ബി.ബി.സി ഡോക്യുമെന്ററി: ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി ഡോ. എം.എൻ. കാരശ്ശേരി
text_fields‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ എന്ന ബിബിസി ഡോക്യൂമെന്ററി വിഷയത്തിൽ ശശി തരൂർ നടത്തിയ പ്രതികരണത്തിനെതിരെ ഡോ. എം.എൻ. കാരശ്ശേരി രംഗത്ത്. ഡോക്യൂമെന്ററി നമ്മുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നില്ലെന്ന് പറഞ്ഞ തരൂർ, അനിൽ ആന്റണിയുടെ വാദത്തെ തള്ളിക്കളഞ്ഞിരുന്നു. ഇതോടൊപ്പം ഏത് മാധ്യമത്തിനും ഇങ്ങനെ ചെയ്യാൻ അവകാശമുണ്ടെന്നും മോദിക്കും കേന്ദ്രസർക്കാറിനും അവഗണിക്കാമായിരുന്നുവെന്നും തരൂർ പറയുന്നു. എന്നാൽ, ഇതിനിടയിൽ ഗുജറാത്ത് വംശഹത്യ എന്തിനാണിപ്പോൾ ചർച്ചയാക്കുന്നതെന്ന തരൂരിെൻറ പ്രയോഗത്തിനെതിരെയാണ് കാരശ്ശേരി തന്റെ ഫേസ് ബുക്ക് പേജിലൂടെ പ്രതികരിച്ചത്.
കാരശ്ശേരിയുടെ പ്രതികരണം ചുരുക്കത്തിൽ:`` ഗുജറാത്ത് വിഷയം എന്തിനാണിപ്പോൾ ചർച്ചയാക്കുന്നതെന്നാണ് തരൂരിന്റെ ചോദ്യം. തരൂരിന്റെ ഈ പ്രതികരണത്തെ കുറിച്ച് ഒറ്റവാക്കിൽ പറഞ്ഞാൽ അതിനിപ്പോൾ പ്രസക്തിയില്ലെന്നാണ്. സുപ്രീം കോടതി തീർപ്പ് കൽപ്പിച്ച വിഷയമാണെന്നാണ് അദ്ദേഹം പറയുന്നത്. നമ്മൾ ഇത്തരം കാര്യങ്ങൾ മറന്നുപോകണോയെന്നാണ് തരൂരിനോട് ചോദിക്കാനുള്ളത്. ഈ വിഷയത്തിതിന് പ്രസക്തിയുണ്ട്. ഇല്ലെന്ന വാദം അംഗീകരിക്കാൻ കഴിയില്ല. ഇൗ അഭിപ്രായം തരൂരിനെപ്പോലൊരാളിൽ നിന്നും പ്രതീക്ഷിച്ചതല്ല.
പണ്ട് കഴിഞ്ഞുപോയതാണ് ചരിത്രം. പക്ഷെ, ചരിത്രം കൊണ്ട് ആവശ്യമുണ്ട്. വർത്തമാനകാലത്തെ പുന:ക്രമീകരിക്കേണ്ടത് എങനെയെന്ന് പഠിക്കുന്നത് ചരിത്രത്തിലൂടെയാണ്. തരൂരിെൻറ പുതിയ പുസ്തകം അംബേദ്കറിനെ കുറിച്ചാണ്. ജാതിവ്യവസ്ഥക്ക് 3000 വർഷത്തെ പഴക്കമുണ്ട്. 1958ൽ മരിച്ചുപോയ ആളാണ് അംബേദ്കർ. അതെകുറിച്ച് ഇപ്പോൾ പറയാൻ പാടില്ലെന്ന് ആരെങ്കിലും പറയുമോ.
2002ലാണ് ഗുജറാത്ത് വംശഹത്യ. 20 വർഷമേ ആയിട്ടേയുള്ളൂ. മറക്കാറായിട്ടില്ല. ബാബറി മസ്ജിദ് തകർക്കപ്പെട്ടതിനെകുറിച്ച് മിണ്ടാതിരിക്കണോ, അദ്വാനിയും കൂട്ടരും പള്ളിപൊളിക്കുന്നത് തടയാനാണ് അവിടെപോയതെന്നാണ് കോടതിയുടെ കണ്ടെത്തൽ. എനിക്കതിൽ എതിർപ്പുണ്ട്. അങ്ങനെ എതിർപ്പുള്ള അനേകം പേരുണ്ട്. ഗാന്ധിവധത്തെ കുറിച്ച് ഓർക്കണ്ടെ. ബിബിസി ചെയ്തതത് ഓർമ്മപ്പെടുത്തലാണ്. അത്, അനിവാര്യമാണ്. പണ്ഡിതനായ ശശിതരൂരിനെ ആന്റിഗണി എന്ന നാടകത്തിലെ വാക്കുൾ ഓർമ്മിപ്പിച്ച് കൊണ്ടാണ് കാരശ്ശേരി തന്റെ പ്രതികരണം അവസാനിപ്പിക്കുന്നത്. ``മരിച്ചുപോയവരോട് ജീവിച്ചിരിക്കുന്നവരോടുള്ളതിനെക്കാൾ കടപ്പാടുണ്ടെന്ന്...''
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.