തിരുനാവായയിലെ ചരിത്രശേഷിപ്പുകൾ: സംരക്ഷണ നടപടിക്ക് തുടക്കം
text_fieldsതിരുനാവായ: ചരിത്രാതീത കാലം മുതലുള്ള നിരവധി ശേഷിപ്പുകളാൽ പ്രസിദ്ധമായ, വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ തിരുനാവായയിൽ സ്മാരകങ്ങൾ സംരക്ഷിക്കാൻ നടപടി ആരംഭിച്ചു. ഇതിന്റെ മുന്നോടിയായി സംസ്ഥാന പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥർ തിരുനാവായയിലെ ചരിത്രപ്രധാന സ്ഥലങ്ങൾ സന്ദർശിച്ച് റിപ്പോർട്ട് തയാറാക്കി.
മഹാശിലായുഗ ശേഷിപ്പായ ചെങ്കല്ലിൽ നിർമിച്ച ഉയരമേറിയ എടക്കുളം കുന്നുംപുറത്തെ മെൻഹർ (കുത്ത് കല്ല്), എടക്കുളത്തെ ഇരുമ്പ് പാലം, രാങ്ങാട്ടൂരിലെയും കൊടക്കല്ലിലെയും ചെങ്കൽ അത്താണികൾ, ബന്ദർ കടവ്, ബീരാഞ്ചിറ കുളം, സൗത്ത് പല്ലാറിലെ തൊപ്പിക്കല്ല്, പത്തിക്കല്ല് തുടങ്ങി പത്തിലധികം കേന്ദ്രങ്ങളിലാണ് സംഘം സന്ദർശിച്ചത്. ഇതിൽ രാങ്ങാട്ടൂരിലെ അത്താണി തകർന്ന നിലയിലാണ്. നാല് മീറ്ററിലധികം നീളമുള്ളതും ചെങ്കല്ലിൽ നിർമിതവുമായ അത്താണി ഉടർ സംരക്ഷിക്കും. മഹാശിലാകാല ശേഷിപ്പായ സൗത്ത് പല്ലാറിലെ തൊപ്പിക്കല്ലിൽ കപ്പ് ഹോളുകൾ അപൂർവമാണെന്ന് ഇവർ അഭിപ്രായപ്പെട്ടു.
ഈ ഭാഗങ്ങളിൽ വിരളമായി കാണുന്ന പത്തിക്കല്ല് (ഹുഡ് സ്റ്റോൺ) സൗത്ത് പല്ലാറിൽ സ്വകാര്യവ്യക്തിയുടെ വളപ്പിൽ കണ്ടെത്തി. ഇത് ഉടമസ്ഥർ ആവശ്യപ്പെടുന്ന മുറക്ക് ആവശ്യമായ സംരക്ഷണം നൽകും. തിരുനാവായയിലെ ചരിത്രശേഷിപ്പുകൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വർഷങ്ങളായി റീ എക്കൗ രംഗത്തുണ്ട്. കഴിഞ്ഞ ദിവസം വകുപ്പുമന്ത്രിയെ കണ്ട് നിവേദനം നൽകിയിരുന്നു.
പ്രാദേശിക ചരിത്രകാരനായ സൽമാൻ കരിമ്പനക്കൽ മുഖ്യമന്ത്രിക്കും ഇതേ ആവശ്യവുമായി നിവേദനം സമർപ്പിച്ചിരുന്നു. ആർക്കിയോളജി മലബാർ റീജനൽ ഓഫിസർ കെ. കൃഷ്ണരാജ്, ആർക്കിയോളജി കൺസർവേഷൻ എൻജിനീയർ ഭൂപേഷ്, ആർക്കിയോളജി ആർട്ടിസ്റ്റ് ജീവമോൾ, മ്യൂസിയം ഗൈഡ് വിമൽ കുമാർ എന്നിവരാണ് സന്ദർശക സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.