ജോർജ് ഫ്ലോയിഡും ഫൈസാനും
text_fieldsകൊലചെയ്യപ്പെട്ട കാലക്രമമനുസരിച്ച് ഈയൊരു കുറിപ്പിന്റെ തലക്കെട്ടിൽ ആദ്യം ചേർക്കേണ്ടിയിരുന്ന പേര് ഫൈസാന്റേതായിരുന്നു. എന്നിട്ടും ആ പതിവ് തെറ്റിച്ച്, ആദ്യം ജോർജ് ഫ്ലോയിഡ് എന്നെഴുതിയത്, ഫ്ലോയിഡ് എന്ന് കേൾക്കുന്ന മാത്രയിൽതന്നെ, മേൽവിലാസമടക്കം എല്ലാവർക്കും ഏറക്കുറെ അദ്ദേഹത്തെ മനസ്സിലാവും എന്നുള്ളത്കൊണ്ടാണ്. എന്നാൽ ഫ്ലോയിഡ് കൊല്ലപ്പെടുന്നതിനും മുമ്പ് അതേ വർഷം കൊലചെയ്യപ്പെട്ട കർദാൻപുരിക്കാരനായ ഫൈസാൻ എന്ന ഇരുപത്തിമൂന്നുകാരനായ മുസ്ലിം യുവാവ് ഇന്നും ഇരുട്ടിലാണ്.
ജോർജ് ഫ്ലോ യിഡിന് മരണാനന്തരമെങ്കിലും നീതി ലഭിച്ചു. എന്നാൽ ഫൈസാന് ആ വിധം ഒരു നീതിയും ലഭിച്ചില്ല. ഫ്ലോയിഡിനെ ബൂട്ടിന്നടിയിലിട്ട് ശ്വാസംമുട്ടിച്ച് കൊന്ന ഡെറിക്ഷൗ എന്ന പൊലീസ് ഉദ്യോഗസ്ഥൻ ഇപ്പോൾ ജീവപര്യന്തം തടവിലാണ്. കൊലനടന്ന് മാസങ്ങൾക്കുള്ളിൽതന്നെ അമേരിക്കയിൽ നീതി നടപ്പിലാക്കപ്പെട്ടു. വംശീയത രാഷ്ട്രത്തിന്റെ ആത്മാവിനേറ്റ കളങ്കമാണെന്നും അതിനെ വേരോടെ പിഴുതെറിയണമെന്നുമുള്ള പ്രതികരണങ്ങൾ അവിടെ പൊതുവിൽ ശക്തമായി പല കോണുകളിൽനിന്നുമുയർന്നു.
അമേരിക്കൻ കോടതി പൊലീസ് ബൂട്ടിട്ട് ഫ്ലോയിഡിനെ ചവിട്ടുന്ന വിഡിയോ ദൃശ്യം തെളിവായി സ്വീകരിച്ചു. എന്നാൽ ഫൈസാന്റെ കാര്യത്തിൽ ഇന്ത്യയിൽ ഇതൊന്നുമുണ്ടായില്ല. 2020 ഫെബ്രുവരി 24ന് ഡൽഹി വംശഹത്യാവേളയിൽ നിരായുധനായ ഫൈസാനെ അഞ്ചാറ് പൊലീസുകാർ വളഞ്ഞിട്ട് മർദിക്കുന്നതും ജനഗണമന പാടാൻ കൽപിക്കുന്നതും, ചോരയിൽ കുതിർന്ന വാക്കുകളിൽ വേദനയോടെ അയാളത് പാടുന്നതും വിഡിയോവിലുണ്ട്. ശരിക്ക് ചൊല്ല്, നീ താമസിക്കുന്നത് ഹിന്ദുസ്ഥാനിലാണെന്ന് ഓർത്തോ, നിനക്ക് ആസാദി വേണോ, പോടാ പാകിസ്താനിൽ എന്നൊക്കെയാണ് ഒരു മനുഷ്യനെ ഇഞ്ചി ചതക്കുംപോലെ ഇടിക്കുന്ന നേരത്തവർ ആേക്രാശിച്ചത്.
അങ്ങേയറ്റം അവശനായ ഫൈസാനെ ഉടൻ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിൽ, ഒരുപക്ഷേ അയാൾക്ക് ജീവിതം തിരിച്ചു കിട്ടുമായിരുന്നു. പക്ഷേ കൊണ്ടുപോയത് തൊട്ടടുത്തുള്ള ആശുപത്രിയിലേക്കല്ല, ജ്യോതിനഗർ പൊലീസ് സ്റ്റേഷനിലേക്കാണ്. വളരെ വൈകി 25ാം തീയതി രാത്രിയാണ്, ഒടുവിൽ ഫൈസാനെ വിട്ടത്. വൈകാതെ തന്നെ അദ്ദേഹം മരിക്കുകയുംചെയ്തു. ഭജൻപുര പൊലീസ് സ്റ്റേഷനിലെ റിപ്പോർട്ടിൽ ഫൈസാനെ ഇടിച്ച് അവശനാക്കിയത് പൊലീസല്ല, ഏതോ അജ്ഞാതരാണ്. ഈയൊരു ക്രൂരസംഭവം കഴിഞ്ഞ് ഒന്നരവർഷത്തിനുശേഷമാണ് പ്രതികളിൽ ചിലർ അറസ്റ്റിലാവുന്നത്! എന്റെ കാല് എത്ര തേഞ്ഞ് തീർന്നാലും നീതിക്കുവേണ്ടിയുള്ള ഈ ഓട്ടം ഞാൻ നിർത്തില്ല എന്നാണ് ഫൈസാന്റെ ഉമ്മ പ്രതികരിച്ചത്. The journey is difficult but I will fight; we will win എന്ന അവരുടെ വാക്കിൽ കത്തുന്നത്, തീതുള്ളികളായി മാറിയ കണ്ണുനീരാണ്.
ഫൈസാന്റെ വിധവയായ ഉമ്മ കിസ്മാതൂനും കുടുംബവും നീതി തേടി, അനാഥ േപ്രതങ്ങളെപ്പോലെ ഇന്ത്യൻ ജനായത്തത്തിന്റെ ഇടനാഴികളിലെ കട്ടപിടിച്ച ഇരുട്ടിൽ വെളിച്ചം കാണാതെ ഹതാശരായി അലയുമ്പോഴും പങ്കുവെക്കുന്നത് ഫൈസാന് നീതി കിട്ടുന്നതുവരെ പോരാട്ടം തുടരുമെന്ന പിന്മടക്കമില്ലാത്ത പ്രതിയാണ്. പ്രസ്തുത പ്രതി പ്രസരിപ്പിക്കുന്ന പ്രതീക്ഷയുടെ വെളിച്ചമാണ് ചോരവീണ വഴികളിൽ ജനായത്ത കരുത്തായി ഇനിയും മരിച്ചിട്ടില്ലാത്ത മാനവികതക്ക് ഇപ്പോഴും കാവൽ നിൽക്കുന്നത്. 2020 ഫെബ്രുവരിയിലാണ് ഡൽഹിയിൽ പൊലീസ് നടത്തിയ സമാനതകളില്ലാത്ത അതിക്രമത്തിന് ഇരയായി ഫൈസാന്റെ ജീവിതം അവസാനിച്ചത്. അടിച്ചുവീഴ്ത്തി വായിൽ ലാത്തി കുത്തിപ്പിടിച്ച് ജനഗണമന ചൊല്ലാൻ പൊലീസ് കൽപിക്കുന്ന ദേശഭക്തി പ്രചോദിത ക്രൂരമർദനത്തിന്റെ വിഡിയോ ദൃശ്യങ്ങൾ, നമ്മുടെ അഭിമാനകരമായ ദേശീയ പാരമ്പര്യത്തിൽ ഒരു നിസ്സഹായനായ മനുഷ്യന്റെ ചോരകൊണ്ട് രേഖപ്പെടുത്തിയ അവമാനമുദ്രകൾ മുഖ്യധാരാ മാധ്യമങ്ങൾ എത്രമാത്രം മറച്ചുവെച്ചാലും, ഒരു ജനതയുടെ ജനായത്തബോധ്യം വർധിക്കുന്ന മുറക്ക് തെളിഞ്ഞുവരും.
ഇന്ത്യയിൽ ജനായത്തം പലപ്പോഴും ഭക്ഷിക്കുന്നത് ജാത്യാധിപത്യം ഒരുക്കുന്ന വിഭവസമൃദ്ധമായ ഭക്ഷണമാണ്. നിസ്സഹായരുടെ ദീർഘനിശ്വാസങ്ങൾ കേൾക്കാനാവാത്തവിധം, അവരുടെ കണ്ണീര് കാണാനാവാത്ത വിധം ഇന്ത്യൻ ജനായത്തം പൊതുവിലും നമ്മുടെ കാലത്തെ നവഫാഷിസ്റ്റ് അവസ്ഥ പല സന്ദർഭങ്ങളിലും അന്ധവും ബധിരവുമാണ്. എന്നാൽ ദ ക്വിന്റ് എന്ന വെബ്സൈറ്റിൽ അതിന്റെ മാനേജിങ് എഡിറ്റർ കൂടിയായ രോഹിത്ഖന്ന ജോർജ് ഫ്ലോയിഡിനെയും ഫൈസാനെയും താരതമ്യപ്പെടുത്തിയെഴുതിയ കുറിപ്പൊന്നു മാത്രമാണ്, ഞാൻ മനസ്സിലാക്കിയിടത്തോളം കാര്യങ്ങളുടെ വേരിലേക്ക് ഇറങ്ങിച്ചെല്ലുംവിധം ഫൈസാൻകൊലയുടെ അവതരണത്തിൽ സൂക്ഷ്മത പുലർത്തിയത്.
രണ്ടുപേർക്കും സംഭവിച്ച ദാരുണമായ അന്ത്യത്തിൽ, നിയമപാലക നേതൃത്വത്തിൽ നടന്ന നിയമരഹിത ക്രിമിനലിസത്തിന്റെയും, അതിന്ന് പശ്ചാത്തലമൊരുക്കിയ വംശീയപ്രത്യയശാസ്ത്രത്തിന്റെയും ഭീകരസാന്നിധ്യം ദൃശ്യമാണ്. കറുത്തവനായതാണ് അമേരിക്കയിൽ ജോർജ് ഫ്ലോയിഡ് വെള്ളവംശീയവാദിയായ ഡെറിക്ഷൗ എന്ന പൊലീസുദ്യോഗസ്ഥന്റെ ബൂട്ടിന്നടിയിൽ ശ്വാസം മുട്ടിക്കിടന്ന് മരിക്കാനിടയായത്. എട്ട് മിനിറ്റും നാൽപത്തിയാറ് സെക്കൻഡുമാണ് മരണത്തോട് മല്ലിട്ട് എനിക്ക് ശ്വാസംമുട്ടുന്നു എന്ന നിലവിളിയോടെ ബൂട്ടിന്നടിയിൽപെട്ട്, ഒരിറ്റ് ദാഹജലത്തിനുവേണ്ടി, ഒരേയൊരു ജീവശ്വാസത്തിനുവേണ്ടി ഫ്ലോയിഡ് പിടഞ്ഞത്. അമേരിക്കയിൽ നിലനിന്ന്പോരുന്ന വംശവെറിയാണ്, അപ്പാർത്തീഡിന്റെ അവശിഷ്ടങ്ങളാണ്, കറുത്തവർക്കെതിരെയുള്ള വിവേചനങ്ങളും ക്രൂരതകളും കൊലകളുമായി ഇന്നും കടന്നുവരുന്നത്. എന്നിട്ടും അമേരിക്കയിൽനിന്ന് പ്രസിഡന്റായിരുന്ന ഡോണൾഡ് ട്രംപിന്റെ ഭരണകൂടത്തെ പിടിച്ചുകുലുക്കാനും, ട്രംപിനെ തോൽപിക്കുന്നതിൽ അത്രചെറുതല്ലാത്തൊരു പങ്ക് നിർവഹിക്കാനും കൊല്ലപ്പെട്ട, ഫ്ലോയിഡിന് കഴിഞ്ഞു. അമേരിക്കൻ ചരിത്രത്തിൽ ആ എട്ടു മിനിറ്റും നാൽപ്പത്തിയാറ് സെക്കൻഡും അതോടെ അനശ്വരമായി. ജോർജ് ഫ്ലോയിഡിെന്റ സ്മരണകൾ എത്രയെത്രയോ സമരപരമ്പരകൾക്ക് നേതൃത്വം നൽകി. കറുത്തവരും വെളുത്തവരും ഒന്നിച്ച് സൗഹൃദനൃത്തം ചെയ്യേണ്ട ഒരു കാലത്തെക്കുറിച്ചുള്ള മാർട്ടിൻലൂതർ കിങ്ങിന്റെ ചരിത്രപ്രസിദ്ധമായ എനിക്ക് ഒരു സ്വപ്നമുണ്ട് എന്ന പഴയ പ്രസംഗത്തിലെ വംശീയവെറുപ്പിനെ കരിച്ചുകളയുന്ന ആശയത്തെ പ്രയോഗമാക്കുംവിധം വെള്ളക്കാരും കറുത്തവരും പല കാഴ്ചപ്പാടുകളിൽപെട്ടവരും സർവ അഭിപ്രായവ്യത്യാസങ്ങൾക്കുമപ്പുറം ഒന്നിച്ചുനിന്ന് വെള്ള വംശീയഭീകരതക്കെതിരെ പ്രതികരിച്ചു. ജോർജ് ഫ്ലോയിഡിനെ ശ്വാസംമുട്ടിച്ച് കൊല്ലാനെടുത്ത എട്ട് മിനിറ്റും നാൽപത്തിയാറ് സെക്കൻഡും നിശ്ശബ്ദതയുടെ മഹാസന്ദർഭമായി അമേരിക്കൻ രാഷ്ട്രീയചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടു.
സ്റ്റാൻലി വാട്സിനെപ്പോലുള്ള പ്രശസ്ത ശിൽപികൾ നിർമിച്ച ഫ്ലോയിഡിന്റെ പലപ്രകാരത്തിലുള്ള ശിൽപങ്ങൾ ജനായത്ത ചെറുത്തുനിൽപിന്റെ ചുരുക്കെഴുത്തായി ന്യൂയോർക്, ന്യൂജഴ്സി മുതൽ പല സ്ഥലങ്ങളിലും സ്ഥാപിക്കപ്പെട്ടു. ചുമർചിത്രങ്ങളും കവിതകളും നാടകങ്ങളും സിനിമകളും സ്കോളർഷിപ്പും നിയമങ്ങളും ഗവേഷണങ്ങളുമായി ഫ്ലോയിഡ് സ്മരണകൾ വംശീയഭീകരതകളെ അസ്വസ്ഥമാക്കുംവിധം കൊടുമ്പിരികൊണ്ടു. എനിക്ക് ശ്വസിക്കാനാവുന്നില്ല എന്ന ഫ്ലോയിഡിന്റെ അന്ത്യമൊഴി ഒരു ചരിത്രകാലത്തിന്റെയാകെ മുഷ്ടിചുരുട്ടുന്ന ചുമരെഴുത്തായി മാറി. മലയാളഭാഷയിലടക്കം ലോകത്തിലെ പല ഭാഷകളിലേക്കും പ്രക്ഷോഭത്തിന്റെ അഗ്നിപടർത്തി വ്യത്യസ്തവിധത്തിൽ അക്ഷരങ്ങളിലും അന്വേഷണങ്ങളിലും ഫ്ലോയിഡ് നിറഞ്ഞു. രക്തസാക്ഷിയായ സ്വന്തം അച്ഛനെ സ്മരിച്ച് എന്റെ അച്ഛൻ ലോകത്തെ മാറ്റി എന്ന് 2020ൽ കൊലനടന്ന് മാസങ്ങൾ കഴിഞ്ഞ ഉടനെ ആറുവയസ്സുകാരിയായ ഫ്ലോയിഡിന്റെ മകൾ ജോഹന്നക്ക് ആത്മാഭിമാനത്തോടെ കടുത്ത വ്യഥകൾക്കും വേദനകൾക്കുമിടയിൽനിന്ന് ഉറക്കെ പറയാൻ കഴിഞ്ഞു. ചുരുക്കത്തിൽ ജോർജ് ഫ്ലോയിഡ് ഇന്നൊരു പേരല്ല, പ്രതിരോധ പരമ്പരകളുടെ ചുരുക്കെഴുത്താണ്. വംശീയഭീകരതക്കെതിരെ ഇനിയും എഴുതി പൂർത്തിയാവാത്ത, ആർക്കും എഴുതികൊണ്ടേയിരിക്കാനാവുംവിധം പ്രതിസന്ധികൾക്കിടയിലും പ്രതീക്ഷപുലർത്തുന്ന, സാമ്രാജ്യത്വത്തിനുപോലും മറിച്ചിടാൻ കഴിയാത്ത മാനവികതയുടെ തുറന്നൊരു മാനിെഫസ്റ്റോയാണ്.
എന്നാൽ ഇന്ത്യയിൽ ഫൈസാന് സംഭവിച്ചതെന്താണ്? എത്രയോ മഹാപ്രതിഭകൾക്ക് ജന്മം നിഷേധിച്ച അതേ ജാത്യാധിപത്യമാണ്, ഫൈസാനെയും അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകളെയും കലക്കിക്കളഞ്ഞത്. സാംസ്കാരികപ്രഭാഷണങ്ങളിൽ ഡൽഹിയിലെ കർദാപുരിക്കാരനായ അതിദാരുണമാംവിധം കൊല്ലപ്പെടുകയും അർഹിക്കുംവിധമുള്ള നീതി ലഭിക്കപ്പെടാതിരിക്കുകയുംചെയ്ത, അമേരിക്കയിലെ ജോർജ് ഫ്ലോയിഡിനൊപ്പം ലോകം ചർച്ചചെയ്യേണ്ടിയിരുന്ന, ഇന്ത്യക്കാരനായ ഫൈസാനെ നിങ്ങൾ അറിയുമോ എന്ന് ചോദിക്കുമ്പോൾ, ഒരുപാട് മുഖങ്ങളിൽ എനിക്ക് കാണാനിടയായത് ഏതു ഫൈസാൻ എന്ന് ചോദിക്കുംവിധമുള്ളൊരു അപരിചിതത്വമാണ്.
നാല് കൊല്ലത്തിനുള്ളിൽ നമ്മൾ ഫൈസാനെ, ഫൈസാനെ പോലുള്ള നിരവധി മനുഷ്യരെ മറവിയുടെ മഹാസമുദ്രങ്ങളിലേക്ക് മറിച്ചിട്ടപ്പോൾ, ഇപ്പോഴും സാമ്രാജ്യത്വ വ്യവസ്ഥക്കു കീഴിൽ വർണവെറിയുടെ അപ്പാർത്തീഡ് അവസ്ഥകളുടെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് അമേരിക്കൻ ജനതയിൽ വലിയൊരു വിഭാഗത്തിന് പ്രതികരിക്കാനും, വെള്ള ഭീകരശക്തികളെയും അതിന് പിന്തുണ നൽകുന്ന ഭരണകൂടത്തേയും വിറപ്പിക്കാനും കഴിഞ്ഞത്, പരിമിതികൾക്കിടയിലും അവരുടെ ജീവിതത്തിൽ ജനായത്തത്തിന്റെ സാധ്യത ബാക്കി നിൽക്കുന്നത്കൊണ്ടാണ്. എന്നാൽ ഇന്ത്യയിൽ ആവിധം പ്രതികരണങ്ങൾ കാലം ആവശ്യപ്പെടുംവിധം ഉയർന്നു വരാത്തത് നമ്മുടെ ജനായത്തം ഇന്നല്ല, മുമ്പ്തന്നെ ജാത്യാധിപത്യത്തിന്റെ പിടിയിലകപ്പെട്ടത്കൊണ്ട് കൂടിയാണ്. അതുകൊണ്ടാണ് സാമ്പത്തിക ചൂഷണങ്ങൾക്കെതിരായി ഉയരുന്ന സമരങ്ങളുടെയത്ര തീവ്രതയിൽ സാമൂഹ്യവിവേചനങ്ങൾക്കും ആൾക്കൂട്ട കൊലകൾക്കുമെതിരെ ഇന്ത്യൻ ജനായത്തത്തിന് പൊട്ടിത്തെറിക്കാൻ കഴിയാത്തത്. വംശഹത്യകളും കൊലകളും അതുകൊണ്ടാണ് നവഫാഷിസത്തിന് വളമായി മാറുന്നത്.
മുസ്ലിമാവുന്നത് കുറ്റകരമാവുന്ന കാലം എന്ന് സഖാവ് പ്രകാശ് കാരാട്ട് എഴുതിയത് പ്രത്യക്ഷത്തിൽ ലളിതമെങ്കിലും സങ്കീർണമായ അടരുകളുള്ള, ആഴത്തിൽ കണ്ടെടുക്കപ്പെടേണ്ടൊരു രാഷ്ട്രീയാന്വേഷണത്തിന്റെ ആമുഖമാണ്. ഫൈസാനെപ്പോലുള്ളവരാകട്ടെ അതിലെ ചോരകിനിയുന്നൊരു അധ്യായത്തിന്റെ തലക്കെട്ടാണ്. 2024ൽ ഒരു രാഷ്ട്രത്തിന്റെ പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മാത്രം ഭാഗമായി നടത്തിയ നൂറ്റി എഴുപത്തിമൂന്ന് പ്രസംഗങ്ങളിൽ നൂറ്റിപ്പത്തും വിദ്വേഷവും വെറുപ്പും പടർത്തുംവിധം വിഷം വമിക്കുന്നതായിരുന്നുവെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് ഈയടുത്ത് കണ്ടെത്തിയതുമാത്രം ഓർത്താൽ, ഇന്ത്യൻ ഭീകരതയുടെ വേര് സത്യത്തിൽ എവിടെയാണ് ആഴ്ന്ന് കിടക്കുന്നത് എന്ന് എളുപ്പം കണ്ടെത്താൻ ആർക്കും കഴിയും!
തെരഞ്ഞെടുപ്പിൽ തോറ്റാലും ഒരു ജനതയും സെക്കുലറിസത്തിൽ തോൽക്കരുത്. തെരഞ്ഞെടുപ്പുകൾ വരും പോകും, മുന്നണി ബന്ധങ്ങളിൽ വരുന്ന മാറ്റവും സന്ദർഭങ്ങളുടെ പ്രത്യേകതകളും അനുസരിച്ച് ജനായത്ത ശക്തികൾ ചിലപ്പോൾ ജയിക്കുകയോ മറ്റു ചിലർ ചിലപ്പോൾ തോൽക്കുകയോ ചെയ്യും. ജയിക്കുക എന്നുള്ളത് പ്രധാനം തന്നെയാണ്. എന്നാൽ അതിനേക്കാളൊക്കെ തന്നെ എത്രയോ പ്രധാനമാണ് ജയിച്ചാലും തോറ്റാലും മതനിരപേക്ഷതയുടെ നിലനിൽപ്. അതുണ്ടെങ്കിൽ മറ്റുള്ളതെല്ലാം പതുക്കെയാണെങ്കിലും അടിയിൽനിന്നും കെട്ടിപ്പൊക്കാൻ കഴിയും. ഒരൊറ്റക്കല്ലും അവശേഷിപ്പിക്കാതെ, അതിനെ കൂടി മുഴുവനായി തകർക്കാൻ ഫാഷിസ്റ്റുകൾക്കു കഴിഞ്ഞാൽ, പിന്നെ മനുഷ്യജീവിതത്തിന് ജീവിക്കാൻ വലിയ വിലകൾ നൽകേണ്ടിവരും.
.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.