വായിക്കണം ഈ കുടക് ഡയറി
text_fields‘കുടകിനു പോകുമ്പോള് കുടചൂടി പോകണം’ എന്നാണ് ചൊല്ലെങ്കിലും തലച്ചങ്ങാട് ബാബുവിന്റെ കുടകിലേക്കുള്ള യാത്ര കുടചൂടിയായിരുന്നില്ല. ഒരുതരത്തിൽ പറഞ്ഞാൽ ചൂടിന്റെ കാഠിന്യത്താൽ കുട ചൂടിയിരിക്കാം! ജീവിതയാഥാർഥ്യങ്ങൾ മനസ്സിലേക്കാവാഹിച്ച ഒരു നിർബന്ധിത യാത്രയായിരുന്നു അത്. പൊള്ളുന്ന അനുഭവങ്ങൾ മനസ്സിന്റെ ആഴങ്ങളിൽ ഒരു നെരിപ്പേടുപോലെ ചൂടേകുന്നുണ്ടെങ്കിലും അത് മറന്നുള്ള ഒരദൃശ്യ യാത്ര. അല്ലെങ്കിൽ, അദ്ദേഹത്തിന്റെ വിരൽത്തുമ്പിൽനിന്നുതിർന്ന മഷികണങ്ങൾക്ക് കുടകിന്റെ വശ്യതയും അനുഭവങ്ങളും പറയാനാകുമായിരുന്നില്ല എന്നത് ‘കുടക് ഡയറി’ വായിക്കുന്ന ഏതൊരാൾക്കും മനസ്സിലാകും.
പുതിയ എഴുത്തുകാർക്കും പുതിയ വായനക്കാരനും ഒരുത്തമ ബോധ്യമുണ്ടാക്കിക്കൊടുക്കുന്ന ഒരപൂർവ നോവലിന്റെ പിറവിയാണ് തലച്ചങ്ങാട് ബാബുവിന്റെ ‘കുടക് ഡയറി’. സാഹിത്യലോകത്തേക്ക് പിച്ചവെച്ച് വേഗതയാർന്ന മെയ്വഴക്കമായിത്തീരുന്ന കാഴ്ചയാണ് ഡയറിയുടെ അവസാന താളും വായിച്ചുതീരുമ്പോൾ നമുക്ക് മനസ്സിലാകുന്നത്. നല്ലൊരു ആഖ്യാനഭാഷയും മലയാളിയുടെ നിത്യദുഃഖവും സമം ചാലിച്ചെടുത്ത കന്നിസൃഷ്ടി വായനക്കാരനെ സംബന്ധിച്ചിടത്തോളം ഒരു നിവേദ്യമാണ്.
കണ്ണൂരിന്റെ മലയോരപ്രദേശമായ ഇരിട്ടിക്കടുത്തെ 21ാം മൈലിൽനിന്ന് ആരംഭിക്കുന്ന ഡയറിയെഴുത്ത് അങ്ങ് ചുരവും താണ്ടി കുടകിന്റെ വശ്യതയിൽ പുരോഗമിക്കുകയാണ്. ഒരു കമ്യൂണിസ്റ്റിന്റെ എല്ലാ ഗുണങ്ങളും നോവലിന്റെ അകംപുറങ്ങളിൽ ശ്രാവ്യഭംഗി നൽകുന്നുണ്ട്. പക്ഷേ, കഥയുടെ ചുറ്റുപാടിൽ അനീതി കാണുമ്പോൾ അതിനെതിരെ ഉറക്കെ പ്രതികരിക്കാൻ ആ കമ്യൂണിസ്റ്റിനാവുന്നില്ല. കാരണം, അത് സൗകര്യപൂർവം മറക്കാനായി പ്രമോദെന്ന കഥാപാത്രം പ്രേരിപ്പിക്കുന്നുണ്ട്.
ജീവിതം കരുപ്പിടിപ്പിക്കാൻ അയൽദേശങ്ങളിലേക്ക് ചേക്കേറുന്ന ഒരുകൂട്ടം സാധാരണ തൊഴിലാളികളുടെ ആധിയും സന്തോഷവും പ്രണയവുമെല്ലാം വിളക്കിച്ചേർത്തെടുത്ത ഒരു നല്ല സാഹിത്യസൃഷ്ടിയാണ് ‘കുടക് ഡയറി’. മണ്ണിൽ പൊന്നുവിളയിക്കുന്ന ഒരുകൂട്ടം തൊഴിലാളികളുടെ ജീവിതവ്യഥകളെ ആധാരമാക്കുന്ന ജീവിതഗന്ധിയായ നോവലാണ് തലച്ചങ്ങാട് ബാബുവിന്റെ ‘കുടക് ഡയറി’ എന്ന് നിസ്സംശയം പറയാം. ജീവിതം പലവഴികളിലൂടെ, പല കാൻവാസിലൂടെ വരച്ചുതീർക്കുന്ന ഒരു കേന്ദ്രകഥാപാത്രമാണ് സുരേഷ്.
സുരേഷിന്റെ ജീവിതവഴികളിൽ കണ്ട കാഴ്ചകളും അനുഭവങ്ങളും പിന്നെ കുമാരേട്ടനും പ്രമോദും റൈറ്ററും കാവൽക്കാരൻ മണിയണ്ണനും രാജുവും ഗപ്പുവണ്ണനും കൂടിയുള്ള അതിവിശേഷമായ കൂടിക്കാഴ്ചകളുടെയും ആകത്തുകയാണ് ഈ ഡയറിയിലെ അവസാന പേജിലടക്കം ഉൾച്ചേർന്നിരിക്കുന്നത്. തൊഴിലാളിചൂഷണത്തിന്റെ അത്യന്തം അപകടം നിറഞ്ഞ വഴികളിലൂടെ സഞ്ചരിക്കുമ്പോഴും വിപ്ലവവീര്യമുള്ള കണ്ണൂരുകാരന്റെ രക്തം തണുത്തുറഞ്ഞുപോവുകയാണിവിടെ. ഒന്നും മിണ്ടാനാവാതെ ജീവിതയാഥാർഥ്യങ്ങളുടെ തടവറയിൽ ചങ്ങലകളാൽ ബന്ധിതനായിരിക്കുന്നു അയാൾ. കുടക് മലയുടെ കുളിരുകോരുന്ന മണ്ണിലൂടെ സഞ്ചരിക്കുന്ന ഏതൊരാൾക്കും ദൃശ്യമാകുന്ന പഴയകാല അനുഭവങ്ങളാണ് കഥയായി നമുക്കു മുന്നിൽ വരച്ചുകാട്ടുന്നത്. പണ്ടൊക്കെ ഒരുപാടുപേർ കുരുമുളക് പറിക്കാനും മറ്റും ചുരംകയറാറുള്ളത് കേട്ടറിഞ്ഞിട്ടുണ്ട്.
ഇന്നത് അന്യംനിന്നുപോയെങ്കിലും ഒരു വഴികാട്ടിയായി അന്നത്തെ അനുഭവസാക്ഷ്യങ്ങൾ ബാബുവിന്റെ ഡയറിയിലൂടെ വെളിച്ചം കാണുന്നുണ്ട്. കാവലിനും കുരുമുളക് പറിക്കാനും കാപ്പിത്തോട്ടത്തിലും ജീവിതംതേടിപ്പോകുന്ന മലയാളികൾ ചേക്കേറുന്ന മണ്ണാണ് നമ്മുടെ അതിർത്തിദേശമായ കർണാടക. മൂന്നുപേരുടെ വഴികളിൽ സഞ്ചരിക്കുന്ന ഒരപൂർവ നോവലിന്റെ എല്ലാ ഭംഗിയും നിലനിർത്തി കന്നട ഭാഷയുടെ മനോഹാരിത വിരിയിച്ച സന്ദർഭങ്ങളും നോവലിൽ കഥയെഴുത്തുകാരൻ പറഞ്ഞുതരുന്നുണ്ട് നമുക്ക്. കുടകിന്റെ വശ്യമനോഹാരിതയിൽ ചെറിയ കാലയളവിലുണ്ടായ അനുഭവങ്ങളാണ് കഥയായി ഉരുവംകൊണ്ടത്.
അത് വായനക്കാരന് ആസ്വദിക്കാൻ പാകത്തിൽ വിളമ്പിത്തരുന്നുണ്ട് ‘കുടക് ഡയറി’. നാടിന്റെ സാമൂഹിക പരിതഃസ്ഥിതിയിൽ എന്നും ഇടപെട്ടുകൊണ്ടിരിക്കുന്ന ഒരു കമ്യൂണിസ്റ്റാണ് എഴുത്തുകാരൻ എന്ന് നമുക്ക് ആ എഴുത്തിലൂടെ ബോധ്യമാകുന്ന പല സന്ദർഭങ്ങളും കാണാൻ കഴിയും. അരികുവത്കരിക്കപ്പെടുന്ന മനുഷ്യന്റെ വേദന മനസ്സിലാക്കിയ എഴുത്തുകാരനാണ് തലച്ചങ്ങാട് ബാബു. ജീവകാരുണ്യ-സാമൂഹിക-നാടകപ്രവർത്തകൻ കൂടിയായ എഴുത്തുകാരന്റെ ജീവിതാനുഭവങ്ങളും ബോധ്യങ്ങളും നിരീക്ഷണങ്ങളും എടുത്തുപറയേണ്ടതാണ്.
ഓരോ പേജ് കഴിയുമ്പോഴും അടുത്തതിലേക്കുള്ള സ്വച്ഛന്ദമായ ഒഴുക്ക് നോവലിസ്റ്റിന്റെ വിജയമാണ്. അടുത്തതിലേക്ക് എത്തിപ്പെടാൻ തിടുക്കപ്പെടുന്ന വായനക്കാരനാവുകയാണ് നമ്മൾ. ഒരു വായനപ്രേമി തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകമാണിത് എന്നതിൽ തർക്കമില്ല. അതൊരിക്കലും നിങ്ങളെ നിരാശരാക്കില്ല, ഉറപ്പ്.ആ ബാളുപ്പേട്ടച്ചന്തയിലെ ഓരോ കാഴ്ചയും ഒപ്പിയെടുക്കുന്ന അസാധാരണ കാഴ്ചശക്തി നോവലിൽ പ്രകടമാകുന്നുണ്ട്. അവസാനം കാവേരിനദിയെ നോക്കി യാത്രപറയുന്ന ഒരു നിരാശാകാമുകനെപ്പോലെ അയവിറക്കുന്ന ഓർമകളുമായി അയാൾ ഇന്ന് ചുരമിറങ്ങുകയാണ്.
കുടക് ഡയറി
നോവൽ
തലച്ചങ്ങാട്ട് ബാബു
പേജ്: 148, വില: 210
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.