തുകൂട്ടുന്നുണ്ടൊരു ചിലന്തി
മനോഹാരിതയിൽ, മടുപ്പേതുമില്ലാതെ
വരിതെറ്റാതെയുറുമ്പുകൾ.
നിഴലിനെ ആട്ടിയോടിക്കുന്നവരെക്കുറിച്ച് ഒട്ടും ആശങ്കയില്ലാതെ പെരുമാറുന്ന കാലം എന്ന നിത്യവിസ്മയത്തിന് മുമ്പിലാണ് ഈ കവിത സമർപ്പിതമാവുന്നത്.
'ഒച്ചുകൾ പോലും പതിയെ സ്വന്തം ഇടം
തേടിപ്പിക്കുന്നതും കണ്ട്
മന്ദഹസിക്കുകയാണ് കാലം''
റഷീദിന്റെ കവിതയിൽ മന്ദഹസിക്കാൻ മറന്നുപോകാത്ത ഒരു കാലമുണ്ട്; മനസ്സിൽ തട്ടുന്ന വാക്കുകളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.