സ: അൻതാനോവും മൗലാനാ ഇമാം ദാദുൽ റാഷിദിയും
text_fieldsദൈവമേ ഇല്ലെന്ന് കരുതിയ ഒരു വിപ്ലവകാരിയും, ശാശ്വതമായി ഉള്ളത് ദൈവം മാത്രമാണെന്ന് വിശ്വസിച്ച ഒരു ആത്മീയനേതാവും കാണാതെ പരസ്പരം കൈപിടിച്ച അവിസ്മരണീയമായ രണ്ട് വ്യത്യസ്ത സന്ദർഭങ്ങൾ
സഖാവ് അൻതാനോവും മൗലാനാ ഇമാംദാദുൽ റാഷിദിയും പങ്കുവെക്കുന്നത് ഭിന്ന കാഴ്ചപ്പാടുകളാണ്, പക്ഷേ അവർ ഒന്നിക്കുന്നത്, മനുഷ്യത്വത്തിലാണ്. ഓരോതുള്ളി ചോരയിൽനിന്നും ഒരായിരംപേർ ജനിക്കുമ്പോൾ; ഓരോ തുള്ളി കണ്ണീരിൽനിന്നും പതിനായിരംപേർ ജനിച്ചേക്കുമെന്നാണ് അവരിരുവരും മനുഷ്യരായ മനുഷ്യരെ മുഴുവൻ പഠിപ്പിക്കാതെ പഠിപ്പിക്കുന്നത്.
അൻതാനോവിന്റെ പടക്കളമായ പഴയ റഷ്യയിലെ പെേട്രാഗ്രാഡിനും ഇമാംദാദുൽ റാഷിദിയുടെ പ്രവർത്തന കേന്ദ്രമായ പശ്ചിമ ബംഗാളിലെ, അസൻസോൾ പട്ടണത്തിനുമിടയിൽ എത്രയോ കിലോമീറ്ററുകൾ അകലമുണ്ട്. രണ്ട് രാജ്യം രണ്ട് സന്ദർഭം, രണ്ട് കാഴ്ചപ്പാടുകൾ, സാധാരണഗതിയിൽ ഒരുതരത്തിലുള്ള താരതമ്യവും സാധ്യമല്ലാത്തവിധം വേറിട്ടു നിൽക്കുന്ന രണ്ട് അവസ്ഥകളാണ് പെേട്രാഗ്രാഡിലും അസൻസോളിലുമുള്ളത്.
എന്നിട്ടുമവക്കിടയിൽ അകലങ്ങൾക്കപ്പുറം ഒരടുപ്പം ഉണ്ടായിത്തീർന്നത്, ആദർശവേഗതകൾക്കുമുന്നിൽ അതിർത്തികൾ അപ്രസക്തമാവുന്നതുകൊണ്ടാവണം! ദൈവമേ ഇല്ലെന്ന് കരുതിയ ഒരു വിപ്ലവകാരിയും, ശാശ്വതമായി ഉള്ളത് ദൈവം മാത്രമാണെന്ന് വിശ്വസിച്ച ഒരു ആത്മീയനേതാവും കാണാതെ പരസ്പരം കൈപിടിച്ച അവിസ്മരണീയമായ രണ്ട് വ്യത്യസ്തസന്ദർഭങ്ങളെയാണ് ഈയൊരു കുറിപ്പിൽ കണ്ടെടുക്കാൻ ശ്രമിക്കുന്നത്.
തൊടുന്നതിനെ മുഴുവൻ, അത് തണലായാലും വെയിലായാലും ദുരന്തമായാലും വിൽപനച്ചരക്കാക്കുന്ന കോർപറേറ്റ് മൂലധനവും, എന്തിലും ഏതിലും എങ്ങനെയെങ്കിലും വെറുപ്പിന്റെ വിത്തുകൾ മാത്രം ചികഞ്ഞ് കണ്ടെത്തി, ആർദ്രമായ മനുഷ്യമനസ്സിൽ അത് വിതച്ച് രാഷ്ട്രീയലാഭം കൊയ്യാൻ ശ്രമിക്കുന്ന നവഫാഷിസ്റ്റുകളും സൃഷ്ടിക്കുന്ന മനുഷ്യത്വ ചോർച്ചക്കെതിരെയുള്ള സർവതരത്തിലുള്ള ചെറുത്തുനിൽപുകളും സ്വാഗതാർഹമാണ് എന്ന വകതിരിവിനോളം പുളകംപകരാൻ കലുഷമായ ഇന്ത്യനവസ്ഥയിൽ മറ്റൊന്നിനും ഇന്ന് കഴിയുകയില്ല. ഉറപ്പ്.
ഒരു വാക്ക് സൃഷ്ടിച്ച വിസ്മയം
കൽക്കത്ത കഴിഞ്ഞാൽ പശ്ചിമ ബംഗാളിലെ ശ്രദ്ധേയമായ പട്ടണമാണ് അസൻസോൾ. പതിറ്റാണ്ടുകളായി മതസൗഹാർദത്തിന്റെ മഹത്തായ കേന്ദ്രമായി ജനങ്ങൾ പരസ്പരം സൗഹൃദം പങ്കുവെക്കുന്ന; ഇരുമ്പുരുക്ക്, കൽക്കരി എന്നിവക്കും, ഉയരത്തിൽ വളരുന്ന അസാൻ മരങ്ങൾക്കും ഒപ്പം അതിനേക്കാൾ ഉയരത്തിലും ഉറപ്പിലും പടർന്നു പന്തലിച്ച മതസൗഹാർദത്തിനും പേരുകേട്ട സ്ഥലം.
അസൻസോൾ എന്നപേരിനുതന്നെ അസാൻ മരങ്ങൾ വളരുന്ന ഭൂമി എന്നാണ് അർഥം. നഗരത്തിന്റെ പ്രവേശനകവാടത്തിൽ, ഒരൊറ്റ ബോർഡേയുള്ളൂ. അത് വംശഹത്യാപൂർവഗുജറാത്തിലെന്നപോലെ ഹിന്ദുരാഷ്ട്രത്തിലേക്കു സ്വാഗതം എന്നല്ല, മറിച്ച് സാഹോദര്യത്തിന്റെ നഗരത്തിലേക്ക് സ്വാഗതം എന്നായിരുന്നു. ബക്രീദും ക്രിസ്മസും രാമനവമിയും ഹോളിയും ദീപാവലിയും മുഹർറവും അസൻസോളിൽ അവർ ഒന്നിച്ചാഘോഷിച്ചു.
അവർക്കിടയിൽ അന്നൊന്നും വിഭജനത്തിന്റെ മതിലുകളോ, അതിനുമുകളിൽ വെറുപ്പിന്റെ കുപ്പിച്ചില്ലുകളോ ഉണ്ടായിരുന്നില്ല. സ്വന്തം വിശ്വാസങ്ങളിൽ സംതൃപ്തരായി ജീവിതപ്രാരബ്ധങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങളിൽ അവർ ഒന്നിച്ച് കഴിഞ്ഞുവരവേയാണ് ഇപ്രാവശ്യത്തെ രാമനവമി ആഘോഷം, മുമ്പില്ലാത്തവിധം ആേക്രാശവും അക്രമവുമായി സ്വസ്ഥതകളിൽ സുഷിരംവീഴ്ത്തി അസൻസോളിനെയും പരിസരപ്രദേശങ്ങളെയും ഇളക്കിമറിച്ചത്.
പരസ്പരം മധുരം നൽകിയും പൂക്കൾ വിതറിയും ചായം കുടഞ്ഞും, ഒന്നിച്ചുണ്ടും കഴിഞ്ഞുകൂടിയ പഴയകാലങ്ങൾ ഇനിയൊരിക്കലും ആവിധം തിരിച്ചുവരില്ലെന്ന ആശങ്കകൾക്കിടയിലാണ്, ഇന്ന് അസൻസോൾ സമാശ്വസിപ്പിക്കപ്പെടാത്ത അസ്വസ്ഥതകളിൽ കഴിയുന്നത്.
2018 മാർച്ച്മാസം അവസാനം നടന്ന രാമനവമി ആഘോഷയാത്രക്കിടയിലാണ് അസൻസോളിനെയും രാജ്യത്തെയാകെയും നടുക്കിയ വൻകലാപം നടന്നത്. അതൊരു ആസൂത്രിതവും നിർമിതവുമായ കലാപമായിരുന്നുവെന്ന്, ആഘോഷത്തിന്റെ അജണ്ടയിൽ വരുത്തിയ മാറ്റങ്ങൾ ശ്രദ്ധിച്ചാൽ ആർക്കും മനസ്സിലാവും! മിഠായികൾക്കും തോരണങ്ങൾക്കും ഭക്തിസാന്ദ്രമായ രാമനാമജപങ്ങൾക്കുമപ്പുറം ത്രിശൂലങ്ങളും വാളുകളും പ്രകോപനപരമായ മുദ്രാവാക്യങ്ങളും, ഇന്ത്യയുടെ രാഷ്ട്രീയഭാഗധേയത്തെയാകെ തിരുത്തിക്കുറിച്ച ജയ്ശ്രീറാം അലർച്ചകളുമാണ്, അന്ന് അസൻസോളിനെ എതിരേറ്റത്.
2014ന് ശേഷം ഇന്ത്യയിൽ സംഭവിച്ച രാഷ്ട്രീയമാറ്റം അസൻസോളിലെ മനുഷ്യരും സ്വന്തം അനുഭവത്തിലൂടെ തൊട്ടറിയുകയായിരുന്നു. ഇന്നലെവരെ പരസ്പരം തോളിൽ കൈയിട്ടു നടന്നവരാണ്, ഇന്ന് കൈയിൽ വാളേന്തിയിരിക്കുന്നത്. നമസ്തേ പറഞ്ഞ് കൈകൂപ്പിയവരാണ്, ജയ്ശ്രീറാം വിളിക്കിനെടാ എന്നാേക്രാശിക്കുന്നത്. സാഹോദര്യത്തിന് പേരുകേട്ട നഗരം സംഘർഷങ്ങൾ ഇരമ്പുന്ന നരകമായി മാറിക്കഴിഞ്ഞിരുന്നു.
ദുർദാദ് അയാളോട് പറഞ്ഞു: പുതിയൊരു രോഗം നഗരത്തിൽ പടർന്നുകൊണ്ടിരിക്കുന്നു. കണ്ടാമൃഗഭ്രമം (Rhinoceritis). കണ്ടാമൃഗമാകാനുള്ള ആഗ്രഹവും അതായിത്തീരുന്നതിലുള്ള അഭിലാഷവും. നാടകപ്രതിഭ അയനസ്കോവിന്റെ ‘കണ്ടാമൃഗങ്ങൾ’ എന്ന നാടകം, നരകമായി മാറുന്ന നാടിന്റെ അകമാണ് മുമ്പേ അടയാളപ്പെടുത്തിയത്. ആ അവസ്ഥയിലേക്കാണ് അസൻസോളും വലിച്ചെറിയപ്പെട്ടത്.
അസൻസോളിലെ അത്ഭുതം
നെറ്റിയിൽ തടവി കൊമ്പ് മുളക്കാത്തതിൽ സങ്കടപ്പെടുന്ന മനുഷ്യരുടെ എണ്ണം പെരുകുമ്പോൾ ഉത്സവത്തിലെ വിഭവസമൃദ്ധമായ ചോറുരുളകൾക്കിടയിൽ ചോരപടരും. സൗഹൃദങ്ങളുടെ സമതലങ്ങളെ വെറുപ്പിന്റെ കടൽ വിഴുങ്ങും. ചെടികളിൽ ത്രിശൂലങ്ങൾ തളിർക്കും. ഇതിനൊക്കെ ഇടയിലെവിടെയോ വെച്ചാണ് അസൻസോളിലെ അതിപുരാതനമായ നൂറാനി പള്ളിയിലെ ഇമാമും സർവാദരണീയനുമായ മൗലാന ഇമാം ദാദുൽ റാഷിദിയുടെ മകൻ ശിബ്ത്തുല്ല റാഷിദി കൊല്ലപ്പെട്ടത്.
പതിനാറ് വയസ്സുമാത്രം പ്രായമായ, ഗ്രാമത്തിന്റെ അഭിമാനമായ, ശിബ്ത്തുല്ല റാഷിദിയുടെ കൊല അസൻസോളിനെ അക്ഷരാർഥത്തിൽ കിടിലം കൊള്ളിച്ചു. കൽക്കരിക്ക് പ്രസിദ്ധമായ നഗരം കത്തിച്ചാരമാവുന്നൊരവസ്ഥയിലേക്ക് കാര്യങ്ങളാകെ വഴുക്കാനുള്ള സകലസാധ്യതകളുമുണ്ടായിരുന്നു.
അത് തടഞ്ഞത്, വലിയൊരപകടത്തിൽനിന്ന് നാടിനെയാകെ രക്ഷിച്ചത്, ലോകത്തിനുതന്നെ മാതൃകയായത് ഒരു പിതാവിന്റെ നിശ്ചയദാർഢ്യവും ഒരു ഇമാമിന്റെ അഗാധമായ മതബോധ്യവുമാണെന്നതിന് ഇന്നും അസൻസോൾ സാക്ഷ്യംവഹിക്കുന്നു.
സ്വന്തം മകൻ കൊല്ലപ്പെട്ട വിവരം രാത്രിയിലാണ് പൊലീസ് ഇമാമിനെ അറിയിക്കുന്നത്. ഇമാം പൊലീസിനോട് പറഞ്ഞത് നിങ്ങൾ ഇത് ഇപ്പോൾ പരസ്യപ്പെടുത്തരുത്, രാത്രിയിൽ നഗരം കത്താൻ അത് കാരണമാവും, പകൽ വിവരം ഞാൻതന്നെ പറയാം, ഇതിന്റെ പേരിൽ സംഘർഷവും ഉണ്ടാവരുത്, ഉണ്ടാക്കാൻ ആരെയും അനുവദിക്കരുത് എന്നായിരുന്നു.
അന്ന് രാത്രി മുഴുവൻ ഏകനായി മകന്റെ മൃതദേഹം ഉള്ളിൽ ചുമന്ന് പ്രാർഥനകളിൽ മുഴുകി നിദ്രാരഹിതമായി അദ്ദേഹമിരുന്നു. സുബ്ഹ് നമസ്കാരത്തിന്, പ്രഭാത പ്രാർഥനക്കെത്തിയവരോട് നമസ്കാരാനന്തരം കുറച്ചുസമയംകൂടി അവിടെ നിൽക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു.
ആദ്യംതന്നെ അദ്ദേഹം ചങ്കിടറാതെ പറഞ്ഞൊപ്പിച്ചത്, നിങ്ങളൊരു പ്രതിജ്ഞയെടുക്കണം. ഒന്നിന്റെപേരിലും ഇവിടെ ഒരുതുള്ളി ചോരപോലും വീഴരുത്. എന്റെ മകൻ, നമ്മുടെ പ്രദേശത്തിന്റെ പ്രിയപുത്രൻ കൊല്ലപ്പെട്ടിരിക്കുന്നു. സദസ്സ് എടുത്ത പ്രതിജ്ഞ മറന്ന് പ്രതികാരത്തിനായി കൊടുമ്പിരിക്കൊണ്ടു. അപ്പോൾ അദ്ദേഹം അവരോട് പറഞ്ഞു.
എത്രയോ വർഷങ്ങൾക്കുമുമ്പ് ബിഹാറിലെ സമസ്തിപ്പൂരിൽനിന്ന് ഉപ്പയുടെ കൈയും പിടിച്ചാണ് കുട്ടിയായ ഞാൻ ഇവിടേക്കു വന്നത്. ദീർഘകാലം ഉപ്പയായിരുന്നു നിങ്ങളുടെ ഇമാം. ഇപ്പോൾ ഞാനാണ് മുപ്പതുവർഷമായി നിങ്ങളുടെ ഇമാം. ഇത്രയും വർഷം ഞാൻ നിങ്ങളോട് സംസാരിച്ചത് സമാധാനത്തെക്കുറിച്ചാണ്. ഇസ്‍ലാം ഉൾപ്പെടെ സർവമതങ്ങളും സമാധാനത്തെക്കുറിച്ചാണ് പറയുന്നത്.
നാവുകൊണ്ടോ കൈകൊണ്ടോ ആ സമാധാനത്തിന് ഭംഗം വരുത്തുന്ന ഒരു പ്രവൃത്തിയിലും ഒരു കാരണവശാലും നിങ്ങൾ വ്യാപൃതരാവരുത്. നിങ്ങൾ അല്ലാഹുവിനെ സ്നേഹിക്കുന്നുണ്ടെങ്കിൽ ഞാനീ പറയുന്നത് നിങ്ങൾ അനുസരിക്കണം. അല്ലെങ്കിൽ ഞാനീ പള്ളിവിട്ട് പോവും. എനിക്കിപ്പോൾ എന്റെ മകനെ മാത്രമേ നഷ്ടപ്പെട്ടിട്ടുള്ളൂ. വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല. അല്ലാഹുവിന്റെ പരീക്ഷണങ്ങളിൽ ഒന്നായി മാത്രമേ ഞാനിത് കാണുന്നുള്ളൂ.
ഇതുതന്നെയാണ് വലിയ മാറ്റമൊന്നും കൂടാതെ ഹർഷ് മന്ദിറിന്റെ നേതൃത്വത്തിലുള്ള കാരവൻ–ഇ–മൊഹബ്ബത്ത് എന്ന സമാധാന സ്നേഹ സംഘത്തോടും അദ്ദേഹം പങ്കുവെച്ചത്.
താങ്കളുടേത് വളരെ അപൂർവമായ സമീപനമാണെന്ന് സ്നേഹസംഘത്തിലെ ആരോ ഒരാൾ പറഞ്ഞപ്പോൾ ഇമാം പ്രതികരിച്ചത് അങ്ങനെയല്ല നിങ്ങളിപ്പോൾ എന്റെയടുത്തു വന്നത് എന്റെ മകൻ കൊല്ലപ്പെട്ടതുകൊണ്ടാണ്, മറ്റ് മനുഷ്യരും ഇത്തരം സന്ദർഭങ്ങളിൽ ഇങ്ങനെയൊക്കെ പെരുമാറാം, കൊലയാളിയുടെ മനസ്സിലും കണ്ണീർ നിറയാം എന്നാണ്.
സ്വന്തം മതബോധ്യത്തിന്റെ അഗാധതയിൽനിന്നും ഉറന്നൊഴുകിയ ആ കാരുണ്യം കെടുത്തിയത് അനിവാര്യമായും സംഭവിക്കുമായിരുന്നൊരു തുടർ കലാപത്തിലെ തീയാണ്. നിസ്തുലമായ വിശ്വാസത്തിന്റെ നീരുറവകൊണ്ട് ഇമാം കുളിപ്പിച്ചത് സ്വന്തം പുത്രന്റെ മയ്യിത്താണ്. സ്വന്തം മകന്റെ നഷ്ടത്തേക്കാൾ ഏറ്റവും വലിയ ദുരന്തമായി അദ്ദേഹം കണ്ടത് അപ്പേരിൽ അനേകം മക്കളുടെ ജീവിതം ഇല്ലാതാക്കുന്ന കലാപത്തെയാണ്.
അസൻസോൾ ഒന്നാംവട്ടം പ്രശസ്തമായത്, ദീർഘനേരം കത്തുന്ന കൽക്കരിയുടെ പേരിലാണെങ്കിൽ, ആ നഗരം രണ്ടാംവട്ടം പ്രശസ്തമായത്, വെറുപ്പിന്റെ തീ പെെട്ടന്നണക്കുന്ന സമാനതകളില്ലാത്ത കാരുണ്യത്തിെന്റ പേരിലാണ്.
ഭൂമിയിൽ മനുഷ്യർ നന്മചെയ്യുമ്പോൾ ആകാശത്തുനിന്ന് മധുരമഞ്ഞ് പൊഴിയുമെന്നൊരു പഴമൊഴിയുണ്ട്. അസൻസോളിൽ മധുരമഞ്ഞ് പൊഴിഞ്ഞാലും ഇല്ലെങ്കിലും സമാധാനത്തിന്റെ മഹാസാന്നിധ്യമാവാൻ നൂറാനി പള്ളിക്കും മൗലാനാ ഇമാം ദാദുൽറാഷിദിക്കും കഴിഞ്ഞു എന്നുള്ളത്, കാലമെത്ര കഴിഞ്ഞാലും ചരിത്ര
ബോധവും സൗഹൃദവും സൂക്ഷിക്കുന്ന മനുഷ്യരെ കോരിത്തരിപ്പിക്കും. അസൻസോളിലെ അത്ഭുതമായി മാറിയ ഇമാം പറയുന്നത്, ഏത് കലാപസന്ദർഭങ്ങളിലും ഓരോരുത്തരോടും സ്നേഹമഴയായി ആവുന്നത്ര ശക്തിയോടെ സ്വയം പെയ്തു തിമർക്കാനാണ്.
Spread love as much as you can. ഒരിക്കൽ സൗഹൃദറൂട്ടായിരുന്ന കാവടിറൂട്ട് കലാപറൂട്ടായി മാറിയ പശ്ചാത്തലത്തിൽ ഈയൊരു ജീവിതസമർപ്പണസന്ദേശത്തിന് പ്രത്യക്ഷത്തിലുള്ളതിനപ്പുറം പ്രാധാന്യമുണ്ട്. നാട്ടിലുടനീളം വെറുപ്പ് ഇടിച്ചമർത്തിവെച്ച കതീനകൾ ഒന്ന് െപാട്ടിത്തെറിച്ച് സ്വന്തം പ്രതാപം പ്രകടിപ്പിക്കാൻ തീനാളങ്ങൾ കിനാവുകണ്ട് കിടക്കുന്നൊരു കാലത്താണ് അസൻസോളിലെ ഇമാം അത്ഭുതമായി മാറിയത്.
എന്നിട്ടും വിക്കിമീഡിയ നമ്മുടെ രാജ്യത്തിലും മനുഷ്യത്വത്തിലും നമുക്കുള്ള വിശ്വാസം ദൃഢപ്പെടുത്തുന്ന പത്ത് ഉദാത്തമായ സംഭവങ്ങൾ അവതരിപ്പിച്ചതിൽ എന്തുകൊണ്ടോ അസൻസോൾ മാതൃക ഉൾപ്പെട്ടില്ല! പതിനൊന്നാമത്തേതായല്ല, ഒന്നാമത്തേതായി അതുൾപ്പെടുത്തപ്പെടേണ്ടതുണ്ട്. ഒരുപാട് ഒന്നുകളെക്കുറിച്ചുകൂടി അപ്പോൾ നമുക്ക് അഭിമാനത്തോടെ ആലോചിക്കാൻ കഴിയും!
വിപ്ലവവും കരുണയും
വിപ്ലവം തന്നെയാണ് നാഗരികതയെന്ന്, സംസ്കാരമെന്ന് ഫ്രാന്റ്സ് ഫാനൺ. വിപ്ലവം എന്ന വാക്ക് വീട്ടിൽ ഭയഭക്തിബഹുമാനങ്ങളോടെ വളരെ പതുക്കെയാണ് ഉച്ചരിച്ചിരുന്നത്. വിപ്ലവമായിരുന്നു ഞങ്ങളുടെ കുടുംബത്തിന്റെ മതം എന്ന് പ്രശസ്ത സോവിയറ്റ് കവി യെവ്തുഷങ്കോ.
സാർചക്രവർത്തിക്കും ചൂഷകർക്കുമെതിരെ അപ്പം, ഭൂമി, സമാധാനം എന്ന മഹത്തായ മുദ്രാവാക്യത്തിന്റെ സാക്ഷാൽക്കാരത്തിന്നായി നടന്ന ചരിത്രത്തെ ചുവപ്പിച്ച വിപ്ലവനായകരിലൊരാളായിരുന്നു സഖാവ് അൻതാനോവ്. ആൽബർട്ട് റിസ്വില്യംസ് എന്ന അമേരിക്കൻ പത്രപ്രവർത്തകൻ തന്റെ ‘റഷ്യൻ വിപ്ലവത്തിലൂടെ’ എന്ന കൃതിയിൽ അൻതാനോവിനെ അടയാളപ്പെടുത്തിയിട്ടില്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ ലോകം വേണ്ടവിധം അദ്ദേഹത്തെ അറിയാതെ പോകുമായിരുന്നു.
ചുവപ്പൻ സേനയുടെ പ്രാദേശികവിപ്ലവ കമാൻഡറാണ്, ഇരുപത് വർഷത്തോളം ഒളിവിലും തെളിവിലും കഴിഞ്ഞ, കഠിനയാതനകളിലൂടെ കടന്നുപോയ അൻതാനോവ് (Anthanov). അങ്ങനെയുള്ള അൻതാനോവ് വിപ്ലവകാരികളായ സ്വന്തം സഖാക്കൾക്കെതിരെ തോക്കെടുത്തു എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. എന്നാൽ, അതാണ് വിപ്ലവസമരത്തിന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളിലൊന്നായ പെേട്രാഗാഡിലെ ടെലിഫോൺ സമുച്ചയത്തിൽ, 1917ൽ വളരെ നാടകീയമാംവിധം സംഭവിച്ചത്.
ടെലിഫോൺ സമുച്ചയം പിടിച്ചെടുത്ത വിപ്ലവകാരികളെ വെള്ളപട്ടാളം ചതിയിലൂടെ കീഴ്പ്പെടുത്തി. അവർ അൻതാനോവ് അടക്കമുള്ള വിപ്ലവകാരികളെ തടവുകാരാക്കി. അങ്ങനെയിരിക്കെ വിവരമറിഞ്ഞെത്തിയ ചുവപ്പ്സേനയുടെ മറ്റൊരു വിഭാഗം ടെലിഫോൺ സമുച്ചയം തിരിച്ചുപിടിക്കുകയും അൻതാനോവ് അടക്കമുള്ളവരെ സ്വതന്ത്രരാക്കുകയും പ്രതിവിപ്ലവകാരികളെ തടവുകാരാക്കുകയും ചെയ്തു.
അതോടെ, അജണ്ട പൊളിഞ്ഞ് വെള്ളപ്പട്ടാളം രക്ഷപ്പെടാൻവേണ്ടി, തങ്ങൾ തെമ്മാടി എന്നും പന്നി എന്നും വിളിച്ച അൻതാനോവിനെ സമീപിച്ചു. പന്നി എന്ന് വിളിച്ച അതേ നാവുകൊണ്ടവർ സഖാവ് എന്ന് വിളിച്ച് ജീവനുവേണ്ടി നിലവിളിച്ചു. ആ സംഭവത്തെക്കുറിച്ച് ‘റഷ്യൻ വിപ്ലവത്തിലൂടെ’ എന്ന ഗ്രന്ഥത്തിൽ ആൽബർട്ട് റിസ്വില്യംസ് എഴുതി: രസകരമായിത്തുടങ്ങിയ ഒരു സാഹസോദ്യമത്തിന്റെ ദയനീയ പരിണാമം.
സഖാവ് അൻതാനോവ്, അവരപേക്ഷിച്ചു, ഒരു ബോൾഷെവിക് എന്ന നിലയിൽ, ഒരു യഥാർഥ ബോൾഷെവിക്കെന്ന നിലയിൽ, നിങ്ങൾ വാക്ക് തരൂ. ഞങ്ങൾക്ക് ഹാനി വരില്ലെന്ന് വാക്കുതരൂ. അൻതാനോവ് എന്ന വിപ്ലവകാരിയിലെ മനുഷ്യൻ ഒരുവിധ മാപ്പിനും അവർ അർഹരല്ലെന്നറിഞ്ഞിട്ടും മാപ്പുകൊടുത്തു. പക്ഷേ, രോഷാകുലരായ ജനം അതംഗീകരിച്ചില്ല. അവർ ആയുധം താഴെവെച്ചു.
ഞാനവരുടെ ജീവന് ഉറപ്പുകൊടുത്തു. അൻതാനോവ് പറഞ്ഞു. നിങ്ങൾ ഉറപ്പുകൊടുത്തുകാണും. ഞങ്ങൾ ഉറപ്പുകൊടുക്കുന്നില്ല. ഞങ്ങൾ അവർക്ക് കൊടുക്കാൻ പോകുന്നത് ബയണറ്റാണ്. കർഷകർ വിളിച്ചു പറഞ്ഞു. ഗത്യന്തരമില്ലാതെ വന്നപ്പോൾ അൻതാനോവ് തോക്കെടുത്തു. എന്ത്! വിപ്ലവകാരികളായ ഞങ്ങളെ വിപ്ലവകാരിയായ നിങ്ങൾ പ്രതിവിപ്ലവകാരികൾക്കുവേണ്ടി വെടിവെച്ച് കൊല്ലുമെന്നോ.
കർഷകർ രോഷാകുലരായി. തടവുകാരെ വധിക്കുന്നതിലൂടെ പ്രതിവിപ്ലവത്തെയല്ല, വിപ്ലവത്തെയാണ് നിങ്ങൾ വധിക്കുന്നത് അൻതാനോവ് അവരെ ഓർമിപ്പിച്ചു. പക്ഷേ, അവർ നമ്മളെ പിടിച്ചിരുന്നെങ്കിൽ യാതൊരു ദാക്ഷിണ്യവും കാണിക്കുമായിരുന്നില്ല. ഒരു കർഷകൻ വിളിച്ചുപറഞ്ഞു. അവർ നമ്മളെ കൊല്ലും.
ശരിയാണ്, അവർ നമ്മളെ കൊല്ലും. അൻതാനോവ് പറഞ്ഞു. എന്നുവെച്ച്? അവർ വിപ്ലവകാരികളല്ല, അവർ പഴയ വ്യവസ്ഥിതിയുടെയും സാറിന്റെയും ചമ്മട്ടിയുടെയും കൊലപാതകത്തിന്റെയും മരണത്തിന്റെയും ആൾക്കാരാണ്. പക്ഷേ, നാം വിപ്ലവത്തിന്റെ ആൾക്കാരാണ്.
വിപ്ലവമെന്നുവെച്ചാൽ അതിലും മെച്ചപ്പെട്ട ഒന്നാണ് എന്നാണർഥം. നിങ്ങൾ നിങ്ങളുടെ ജീവനും ചോരയും അതിനുവേണ്ടി നൽകുന്നത് അതുകൊണ്ടാണ്. പക്ഷേ, അതുമാത്രംപോരാ. നിങ്ങളുടെ വിവേകംകൂടി അതിനു നൽകണം. ആൽബർട്ട് റിസ്വില്യംസ് എഴുതി: അനാദികാലത്ത് ഒരു വാക്കു
കൊണ്ടുണ്ടായ അത്ഭുതകൃത്യം ഞങ്ങൾ വീണ്ടും കൺമുന്നിൽ കണ്ടു – ഒരു കൊടുങ്കാറ്റിന്റെ സംയമനം. കലാപകാരികളായൊരു ആൾക്കൂട്ടത്തെ ഒരു സോവിയറ്റാക്കി മാറ്റിയത്, പീഡാനുഭവങ്ങളിൽ പിറന്നുവളർന്ന വിപ്ലവകാരികൾ, വിപ്ലവം എന്നിങ്ങനെയുള്ള പദാവലികളുടെ അഗാധമായ ഹൃദയസ്പർശന ശക്തിയാണ്.
വിപ്ലവം/വിപ്ലവകാരികൾ എന്ന വാക്കുകളുടെ ആവർത്തിച്ചുള്ള ഉപയോഗത്തിലൂടെ അൻതാനോവ് സൃഷ്ടിച്ച ഒരു പരുക്കൻ കവിതയാണ് സത്യത്തിൽ ചൂഷകരുടെ ചോരക്ക് ദാഹിച്ച ഒരാൾക്കൂട്ടത്തെ സൗമ്യരാക്കിയത്.
സലാം, ലാൽസലാം!
സഖാവ് അൻതാനോവും മൗലാനാ ഇമാംദാദുൽ റാഷിദിയും തീർത്തും വ്യത്യസ്ത തലങ്ങളിൽനിന്നാണെങ്കിലും ആവിഷ്കരിച്ചത് അഗാധവും കളങ്കരഹിതവുമായ സ്വന്തം വിശ്വാസത്തെയാണ്. രണ്ടും ലക്ഷ്യംവെച്ചത് കരുണയാണ്. അവരിരുവരും ശ്രമിച്ചത് തത്ത്വചിന്തകളുടെ താഴ്വരകളിൽനിന്ന് അതിന്റെതന്നെ കൊടുമുടികളിൽ സ്വന്തത്തെതന്നെ കൊടിയാക്കി ഉയർത്തി സമാധാനം സ്ഥാപിക്കാനാണ്.
ഒരാൾ വിപ്ലവത്തിനിടയിലും മറ്റൊരാൾ കലാപത്തിനിടയിലും! ഹിറ്റ്ലറുടെ ‘മെയിൻകാംഫി’ലെ ഓരോ വാക്കിനും അനേകം ജീവിതങ്ങൾ നഷ്ടമായെന്ന് അമേരിക്കൻ പത്രപ്രവർത്തകനായ നോർമൻ കസിൻസ്. എങ്കിൽ അൻതാനോവിന്റെയും ഇമാം ദാദുൽ റാഫിദിയുടെയും വിപ്ലവം, അല്ലാഹ് എന്ന വാക്കുകളുടെ ആവർത്തനം അനേകായിരങ്ങൾക്ക് സ്വന്തം ജീവിതം നിലനിർത്താൻ സഹായകമായി. സലാം, ലാൽസലാം!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.