ചെമ്പൈ സംഗീതോത്സവത്തിന് തുടക്കം
text_fieldsഗുരുവായൂർ: ഏകാദശിക്ക് മുന്നോടിയായ ചെമ്പൈ സംഗീതോത്സവത്തിന് തുടക്കമായി. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ തംബുരു മേൽപത്തൂർ ഓഡിറ്റോറിയത്തിലെ സംഗീത മണ്ഡപത്തിൽ സ്ഥാപിച്ച ശേഷം മന്ത്രി കെ. രാധാകൃഷ്ണൻ സംഗീതോത്സവം ഉദ്ഘാടനം ചെയ്തു. ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം മൃദംഗ വിദ്വാൻ തിരുവനന്തപുരം വി. സുരേന്ദ്രന് മന്ത്രി സമ്മാനിച്ചു.
ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ അധ്യക്ഷത വഹിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ മുൻ എം.പി ചെങ്ങറ സുരേന്ദ്രൻ, മനോജ് ബി. നായർ, കെ.ആർ. ഗോപിനാഥ്, അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ എന്നിവർ സംസാരിച്ചു. ദേവസ്വം ഡയറി തിരുവനന്തപുരം വി. സുരേന്ദ്രന് നൽകി മന്ത്രി പ്രകാശനം നിർവഹിച്ചു.
ശനിയാഴ്ച രാവിലെ ഏഴിന് തന്ത്രി ദിനേശൻ നമ്പൂതിരിപ്പാട് സംഗീതമണ്ഡപത്തിൽ ദീപം തെളിച്ചശേഷം കച്ചേരികൾ തുടങ്ങും. രാത്രിയിലെ വിശേഷാൽ കച്ചേരിയിൽ ആറിന് അയ്യർ സഹോദരിമാരായ ആർ.എസ്. ശ്രീവിദ്യ, ആർ.എസ്. സുധ എന്നിവരും ഏഴിന് ടി.എൻ.എസ്. കൃഷ്ണയും പാടും.
എട്ടിന് ടി.എച്ച്. ലളിത, കോടംപള്ളി ഗോപകുമാർ, കെ.വി. വിവേക് രാജ് എന്നിവരുടെ വയലിൻ കച്ചേരിയുണ്ടാകും. എല്ലാ ദിവസവും രാവിലെ ആറിന് കച്ചേരികൾ തുടങ്ങും. രാത്രി ആറുമുതൽ ഒമ്പതുവരെയാണ് വിശേഷാൽ കച്ചേരികൾ. 2500ഓളം പേരാണ് രണ്ടാഴ്ച നീളുന്ന സംഗീതോത്സവത്തിൽ പാടുക. ഡിസംബർ രണ്ടിന് പഞ്ചരത്ന കീർത്തനാലാപനമുണ്ടാകും. മൂന്നിന് ഏകാദശി ദിവസം രാത്രി സംഗീതോത്സവം സമാപിക്കും.
'ഏകാദശി തീയതി വിവാദമാക്കുന്നത് ശരിയല്ല'
ഗുരുവായൂർ: ഏകാദശിയുടെ തീയതിയെ ചൊല്ലി വിവാദമുയർത്തുന്നത് ആർക്കും ഭൂഷണമല്ലെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. ഏകാദശിയുടെ ഭാഗമായ ചെമ്പൈ സംഗീതോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏകാദശി ഡിസംബർ മൂന്നിനല്ല, നാലിനാണ് എന്ന രീതിയിലുള്ള പ്രചാരണങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ഈ വിഷയം പ്രശ്‌നമാക്കാതെ എങ്ങനെയാണ് പരിഹരിക്കാൻ കഴിയുകയെന്ന് ആലോചിക്കണമെന്ന് മന്ത്രി നിർദേശിച്ചു.
ഗുരുവായൂർ ക്ഷേത്രം തന്ത്രിയാണ് ഡിസംബർ മൂന്ന് എന്നത് നിശ്ചയിച്ചതെന്നും അനുഷ്ഠാനങ്ങളുടെ കാര്യത്തിൽ തന്ത്രിയുടെ നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അനാവശ്യ വിവാദങ്ങൾ എല്ലാ രംഗത്തേക്കും കൊണ്ടുവരുന്നത് ഭൂഷണമാണോയെന്ന് ചിന്തിക്കണമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.