മാപ്പിളപ്പെണ്ണിന്റെ കാതുകുത്ത്: പാട്ടിലും കവിതയിലും
മലബാറിലെ മാപ്പിള സ്ത്രീകൾക്കിടയിൽ വലിയ ആഘോഷമായി ഒരുകാലത്ത് ‘കാതുകുത്ത്’ സമ്പ്രദായം നടപ്പാക്കിയിരുന്നു. അതിനെതിരെ സാംസ്കാരിക രംഗത്ത് പലതരം ഇടപെടലുകളുണ്ടായി. കാതുകുത്ത് എങ്ങനെയൊക്കെയാണ് നമ്മുടെ കവിതകളിലും സാഹിത്യരചനകളിലും ആവിഷ്കരിക്കപ്പെട്ടതെന്ന് അന്വേഷിക്കുകയാണ് ഇൗ പഠനം.‘‘ഇന്നെന്റെ കാതുകുത്താ!’’മജീദ് ഒന്നും പറയാതെ മന്ദഹസിച്ചു. അത് അവളിലും പകർന്നു. മജീദ് ആ ഭംഗിയുള്ള ചെവികളിൽ നോക്കി. കാതുകുത്ത്! ഒരാചാരമാണ്. അതു...
Your Subscription Supports Independent Journalism
View Plansമലബാറിലെ മാപ്പിള സ്ത്രീകൾക്കിടയിൽ വലിയ ആഘോഷമായി ഒരുകാലത്ത് ‘കാതുകുത്ത്’ സമ്പ്രദായം നടപ്പാക്കിയിരുന്നു. അതിനെതിരെ സാംസ്കാരിക രംഗത്ത് പലതരം ഇടപെടലുകളുണ്ടായി. കാതുകുത്ത് എങ്ങനെയൊക്കെയാണ് നമ്മുടെ കവിതകളിലും സാഹിത്യരചനകളിലും ആവിഷ്കരിക്കപ്പെട്ടതെന്ന് അന്വേഷിക്കുകയാണ് ഇൗ പഠനം.
‘‘ഇന്നെന്റെ കാതുകുത്താ!’’
മജീദ് ഒന്നും പറയാതെ മന്ദഹസിച്ചു. അത് അവളിലും പകർന്നു. മജീദ് ആ ഭംഗിയുള്ള ചെവികളിൽ നോക്കി. കാതുകുത്ത്! ഒരാചാരമാണ്. അതു നിരത്തി കുനുകുനാ കുത്തിത്തുളക്കുമ്പോൾ വേദനിക്കില്ലേ? മജീദ് അത്ഭുതപ്പെട്ടു. അവൾ പറഞ്ഞു:
‘‘അറിയാമ്പാടില്ല; വന്നു നോക്ക്!’’ അവൾ ഓടിപ്പോയി.
മജീദിനു പോകണമെന്നു തോന്നി. കിടന്നിടത്തുനിന്ന് എഴുന്നേൽക്കുവാൻ വയ്യ. എങ്കിലും ഒട്ടുകഴിഞ്ഞ് ആരും കാണാതെ തക്കത്തിന് മജീദ് എണീറ്റു. സംഭ്രമം! അമ്മിപിള്ളയുടെ ഘനം! ആയിരം വ്രണങ്ങളുടെ വേദന... എല്ലാംകൂടി ഹൃദയത്തിൽനിന്നു ഘനമായി തൂങ്ങിക്കിടക്കുന്നതുപോലെ... കവച്ചുകവച്ച് ആരും കാണാതെ മജീദ് സൂത്രത്തിൽ വെളിയിൽ ഇറങ്ങി. വെള്ളമില്ലാത്ത തോട്ടിലൂടെ നിരങ്ങി നിരങ്ങി പറമ്പിൽക്കയറി സുഹ്റായുടെ വീട്ടിൽ ചെന്നു. അവിടെ വലിയ ആഘോഷമോ ആൾക്കൂട്ടമോ ഒന്നും കണ്ടില്ല. അത് അവർ പണക്കാരല്ലാഞ്ഞിട്ടാണെന്ന് മജീദ് വിചാരിച്ചു. പണക്കാരായിരുന്നെങ്കിൽ കൊട്ടും വെടിക്കെട്ടും സദ്യയും ആരവവും ഒക്കെ ഉണ്ടാകുമായിരുന്നു! മജീദിനെ കണ്ട ഉടനെ സുഹ്റായുടെ ഉമ്മാ നിലവിളിച്ചുകൊണ്ട് ഓടിയെത്തി: ‘‘എന്റെ പുള്ള എന്തിനു വരാമ്പോയി?’’ മജീദ്, വേദനയോടെ പറഞ്ഞു: ‘‘കാതുകുത്ത് കാണാൻ.’’
അന്നേരം സുഹ്റായും ഹാജരായി. അവളുടെ മുഖം ചുമന്നും കണ്ണുകൾ കലങ്ങിയും ഇരുന്നു. മുകൾ മുതൽ അടി വരെ രണ്ടു കാതുകളും കുത്തിത്തുളച്ചു. കറുപ്പുനൂൽ കോർത്തു കെട്ടിയിരുന്നു. വലതുകാതിൽ പതിനൊന്നും ഇടത്തേതിൽ പത്തും. പഴുത്തു തുളകൾ ഉണങ്ങുമ്പോൾ നൂലഴിച്ച് ഊരിക്കളഞ്ഞ് വെള്ളി അലിക്കത്ത് ഇടുമെന്നും അതുകഴിഞ്ഞ് കല്യാണത്തിനു വെള്ളി അലിക്കത്തു മാറ്റി സ്വർണ അലിക്കത്താക്കുമെന്നും മജീദിന് അറിയാമായിരുന്നു.
മജീദ് സുഹ്റായോട് ചോദിച്ചു: ‘‘ഈ കാതുകുത്തെന്തിന്?’’ ‘‘അറിയാന്മേല.’’ ‘‘അദികം നൊന്തോ?’’ സുഹ്റാ വേദനയോടെ മന്ദഹസിച്ചു: ‘‘ഉമ്മിണിശ്ശ!’’
വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ബാല്യകാലസഖി’ എന്ന നോവലിൽ കാതുകുത്തിനെ സംബന്ധിച്ച് വിവരിക്കുന്ന ഭാഗമാണ് മുകളിൽ ചേർത്തത്. ഒരുകാലത്ത് കാതുകുത്ത് സമ്പ്രദായം ഒരാഘോഷമായി ഏറ്റവും കൂടുതൽ കൊണ്ടാടപ്പെട്ടത് മലബാറിലെ മാപ്പിള സ്ത്രീകൾക്കിടയിലാണ്. നാലപ്പാട്ട് തറവാട്ടിലെ പെൺകുട്ടികളെ കാതുകുത്തുന്നത് ബാല്യകാലത്ത് തെല്ല് ഉൾക്കിടിലത്തോടെ നോക്കിനിന്ന അനുഭവം കമലാദാസ് തന്റെ ‘നീർമാതളം പൂത്തകാലം’ എന്ന കൃതിയിൽ വിവരിക്കുന്നുണ്ട്. ‘ബാല്യകാലസഖി’ എന്ന നോവലിൽനിന്ന് മുകളിൽ ഉദ്ധരിച്ച വരികളിൽ ‘‘ഈ കാതുകുത്ത് എന്തിനാണെന്ന്’’ തെല്ല് കൗതുകത്തോടെ സുഹ്റായുടെ കാമുകനായ മജീദ് ചോദിക്കുന്ന രംഗം ശ്രദ്ധേയമാണ്.
ഒരെഴുത്തുകാരനെന്ന നിലയിൽ ബഷീറിന് തന്റെ ജീവിതപരിസരത്ത് അനുഭവവേദ്യമായ ദുരാചാരത്തെ കുറിച്ച് അക്കാലത്തെ സമൂഹത്തോട് ചോദിക്കാനുണ്ടായിരുന്നു. താൻ കണ്ട ബോധ്യങ്ങളെ കഥാസന്ദർഭത്തിൽ സമർഥമായി ഉപയോഗിക്കുകയായിരുന്നു ബഷീർ. കാതുകുത്ത് ഒരാഘോഷമായി ധനിക കുടുംബങ്ങൾ കൊണ്ടാടുമ്പോൾ ഒട്ടും സാമ്പത്തികശേഷിയില്ലാത്ത സുഹ്റായുടെ കുടുംബത്തെ എത്രത്തോളം പ്രസ്തുത ആചാരം സമ്മർദത്തിലാക്കുന്നുണ്ടെന്ന് ‘‘പണക്കാരായിരുന്നെങ്കിൽ കൊട്ടും വെടിക്കെട്ടും സദ്യയും ആരവവുമൊക്കെ ഉണ്ടാകുമായിരുന്നു’’വെന്ന മജീദിന്റെ ബോധ്യത്തിലൂടെ ബഷീർ നമ്മെ ഉണർത്തുന്നു. 1940കളിലാണ് ബഷീറിന്റെ ‘ബാല്യകാലസഖി’ എഴുതപ്പെടുന്നത്. കാതുകുത്താചാരം മലബാർ പ്രദേശങ്ങളിൽ വളരെ വ്യാപകമായി വേരൂന്നിയ കാലമായിരുന്നു അതെന്നോർക്കണം. അത്തരം ഒരു സാമൂഹിക പ്രതലത്തിലാണ് ചില ചോദ്യങ്ങളിലൂടെ കഥാസന്ദർഭത്തിൽ നവോത്ഥാന മൂല്യങ്ങളെ കുറിച്ചുണർത്താൻ ബഷീർ ശ്രമിച്ചത്.
അഞ്ചു കന്യകകൾ
കവി യൂസഫലി കേച്ചേരി എഴുതിയ ‘അഞ്ചു കന്യകകൾ’ എന്ന ചെറുകവിതാസമാഹാരത്തിൽ കാതുകുത്ത് സമ്പ്രദായത്തെ കുറിച്ചുള്ള ഒരു കവിതയുണ്ട്. കാതുകുത്തിനെ കുറിച്ച് യൂസഫലിയോളം സർഗാത്മകമായി അടയാളപ്പെടുത്തിയ മറ്റു കവികൾ മലയാളത്തിലുള്ളതായി കാണാൻ കഴിയില്ല. കുഞ്ഞിപ്പാത്തുവാണ് ആ കവിതയിലെ കേന്ദ്ര കഥാപാത്രം. അവളുടെ കാതു കുത്താൻ ഒസ്സാനെ1 തിരക്കിട്ട് ഏർപ്പാടാക്കുകയാണ് പിതാവായ കോയക്കുട്ടി. നേരത്തേതന്നെ ഇരു കാതുകളും തുളച്ചിട്ടുള്ള കുഞ്ഞിപ്പാത്തുവിന് തന്റെ മേൽക്കാതുകൾകൂടി കുത്തിത്തുളക്കുന്നത് അസഹ്യമായി തോന്നുന്നു. അവൾ പിടിവാശിക്കാരനും തന്നിഷ്ടക്കാരനുമായ പിതാവിനോട് തനിക്കുള്ള അനിഷ്ടം പറയാനായി കവിയെയാണ് കാണുന്നത്. കാവ്യത്തിൽ കുഞ്ഞിപ്പാത്തുവിന്റെ സഹോദരനായി പ്രത്യക്ഷപ്പെടുന്ന കവിയാകെട്ട, കോയക്കുട്ടിക്ക് മുന്നിൽ കുഞ്ഞിപ്പാത്തുവിന് കാതുകുത്തിനോടുള്ള ശക്തമായ എതിർപ്പിനെ കുറിച്ച് ബോധിപ്പിക്കുന്നു. ദുശ്ശാഠ്യക്കാരനായ ആ പിതാവ് തെല്ലും മനഃക്ലേശമില്ലാതെ അതിന് നൽകുന്ന മറുപടിയും കവിയുടെ അഭ്യർഥനയും ഇങ്ങനെ:
‘‘അറിയാമെനി,യ്ക്കെന്തു/ ചൊൽകിലും കോയക്കുട്ടി/ക്കലിവിക്കുമാരിയി-/ ലുദിക്കില്ലണുപോലും/ വളരെപ്പണിപ്പെട്ടു-/ നോക്കി ഞാൻ പാഴിൽ, തെല്ലു/ മിളകീലയാൾ തന്റെ/ തീരുമാനത്തിൽനിന്നും/ സുന്നത്താ, ണിസ്ലാമിന്നു/ കാതുകുത്തതില്ലാണ്ടെൻ/ പുന്നാരമോളെക്കള്ള/ ക്കാഫിറാ2ക്കൂലാ ഞമ്മൾ...’’
തന്നിഷ്ടക്കാരനാണ് പിതാവായ കോയക്കുട്ടി. തന്റെ തീരുമാനങ്ങളിൽനിന്ന് ഒരണുപോലും വ്യതിചലിക്കാത്ത വ്യക്തിത്വം. അങ്ങനെയുള്ള ഒരു പിതാവായാണ് കോയക്കുട്ടിയെ കവി ആസ്വാദകന് പരിചയപ്പെടുത്തുന്നത്. അയാളുടെ സ്വഭാവത്തെ കുറിച്ച് നല്ല ധാരണയുണ്ടായിരുന്നിട്ടും; കുഞ്ഞിപ്പാത്തുവിന്റെ ദൈന്യതക്ക് മുന്നിൽ കവി കോയക്കുട്ടിയെ സമീപിക്കുകയാണ്. കുഞ്ഞിപ്പാത്തുവിന്റെ പരിഭവം കോയക്കുട്ടിക്ക് മുന്നിൽ അവതരിപ്പിച്ചപ്പോൾ അദ്ദേഹം ശപഥപ്പെടുത്തി പറഞ്ഞത്, സുന്നത്തായ (പ്രവാചകചര്യ) കാതുകുത്തിനെ വേണ്ടെന്നുവെച്ച് മകളെ ഒരവിശ്വാസിയാക്കാൻ തന്നെ ഒരിക്കലും കിട്ടില്ലെന്നാണ്! പെൺകുട്ടികളുടെ മേൽകാത് മുഴുവൻ കുത്തിത്തുളച്ചില്ലെങ്കിൽ അവൾ ശരിയായ മതവിശ്വാസിയല്ലെന്നാണ് കോയക്കുട്ടിയുടെ വിശ്വാസം! കാതുകുത്തിന്റെ പേരിൽ മാപ്പിളസമൂഹത്തിനകത്ത് അക്കാലത്ത് നിലനിന്നിരുന്ന ചില തെറ്റിദ്ധാരണകളെ തുറന്നുകാട്ടാനാണ് കവി ശ്രമിക്കുന്നത്. കുഞ്ഞിപ്പാത്തുവിന്റെ വല്യുമ്മയാകട്ടേ കാതു കുത്താൻ വന്ന ഒസ്സാനോടായി തെല്ലഭിമാന ബോധത്തോടെ ഇങ്ങനെ പറയുന്നുണ്ട്:
‘‘ഒമ്പതും പത്തും വീതം/തെറ്റാണ്ടെ കുത്തിക്കോളീ/ മുമ്പുതൊട്ടമ്മട്ടാണീ-/ത്തറവാട്ടിലെച്ചട്ടം...’’ തന്റെ പേരമകളുടെ മേൽക്കാതുകൾ ഒന്നൊന്നായി കുത്തിത്തുളക്കുന്നതിൽ അഭിമാനബോധം കണ്ടെത്തുന്ന മുത്തശ്ശിയായിട്ടാണ് അവരെ കവി കണക്കാക്കുന്നത്. ഇനി മകളെ കുറിച്ച് മാതാവായ ഉമ്മാച്ചുവിന്റെ സ്വപ്നങ്ങൾ എന്തെല്ലാമാണെന്നറിയണ്ടേ... അതിങ്ങനെ:
‘‘പുന്നാര ബദ്രീങ്ങ-/ ളൊത്തിരി സകായിച്ച്!/ കല്യാണമടുക്കുമ്പോൾ/പൊഞ്ചിറ്റും ചങ്കേലസ്സും/ കമ്മലും പണിയിക്കാൻ/നീർച്ചക്കാർ സകായിക്കും...’’
തന്റെ മകൾ പൊൻചിറ്റും ചങ്കേലസ്സും കമ്മലുമിട്ട് നിൽക്കുന്ന പുതുമണവാട്ടിയായി കാണാൻ തനിക്ക് നേർച്ചക്കാരുടെ (പുണ്യാത്മാക്കൾ) സഹായം ലഭിക്കുമെന്നാണ് ഉമ്മാച്ചുവിന്റെ വിശ്വാസം. സ്വന്തം മാതാവും വല്യുമ്മയുമടക്കമുള്ള സ്ത്രീകൾ കാതുകുത്താചാരത്തെ സ്ത്രീത്വത്തിന്റെ പ്രതീകവും അഭിമാനവുമായിട്ടാണ് കാണുന്നത്. ആചാരങ്ങളുടെ പേരിൽ വേദന തിന്നുതീർത്ത സ്ത്രീകളുടെ പ്രതീകമാണ് ഇവിടെ കുഞ്ഞിപ്പാത്തുവെന്ന കഥാപാത്രം. അന്ധവിശ്വാസ അനാചാരങ്ങളിൽ അഭിരമിച്ച ഒരു കാലത്തെയാണ് കവി പരിചയപ്പെടുത്തിത്തരുന്നത്. കാതുമുഴുവൻ കുത്തിത്തുളക്കുന്ന സമ്പ്രദായം നിമിത്തം അന്തഃസംഘർഷമനുഭവിക്കുന്ന നിസ്സഹായയായ കുഞ്ഞിപ്പാത്തു എന്ന പെൺകുട്ടിയെയാണ് ‘അഞ്ചു കന്യകകളി’ൽ യൂസഫലി കേച്ചേരി പരിചയപ്പെടുത്തിത്തരുന്നത്. തന്റെ പിതാവോ മാതാവ് പോലുമോ, ആ പെൺകുട്ടിയുടെ അനിഷ്ടത്തെയോ അവളുടെ താൽപര്യത്തെയോ ഗൗനിക്കാൻ ശ്രമിക്കുന്നില്ല. അവരെല്ലാം അന്തസ്സിന്റെയും ആഭിജാത്യത്തിന്റെയും പേരിൽ ദുരഭിമാനികളായി മാറുന്നു! തന്നെയുമല്ല കാതുകുത്ത് സ്ത്രീകൾ നിർബന്ധമായും അനുഷ്ഠിക്കേണ്ട ഒരു മതകർമമാണെന്ന് അവർ തെറ്റായി വിശ്വസിക്കുകയും ചെയ്യുന്നു. ഒരുവേള തന്റെ കാത് കുത്തിത്തുളച്ചത് നിമിത്തം പള്ളിക്കൂടത്തിൽ കൂട്ടുകാരുടെ മുന്നിൽ പരിഹാസത്തിന് വിധേയയാവുന്ന അവസ്ഥപോലും കുഞ്ഞിപ്പാത്തുവിൽ വന്നുചേരുന്നുണ്ട്. അവിടെയും അവൾക്ക് ആശ്വാസവാക്കുകൾക്കൊണ്ട് ധൈര്യം പകരുന്നത് കവിതന്നെയാണ്.
1958ലെ മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് യൂസഫലി കേച്ചേരി പ്രസ്തുത കവിത എഴുതിയത്. കാതുകുത്ത് കല്യാണം മാപ്പിള സ്ത്രീകൾക്കിടയിൽ ശക്തമായി നിലനിന്നിരുന്നൊരു കാലഘട്ടമായിരുന്നു അതെന്നോർക്കണം. താൻ ജീവിക്കുന്ന സമൂഹത്തിൽ ശക്തമായി വേരുന്നിയ ദുരാചാരത്തിനെതിരെ തന്റെ കവിതയിലൂടെ പ്രതിഷേധിക്കുകയായിരുന്നു കവി ചെയ്തത്. യുഗങ്ങൾ മാറിമറയുമ്പോൾ സമൂഹത്തിൽ അടിഞ്ഞുകൂടിയ സാമൂഹിക വിപത്തുകളായ അന്ധവിശ്വാസങ്ങളും കാലഗതി പ്രാപിക്കുമെന്ന കവിയുടെ പ്രത്യാശയുള്ള ഒരു പ്രഖ്യാപനമുണ്ട്. കാലത്തെ എത്ര സമർഥമായിട്ടാണ് കവി മുൻകൂട്ടി കാണാൻ ശ്രമിച്ചതെന്ന് താഴെ വരികളിൽ കൃത്യമാണ്:
‘‘അകലേയ്ക്കകലേയ്ക്കാ-/ബ്ബാല പോവതും നോക്കി-/ യവിടെ ക്ഷണം നിൽക്കെ/ മന്ത്രിച്ചു മമ ചിത്തം/ ദൂരെയല്ലാദർശാഗ്നി-/ജ്വാലകളനാചാര-/ക്കൂരിരുൾ ക്കരിമ്പടം/ തീയിടും പുലർകാലം!’’
കാതുകുത്ത് മാല
മാപ്പിളപ്പാട്ട് രചനാരംഗത്തെ സ്ത്രീ സാന്നിധ്യത്തെക്കുറിച്ച് കാര്യമായ ഗവേഷണങ്ങളൊന്നുംതന്നെ നടന്നിട്ടില്ല. ബി. ആയിശക്കുട്ടി, പുത്തൂര് ആമിന, നടുത്തോപ്പിൽ ആയിശ, പി.കെ. ഹലീമ തുടങ്ങിയ കവികൾ മാപ്പിളപ്പാട്ടെഴുത്ത് രംഗത്തെ സ്ത്രീ സാന്നിധ്യങ്ങളാണ്. ഇവരിൽ സ്ത്രീപക്ഷ രചനകൾ ഉയർത്തിക്കൊണ്ടു വന്ന രണ്ടുപേരെയാണ് കാണാൻ സാധിക്കുന്നത്. ഒന്ന് സി.എച്ച്. കുഞ്ഞായിശയും (1912-1982) മറ്റൊന്ന് എസ്.എം. ജമീലാബീവിയും (1937-2011). മാപ്പിളസമൂഹത്തിനകത്തെ സ്ത്രീകളുടെ സാമൂഹിക പ്രശ്നങ്ങൾ പാട്ടിലൂടെ ഉയർത്തിക്കൊണ്ടുവരുന്നതിൽ രണ്ടു പേരുടെയും സാന്നിധ്യം കാണാൻ സാധിക്കുന്നു. എസ്.എം. ജമീലാബീവിയുടെ ‘മുസ്ലിം സ്ത്രീകളുടെ ആവലാതി’ എന്ന ശീർഷകത്തിലുള്ള പാട്ട് അത്തരത്തിലുള്ള ഒന്നാണ്. തോന്നും പോലെ ഒന്നിലധികം വിവാഹം ചെയ്യുകയും അതിന് മതപ്രമാണങ്ങളെ മറയാക്കുകയും ചെയ്യുന്ന മതപൗരോഹിത്യത്തെ വെല്ലുവിളിക്കുന്ന രചനയാണത്.
സി.എച്ച്. കുഞ്ഞായിശയുടെ രചനയാവട്ടെ ‘ആമിനാ ബീവിയുടെ കാതുകുത്ത് മാല’ എന്ന പേരിൽ അറബി-മലയാള ലിപിയിലെഴുതപ്പെട്ട രചനയാണ്. ‘കാതുകുത്ത്’ എന്ന ദുരാചാരത്തിനെതിരെ മാപ്പിളപ്പെണ്ണിന് സമൂഹത്തോട് പറയാനുള്ള ചില യാഥാർഥ്യങ്ങളെ തുറന്നുകാട്ടുകയാണ് പ്രസ്തുത കൃതി ചെയ്യുന്നത്. 1927ൽ (ഹി: 1345) സി.എച്ച്. കുഞ്ഞായിശയുടെ 15ാം വയസ്സിലാണ് അവർ ‘കാതുകുത്ത് മാല’ എഴുതുന്നത്. കൃതിയുടെ പുറംചട്ടയിൽ ആമുഖമായി ഇങ്ങനെ കൊടുത്തതായി കാണാൻ സാധിക്കുന്നു. ‘‘ആമിനാബീവിയുടെ ‘കാതുകുത്ത് മാല’ എന്ന ഈ പാട്ട് ആമിനാബീവിയും ഖദീജുമ്മയുമായി കാതുകുത്തിനെ കുറിച്ച് നടന്നിട്ടുള്ള അതിരസകരമായ സംഭാഷണം കൊണ്ട് സി.എച്ച്. കുഞ്ഞായിശയാൽ ഉണ്ടാക്കപ്പെട്ടതും പകർപ്പവകാശം പ്രസാധകന് സിദ്ധിച്ചതും ആകുന്നു എന്ന് പ്രസാധകൻ. ചാലിലകത്ത് ഇബ്രാഹിം കുട്ടി.’’
ഇവിടെ പരാമർശിക്കപ്പെട്ട പ്രസാധകനായ ചാലിലകത്ത് ഇബ്രാഹിം കുട്ടി കുഞ്ഞായിശയുടെ ഭർത്താവാണ്. അദ്ദേഹവും നല്ലൊരു മാപ്പിള കവിയും ഗ്രന്ഥകാരനുമായിരുന്നു. ‘കാതുകുത്ത് മാല’ തുടങ്ങുന്നത് ഇങ്ങനെ: ‘‘ബിസ്മിയും ഹംദും സ്വലാത്തും സലാമും ചൊല്ലുെന്ന/ പിറകെ സ്ത്രീകളെ കാത് കുത്താൽ മുഷിയുന്നെ/ ഇസ്ലാം മതത്തിൽ നബിയും മറ്റും നടക്കാത്തെ /അവസ്ഥ എവിടന്നോ കച്ചകെട്ടി പുറപ്പെട്ടെ/ ഇസ്മഊ ലോകരെ കാത്കുത്ത് നിറ്ബന്ധം/ ഈയ്യിടം അല്ലാതെ അറബികെട്ടുണ്ടോ ഈ മന്ദം/ബെസനം അമ്മോമാരും കൂട്ട് കുടുംബം ചേരണം/ബെറുതാവിൽ വൊസ്സാനിൽ ദൂശിപണം കൊടുക്കണം/കുട്ടിയെ തള്ളിട്ട് കാത് കുത്തുവാൻ വൊസ്സാനും/കാർണെത്തി പെണ്ണുങ്ങൾ കയ്യും കാലും പിടിപ്പാനും/മട്ടിൽ അമർത്തി തുളക്കും കാതുകൾ രണ്ടുമേ/ മാതാപിതാക്കന്മാര് കാണാതിടത്തിൽ പോകുമേ/കുതിരക്ക് ലാടം ഫുടിത്ത് തറക്കും മാതിരി / കൊനവൻ അല്ലാതെ അരാം കുട്ടിക്ക് നൽസഖി...’’
ആശയ ചുരുക്കം: മാപ്പിളപ്പാട്ടുകളെല്ലാം ആരംഭിക്കുന്നത് ദൈവിക സ്തുതിവചനങ്ങളായ ബിസ്മി ഹംദ് സ്വലാത്ത് സലാം തുടങ്ങിയവകൾകൊണ്ടാണ്. മേൽകാവ്യവും ആരംഭിക്കുന്നത് അങ്ങനെതന്നെ. പ്രാചീന മാപ്പിള കവികളെല്ലാംതന്നെ പ്രസ്തുത രീതി പിന്തുടരുന്നവരുമാണ്. പിന്നീട് കവി ചോദിക്കുന്നു: ‘‘അല്ലയോ നാട്ടുകാരേ... ഇസ്ലാമിൽ നബിതിരുമേനി നിർബന്ധമാക്കാത്ത കാതുകുത്തെന്ന ആചാരം എവിടെനിന്ന് വന്നു..? നമുക്കിടയിലല്ലാതെ ഇതുപോലുള്ള കാതുകുത്ത് സമ്പ്രദായം മറ്റു വല്ല സമൂഹത്തിലും ആചരിക്കപ്പെടുന്നുണ്ടോ..?’’
അമ്മാവൻമാരടക്കമുള്ള കൂട്ടുകുടുംബക്കാരെല്ലാം കാതുകുത്ത് ദിവസം വീട്ടിൽ എത്തിച്ചേരുന്നു. കാത് കുത്തുന്ന ഒസ്സാന് ദൂശിപ്പണം (സൂചിപ്പണം എന്ന് പണ്ടുകാലത്ത് ഇതിനെ കുറിച്ച് പറഞ്ഞിരുന്നു) കൊടുക്കേണ്ടതുണ്ട്. പെൺകുട്ടിയെ തള്ളിയിട്ട് കാതുകുത്താൻ തുനിയുന്ന ഒസ്സാന് സഹായത്തിനെന്നോണം മുതിർന്ന സ്ത്രീകൾ കുട്ടിയുടെ കൈകാലുകൾ ബലമായി അമർത്തിപ്പിടിച്ച് കൊടുക്കുന്നു. കുതിരയെ പിടിച്ചുനിർത്തി അതിന്റെ കാലിൽ ‘ലാടം’ തറക്കുന്നതുപോലെയാണ് ഇതെല്ലാം ചെയ്യുന്നതെന്നാണ് കവി സാമ്യപ്പെടുത്തി പറയുന്നത്! ആ കാഴ്ച കാണാൻ ശേഷിയില്ലാത്ത മാതാപിതാക്കൾ പരിസരത്തുനിന്നും മാറി മറ്റു വല്ലയിടത്തും മറഞ്ഞിരിക്കും. പടച്ചവനല്ലാതെ ആ കുട്ടിക്ക് മറ്റാരും തുണയില്ല!
തുടർന്നുള്ള വരികൾ ഇങ്ങനെ: ‘‘കുട്ടിയോട് ഉന്നിടും മോളെ തീർന്നിതാ തീർന്നുപോയി/കുമ്മത്തും ഫൂക്കത്തി ചിറ്റും കാതിൽ ഇടുവാനായി/ ഉമ്മാന്റെ കാത് പോൽ ആക്കിത്തീർക്കണം ഞമ്മൾക്ക്/ ഉടനെ ഫൊതകുത്തി തീർത്ത് കെട്ടിടൈ ഒക്കത്ത്/തന്തയും തള്ളയും കുതിത്തന്ന് സ്വബൂറാക്കി/ കൂടും ജനങ്ങളിൽ ചോറും കൂട്ടാനും ബാറാക്കി.../ കുട്ടിന്റെ ബേതന രാവും ഫകലും ദാഇമാ 3
കുത്തും കടച്ചിലും ബീങ്ങി നാറ്റമിൽ ഊറ്റമാം (4)/ കുളവും കിണർകളെ ബക്കത്ത് വെച്ച് അടിക്കലും/ കോഴിന്റെ തൂവലാൽ ചെത്തൽ തോണ്ടി കശക്കലും...’’
ആശയ ചുരുക്കം: ‘‘ഇതിപ്പോ കുത്തിത്തീരും മോളെ...’’ എന്ന് പറഞ്ഞ് കൂടിയവരെല്ലാം കുട്ടിയെ സമാധാനിപ്പിക്കുന്നു. കുമ്മത്തും 5 ചിറ്റുമൊക്കെയണിഞ്ഞ് ഉമ്മയുടെ കാതുപോലെ സുന്ദരമാക്കണം നമുക്ക്! എന്നെല്ലാം അവിടെ കൂടിയവർ കുട്ടിയോട് പറയുന്നു. കാതുകുത്തെല്ലാം കഴിഞ്ഞാൽ മാതാപിതാക്കൾ ഓടിവന്ന് അക്ഷമരായി കുഞ്ഞിനെ വാരിയെടുക്കുന്നു. അപ്പോഴേക്കും അവിടെ കൂടിയവർക്കെല്ലാം സുഭിക്ഷമായ ഭക്ഷണം തയാറായിരിക്കും. കുട്ടിയാവട്ടെ ഇരു കാതുകളും കുത്തിത്തുളച്ചത് നിമിത്തം കഠിനവേദനയും പുകച്ചിലുമായി രാവും പകലും തള്ളിനീക്കുന്നു! കുത്തും കടച്ചിലുമായി കാതുകൾ രണ്ടും നീരുവന്ന് വീങ്ങുന്നത് കാരണം മുറിവിൽനിന്ന് ദുർഗന്ധം വമിക്കുന്നു. വേദന അസഹ്യമാവുമ്പോൾ കോഴിയുടെ തൂവലെടുത്ത് ഇരു കാതുകളിലും തടവി ആശ്വാസം കൊള്ളുന്നു. ഒരു പെൺകുട്ടിയെ എങ്ങനെയാണ് കാതുകുത്തുന്നതെന്നും അതുനിമിത്തം അവളെത്രമാത്രം വേദന സഹിക്കുന്നുവെന്നുമാണ് കാവ്യത്തിന്റെ ആദ്യഭാഗത്ത് കവി വിവരിച്ചുതരുന്നത്. ശേഷമാണ് പ്രതിപാദ്യ വിഷയത്തിലേക്ക് വരുന്നത്.
കൃതിയുടെ പേരിൽതന്നെ (കാതുകുത്ത് മാല) പ്രതിപാദിക്കുന്ന ‘ആമിനാബീവി’ എന്ന യുവതി ആധുനികതയും മതവിശ്വാസവും ഒരുപോലെ ഉൾക്കൊണ്ട സ്ത്രീയായിട്ടാണ് കവി ചിത്രീകരിക്കാൻ ശ്രമിക്കുന്നത്. പരിഷ്കാരിയായ ആമിനാ ബീവിയെക്കുറിച്ച് കവി വിവരിക്കുന്നത് ഇങ്ങനെ:
‘‘റാവി പറയും ബടക്കേ കണ്ണം മലബാറിൽ/ മുന്തും തറവാട്ടിൽ സീനത്താണൊരു പെൺകുട്ടി/ അവളെ തിരുനാമം ആമിനാബീവിയെന്നാകും/ ബാവ സ്വത്തുകാരിൽ ബീരിയപ്പെട്ടവനാകും/ ഇപ്പോലെ തന്നെ മൗലിയന്മാരിലും എണ്ണുമേ/ ഇദ്ദേഹം ആമിനാബീവി തന്റെ പിതാവാമേ...’’
ആശയ ചുരുക്കം: വടക്കേ മലബാറിൽ പേരുകേട്ട തറവാട്ടിൽ സൗന്ദര്യവതിയായ ഒരു പെൺകുട്ടിയുണ്ട്. അവളുടെ പേര് ആമിനാ ബീവിയെന്നാണ്. അവളുടെ പിതാവ് നാട്ടിലെ ധനികരിൽ പ്രസിദ്ധനാണ്. ശേഷം വരുന്ന ഈരടികളുടെ അർഥം ഇങ്ങനെ സംഗ്രഹിക്കാം. ‘‘ആമിനാബീവിയുടെ പിതാവിന് അവളല്ലാതെ വേറെ മക്കളില്ല. അവൾ മത ഭൗതിക വിദ്യാഭ്യാസം നന്നായി അഭ്യസിച്ചിട്ടുണ്ട്. കൂടാതെ, സ്കൂളിൽ ഏഴാം തരംവരെ പഠിച്ച് (90 വർഷം മുമ്പുള്ള രചനയാകയാൽ അക്കാലത്തെ പെൺകുട്ടികളുടെ വിദ്യാഭ്യാസരംഗമാണ് ഇവിടെ പ്രതിപാദ്യം ചെയ്യപ്പെടുന്നത്) ഭാഷയും അഭ്യസിച്ചിട്ടുണ്ട്. മലയാള പുസ്തകങ്ങൾ വായിച്ച് നല്ല ജ്ഞാനം ആർജിച്ചിട്ടുണ്ട്. തെളിമലയാളത്തിൽ എഴുതുവാനും നന്നായി സംസാരിക്കുവാനും അവൾക്ക് സാധിക്കും. ദിവസവും വർത്തമാനപത്രങ്ങൾ തപാൽ വഴിക്ക് വരുത്തി വായിച്ച് ലോക കാര്യങ്ങൾ വായിച്ചറിയുവാൻ ശ്രമിക്കുന്നു. ഒരു മുസ്ലിം സ്ത്രീക്ക് വേണ്ട അറിവുകൾ അവൾ സ്വായത്തമാക്കിയിട്ടുണ്ട്. മര്യാദയും സ്ത്രീസഹജമായ നാണവും കൊണ്ടുനടക്കുന്നതോടൊപ്പം മതകർമങ്ങളും മുറപോലെ അവളനുഷ്ഠിക്കുന്നു.’’
1927ലാണ് സി.എച്ച്. കുഞ്ഞായിശയുടെ ‘കാതുകുത്ത് മാല ’ രചിക്കപ്പെടുന്നത്. മുസ്ലിം മത നവീകരണ കൂട്ടായ്മകളും അവയുടെ ആശയങ്ങളും സമൂഹവുമായി നിരന്തരം സംവദിക്കുന്ന കാലഘട്ടംകൂടിയാണതെന്നുകൂടി ഓർക്കണം. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തിൽതന്നെ വക്കം അബ്ദുൽ ഖാദർ മൗലവി ആരംഭിച്ച ‘മുസ്ലിം’ മാസികയിൽ ആധുനിക വിദ്യാഭ്യാസം സ്ത്രീകൾക്കുകൂടി സാധ്യമാക്കിയാൽ മാത്രമേ അവർക്ക് സാമൂഹിക പുരോഗതി കൈവരിക്കാൻ സാധിക്കൂ എന്ന് അടിവരയിട്ട് പറയുന്നുണ്ട് 7. മലബാർ ബ്രിട്ടീഷ് അധീന പ്രദേശമായിരുന്നതിനാൽ തെക്കൻ നാട്ടുരാജ്യങ്ങളെ അപേക്ഷിച്ച് ഏറെ വൈകിയാണ് അവിടം സാമൂഹിക നവോത്ഥാനം സാധ്യമാകുന്നത്. നിരന്തരമുള്ള ആംഗ്ലോ വിരുദ്ധ കലഹങ്ങളും 1921ലെ മലബാർ സമരവുമെല്ലാം മലബാറിന്റെ സാമൂഹിക ജീവിതത്തെ സാരമായി തകിടംമറിച്ചിട്ടുണ്ട്. അത്തരമൊരു സാമൂഹിക പ്രതലത്തിൽ നിലനിന്ന അത്യാചാരങ്ങളിൽ ഒന്നായിരുന്നു മാപ്പിള സ്ത്രീകൾക്കിടയിലെ കാതുകുത്ത് സമ്പ്രദായവും. മതവിശ്വാസവും ആധുനികതയും ഒരുപോലെ ഉൾക്കൊണ്ട വിശ്വാസിയായ ഒരു സ്ത്രീയായിട്ടാണ് ആമിനാ ബീവിയെ ‘കാതുകുത്ത് മാല’യിലൂടെ കവി പരിചയപ്പെടുത്തുന്നത്. അതിലൂടെ ആമിനാബീവിയെപ്പോലുള്ള സ്ത്രീകളാണ് സമൂഹത്തിൽ മറ്റുള്ളവർക്ക് ഉത്തമമാതൃകയായി ഉയർന്നുവരേണ്ടതെന്ന് കവി തന്റെ പാട്ടിൽ വ്യംഗ്യമായി സൂചിപ്പിക്കുകയാണ്.
അടുത്ത ഇശൽ ഇങ്ങനെ:
ഇശൽ: തൊങ്കൽ
‘‘ഇവളെ പിതാവൊരു പരിഷ്കാരിയാം / അധികം ചിലവിട്ട് പഠിപ്പിച്ചതാം/സിറികൾ നടന്ന് വന്നിടും തെറ്റായെ/ ചീത്ത സുഭാവങ്ങൾ വൊശിവുമായെ/ അവളെ ഇരുകാതും പലേര പോലാ/ പത്തു ഇരുപതു തുളകൾ ഇല്ല രണ്ട് തുളകൾ മാത്റം തുളച്ചതിയിൽ/ പൊന്നാൽ ഇരുപൂക്കൾ ഇടൈ/ മികവിൽ/സ്വർണത്തിനാൽ രണ്ട് ബളകൾ ഉണ്ട് /അതുപോൽ ഒരു മാല കശുത്തിലുണ്ട് /ഇത് മാതിരം എല്ലാത് ഒരു പെണ്ണുങ്ങൾ /ഇട്ട് നടക്കാതെ അമർച്ച ഉള്ളോള്...’’
ആശയ ചുരുക്കം: പരിഷ്കാരിയായ പിതാവിന്റെ പുത്രിയാണ് ആമിനാബീവി. സ്ത്രീകൾക്കിടയിലുള്ള ദുഃസ്വഭാവങ്ങൾ അവൾക്ക് അശേഷം കിട്ടിയിട്ടില്ല. ഒരുപാട് സമ്പത്ത് ചെലവഴിച്ചിട്ടാണ് ആമിനാബീവിക്ക് അവളുടെ പിതാവ് വിദ്യാഭ്യാസം നൽകിയിട്ടുള്ളത്. മറ്റുള്ള സ്ത്രീകളെപ്പോലെ പത്തും ഇരുപതും തുളകൾ ആമിനാ ബീവിയുടെ കാതുകളിൽ തുളച്ചിട്ടില്ല. ആകെയുള്ളത് അവളുടെ ഇരു കാതുകളിലും തൂങ്ങിക്കിടക്കുന്ന പൂ പോലുള്ള രണ്ട് ആഭരണങ്ങൾ മാത്രം. അതുകൂടാതെ കൈയിൽ ഒരു വള; കഴുത്തിൽ ഒരു മാല; ഇതല്ലാതെ മറ്റു സ്ത്രീകളെപ്പോലെ തന്റെ പകിട്ട് മറ്റുള്ളവരെ കാണിക്കാൻ ശരീരം മുഴുവൻ ആഭരണങ്ങൾ ധരിക്കാറില്ല. തുടർന്ന് മാതാവായ ഖദീജയും ആമിനാബീവിയും തമ്മിലുള്ള സംഭാഷണമാണ് കാവ്യത്തിൽ ചേർത്തിരിക്കുന്നത്. ആദ്യമായി മാതാവായ ഖദീജ മകളോട് പറയുന്നതായി കവി ഇങ്ങനെ കുറിക്കുന്നു:
‘‘അപ്പൾ ഖദീജ പറഞ്ഞെന്റെ മോളെ എങ്ങിനെ ഈ ഹലാക്ക് ഈടന്നു പോന്നേ / അറിയാലോ ഇന്നാട്ടിൽ സമ്മതിക്കുമോ? /അവസ്ഥയിൽ നിപ്പോരെ മസ്ഹർ ആക്കുമോ?/ പെൺമക്കളെ വല്ല പുയ്യാപ്ലമാർക്ക് ബായിപ്പാൻ കിട്ടുമോ യെന്ന് നീ ഓർക്ക്/ എന്തൊരു നൽകാര്യങ്ങൾകൊണ്ട് നടപ്പിൽ നടത്തുവാൻ രാജിയത്തുള്ളെ/മനുദർകൾ വൊത്തിട്ടു സാധിച്ചിടുമോ/ നൽകാരിയം ഇന്നതെന്ന് അറിഞ്ഞാലോ...’’
ആശയ ചുരുക്കം: ഖദീജ മകളോട് ചോദിക്കുകയാണ്; ‘‘ഈ നാശം (കാതുകുത്ത്) പിടിച്ച ആചാരം എവിടെനിന്നാണ് വന്നത്..? ഈ അനാചാരം നിലനിൽക്കുന്ന കാലത്തോളം പെൺകുട്ടികൾക്ക് യോഗ്യരായ ഭർത്താക്കന്മാരെ ലഭിക്കുമോ..?’’ അപ്പോൾ മകൾ ആമിനയുടെ മറുപടി ഇങ്ങനെ: ‘‘എന്തെല്ലാം നല്ല കാര്യങ്ങൾ നമ്മുടെ നാട്ടിൽ നടപ്പിൽ വരുത്താനുണ്ടായിരുന്നു. പക്ഷേ, അതിനൊക്കെ മനുഷ്യർക്ക് സാധിക്കുന്നുണ്ടോ..?’’ തുടർന്ന് ഖദീജ മകളോട്;
‘‘കാത്കുത്താതെ നിക്കിലോ/ മാരനെ കിട്ടിടാ- യെന്ന് ഉമ്മാ/ ചൊല്ലിയെ...’’
കാത് കുത്താതിരുന്നാൽ വരനെ ലഭിക്കില്ലെന്ന് പറഞ്ഞ ഉമ്മ ഖദീജക്ക് മകൾ ആമിന ഇങ്ങനെ മറുപടി നൽകുന്നു:
‘‘യേതെല്ലാം ബിതത്തിലാം നാരികൾ/ പോറ്റിടും -മുടവികൾ അനേകമെ/ അയ്യവർക്കൊക്കെയും മാരരും/ ഉള്ളതായ് - കണ്ടില്ലയോ ഇങ്ങളും/ കാതു ചീഞ്ഞുപോയുള്ള സ്ത്രീയിലും/ മാപ്പിള - കിട്ടിയിരിക്കുന്നില്ലഹോ?/ ഖാളി കരുണർകളെ ഖൽബിലും/ തെറ്റെന്ന് -ഉള്ളതിനെ മൂടിയേ/ ചേതി6 തെക്കൻ രാജ്യം/ ചുരുക്കമേ കാതുകൾ/ തുളച്ചിടാതസ്തവയാം/ സത്തിയം കണ്ടിടൂൽ നന്മയെ/ടുക്കണം - കാത്കുത്തെ/വൊശിക്കണം...’’
ആമിനാബീവി ഉമ്മയോട് മറുപടിയായി പറയുകയാണ്: ‘‘പല രൂപത്തിലും രീതിയിലും വളർന്നുവന്ന പെൺകുട്ടികൾ ഇന്നാട്ടിൽ ധാരാളമുണ്ടല്ലോ..? അവർക്കെല്ലാംതന്നെ ഭർത്താക്കന്മാരും ഉള്ളതായി നിങ്ങൾ കാണുന്നില്ലേ..? കാതുകുത്ത് നിമിത്തം ഇരു കാതുകൾക്കും പഴുപ്പ് ബാധിച്ച സ്ത്രീകൾക്കും ഭർത്താക്കന്മാരെ ലഭിച്ചിട്ടില്ലേ..? പണ്ഡിതന്മാർക്ക് ഈ സമ്പ്രദായം തെറ്റെന്നറിയാം; എന്നിട്ടും സത്യത്തെ മൂടിവെക്കുകയാണവർ ചെയ്യുന്നത്! തെക്കൻ നാടുകളിലെല്ലാം (തെക്കൻ കേരളമാവാം കവി ഉദ്ദേശിച്ചത്) കാതുകൾ മുഴുവൻ തുളക്കുന്ന രീതി വിരളമാണ്. കാതുകുത്ത് പൊള്ളയായ ആചാരമാണെന്ന് ബോധ്യമായാൽ അവ വർജിക്കാൻ നാം (സ്ത്രീകൾ) തയാറാവണം.’’ തന്റെ മകളുടെ നിശ്ചയദാർഢ്യത്തോടെയുള്ള പ്രതികരണങ്ങളെല്ലാം കേട്ടിരുന്ന ഖദീജാ ബീവി കണ്ണീർ പൊഴിച്ചുകൊണ്ട് മകളെ പിടിച്ചു ആശ്ലേഷിക്കുന്നു. ശേഷമുള്ള വരികൾ താഴെ:
‘‘വൊത്തൊരുമിച്ചേ പെണ്ണുങ്ങളും മുത്തിയെ/ ചിറ്റുവെട്ടാൻ പേശിയെ കത്തിരിയെടുത്ത് മോൾ ബെട്ടലായി/ചിറ്റുകൾ കാതുടെ തുളകളാ/ കാണൽ ഗയ്ബാലുള്ളതാൽ/ലേഡീ ലാക്കട്ടരാ/ കത്തിനാൽ വരുത്തിയേ...’’
ആശയ ചുരുക്കം: അവിടെയപ്പോൾ ആമിനാ ബീവിയുടെ സംസാരം സശ്രദ്ധം ശ്രവിച്ചിരിക്കുന്ന ഒരുപറ്റം സ്ത്രീകളുമുണ്ടായിരുന്നു. അവർ ഓരോരുത്തരായി വന്ന് അവളെ പിടിച്ച് സന്തോഷത്തോടെ ചുംബിക്കുന്നു. ആമിനാ ബീവിയുടെ സംസാരമെല്ലാം ശ്രവിച്ച ആ മഹിളാരത്നങ്ങളെല്ലാം തങ്ങളുടെ കാതിലെ ചിറ്റുകൾ വെട്ടിയെടുത്ത് കളയാൻ തീർച്ചപ്പെടുത്തുകയാണ്. ആമിന ബീവിയാകട്ടെ കത്തയച്ചു ടൗണിൽനിന്നും ഒരു ലേഡി ഡോക്ടറെ അവിടേക്ക് വരുത്തുന്നു. അവിടെയെത്തിയ ഡോക്ടർ സ്ത്രീകളുടെയെല്ലാം മേൽക്കാതുകൾ ഉൾെപ്പടെ മുഴുവൻ തുളകളിലെയും സ്വർണച്ചിറ്റുകൾ അഴിച്ചെടുക്കുന്നു. ശേഷം അവരെല്ലാം ആമിനാ ബീവി ധരിക്കുന്നതുപോലെ വളരെ ലളിതമായ ആഭരണം മാത്രം ധരിക്കുന്നതോടെ ആമിനാ ബീവിയും ഖദീജയുമ്മയുമായുള്ള സംഭാഷണം അവസാനിക്കുകയാണ്. ‘തൊങ്കൽ’ എന്ന ഇശലിൽ കവിയായ സി.എച്ച്. കുഞ്ഞായിശ പൊതുസമൂഹത്തോടായി ചില ചോദ്യങ്ങൾ ചോദിച്ചാണ് കാവ്യം അവസാനിപ്പിക്കുന്നത്. അത് ഇങ്ങനെ:
‘‘കാതു തുളച്ച് ചിറ്റിടുകൽ യെന്നേ/ കർമം എവിടന്നോ നമിൽ കടന്നേ/ നാഥറ് നബി സ്വഹബും ഇമാമീങ്ങളും/ നടക്കാതവസ്തകൾ പലതുകൊളും/പൂതി പണത്തിന്ന് ഉലമോർ ദീനേ/പൂത്തി പറയുന്നേ സമാൻ ഇതാണേ/ നീതി നടക്കുമോ മുസ്ലിയാക്കൾ/ നീച സ്വഭാവത്തെ പെരുമാറുമ്പൾ/ പിറമാണികൾക്കൊത്തെ പലേ/ മസാലാ/ പറഞ്ഞ് തമാശക്കായിരിക്കും ഹാലാ/ ഉരയും ബിദ്അത്ത് നടന്നിടാതേ/ ഉടയോൻ നമൈകളെ മരിപ്പിക്കട്ടേ...’’
ആശയ ചുരുക്കം: കാത് തുളച്ച് ചിറ്റിടുകയെന്ന ഈ ദുഷിച്ച സമ്പ്രദായം എവിടെനിന്നാണ് നമ്മുടെ സമൂഹത്തിലേക്ക് പടർന്നു കയറിയത് ? നബിയോ അദ്ദേഹത്തിന്റെ അനുചരന്മാരോ പഠിപ്പിക്കാത്ത കർമങ്ങൾ എവിടെനിന്നാണ് നമ്മുടെ സമൂഹത്തിൽ വേരുപിടിച്ചത്? പണ്ഡിതന്മാർ ദുഷിച്ചവരാകുമ്പോൾ നീതി പുലരുമോ? അവർ പ്രമാണിമാർക്കൊപ്പിച്ച് മതനിയമങ്ങൾ നിർമിക്കുകയല്ലേ ചെയ്യുന്നത്? നാഥൻ നമ്മളെ സൽവഴിയിൽ നടത്തി മരിപ്പിക്കട്ടെ.’’
‘കവിയും കാലവും’
മാപ്പിള സാഹിത്യം എന്ന് വിളിക്കപ്പെടുന്ന അറബി-മലയാള കൃതികൾ പ്രസിദ്ധീകരിക്കുന്ന നിരവധി പ്രസിദ്ധീകരണാലയങ്ങളുള്ള ഒരു പ്രദേശമായിരുന്നു തിരൂരങ്ങാടി. കഴിഞ്ഞ നൂറ്റാണ്ടിന്റെ മധ്യംവരെ ഈ ഖ്യാതി തിരൂരങ്ങാടിക്കുണ്ടായിരുന്നു. അറബി-മലയാള കൃതികൾ അച്ചടിക്കുന്ന നിരവധി അച്ചുകൂടങ്ങളും അക്കാലത്ത് തിരൂരങ്ങാടിയിലുണ്ടായിരുന്നു. അവയിൽ ചിലതായിരുന്നു ചാലിലകത്ത് അഹമ്മദ് 1883ൽ സ്ഥാപിച്ച ആമിറുൽ ഇസ്ലാം പ്രസ്, സി.എച്ച്. അലി ഹസന്റെ അൽ-മുർശിദ് ലിത്തോ പ്രസ്, അബ്ദുല്ല കോയ തങ്ങളുടെ ‘ബറകാത്തുൽ മുഅ്മിനീൻ’ പ്രസ്, മിസ്ബാഹുൽ ഹുദാ പ്രസ്, മഫാത്തീഹുൽ ഉലൂം അച്ചുകൂടം, മള്ഹറുൽ മുഹിമ്മാത്ത് പ്രസ് തുടങ്ങിയവയെല്ലാം. തിരൂരങ്ങാടിയിൽ ഒരുകാലത്ത് നിലവിലുണ്ടായിരുന്ന അറബി-മലയാള പ്രസിദ്ധീകരണശാലകളായിരുന്നു ഇവയെല്ലാം. മാപ്പിളസാഹിത്യ കൃതികൾ എത്രത്തോളം മാപ്പിളസമൂഹത്തിനകത്ത് വായിക്കപ്പെട്ടിരുന്നുവെന്ന വസ്തുതയിലേക്കാണ് ഇവെയല്ലാം വിരൽ ചൂണ്ടുന്നത്. മേൽ പരാമർശിച്ച പ്രസുകളിൽ സി.എച്ച്. ഇബ്രാഹിം കുട്ടിയുടെ സി.എച്ച്. ഇബ്രാഹിംകുട്ടി ആൻഡ് സൺസ് എന്ന പ്രസിൽ വെച്ചാണ് സി.എച്ച്. കുഞ്ഞായിശയുടെ ‘കാതുകുത്തു മാല’ പ്രസിദ്ധം ചെയ്യപ്പെടുന്നത്. ചാലിലകത്ത് എന്ന കുടുംബപ്പേരിന്റെ ചുരുക്കരൂപമാണ് സി.എച്ച് എന്നത്. ‘കാതുകുത്തു മാല’യുടെ ചട്ടയുടെ പിറകുവശത്ത് ഇങ്ങനെ കാണാം:
‘‘1927 ജനുവരി 18ന് തിരൂരങ്ങാടി നഗരം പുത്തൻപുരക്കൽ എന്ന സ്ഥലത്തുവെച്ച് ചാലിലകത്ത് ഇബ്രാഹിം കുട്ടി എന്ന വ്യക്തി ആമിറുൽ ഇസ്ലാം ഫീ മഅദനുൽ ഉലൂം പ്രസിൽ മുദ്രണം ചെയ്തത്.’’ ചാലിലകത്ത് അലി എന്നവരുടെയും ചേറൂരിനടുത്ത കിളിനക്കോട് സ്വദേശിനിയായ പോക്കുത്ത് ബിയ്യാത്തു എന്നവരുടെയും മകളായി 1912ലാണ് സി.എച്ച്. കുഞ്ഞായിശയുടെ ജനനം. അക്കാലത്ത് അൽപം സ്കൂൾ വിദ്യാഭ്യാസവും മതപഠനവും സ്വായത്തമാക്കി. ചാലിലകത്ത് അബ്ദുല്ല മൗലവിയുടെ പുത്രൻ സി.എച്ച്. ഇബ്രാഹിം മാസ്റ്ററാണ് കുഞ്ഞായിശയെ വിവാഹം ചെയ്തത്. അയ്യൂബ് നബിയുടെ റഹ്മത്ത് മാല, വലിയ ഉമ്മർ കിസ്സ പാട്ട് തുടങ്ങിയവയെല്ലാം സി.എച്ച്. കുഞ്ഞായിശയുടെ മറ്റു രചനകളാണ്. 1982 ജൂൺ 27ന് കവി നിര്യാതയായി.
‘പുലിക്കോട്ടിൽ ഹൈദറിന്റെ കാതുകുത്ത് മാല’
സാമൂഹിക ദുരാചാരങ്ങൾക്കെതിരെ ഏറ്റവും കൂടുതൽ പാട്ടുകളെഴുതിയ മാപ്പിള കവിയാണ് പുലിക്കോട്ടിൽ ഹൈദർ. അദ്ദേഹമെഴുതിയ ‘കാതുകുത്ത് മാല’ എന്ന പാട്ട് പ്രസിദ്ധമാണ്. പ്രസ്തുത പാട്ട് തുടങ്ങുന്നതിങ്ങനെ:
ഇശൽ: കെസ്സ്
കാത്കുത്തും ബിദ്അത്തു കൊണ്ടുള്ള / ചേദം പെരുത്തുണ്ട് കേൾക്കുവിൻ കൊഞ്ചം ഓതുന്നിതാ ഖബറാക്കുവിൻ കാലെച്ചെറുപ്പത്തിൽ പെൺകുട്ടികളെ കോലം കെടുത്താതിരിക്കുവിൻ/ അന്ത -വേല ഇനിയെങ്കിലും പോക്കുവീൻ /മാതാ പിതാ കുഞ്ഞിപുത്രികർ കാത്/ കുത്തിക്കും പോത് മക്കളെ മല്ലിട്ടമർത്തും ബല്ലാദ് /വരുത്താക്കും ഇത് വള്ളാൻ കേണിടും പിള്ള/ കാണുമ്പോൾ തള്ളക്കില്ല ദയ ചൊല്ലാനൊരുതെല്ലും പടച്ചോനേ...’’
കാതു മുഴുവൻ കുത്തിത്തുളക്കപ്പെടുമ്പോൾ പെൺകുട്ടികൾ അനുഭവിക്കുന്ന വേദനയെക്കുറിച്ച് കവി വർണിക്കുന്ന രംഗം ഇങ്ങനെ: ‘‘പത്തും പതിനഞ്ചൊരോരെ കാതുമ്മൽ കുത്തിത്തുളക്കും ഒസാനുമേ -വരുത്തത്തിനുണ്ടോ അവസാനമേ /പച്ചപ്പുണ്ണിന്റുള്ളില് നൂലിട്ട് കെട്ടി/ വെച്ചച്ചും വേദന ഏറ്റുമേ -പുഴുപ്പിച്ചത് ചീഞ്ഞങ്ങ് നാറുമേ...’’
ഒസ്സാൻ വന്നിട്ട് ഇരു കാതുകളിലും പത്തും പതിനഞ്ചും തുളകൾ തുളക്കും. മുറിവുണങ്ങാത്ത കാതിന്റെ തുളകളിൽ നൂലിട്ട് കെട്ടിവെക്കും. അത് പിന്നീട് പഴുത്ത് ചീഞ്ഞു നാറും! പെൺകുട്ടികളുടെ ഈ വേദനക്കോ അവസാനമില്ലേ!’’ എന്നാണ് കവി ചോദിക്കുന്നത്.
അധികവായനക്ക്:
1. ക്ഷുരകൻ (പണ്ടുകാലത്ത് ഇവരായിരുന്നു മാപ്പിള കുട്ടികളെ ചേലാകർമവും മറ്റും നടത്തിയിരുന്നത്)
2. വിശ്വാസി അല്ലാത്തയാൾ
3. നിത്യമാണ്
4. ശക്തി
5. ഒരുതരം കർണാഭരണം
6. വാർത്ത
7. അൽ മുസ്ലിം മലയാളം മാസിക
പത്രാധിപർ: വക്കം അബ്ദുൽ ഖാദർ മൗലവി. പുസ്തകം: 3 ലക്കം : 6. 1914ൽ ഇറങ്ങിയത്
8. ബാല്യകാലസഖി -വൈക്കം മുഹമ്മദ് ബഷീർ
9. അഞ്ചു കന്യകകൾ (കവിതകൾ) യൂസഫലി കേച്ചേരി. പ്രസാ: എൻ.ബി.എസ് കോട്ടയം 1985 ജൂൺ
10. ആമിനാ ബീവിയുടെ ‘കാത്കുത്ത് മാല’ (അറബി-മലയാള ലിപി) 1927 ജനുവരി 18ന് ചാലിലകത്ത് ഇബ്രാഹിം കുട്ടി മുദ്രണം ചെയ്തത്
11. പുലിക്കോട്ടിൽ കൃതികൾ. എഡി: എം.എൻ. കാരശ്ശേരി. കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ചത്. 1979