70ാം വയസ്സിലും നാടകത്തട്ടിൽ സേവ്യർ പുൽപാട്ട്
text_fieldsസേവ്യർ
പുൽപാട്ട്
നെടുമ്പാശ്ശേരി: 70ാം വയസ്സിലും നാടകരംഗത്ത് സജീവമാണ് കേരള സംഗീത നാടക അക്കാദമി മുൻ ആക്ടിങ് ചെയർമാൻ കൂടിയായ സേവ്യർ പുൽപാട്ട്. ആലുവ സ്വദേശിയായ പുൽപാട്ട് ഇതിനോടകം 65 നാടകം എഴുതിയിട്ടുണ്ട്. നന്നേ ചെറുപ്പം മുതലേ വായന ശീലമാക്കിയിരുന്നു. 15ാം വയസ്സിൽ ‘വേദനിക്കുന്ന ആത്മാക്കൾ’ നാടകത്തിൽ അഭിനയിച്ചാണ് രംഗപ്രവേശം. 1977ൽ മൈത്രി കലാകേന്ദ്രം തുടങ്ങി. നാടകരചനക്ക് പുറമെ നിർമാണം, സംവിധാനം, അഭിനയം എന്നീ രംഗത്തേക്കും കടന്നു. അന്തരിച്ച നടൻ എൻ.എഫ്. വർഗീസ്, തിരക്കഥാകൃത്തുക്കളായ ജെ. പള്ളാശ്ശേരി, ബാബു പള്ളാശ്ശേരി എന്നിവരൊക്കെ ഒരുകാലത്ത് മൈത്രി കലാകേന്ദ്രത്തിലെ നടന്മാരായിരുന്നു.
ആറായിരത്തിലേറെ വേദികളിലാണ് മൈത്രിയുടെ നാടകങ്ങൾ അരങ്ങേറിയത്. 17 പുസ്തകങ്ങൾ എഴുതി. പതിനഞ്ചും നാടകങ്ങളാണ്. സംസ്ഥാന നാടക അവാർഡ്, സംഗീത നാടക അക്കാദമി അവാർഡ്, അബൂദബി ശക്തി അവാർഡ് തുടങ്ങി നിരവധി പുരസ്കാരം നേടിയിട്ടുണ്ട്. നാടകംകൊണ്ടാണ് ഉപജീവനം തേടിയിരുന്നത് ആത്മാർഥതയോടെയും ശരിയായ വീക്ഷണത്തോടെയും മുന്നോട്ടുനീങ്ങിയാൽ നാടകസമിതികൾ വിജയിക്കുമെന്ന് പുൽപാട്ട് പറയുന്നു.
ഇപ്പോൾ പുതുതായി ഏതാനും നാടകങ്ങളുടെ രചനയിലാണ്. മരണം വരെ നാടകരംഗത്ത് രചനയും സംവിധാനവും അഭിനയവുമായി നിറഞ്ഞുനിൽക്കാനാണ് ആഗ്രഹം. ഭാര്യ ലത കൂത്താട്ടുകുളം നാടക നടിയായിരുന്നു. കുറേനാൾ കെ.പി.എ.സിയിലും പ്രവർത്തിച്ചു. ഗൾഫിൽ മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ സോണിയയാണ് മകൾ. മകൻ സാംസൺ ഐ.ടി മേഖലയിലാണ്. പുൽപാടിന്റെ പ്രഫഷനൽ നാടക ജീവിതത്തിന്റെ 50ാം വാർഷികം ഏപ്രിലിൽ ആലുവയിൽ ആഘോഷിക്കുന്നുണ്ട്.
സംഗീത നാടക അക്കാദമി ആക്ടിങ് ചെയർമാനായിരിക്കെ കോവിഡിനെത്തുടർന്ന് പ്രതിസന്ധിയിലായ നാടക സമിതികളെ പുനരുജ്ജീവിപ്പിക്കാൻ ധനസഹായ പദ്ധതിയും മറ്റും നടപ്പാക്കിയിരുന്നു. ഒട്ടേറെ നാടക കലാകാരന്മാർക്ക് ഇത് സഹായകമായി. കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ സംസ്ഥാന പ്രസിഡന്റ്, പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കൗൺസിൽ അംഗം എന്നീ പദവികളും വഹിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.