പ്രവാസം, അർബുദം; പിതാവിന്‍റെ ഓർമകളാണ് നിഷാദിന്‍റെ നോവും ചിത്രങ്ങൾ
text_fieldsകൊച്ചി: വിസ്മയക്കാഴ്ചകൾ മാത്രമല്ല നോവിന്‍റെ നാൾചിത്രങ്ങൾക്കൂടി പങ്കുവെക്കുന്നുണ്ട് kochi muziris biennale ചുമരുകൾ.പിതാവിന്‍റെ അർബുദ ദുരിത വഴികൾ കാമറയിൽ പകർത്തിയിരിക്കുകയാണ് നിഷാദ് ഉമ്മർ. ദർബാർ ഹാൾ ആർട്ട് ഗാലറിയിൽ നടക്കുന്ന മലയാളി ആർട്ടിസ്റ്റുകളുടെ സമകാലിക സൃഷ്ടികളുടെ പ്രദർശന ‘ഇടം’ത്തിലാണ് നിഷാദിന്‍റെ ഇൻസ്റ്റലേഷൻ പ്രദർശനം.
മൂന്ന് പതിറ്റാണ്ടോളം പ്രവാസലോകത്ത് ദുരിതങ്ങൾ താണ്ടിയ ജീവിതമായിരുന്നു പിതാവ് ഉമ്മറിന്‍റേത്. അറബിയുടെ തോട്ടത്തിൽ കൃഷിപ്പണിക്കാരനായിരുന്ന ഇദ്ദേഹം രോഗലക്ഷണങ്ങളോടെ നാട്ടിലെത്തുന്നതും ഒടുവിൽ രോഗം സ്ഥിരീകരിക്കുന്നതും ചികിത്സ കാലഘട്ടവുമെല്ലാം കാമറയിലും സ്മാർട്ട് ഫോണിലുമായാണ് നിഷാദ് ഒപ്പിയെടുത്തത്. രോഗം സ്ഥിരീകരിച്ച് നാലുവർഷത്തിന് ശേഷം 2019ൽ പിതാവ് വിടപറയുകയും ചെയ്തു.
ഇക്കാലയളവിൽ തങ്ങൾ കടന്നുപോയ വിവിധ നിമിഷങ്ങളാണ് മൂവായിരത്തോളം ചിത്രങ്ങളായി ജീവൻവെച്ചതെന്ന് നിഷാദ് പറയുന്നു. ഇക്കൂട്ടത്തിൽനിന്ന് തെരഞ്ഞെടുത്ത 224 ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളാണ് ഇൻസ്റ്റലേഷനായി ഗാലറിയിൽ ഒരുക്കിയിരിക്കുന്നത്. വേദനയുടെ ലോകത്ത് ആശ്വാസത്തിനായി ഉമ്മർ പാടിയ പാട്ടുകളും ഖുർആൻ പാരായണവും പശ്ചാത്തലത്തിൽ നിഷാദ് ഒരുക്കിയിട്ടുണ്ട്.
ഡിസംബർ 13ന് തുടങ്ങിയ പ്രദർശനം ഏപ്രിൽ 10വരെ നീളും. പ്രിയതമന്‍റെ ജീവിത പ്രാരാബ്ധങ്ങൾ ഒപ്പിയെടുത്ത മകന്‍റെ ഫോട്ടോ പ്രദർശനം കാണാൻ മാതാവ് ജുമൈലത്തും ചൊവ്വാഴ്ച ദർബാർ ഹാളിലെത്തി. മീഡിയ അക്കാദമിയിൽനിന്ന് ഫോട്ടോ ജേണലിസം കോഴ്സ് പാസായ നിഷാദിന്‍റെ ആദ്യ ഇൻസ്റ്റലേഷൻ ഫോട്ടോ പ്രദർശനം കൂടിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.