ഡയാന, ഐൻസ്റ്റൈൻ, കാഫ്ക; ചില ലേലക്കഥകൾ
text_fieldsഡയാന രാജകുമാരി, സാഹിത്യകാരൻ കാഫ്ക, വിഖ്യാത ശാസ്ത്രജ്ഞൻ ഐൻസ്റ്റൈൻ തുടങ്ങിയവരുടെ സ്വകാര്യശേഖരങ്ങൾ അടുത്തദിവസങ്ങളിൽ ലേലം ചെയ്യുന്നു
സെലിബ്രിറ്റികളും ചരിത്രപുരുഷന്മാരുമെല്ലാം ഉപയോഗിച്ച വസ്തുക്കളും അവരെഴുതിയ കത്തുകളുമെല്ലാം പിൽക്കാലത്ത് ലേലം ചെയ്യുന്നത് വലിയ വാർത്തയാണ്. പല ലേല വസ്തുക്കളുടെയും മൂല്യം അളക്കാൻ കഴിയില്ല. ഇപ്പോഴിതാ നവസാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത് മൂന്ന് ലേല വാർത്തകളാണ്. ഡയാന രാജകുമാരി, സാഹിത്യകാരൻ കാഫ്ക, വിഖ്യാത ശാസ്ത്രജ്ഞൻ ഐൻസ്റ്റൈൻ തുടങ്ങിയവരുടെ സ്വകാര്യശേഖരങ്ങൾ അടുത്തദിവസങ്ങളിൽ ലേലം ചെയ്യുന്നു.
1997ൽ കാറപകടത്തിൽ മരിച്ച ഡയാനയുടെ വസ്ത്രങ്ങളും കത്തുകളുമാണ് ലേലം ചെയ്യാനൊരുങ്ങുന്നത്. ജൂലിയൻ ഓക്ഷൻ എന്ന സ്ഥാപനമാണ് ലേലം സംഘടിപ്പിക്കുന്നത്. ഡയാനയുടെ പ്രിയ ഡിസൈനർമാരായ കാതറിൻ വോക്കർ, മുറെ അർബെയ്ഡ്, വിക്ടർ എഡൽ സ്റ്റീൻ എന്നിവർ ഡിസൈൻ ചെയ്ത വസ്ത്രങ്ങളാണ് ലേലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ ഡിസംബറിൽ ഡയാനയുടെ നിശാവസ്ത്രങ്ങളിൽ ഒന്ന് 1.1 ദശലക്ഷത്തിലധികം ഡോളറിന് വിറ്റുപോയതിനെ തുടർന്നാണ് കൂടുതൽ വസ്ത്രങ്ങൾ വിൽക്കാൻ തീരുമാനിച്ചതെന്ന് ജൂലിയൻസ് ഓക്ഷൻ സ്ഥാപകൻ മാർട്ടിൻ നോളൻ പറഞ്ഞു. 150ൽ അധികം വസ്തുക്കൾ ലേലത്തിനുണ്ടാകും. ജൂൺ 27നാണ്.
വിശ്വസാഹിത്യകാരൻ ഫ്രാൻസ് കാഫ്കയുടെ നൂറാം ചരമ വാർഷികമാണിത്. ‘ദി മെറ്റാമോർഫസിസി’ന്റെ എഴുത്തുകാരൻ 1920ൽ രോഗിയായി കിടക്കവയെ എഴുതിയ കത്താണിപ്പോൾ ലേലത്തിന് വെച്ചിരിക്കുന്നത്. ‘എന്തെങ്കിലും എഴുതിയിട്ടിപ്പോൾ മൂന്ന് വർഷമാകുന്നു’വെന്ന് തുടങ്ങുന്ന കത്ത് ഒരു പ്രസാധകന്റെ സ്വകാര്യ ശേഖരത്തിൽനിന്നാണ് കണ്ടെത്തിയത്. ഏകദേശം ഒരു കോടി രൂപയാണ് കത്തിന് വിലയിട്ടിരിക്കുന്നത്.
രണ്ടാം ലോക യുദ്ധത്തിൽ ജപ്പാനിൽ (ഹിരോഷിമയിലും നാഗസാക്കിയിലും) അണുബോംബ് വർഷിച്ച അമേരിക്കയെ ഈ മേഖലയിൽ ഗവേഷണത്തിന് പ്രേരിപ്പിച്ചത് ആൽബർട്ട് ഐൻസ്റ്റൈന്റെ ഒരു കത്താണ്. രണ്ടാം ലോകയുദ്ധം ആരംഭിക്കുന്നതിന് രണ്ടാഴ്ച മുമ്പ്, 1939 ആഗസ്റ്റ് രണ്ടിന് യു.എസ് പ്രസിഡന്റ് ഫ്രാങ്ക്ലിൻ റൂസ് വെൽറ്റിന് ഐൻസ്റ്റൈൻ ഒരു മുന്നറിയിപ്പ് കത്ത് അയച്ചിരുന്നു.
ഹിറ്റ്ലറുടെ ജർമനി അണുബോംബ് സാങ്കേതികവിദ്യ കൈവശപ്പെടുത്തിയിട്ടുണ്ടെന്നും അതിനാൽ ഏത് നിമിഷവും അത് പ്രയോഗിക്കുമെന്നുമായിരുന്നു ഐൻസ്റ്റൈന്റെ മുന്നറിയിപ്പ്. ഇത് പരിഗണിച്ചാണ് അമേരിക്ക അണുബോംബ് ഗവേഷണം ഊർജിതമാക്കുന്നത്. പ്രസ്തുത കത്തിപ്പോൾ മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ പോൾ അലന്റെ കൈയിലാണ്. ഇവരുടെ കമ്പനിയാണിപ്പോൾ ലേലത്തിന് ഒരുങ്ങുന്നത്. ആറ് ദശലക്ഷം ഡോളർവരെ കമ്പനി കത്തിന് പ്രതീക്ഷിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.