ചരിത്രരേഖകളിൽ 1921, ദേശീയ പ്രസ്ഥാനം
ചരിത്രം കാവിവത്കരിക്കപ്പെടുന്നതാണ് സമകാലിക അവസ്ഥ. ഇവിടെ ചരിത്രം ദേശീയ പ്രസ്ഥാനത്തെയും 1921നെയും ഒക്കെ അദൃശ്യമാക്കിയതെങ്ങനെ എന്ന് പരിശോധിക്കുന്നു. േദശീയ പ്രസ്ഥാനത്തിലെ വ്യക്തികളും പോരാട്ടങ്ങളുമായി ബന്ധപ്പെട്ട ചില ചരിത്രരേഖകള്‍ പുനര്‍വായനക്കായി സമര്‍പ്പിക്കുകയാണ് ലേഖകൻ.പതിനാറാം നൂറ്റാണ്ടു മുതലുള്ള പാശ്ചാത്യ അധിനിവേശം ഈ മണ്ണില്‍ ഹിന്ദു^മുസ്ലിം വര്‍ഗീയതയുടെയും അനൈക്യത്തിന്റെയും വിത്തു മുളപ്പിക്കാന്‍ ശ്രമിച്ചിരുന്നു....
Your Subscription Supports Independent Journalism
View Plansചരിത്രം കാവിവത്കരിക്കപ്പെടുന്നതാണ് സമകാലിക അവസ്ഥ. ഇവിടെ ചരിത്രം ദേശീയ പ്രസ്ഥാനത്തെയും 1921നെയും ഒക്കെ അദൃശ്യമാക്കിയതെങ്ങനെ എന്ന് പരിശോധിക്കുന്നു. േദശീയ പ്രസ്ഥാനത്തിലെ വ്യക്തികളും പോരാട്ടങ്ങളുമായി ബന്ധപ്പെട്ട ചില ചരിത്രരേഖകള്‍ പുനര്‍വായനക്കായി സമര്‍പ്പിക്കുകയാണ് ലേഖകൻ.
പതിനാറാം നൂറ്റാണ്ടു മുതലുള്ള പാശ്ചാത്യ അധിനിവേശം ഈ മണ്ണില്‍ ഹിന്ദു^മുസ്ലിം വര്‍ഗീയതയുടെയും അനൈക്യത്തിന്റെയും വിത്തു മുളപ്പിക്കാന്‍ ശ്രമിച്ചിരുന്നു. അതിന്റെ ഭാഗമായി ചില ചരിത്രസംഭവങ്ങള്‍ ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ടു. അതില്‍ പ്രധാനപ്പെട്ടത് 1857ലെ ശിപായിലഹളയെന്ന് ബ്രിട്ടീഷുകാര്‍ വിളിച്ചിരുന്ന ഒന്നാം സ്വാതന്ത്ര്യസമരവും 1921 വരെയുള്ള മലബാര്‍ കലാപങ്ങളുമാണ്. അതിന്റെ പ്രതികരണങ്ങള്‍ അക്കാലത്ത് മഹാത്മാ ഗാന്ധിയിലും കേരളത്തിലെ മഹാകവികളായ കുമാരനാശാനിലും വള്ളത്തോള്‍ നാരായണ മേനോനിലുംവരെ ഉണ്ടാക്കി.
പൊതുവെ ആധുനിക വിദ്യാഭ്യാസത്തിനോട് പുറംതിരിഞ്ഞുനിന്ന മുസ്ലിംസമൂഹത്തിനെയും ജാതിവ്യവസ്ഥിതിയില്പെട്ട ഹിന്ദുവിഭാഗത്തിനെയും ഒന്നാം ലോകയുദ്ധത്തിനുശേഷമുണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ നിസ്സഹകരണ, അഹിംസാപ്രസ്ഥാനങ്ങള്ക്ക് കീഴില്‍ ഒന്നിപ്പിക്കുക എന്ന ചരിത്രദൗത്യംതന്നെയായിരുന്നു ആദ്യം ഗാന്ധിജി ഏറ്റെടുത്തത്. ‘പാന്‍ ഇസ്ലാം’ എന്ന പദം ചില യൂറോപ്യര്‍ തെറ്റായി ഇസ്ലാംമതത്തെ ചിത്രീകരിക്കാനും ലോകനാശത്തിനു കാരണമാകുമെന്ന് പ്രചരിപ്പിക്കാനും ഉപയോഗിച്ചപ്പോള്‍ ഗാന്ധിജി യഥാർഥ ഇസ്ലാമിന്റെ മൂല്യങ്ങള്‍ മനസ്സിലാക്കി ലോക സാഹോദര്യവും ഐക്യവും അതിന്റെ മുഖമുദ്രയാണെന്നു തിരിച്ചറിഞ്ഞു. ‘മൗലാനാ മുഹമ്മദലി’യെക്കുറിച്ചുള്ള ജീവചരിത്ര പുസ്തകത്തില്‍ കെ.എം. സീതിസാഹിബ് ഇങ്ങനെ എഴുതുന്നു: “പാന്‍ ഇസ്ലാം മതപരമായ സാഹോദര്യത്തെ അടിസ്ഥാനമാക്കിയുള്ള ഒരു പ്രസ്ഥാനമാണ്. ‘സത്യവിശ്വാസികള്‍ സഹോദരന്മാരാകുന്നു’ എന്ന ഖുര്‍ആന്‍ വാക്യത്തെ ആദര്ശമാക്കിവെച്ചുകൊണ്ട് 1300 കൊല്ലങ്ങള്‍ക്കു മുമ്പായി വിശുദ്ധ നബി (സ) യാണ് ഈ പ്രസ്ഥാനം ആരംഭിച്ചത്. ഇത് ഒരു പ്രകാരത്തിലും പുതിയ പ്രക്ഷോഭണമല്ല. പാന്‍ ഇസ്ലാം എന്ന പേരുതന്നെ യൂറോപ്യന്‍ സൃഷ്ടിയാണ്.” 1
പതിനാറാം നൂറ്റാണ്ടിന്റെ ആദ്യം മുതല്‍ യൂറോപ്യന്മാര് കച്ചവടത്തിന് ഇവിടേക്ക് വന്നപ്പോള്‍ തങ്ങളുടെ വിശ്വാസപ്രമാണങ്ങളെ പരിചയപ്പെടുത്തുന്നതിനുപരി ഇന്ത്യയുടെ സമ്പത്ത് കൊള്ളയടിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അവര്‍ക്ക് തടസ്സമായതും ഇവിടെ ഏറ്റവും കൂടുതല്‍ ഭയപ്പാട് ഉണ്ടാക്കിയതും ഹിന്ദു-മുസ്ലിം ഐക്യംതന്നെയായിരുന്നു. അത് തകര്‍ക്കാന്‍ അവര്‍ എടുത്ത നടപടികളെ തിരിച്ചറിഞ്ഞ ഗാന്ധിജിയും മൗലാനാ മുഹമ്മദലിയെപ്പോലുള്ള ദേശീയ നേതാക്കളും മുന്നോട്ടുവെച്ച ആശയമായിരുന്നു നിസ്സഹകരണ പ്രസ്ഥാനത്തോടൊപ്പം കൊണ്ടുവന്ന ഖിലാഫത്ത് പ്രസ്ഥാനവും അഹിംസയിലൂന്നിയ സത്യഗ്രഹ മാര്‍ഗങ്ങളും. അതിനുശേഷം ഇന്ത്യയില്‍ സംഭവിച്ച മാറ്റങ്ങള്‍ കണ്ടും കേട്ടും അറിയാന്‍ ഇംഗ്ലണ്ടിലെ ഡെയ്ലി മെയിലിന്റെ പത്രാധിപരും സുപ്രസിദ്ധ രാജ്യതന്ത്രജ്ഞനുമായ നോര്‍ത്ത് ക്ലിഫ് പ്രഭു ഇന്ത്യയില്‍ ഏറെനാള്‍ സഞ്ചരിച്ചതും ഹിന്ദു-മുസ്ലിം ഐക്യത്തെയും ബ്രിട്ടീഷ് വിരുദ്ധ മനോഭാവത്തെയും തിരിച്ചറിഞ്ഞതും അന്നത്തെ ചില പത്രങ്ങള്‍ ഉള്ക്കൊണ്ടിെല്ലന്നു മാത്രമല്ല, വര്‍ഗീയ വിഷം കുത്തിവെക്കുന്ന വക്രീകരിച്ച വാര്‍ത്തകള്‍ തുടര്‍ന്നും പ്രചരിപ്പിക്കുകയും ഉണ്ടായി. എന്നാല്‍, അന്നത്തെ അതേ പ്രകോപനപരമായ മുസ്ലിം വിരുദ്ധ വാര്‍ത്തകള്‍ ഇടംനേടിയ ‘മലയാള മനോരമ’യുടെ താളുകളില്തന്നെ ആ ചരിത്രസത്യങ്ങള്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. നോര്‍ത്ത് ക്ലിഫ് പ്രഭു തിരിച്ച് കപ്പല്‍ കയറുന്നതിനു മുമ്പ് തന്റെ അന്വേഷണഫലങ്ങളെ വെളിപ്പെടുത്താന്‍ അസോസിയറ്റ് പ്രസുകാര്‍ ആവശ്യപ്പെട്ടതനുസരിച്ച് തയാറാക്കിയ കത്തിന്റെ ചുരുക്കം ‘മലയാള മനോരമ’യില്‍ ഇങ്ങനെ പ്രസിദ്ധീകരിച്ചു കാണുന്നു. 2
“25 വര്‍ഷങ്ങള്‍ക്കുമുമ്പ് ഞാന്‍ ഈ രാജ്യം സന്ദര്‍ശിച്ചപ്പോഴത്തെ അവസ്ഥയില്‍നിന്ന് ഇപ്പോള്‍ ഉണ്ടായിട്ടുള്ള മാറ്റം അത്ഭുതസംഭ്രമങ്ങള്ക്ക് കാരണമായിരിക്കുന്നു. ഹിന്ദുക്കളും മുഹമ്മദീയരും വെള്ളക്കാരോട് പെരുമാറിവന്ന രീതികള്‍ പാടേ ഭേദപ്പെട്ടിരിക്കുന്നു. ഇരുകൂട്ടരും മുന്‍കാലത്ത് വെള്ളക്കാരോട് വളരെ സ്നേഹപൂര്‍വമായിരുന്നു പെരുമാറിവന്നത്. ഇദംപ്രഥമമായി ഹിന്ദുക്കളും മുഹമ്മദീയരും ഒരുമിച്ച് കൂടിയിരിക്കുന്നു. ഞാന്‍ കണ്ട് സംസാരിച്ച നൂറോളം മുഹമ്മദീയര്‍ ഏകാഭിപ്രായക്കാരായിരുന്നു. ഡച്ചിന്ഡിസ്, മലേ സംസ്ഥാനം, സിലോണ്‍, മദ്രാസ്, ഹൈദരാബാദ്, പഞ്ചാബ്, ബോംബെ മുതലായ എല്ലാ പ്രദേശങ്ങളിലും ഏക രീതിയില്‍ മൗനംകൊണ്ടും സംഭാഷണംകൊണ്ടും പ്രതികൂല ഭാവം പ്രദര്‍ശിപ്പിക്കുന്നു. ഓക്സ്ഫഡിൽ വിദ്യാഭ്യാസം ചെയ്ത ഒരു മുഹമ്മദീയ ന്യായാധിപന് എന്നോടിങ്ങനെ പറഞ്ഞു. “ബ്രിട്ടീഷുകാരോടുള്ള ശത്രുത്വമാകുന്ന വിഷം മുഹമ്മദീയ സ്ത്രീകളുടെ ഇടയില്‍ വ്യാപിച്ചിട്ടുള്ളത് ഭയങ്കരമായ അശുഭസൂചകമായിരിക്കുന്നു.” തെരുവുകളില്‍ അനേകം മുഹമ്മദീയര്‍ ഗാന്ധിത്തൊപ്പികള്‍ ധരിച്ച് വിരുദ്ധത പ്രദര്‍ശിപ്പിക്കുന്നു. മുഹമ്മദീയരില്‍ രാജഭക്തിയുള്ളവര്‍ മിസ്റ്റര്‍ ഗാന്ധിയെ ഉടനെ അറസ്റ്റ് ചെയ്യണമെന്നു ആവശ്യപ്പെടുന്നു.”
ഈ നിരീക്ഷണത്തില്‍നിന്നും പൊതുമണ്ഡലത്തില്‍ ഹിന്ദുവും മുസല്‍മാനും ഒരേ ലക്ഷ്യത്തിനായി യോജിച്ചുനിന്നുവെന്നും അതില്‍ രാജഭക്തിയുള്ള ബ്രിട്ടീഷ് അനുകൂലികളായവര്‍ ഗാന്ധിയുടെ ഇടപെടലുകളെ ഭയപ്പെട്ടുവെന്നും മനസ്സിലാക്കാം. വീണ്ടും ഖിലാഫത്ത് പ്രശ്നം ഉയര്‍ത്തി നോര്‍ത്ത് ക്ലിഫ് പ്രഭുവിന്റെ ആത്മവിമര്‍ശനം ഇങ്ങനെ പോകുന്നു: “മെസപ്പൊട്ടേമിയയില്‍ മുസ്ലിമിനെക്കൊണ്ട് മുസ്ലിമിനോട് യുദ്ധം ചെയ്യിച്ച കാലത്തിനുശേഷം നമ്മുടെ പെരുമാറ്റത്തെപ്പറ്റി മുഹമ്മദീയര്‍ വളരെ വെറുത്തിരിക്കുന്നു. പ്രത്യേകിച്ച് ഗ്രീക്കുകാര്‍ക്ക് അടുത്തകാലത്ത് പണം കടം കൊടുത്ത സംഗതി അവര്‍ക്ക് വളരെ അനിഷ്ടകരമായിരിക്കുന്നു. എല്ലാ മുഹമ്മദീയ രാജ്യങ്ങളും തമ്മില്‍ പരസ്പരം ഇടപാടുള്ളവരായ ഇവര്‍ തുര്‍ക്കിയോട് നമ്മള് പ്രയോഗിച്ച നയത്തെയും ഖിലാഫത്തിനെ അവഗണിച്ചിട്ടുള്ളതിനെയും ബലമായി പ്രതിഷേധിക്കുന്നു. തുര്‍ക്കി സുല്‍ത്താനോട് അവര്‍ക്ക് സ്നേഹം തുടങ്ങിയിട്ട് വളരെക്കാലമായില്ല. ഷാജഹാന്റെയും മറ്റും കാലത്ത് അതുണ്ടായിരുന്നില്ല. ക്രീമിയന്‍ യുദ്ധകാലത്താണ് അതിന്റെ ആരംഭം. അത് അമിതവാദികള്‍ സമ്മതിക്കയില്ലായിരിക്കാം. അക്കാലത്തിനുശേഷം റോമന്‍ കത്തോലിക്കര്‍ മാർപാപ്പയെ എന്നപോലെ അവര്‍ തുര്‍ക്കി സുല്‍ത്താനെ ബഹുമാനിച്ചു. ഇതിന്റെ ഫലമായി റോമന്‍ കത്തോലിക്കര്‍ തങ്ങളുടെ വിശുദ്ധ പ്രദേശങ്ങള്‍ അന്യാധീനപ്പെട്ടാലെന്ന വിധം തുര്‍ക്കിയുടെ അധഃപതനത്തെക്കുറിച്ച് അവര്‍ ഖേദിക്കുന്നു. മുഹമ്മദീയരില്‍ മിതവാദികളും ജനസ്വാധീനമുള്ളവരുമായ ഏതാനും മാന്യന്മാര് പറയുന്നത് താഴെ പറയുന്ന പ്രകാരം നമ്മള് – ബ്രിട്ടീഷുകാര്‍ – ചില ആനുകൂല്യങ്ങള്‍ ചെയ്താല്‍ സമുദായ ശരീരത്തില്‍ ഉണ്ടായിട്ടുള്ള വ്രണം കരിഞ്ഞുപോകുമെന്നാണ്.
1. തുര്‍ക്കി സുല്‍ത്താനെ ഇസ്ലാം നേതാവായി അംഗീകരിക്കുകയും മക്ക, മദീന, ബഗ്ദാദ് എന്നീ വിശുദ്ധസ്ഥലങ്ങളുടെ അധിപനായി അംഗീകരിക്കുകയും എല്ലാ മുഹമ്മദീയര്‍ക്കും വിശുദ്ധ സ്ഥലങ്ങളിലേക്ക് പ്രവേശനത്തിനുള്ള തടസ്സം ഉണ്ടാക്കാതിരിക്കുകയും ചെയ്യുക. 2. അഡ്രിയാനോപ്പിള്‍ തുര്‍ക്കികള്‍ക്കു വിട്ടുകൊടുക്കുക. അത് അവര്‍ക്കുള്ള പുണ്യസ്ഥലമാകുന്നു. 3. ഏഷ്യാമൈനര്‍ മുഴുവനും – സ്മര്നാ ഉൾപ്പെടെ – തുര്‍ക്കിക്ക് കൊടുക്കുക. ഏഷ്യാമൈനര്‍ അവരുടെ ജന്മദേശമായി അവര്‍ ഗണിക്കുന്നു. ഇറാഖിലോ അറേബ്യയിലോ തങ്ങള്‍ക്കുള്ള സാമ്രാജ്യങ്ങള്‍ അന്യാധീനപ്പെട്ടാലും ജന്മദേശം ശിഥിലീഭവിക്കുന്നത് അവര്‍ക്ക് അധികം ദുസ്സഹമായിരിക്കും.”
ഈ മൂന്നു ആനുകൂല്യങ്ങളെ സംബന്ധിച്ചുമുള്ള ചില ആക്ഷേപങ്ങള്‍ക്കുള്ള സമാധാനം കത്തില്‍ തുടര്‍ന്ന് ഇങ്ങനെ എടുത്തുപറയുന്നുണ്ട്: “ബഗ്ദാദ് ബ്രിട്ടീഷുകാരുടെ കൈവശമാണെന്നും അത് വിട്ടുകൊടുക്കുന്നത് അവര്‍ക്ക് പല അസൗകര്യങ്ങള്‍ക്കും ഇടയാക്കുമെന്നുമുള്ള ആക്ഷേപത്തിന് സുല്‍ത്താന്റെ മേല്‍ക്കോയ്മ നാമമാത്രമായിരിക്കുമെന്ന് സമാധാനം പറയുന്നു. ഏഷ്യാമൈനറിന്റെ കാര്യത്തില്‍ അര്‍മീനിയ രാജ്യം ഒരു തടസ്സമായിരിക്കുന്നുവെന്നുള്ള ആക്ഷേപത്തിന് അത് ഇന്ത്യയിലെ ഒരു നാട്ടുരാജ്യംപോലെ ഗണിച്ച് ഒരു െറസിഡന്റിനെ നിയമിച്ചാല്‍ മതിയെന്നാണ് അവരുടെ സമാധാനം.” മുസല്മാന് ചില ആനുകൂല്യങ്ങള്‍ നല്കിയാല് അവരെ തങ്ങളുടെ പക്ഷത്ത് നിര്‍ത്താമെന്ന നിലയിലെ അഭിപ്രായം നോര്‍ത്ത് ക്ലിഫ് പ്രഭുവിന് ലഭിച്ചത് ഇങ്ങനെ വിവരിക്കുന്നു:
“ഇങ്ങനെ ചെയ്താല്‍ പുരാതന മതങ്ങളെ സംരക്ഷിക്കുന്നവരാണെന്നുള്ള പേര് നമ്മള്‍ക്ക് പോകാതിരിക്കുകയും ഇന്ത്യയിലെ മുഹമ്മദീയര്‍ സമാധാനപ്പെടുകയും ചെയ്യുമെന്നാണ് ഇംഗ്ലീഷുകാരും മുഹമ്മദീയരുമായ പല മാന്യന്മാരും എന്നോട് പറഞ്ഞത്. ഞാന്‍ ഒരു വിമര്‍ശനവും ചെയ്യുന്നില്ല.” എന്നാല്‍, ഇംഗ്ലണ്ടിലെ പത്രങ്ങള്‍ മനസ്സിലാക്കിയിട്ടുള്ളതില്‍ അധികം മോശമായിട്ടാണ് ഇന്ത്യയിലെ മുഹമ്മദീയരുടെ സ്ഥിതിയെന്ന് അദ്ദേഹം എടുത്തുപറഞ്ഞുകൊണ്ട് കത്ത് ഇങ്ങനെ ഉപസംഹരിക്കുന്നു.
“ഉദ്യോഗസ്ഥരും വാണിജ്യപ്രവര്ത്തകന്മാരും പത്രക്കാരും എല്ലാംതന്നെ ചില്ലറ വ്യവസ്ഥകളില്‍ അഭിപ്രായഭേദമുണ്ടെങ്കിലും മുസ്ലിം ജാതിയുടെ കുഴപ്പം കഴിയും വേഗം തീര്‍ക്കേണ്ടതിന്റെ അത്യാവശ്യം നിര്‍ദേശിക്കുന്നുണ്ട്.” 3
മുകളിലെ നിരീക്ഷണങ്ങള്‍ പ്രസിദ്ധീകരിച്ച പത്രം അതേ ദിവസം എഴുതിയ ‘മിസ്റ്റര്‍ ഗാന്ധിയുടെ അന്ത്യസന്ദേശം’ എന്ന മുഖപ്രസംഗത്തില്‍ ഗാന്ധിയെ വിമര്‍ശിക്കുന്നതും ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ചെയ്തികളെ വാഴ്ത്തുന്നതും കാണാം. അതില്‍ സൗത്ത് ആഫ്രിക്കയിലെ ഗാന്ധിജിയുടെ സത്യഗ്രഹസമരങ്ങള്‍ പരാജയപ്പെട്ടു എന്നരീതിയില്‍ തെറ്റായ വിവരവും ഗാന്ധിജിയുടെ നീക്കങ്ങള്‍ രാജ്യത്തിന് ആപല്‍ക്കരവുമാണെന്നും പറയുന്നു: “മിസ്റ്റര്‍ ഗാന്ധിയുടെ സത്യഗ്രഹ സമരത്തിന്റെ ദോഷഫലങ്ങളെ കണ്ടതില്‍ 1914 ഏപ്രില്‍ 14ാം തീയതി അദ്ദേഹം പശ്ചാത്താപം പ്രദര്‍ശിപ്പിച്ചിരുന്നു... ജനസഞ്ചയത്തെ നിയന്ത്രണം ചെയ്യുന്നതിന് ശക്തിയില്ലെന്നു മിസ്റ്റര്‍ ഗാന്ധി സമ്മതിക്കുന്ന സ്ഥിതിക്ക് ആളുകള്‍ ഒരുമിച്ച് നിയമലംഘനം ചെയ്യണമെന്ന് ഉപദേശിക്കുന്നത് ശരിയാണെന്ന് പറയാന്‍ നിവൃത്തി കാണുന്നില്ല. അതിനാല്‍, മിസ്റ്റര്‍ ഗാന്ധിയുടെ ഇപ്പോഴത്തെ അഞ്ചു സന്ദേശവും രാജ്യത്തിന് ഏറ്റവും ആപല്‍ക്കരമായ ഒന്നാണെന്ന് നിസ്സംശയം അഭിപ്രായപ്പെടാവുന്നതാണ്.” 4
മഹാത്മാ ഗാന്ധി തന്റെ സൗത്ത് ആഫ്രിക്കന്‍ സത്യഗ്രഹ അനുഭവങ്ങള്‍ ഗുജറാത്തി ഭാഷയില്‍ 1924 ഏപ്രില്‍ 2നു എഴുതി പ്രസിദ്ധീകരിച്ചത് 1928 ഏപ്രില്‍ 26ന് വാല്‍ജി ഗോവിന്ദ് ജി ദേശായി ഇംഗ്ലീഷിലേക്ക് വിവര്‍ത്തനംചെയ്തു. ഗാന്ധിജിതന്നെ അത് വായിച്ചു തിരുത്തലുകള്‍ വരുത്തിയതായി നേരിട്ട് അതില്‍ രേഖപ്പെടുത്തുന്നു. നമുക്ക് അറിയാവുന്നതിലുപരി അദ്ദേഹം ഉപസംഹരിക്കുന്ന അധ്യായത്തില്‍ തന്റെ അന്തിമമായ കണ്ടെത്തലുകള്‍ ഇങ്ങനെയാണ് രേഖപ്പെടുത്തുന്നത്. “Satyagraha is a priceless and matchless weapon, and that those wield it are strangers to disappointment or defeat” (സത്യഗ്രഹം വിലമതിക്കാനാവാത്തതും സമാനതകളില്ലാത്തതുമായ ആയുധമാണ്, അത് ഉപയോഗിക്കുന്നവര്‍ നിരാശക്കും പരാജയത്തിനും അപരിചിതരാണ്.) 5
ഗാന്ധിജി അതില്‍തന്നെ ഇങ്ങനെ എടുത്തുപറയുന്നുമുണ്ട്. “ഒരു വസ്തുവിനെ അത് നേടിയെടുത്ത അതേ മാർഗത്തിലൂടെ നിലനിർത്താം എന്നത് പ്രകൃതിയുടെ ഒരു നിയമമാണ്. അക്രമത്തിലൂടെ നേടിയ ഒരു കാര്യം അക്രമംകൊണ്ടുമാത്രം നിലനിർത്താം, സത്യത്താൽ നേടിയത് സത്യത്താൽ മാത്രമേ നിലനിർത്താനാകൂ. സത്യഗ്രഹം എന്ന ആയുധം പ്രയോഗിക്കാൻ കഴിയുമെങ്കിൽ, ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാർക്ക് ഇന്ന് അവരുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയും. (“There is a law of nature that a thing can be retained by the same mean by which it has been acquired. A thing acquired by violence can be retained by violence alone, while one acquired by truth can be retained only by truth. The Indians in South Africa, there for, can ensure their safety today if they can wield the weapon of Satyagraha.” 6
ഇതില്‍നിന്നും ആ കാലഘട്ടത്തില്‍ ഗാന്ധിജിയെപ്പോലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത രാജഭക്തിയും വിദേശകൂറും കാണിച്ചവരാലും ചരിത്രം വക്രീകരിക്കപ്പെട്ടുവെന്ന് കാണാം.
വിവാദങ്ങള്‍ ഇന്നും അവസാനിക്കാത്ത 1921ലെ മലബാര്‍ കലാപങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ ‘മലയാള മനോരമ’ പത്രത്തില്‍ വന്നിരുന്ന വാര്‍ത്തകളുടെ സ്വഭാവം ഇതാണ്: “ഈ ആഴ്ചയിലെ വര്‍ത്തമാനങ്ങളില്‍ ഏറ്റവും മുഖ്യമായിട്ടുള്ളത് ലഹളത്തലവന്മാര്‍ എല്ലാംകൂടി ഒത്തുചേര്ന്നിരിക്കുന്നുവെന്നുള്ളതാണ്. ചെമ്പ്രശ്ശേരി, സീതിക്കോയ -ഈ തങ്ങൾമാര് രണ്ടുപേരും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമായി സന്ധിച്ചിരിക്കുന്നു. വേര്‍തിരിഞ്ഞു നില്ക്കുന്നതുകൊണ്ട് പട്ടാളക്കാരില്നിന്നുള്ള ഉപദ്രവം അധികമായി ഉണ്ടായിക്കൊണ്ടിരിക്കുന്നതിനാല്‍ ‘ഐകമത്യം മഹാബലം’ എന്ന തത്ത്വം അടിസ്ഥാനപ്പെടുത്തിയാണ് അവര്‍ ഒത്തുകൂടീട്ടുള്ളത്. ഏതായാലും ഈ സമാഗമം അവസാനം വരെ നിലനിര്‍ത്തി ചാകുകയോ കീഴടങ്ങുകയോ ചെയ്യുന്നത് ഒരുമിച്ചുതന്നെ വേണമെന്നുള്ള ഇവരുടെ തീരുമാനം രസകരമായിരിക്കുന്നു. കലാശം എത്രയും വേഗം ഉണ്ടാകുമാറാകട്ടെ!” 7
ഇങ്ങനെ പത്രധര്‍മം നോക്കാതെ തിരുവിതാംകൂറിന്റെ ഭാഗമായ കോട്ടയത്തുനിന്നും പ്രസിദ്ധീകരിച്ച പത്രത്തില്‍ നിരന്തരം വന്നിരുന്ന വാര്‍ത്തകള്‍ ഉണ്ടാക്കിയ ചിന്തകള്തന്നെയായിരുന്നു മഹാകവി കുമാരനാശാനെപ്പോലും തെറ്റിദ്ധരിപ്പിച്ച് ‘ദുരവസ്ഥ’ എന്ന ഖണ്ഡകാവ്യത്തില്‍ മുഹമ്മദീയരെല്ലാം ക്രൂരരെന്ന പൊതുപരാമര്‍ശങ്ങള്‍ ഉണ്ടായത്. സത്യാവസ്ഥ അദ്ദേഹം മനസ്സിലാക്കിയപ്പോഴാണ് പിന്നീടുള്ള രചനയില്‍ ആ പരാമര്‍ശങ്ങള്‍ മാറ്റിയെഴുതുമെന്നു വക്കം മൗലവിയുടെയും സീതിസാഹിബിന്റെയും സാന്നിധ്യത്തില്‍ അറിയിച്ചത്. എന്നാല്‍, വിധിവൈപരീത്യത്താല്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ മരണപ്പെട്ടതുമൂലം അദ്ദേഹത്തിനു അത് കഴിയാതെ പോയി. എന്നാല്‍, വള്ളത്തോള്‍ സത്യം വിളിച്ചുപറഞ്ഞത് തന്റെ സ്വന്തം കുടുംബത്തിനുണ്ടായ അനുഭവങ്ങളുടെയും ഇസ്ലാമിന്റെ മാനവികതയെ കുറിച്ചുള്ള പ്രഖ്യാപനത്തിന്റെ വെളിച്ചത്തിലുമായിരുന്നു. അതിന്റെ ചരിത്രരേഖകളും വെളിപ്പെടുത്തുന്നുണ്ട്.
1792ലെ ആംഗ്ലോ മൈസൂരിയന്‍ യുദ്ധത്തില്‍ ടിപ്പുവിന്റെ പരാജയത്തോടെ കമ്പനി ഏറ്റെടുത്ത മലബാര്‍ പ്രദേശത്തെ ഭരണത്തില്‍ ടിപ്പു നടപ്പാക്കിയ ഭൂനയം പാടേ മാറ്റി ഭൂമിയുടെ ജന്മാവകാശം പഴയ ജന്മിമാര്‍ക്കും ദേവസ്വത്തിനും മടക്കിനല്‍കിക്കൊണ്ട് നികുതിസമ്പ്രദായം തുടര്‍ന്നു. 8
അതോടുകൂടി ഭൂമിയിലെ അവകാശവും ഉപജീവനവും നഷ്ടപ്പെട്ട മലബാറിലെ മാപ്പിളജനതയുടെ ഉള്ളില്‍ നീറിപ്പുകഞ്ഞുകൊണ്ടിരുന്ന ജന്മിത്തത്തിനെതിരെയുള്ള വികാരവും അവരെ സംരക്ഷിക്കുകയും മാപ്പിളമാരെ വേട്ടയാടുകയുംചെയ്ത ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ പ്രതികാരനടപടികളും ആ കാലയളവില്‍ 1921-22 വരെ നടന്ന 83ഓളം ഏറ്റുമുട്ടലുകളിലെല്ലാം കാണാം.
1857ലെ ‘ശിപായിലഹള’ക്ക് സമാനമായതെന്നു ബ്രിട്ടീഷുകാര്‍ ധരിച്ച ഒരു ഏറ്റുമുട്ടല്‍ തെക്കന്‍ മലബാറില്‍ അതേ കാലയളവിലുണ്ടായി. അത് മുതല്‍ മാപ്പിളമാരെ ബ്രിട്ടീഷ് ഭരണകൂടം നേരിട്ട് നിരീക്ഷിക്കുകയും ഹിന്ദു-മുസ്ലിം മൈത്രിക്ക് ഭംഗംവരുത്തുന്ന കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയും മാപ്പിള ഔട്ട്റേജസ് ആക്ടിന്റെ തണലില്‍ കൊല്ലും കൊലയോടുമൊപ്പം നാടുകടത്തല്‍, പിഴചുമത്തല്‍ തുടങ്ങിയ നടപടികള്‍കൊണ്ട് ഭീഷണിപ്പെടുത്തുകയുമായിരുന്നു.
അതുമൂലം ജന്മിമാര്‍ക്കും ബ്രിട്ടീഷ് സര്‍ക്കാറിനും എതിരായി വൈകാരികമായ വിദ്വേഷങ്ങളില്‍നിന്നും ഉടലെടുത്ത പ്രാദേശിക ഏറ്റുമുട്ടലുകള്‍ വർധിച്ചു. അതിനു ആക്കംകൂട്ടിയത് 1855ലെ മലബാര്‍ കലക്ടറായിരുന്ന കനോലി സായിപ്പിന്റെ കൊല മുതല്‍ 1865ല്‍ വള്ളുവനാട്ടിലും 1873ല്‍ കൊലത്തൂരിലും തുടര്‍ന്ന് 1877, 1879കളില്‍ പറാലിലും ഉണ്ടായ ഏറ്റുമുട്ടലുകളാണ്. 1880ല്‍ മേലത്തൂരില്‍ ഒരു ജന്മിയെ വധിച്ചതുമായി ബന്ധപ്പെട്ട് നിരവധിപേരെ വെടിെവച്ചു കൊല്ലുകയും നാടുകടത്തുകയും ഉണ്ടായി. 1884ല്‍ പാണ്ടിക്കാട്, മലപ്പുറം ഭാഗങ്ങളില്‍ കാര്‍ഷിക സമരവുമായി ബന്ധപ്പെട്ട ഏറ്റുമുട്ടലുകള്‍ ഉണ്ടാകുകയും 32 പേരെ വെടിെവച്ചു കൊല്ലുകയും ചെയ്തു. പൊന്നാനിയില്‍ 17 പേര് കൊല്ലപ്പെടുകയും മണ്ണാര്‍ക്കാട് ഒരു നമ്പൂതിരി ജന്മിയെ കൊലപ്പെടുത്തിയ ലഹളക്കാരില്‍ 31 പേര് മരിച്ചതായും വണ്ടൂരില്‍ സമരക്കാരുടെ 99 ശവശരീരങ്ങള്‍ കണ്ടെടുത്തതായും 1894, 1896,1898കളിലെ ഔദ്യോഗിക ജുഡീഷ്യല്‍ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അതിനെ തുടര്‍ന്ന് വീണ്ടും ഏറ്റുമുട്ടലുകള്‍ 1915-1919കളിലും അവസാനം 1921 കാലഘട്ടത്തിലും ഉണ്ടായി. 1920ല്‍ മഞ്ചേരിയിലും 1921ല്‍ ഒറ്റപ്പാലത്തും നടന്ന കോണ്‍ഗ്രസ് സമ്മേളനങ്ങള്‍ കാര്‍ഷിക സമരങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്നു. 9
ഗാന്ധിജി ആദ്യം കേരളം സന്ദര്ശിക്കുന്നതുതന്നെ ഇന്ത്യയിലെ മുസ്ലിം നേതാക്കളോടൊപ്പമായിരുന്നു. 1920 ആഗസ്റ്റ് 18ന് കോഴിക്കോട് കടപ്പുറത്ത് മൗലാനാ ഷൗക്കത്തലിയുമായി ചേര്‍ന്നു പ്രസംഗിച്ചത് വലിയ വഴിത്തിരിവായി. മാപ്പിളമാരില്‍ വലിയ ആവേശം ഉണ്ടാക്കിയത് രാഷ്ട്രീയമായ ഖിലാഫത്ത് ആഹ്വാനങ്ങള്‍ കൂടി വന്നപ്പോഴായിരുന്നു. അതുകൊണ്ടാണ് 1921ലെ കലാപം പ്രത്യക്ഷത്തില്‍ ബ്രിട്ടീഷ് വിരുദ്ധതയുടെ രാഷ്ട്രീയവും എന്നാല്‍, ആഴത്തില്‍ അതൊരു കാര്‍ഷിക കാരണത്താല്‍ ഉരുത്തിരിഞ്ഞുവന്ന സമരങ്ങളുമാണെന്ന് ചരിത്രകാരന്മാര് പരക്കെ പറയുന്നത്. ഖിലാഫത്ത് അഹിംസാ സമരമാര്‍ഗങ്ങള്‍ ചിലപ്പോള്‍ അക്രമസമരങ്ങളായി മാറിയത് ബ്രിട്ടീഷുകാര്‍ പ്രചരിപ്പിച്ച കള്ളക്കഥകള്‍ വിശ്വസിച്ച് ചാടിപ്പുറപ്പെട്ടപ്പോഴായിരുന്നു. എന്നാല്‍, പല ചരിത്രവസ്തുതകളും ഗാന്ധിജിയെ ധരിപ്പിക്കാന്‍ ദേശീയ നേതാക്കള്‍ക്ക് കഴിയാതെ പോയതും അദ്ദേഹത്തെയും ദേശീയനേതാക്കളെയും അങ്ങോട്ടുപോകാന്‍ അനുവദിക്കാതിരുന്നതും താല്ക്കാലികമായ തെറ്റിദ്ധാരണകള്‍ക്കും വഴിവെച്ചു.
സമാനമായി അതേ കാലയളവില്‍ സഹകരണ ത്യാഗികള്‍ ബോംെബയില്‍ കാണിച്ചുകൂട്ടിയ അക്രമസംഭവങ്ങളില്‍ അവര്‍തന്നെ ഇരകളായിട്ടും അവരുടെ ചെയ്തികളെ ഗാന്ധിജി അപലപിക്കുകയായിരുന്നു. “നവംബര്‍ 17നു ബോംബെയില്‍ വെച്ച് മരിച്ച ആളുകളാരായിരുന്നുവെന്നുള്ളതും ചിന്തിക്കേണ്ടതാണ്. മരിച്ച 53 പേരില്‍ 47 പേര് സഹകരണ ത്യാഗികളും കൂട്ടുകാരുമായിരുന്നു. മുറിവേറ്റ 400ല്‍, 350 ല്‍ അധികം പേര് ഇത്തരക്കാര്തന്നെ. അവര്‍ ചെയ്ത കൃത്യത്തിനു തക്ക ഫലം അവര്‍ക്കു കിട്ടിയെന്നേയുള്ളൂ. ഞാന്‍ ആരോടും സങ്കടം പറയുന്നില്ല. സഹകരണ ത്യാഗികളും സഹകാരികളും കൂടി ചേര്‍ന്നാണ് അവിടെ സമാധാനസ്ഥിതി വരുത്തിയതെന്നുള്ളതും വിസ്മരിക്കത്തക്കതല്ല.” 10
അന്ന് എന്തുകൊണ്ട് ഹിന്ദുക്കളായ കുടിയാന്മാര് മലബാറിലെ ജന്മികള്ക്ക് എതിരായി പൊതുവായി പോരാടിയില്ല എന്നൊരു ചോദ്യം ഉണ്ടാകുന്നത് സ്വാഭാവികം. അതിനുകാരണം, ജാതിവ്യവസ്ഥയും നമ്പൂതിരിമാര്‍ ജന്മംകൊണ്ട് ഭൂമിയുടെ അവകാശികളും ദൈവത്തിന്റെ പ്രതിനിധികളുമാണെന്നുള്ള വിശ്വാസം കുടിയാന്മാരായ കീഴ് ജാതിക്കാരില്‍ ഉണ്ടാക്കിയ വിധേയത്വം തന്നെയായിരുന്നു. എന്നാല്‍, അതില്‍നിന്നും പുറത്തുവന്ന താഴ്ന്ന ജാതിക്കാരില്‍ ചിലര്‍ ഇസ്ലാം മതം സ്വീകരിച്ചത് മറുഭാഗത്ത് പ്രകോപനം കൂട്ടുകയും അത് അങ്ങനെയുള്ള സമരക്കാര്‍ക്ക് എതിരെ പ്രതികാരനടപടികളെടുക്കാന്‍ പ്രേരണ നല്കുകയുമുണ്ടായി.
(തുടരും)