അറേബ്യൻ ഉപദ്വീപിലെ ഏറ്റവും പഴയ മത്സ്യബന്ധന സമൂഹം ദോഫാറിൽ
text_fieldsമസ്കത്ത്: അറേബ്യൻ ഉപദ്വീപിലെ ഏറ്റവും പഴയ മത്സ്യബന്ധന സമൂഹത്തിന്റെ തെളിവുകൾ ദോഫാറിൽ കണ്ടെത്തി. ഹാസിക്കിലെ നാത്തിഫ് ഗുഹകളിൽ നടത്തിയ പുരാവസ്തു ഖനനത്തിലാണ് മത്സ്യത്തിന്റെയും ആമയുടെയും അവശിഷ്ടങ്ങളും ഇതുവരെ കണ്ടെത്തിയതിൽ വെച്ച് ഏറ്റവും പഴക്കമേറിയ കയറിന്റെ കഷണവും കണ്ടെടുത്തത്. ചെടിയുടെ നാരുകൾ കൊണ്ട് നിർമിച്ച ഈ കയറിന് 9,000 വർഷം പഴക്കമുണ്ട്.
കൂടാതെ, നിരവധി ഉപകരണങ്ങളും മുത്തുകളും കുന്തിരിക്കമുള്ള മുത്തുകളും കണ്ടെത്തി. ഫ്രഞ്ച് ആർക്കിയോളജിക്കൽ മിഷൻ ‘അറേബ്യൻ സീഷോർസ്’ ഗവർണറേറ്റിലെ ഹെറിറ്റേജ് ആൻഡ് ടൂറിസം ഡയറക്ടറേറ്റ് ജനറലുമായി സഹകരിച്ച് കഴിഞ്ഞ പത്ത് വർഷമായി ദോഫാർ തീരത്ത് ഖനനം നടത്തുന്നുണ്ട്.
പുരാതന ശിലായുഗത്തിന്റെ അവസാനകാലം (ബി.സി 9,500 - 11,000), നിയോലിത്തിക്ക് (ബി.സി 5,000 - 8,500), വെങ്കലയുഗം (ബി.സി 3,000 - 5,000), ഇസ്ലകാമിക യുഗം എന്നിവയുൾപ്പെടെ വിവിധ ചരിത്ര കാലഘട്ടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന നാത്തിഫ് ഗുഹകൾ ഏറ്റവും പ്രധാനപ്പെട്ടവയാണെന്ന് ഗവേഷകർ പറഞ്ഞു.
ഫ്രഞ്ച് ദൗത്യ സംഘം നിയോലിത്തിക്ക് കാലഘട്ടത്തിലെ മനുഷ്യ അവശിഷ്ടങ്ങൾ പഠിക്കുകയും ആ കാലഘട്ടം മുതൽ മനുഷ്യർ അവശേഷിപ്പിച്ച എല്ലാ അവശിഷ്ടങ്ങളും ശേഖരിക്കുകയും ചെയ്യുന്നുണ്ടെന്ന് ദോഫാറിലെ ഹെറിറ്റേജ് ആൻഡ് ടൂറിസം ഡയറക്ടറേറ്റ് ജനറൽ സർവേസ് ആൻഡ് ആർക്കിയോളജിക്കൽ എക്സ്വേഷൻസ് വിഭാഗം മേധാവി അലി ബിൻ മുസ്ലിം അൽ മഹ്രി പറഞ്ഞു.
തീക്കല്ലും അസ്ഥിയും കൊണ്ട് നിർമിച്ച മൂർച്ചയുള്ള അമ്പടയാളങ്ങൾ, അലങ്കാരത്തിനും ആഭരണങ്ങൾക്കും ഉപയോഗിക്കുന്ന സുഷിരങ്ങളുള്ള കടൽ ഷെല്ലുകൾ എന്നിവയുടെ ശേഖരവും സംഘം കണ്ടെത്തിയിട്ടുണ്ട്.
ഫ്രഞ്ച് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്രിവന്റീവ് ആർക്കിയോളജിക്കൽ റിസർച്ചിന്റെ പഠനങ്ങൾക്ക് ഡോ. വിൻസെന്റ് ചാർപെന്റിയായിരുന്നു നേതൃത്വം നൽകിയിരുന്നത്. സെറ്റിൽമെന്റുകളുടെ കാലപരിധി അറിയാനായി ക്വാർട്സിൻന്റെ കാറ്റലറ്റിക് റേഡിയേഷൻ, കാർബൺ ഐസോടോപ്പ്, തുടങ്ങിയ സാങ്കേതികവിദ്യകളെ ആയിരുന്നു ആശ്രയിച്ചിരുന്നത്.
10,500 വർഷം പഴക്കമുള്ള അറേബ്യൻ ഉപദ്വീപിലെ ഏറ്റവും പഴയ വേട്ടക്കാരന്റെ അവശിഷ്ടങ്ങളും സംഘം കണ്ടെത്തിയതായി മഹ്രി അറിയിച്ചു. ഈ പ്രദേശത്ത് കണ്ടെത്തിയ ഷെല്ലുകൾ സൂചിപ്പിക്കുന്നത് ശിലായുഗത്തിനുശേഷം ആദ്യമായി വേട്ടയാടൽ ശീലമാക്കിയ സ്ഥലമാണിതെന്നാണ്.
നാത്തീഫ് ഗുഹകളിൽനിന്ന് വെട്ടിയെടുക്കുന്നതിനും കുഴിക്കുന്നതിനും ചുരണ്ടുന്നതിനും പുരാതന സമൂഹം ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും ഖനന സംഘം കണ്ടെത്തി. മീൻ എല്ലുകൾ കൊണ്ട് നിർമിച്ച മത്സ്യബന്ധന ഉപകരണങ്ങൾക്കൊപ്പം മാനുകളെയും മറ്റു വന്യമൃഗങ്ങളെയും വേട്ടയാടാൻ അമ്പുകളും ഉപയോഗിച്ചിരുന്നതായും പഠനത്തിൽ മനസ്സിലാക്കി.
മാലകളും വളകളും നിർമിക്കുന്നതിനോ വസ്ത്രങ്ങളും മുടിയും അലങ്കരിക്കുന്നതിനോ കടൽ ഷെല്ലുകളിൽ ഉണ്ടാക്കിയ മുത്തുകളും ഉപയോഗിച്ചിരുന്നു. മത്തി, ക്യാറ്റ്ഫിഷ്, സ്രാവ് എന്നിവയുടെ അസ്ഥികളും ഖനനത്തിൽനിന്ന് കണ്ടെത്തി. ഹാസിക്കിൽ നിരവധി പുരാവസ്തു സൈറ്റുകൾ ഉണ്ടെന്ന് മഹ്രി അറിയിച്ചു.
ഈ പ്രദേശത്തെ പുരാതന സമൂഹങ്ങളെക്കുറിച്ചുള്ള കൂടുതൽ ചരിത്ര നിധികളും ഉൾക്കാഴ്ചകളും കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ പൈതൃക വിനോദസഞ്ചാര മന്ത്രാലയം സമീപഭാവിയിൽ പര്യവേക്ഷണം നടത്താൻ പദ്ധതിയിടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.