ഹരിവരാസനം പുരസ്കാരം കൈതപ്രത്തിന്
text_fieldsഈ വർഷത്തെ ഹരിവരാസനം പുരസ്കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് സമ്മാനിക്കും. പുരസ്കാരത്തിനായുള്ള പേരുകളിൽ കൈതപ്രത്തിന്റെ പേരുമാത്രമാണുണ്ടായിരുന്നതെന്ന് മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. മകരവിളക്ക് ദിവസം പുരസ്കാരം സമ്മാനിക്കും. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കഴിഞ്ഞവര്‍ഷം തമിഴ് പിന്നണി ഗായകന്‍ പി.കെ. വീരമണി ദാസനായിരുന്നു പുരസ്‌കാരം. 2012ലാണ് സംസ്ഥാന സര്‍ക്കാര്‍ ഹരിവരാസനം അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.
2022 ലെ ഹരിവരാസനം പുരസ്‌കാരം ഗാനരചയിതാവും സംഗീത സംവിധായകനുമായ ആലപ്പി രംഗനാഥിനാണ് നല്‍കിയത്. 2023ലെ പുരസ്‌കാരം ലഭിച്ചത് ഗാനരചയിതാവും സംവിധായകനും നോവലിസ്റ്റുമായ ശ്രീകുമാരന്‍ തമ്പിക്കായിരുന്നു.
നിരവധി അയ്യപ്പ ഭക്തിഗാനങ്ങൾ കൈതപ്രത്തിന്റെതായുണ്ട്. ഇവയിൽ ‘ഹരിഹരാത്മജ’, ‘പൊന്നൊടുക്കുകൊട്ടി പാടുന്നു’, ‘സദ് ഗുരോ ഗരണം’ , ‘ഒരു വട്ടം മലയേറുമ്പോൾ’ എന്നിവ ഏറെ ശ്രദ്ധപിടിച്ചു പറ്റിവയാണ്.
‘ദേവദുന്ദുഭീ സാന്ദ്രലയ’മാണ് കൈതപ്രം ആദ്യമെഴുതിയ ചലച്ചിത്രഗാനം. അതാകട്ടെ 1986ൽ ഫാസിലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘എന്നെന്നും കണ്ണേട്ടന്റെ’ എന്ന ചിത്രത്തിനുവേണ്ടിയാണ്. ജെറി അമൽദേവിന്റെ ഈണത്തിൽ പിറന്ന ആ ഗാനത്തിലൂടെയാണ് മലയാളത്തിന്‍റെ കൈതപ്രം തീർത്ത വസന്തകാലം തുടങ്ങുന്നത്. 350ൽ അധികം സിനിമകൾക്കായി പാട്ടെഴുതി. നിരവധി സംഗീതസംവിധായകരുടെ ഉള്ളറിഞ്ഞ ഗാനരചയിതാവായി. കൈതപ്രം – ജോൺസൺ കൂട്ടുകെട്ടിലാണ് നാം ഹൃദയപൂർവം സ്വീകരിച്ച ഗാനങ്ങൾ ഏറെയും പിറന്നത്.
‘ഹിസ് ഹൈനസ് അബ്ദുല്ല’യിലെ ‘ദേവസഭാതലം’ എന്ന ഗാനരംഗത്തിലെ സംഗീതജ്ഞനെപ്പോലെ, മനസ്സിൽ തങ്ങിനിൽക്കുന്ന വേഷങ്ങളുമായി 10ലേറെ സിനിമകളിൽ കൈതപ്രം നടനായി. സംവിധായകൻ ജയരാജിന്റെ ആദ്യസിനിമയായ ‘വിദ്യാരംഭം’ മുതൽ കൈതപ്രവും കൂടെയുണ്ട്. ‘കുടുംബസമേത’വും ‘പൈതൃക’വുമൊക്കെയായി അനേകം സിനിമകൾ.
ജയരാജിന്റെ ‘സോപാനം’ എന്ന ചിത്രത്തിനു കഥയും തിരക്കഥയുമെഴുതാൻ തീരുമാനിച്ചത് 1993ൽ ഒരു മൂകാംബിക യാത്രയ്ക്കിടെയാണ്. ജയരാജിന്റെ തന്നെ ‘ദേശാടന’ത്തിനാണ് ആദ്യമായി സംഗീത സംവിധാനം നിർവഹിച്ചത്. ആ ചിത്രത്തിലെ ‘നവാമുകുന്ദ ഹരേ’ എന്ന ഗാനത്തിലൂടെ കൈതപ്രത്തിന്റെ മകൻ ദീപാങ്കുരൻ പിന്നണി ഗായകനായെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.