നിയമസഭ പുസ്തകോത്സവത്തിൽ ഇന്ന് പ്രിയ എഴുത്തുകാരെത്തും
text_fieldsതിരുവനന്തപുരം: സന്ദർശകരുടെ എണ്ണംകൊണ്ടുമാത്രമല്ല പ്രമേയവും ഉള്ളടക്കവുംകൊണ്ടുകൂടി ശ്രദ്ധേയമായി നിയമസഭ പുസ്തകോത്സവം. ചർച്ചകളും സംവാദങ്ങളുമായി കലാ-സാംസ്കാരിക-രാഷ്ട്രീയ-സാഹിത്യരംഗത്തെ പ്രമുഖരുടെ സാന്നിധ്യം മേളയെ ജനകീയമാക്കുകയാണ്. കേരളത്തിന്റെ സാമൂഹികമാറ്റങ്ങളുടെ അടയാളം കൂടിയായി മാറുകയാണ് നിയമസഭ പുസ്തകോത്സവം.
240 പുസ്തകപ്രകാശനങ്ങളാണ് മേളയിൽ നടക്കുന്നത്. 30 പുസ്തകചർച്ചകൾ, മന്ത്രിമാരും സാഹിത്യ സാമൂഹിക സാംസ്കാരിക നായകന്മാരുമുൾപ്പെടെ പങ്കെടുക്കുന്ന പാനൽ ചർച്ചകൾ, ദേശീയ അന്തർദേശീയ വ്യക്തിത്വങ്ങളെ സഹകരിപ്പിച്ചുകൊണ്ടുള്ള ‘മീറ്റ് ദി ഓതർ’ എന്നിവ പുസ്തകോത്സവത്തിന് അക്ഷരഗാംഭീര്യമേവുകയാണ്. നിയമസഭാ പുസ്തകോത്സവ വേദിയിൽ യാത്രാനുഭവങ്ങൾ പങ്കുവെച്ച് മലയാളത്തിന്റെ പ്രിയ സഞ്ചാരികളെത്തിയതാണ് അഞ്ചാം ദിവസത്തെ ശ്രദ്ധേയമാക്കിയത്.
പുസ്തകോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വഴിത്താരകളിലെ യാത്രാനുഭവങ്ങൾ എന്ന പാനൽ ചർച്ചയിൽ അജയൻ പനയറ, വി. മുസഫർ അഹമ്മദ്, കെ.എ. ബീന, ഡോ. മിത്ര സതീഷ് എന്നിവർ യാത്രകളെക്കുറിച്ചും സഞ്ചാരസാഹിത്യത്തെക്കുറിച്ചും സംവദിച്ചു. എം.കെ. രാമചന്ദ്രൻ മോഡറേറ്ററായി. എം. മുകുന്ദൻ, പ്രഭാവർമ, സുഭാഷ് ചന്ദ്രൻ, ടി.ഡി. രാമകൃഷ്ണൻ, സി.വി. ബാലകൃഷ്ണൻ, ഡോ. വൈശാഖൻ തമ്പി, കെ.പി. രാമനുണ്ണി തുടങ്ങി വായനക്കാരുടെ പ്രിയ എഴുത്തുകാർ തിങ്കളാഴ്ച നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവവേദിയിലെത്തും.
നിയമസഭാ ലൈബ്രറി കാണാനും തിരക്കേറുന്നു
തിരുവനന്തപുരം: നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി നിയമസഭാ ലൈബ്രറിയിൽ ഒരുക്കിയ പ്രദർശനം കാണാനും തിരക്കേറുന്നു. ചരിത്രത്തിന്റെ ഭാഗമായ പുസ്തകങ്ങൾ മുതൽ പ്രമുഖ നിയമസഭാ സാമാജികരുടെ പുസ്തകങ്ങൾവരെ ഇവിടെ പ്രദർശനത്തിന് ഒരുക്കിയിട്ടുണ്ട്. നവംബർ ഏഴുവരെ നീളുന്ന പ്രദർശനത്തിൽ പ്രവേശനം സൗജന്യമാണ്.
തിരുവിതാംകൂർ ദിവാന്റെ ഓഫിസിൽ തുറന്ന ലൈബ്രറിയാണ് 1921ൽ ലെജിസ്ലേറ്റിവ് ലൈബ്രറിയായി മാറിയത്. 1949ൽ ട്രാവൻകൂർ കൊച്ചിൻ അസംബ്ലി ലൈബ്രറിയായി പുനർനാമകരണം ചെയ്യപ്പെട്ടു. പൊതുജനങ്ങൾക്കുകൂടി അംഗത്വം നൽകുന്ന ഇന്ത്യയിലെ ആദ്യ ലെജിസ്ലേറ്റിവ് ലൈബ്രറി എന്ന നേട്ടം കേരള നിയമസഭാ ലൈബ്രറിക്കുണ്ട്.
1888 മുതൽക്കുള്ള നിയമസഭയുടെ സമഗ്രമായ ചരിത്രം ശേഖരിച്ചിട്ടുള്ള ഒരേയൊരു ലൈബ്രറിയാണ് കേരള നിയമസഭയിേലത്. നിയമസഭയിലെ നടപടിക്രമങ്ങൾ, വിവിധ കമീഷനുകളുടെയും കമ്മിറ്റികളുടെയും റിപ്പോർട്ടുകൾ, പാസാക്കിയ ബില്ലുകൾ, ബുള്ളറ്റിനുകൾ തുടങ്ങിയ നിരവധി രേഖകൾ ഇവിടെ ലഭിക്കും.
1957 മുതൽ കേരള നിയമസഭ കൊണ്ടുവന്ന നിയമങ്ങൾ കാലാനുക്രമത്തിൽ ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. 1849ൽ പ്രസിദ്ധീകരിച്ച ‘ആൻ ഇൻക്വയറി ഇൻടു ദി നേച്ചർ ആൻഡ് കോസസ് ഓഫ് വെൽത്ത് ഓഫ് നേഷൻസ്’ ആണ് ലൈബ്രറിയിൽ ലഭ്യമായ ഏറ്റവും പഴയ പുസ്തകം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.