സംഘ്പരിവാർ ‘മിത്തുകൾ’ പഠിപ്പിക്കാനുള്ളതല്ല പാഠപുസ്തകങ്ങൾ
“Those who control the present, control the past, and those who control the past control the future.”
George Orwell, 1984. p. 40.
ഇന്ത്യൻ സ്കൂൾ വിദ്യാഭ്യാസ മേഖലയിലെ പാഠ്യപദ്ധതി നിർണയിക്കുന്ന കേന്ദ്രസർക്കാർ സ്ഥാപനമാണ് 1961ൽ സ്ഥാപിതമായ National Council of Educational Research and Training (NCERT). ഈ സ്ഥാപനത്തിൽ അധികാരം ലഭിച്ച ഹിന്ദുത്വ ഭരണകർത്താക്കൾ ആറാം ക്ലാസ് മുതൽ 12ാം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങൾ വലിയതോതിലുള്ള തിരുത്തലുകൾക്ക് വിധേയമാക്കിയിരിക്കുകയാണ്. കുട്ടികളുടെ പഠനഭാരം ലഘൂകരിക്കുക എന്ന വാദമാണ് വെട്ടിനിരത്തലുമായി ബന്ധെപ്പട്ട് ആദ്യസമയങ്ങളിൽ അവർ ഉന്നയിച്ചിരുന്നതെങ്കിൽ ഇന്ന് കാര്യങ്ങൾ മറനീക്കി വെളിയിൽ വന്നിരിക്കുകയാണ്. ‘ഇന്ത്യയുടെ ചരിത്രം ഹിന്ദുവിന്റെ ചരിത്രം’ എന്ന സമവാക്യത്തിലാണ് പാഠപുസ്തകങ്ങൾ തിരുത്തപ്പെട്ടിരിക്കുന്നതെന്നാണ് ചരിത്രകാരൻ ബർട്ടൺ ക്ലീറ്റസ് പറയുന്നത്. ചെറിയ മാറ്റങ്ങൾ മുതൽ ചില അധ്യായങ്ങളുടെ പൂർണമായ ഒഴിവാക്കൽവരെ സാമൂഹികശാസ്ത്ര പാഠപുസ്തകങ്ങളിൽ കാണാൻ കഴിയും.
12ാം ക്ലാസ് ചരിത്രപുസ്തകത്തിൽനിന്ന് മുഗൾഭരണവും പൊളിറ്റിക്കൽ സയൻസ് പുസ്തകത്തിൽനിന്ന് ഗാന്ധിജിയുടെ വധത്തിൽ നാഥുറാം ഗോദ്െസയുടെ പങ്കും ഗുജറാത്ത് കലാപവും ഒഴിവാക്കപ്പെട്ടു. ലോകചരിത്രവുമായി കുട്ടികൾ നിർബന്ധമായും പരിചയപ്പെട്ടിരിക്കേണ്ട വ്യവസായവിപ്ലവവും ശീതസമരം, സോവിയറ്റ് യൂനിയന്റെ ചരിത്രം തുടങ്ങിയവയും ഈ സർക്കാർ പാഠപുസ്തകത്തിൽനിന്നും ഒഴിവാക്കി.
ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തവും ജീവന്റെ ഉൽപത്തിയെക്കുറിച്ചുള്ള ആധുനിക ശാസ്ത്ര കാഴ്ചപ്പാടുകളും ഈ കൂട്ടത്തിൽ പുറത്താക്കപ്പെട്ടു. ആധുനിക ജനാധിപത്യ കാഴ്ചപ്പാടുകളുടെ ഉറവിടം ഇന്ത്യയിലാണെന്ന് നിർബന്ധമായും നിങ്ങൾ കുട്ടികളെ പഠിപ്പിക്കണമെന്നാണ് പൊളിറ്റിക്കൽ സയൻസ് അധ്യാപകർക്ക് ലഭിച്ചിരിക്കുന്ന നിർദേശം. ചുരുക്കിപ്പറഞ്ഞാൽ ഇന്ത്യയെ കേന്ദ്രസ്ഥാനത്ത് നിർത്തുന്നു എന്ന പേരിൽ കപടദേശീയത നിർമിക്കാനുള്ള ശ്രമമാണ് ഈ പാഠപുസ്തകങ്ങളിലൂടെ സംഘ്പരിവാർ സർക്കാർ ലക്ഷ്യമിടുന്നത്.
കേവലമായ പാഠപുസ്തകത്തിനപ്പുറമായി സാധാരണക്കാരായ ജനങ്ങൾക്കിടയിലേക്കും പ്രവേശിക്കുന്ന പാഠപുസ്തകങ്ങൾ എന്നതാണ് എൻ.സി.ഇ.ആർ.ടിയുടെ ഏറ്റവും വലിയ പ്രത്യേകത. എൻ.സി.ഇ.ആർ.ടിയുടെ ചരിത്രപുസ്തകങ്ങൾ, പ്രത്യേകിച്ച് റൊമീല ഥാപ്പർ, ബിപൻചന്ദ്ര തുടങ്ങിയവർ എഴുതിയ പാഠപുസ്തകങ്ങൾ മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ വിവർത്തനം ചെയ്യുകയും ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പോലുള്ള സർക്കാർ പ്രസാധകർ വഴി പൊതുജനങ്ങൾക്ക് ലഭിക്കുകയും ചെയ്യുന്നു. ഏറ്റവും ശ്രദ്ധലഭിക്കുന്ന പാഠപുസ്തകങ്ങൾ എന്ന കാരണത്താൽകൂടിയാണ് ഹിന്ദുത്വവാദികൾ ഇതിലേക്ക് പിടിമുറുക്കിയിരിക്കുന്നത്.
വർഗീയത അടിസ്ഥാനപരമായി ഒരു പ്രത്യയശാസ്ത്രമാണെന്നും സമൂഹത്തെ പരിവർത്തനപ്പെടുത്തിയെടുക്കാൻ സഹായിക്കുന്ന ആയുധമാണെന്നും ഇന്ത്യയിലെ സംഘ്പരിവാർ ശക്തികൾക്ക് വ്യക്തമായി അറിയാം. അതിനാൽ, അവർ തങ്ങളുടെ ശ്രമങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നത് പ്രധാനമായും ഇന്ത്യയുടെ ചരിത്രത്തിലാണ്. ഹിന്ദുവിശ്വാസികളുടെ മനസ്സിൽ ഇതര സമുദായങ്ങളോടുള്ള വെറുപ്പും അവിശ്വാസവും കലർത്താനാണ് വർഗീയശക്തികൾ അവരുടെ ചരിത്രരചനകളിലൂടെ ശ്രമിക്കുന്നത്. ഈ കാരണത്താൽ അവർ ഒരേസമയം പാഠപുസ്തകങ്ങളിലും ജനപ്രിയ മേഖലയിലും നിരന്തരമായി ഇടപെട്ടുകൊണ്ടിരിക്കുകയാണ്. സംഘ്പരിവാർ അനുയായികൾ നടത്തുന്ന സമൂഹമാധ്യമ ഇടങ്ങളെ വാട്സ്ആപ് യൂനിവേഴ്സിറ്റിയെന്നും കേശവൻ മാമ്മൻ എന്നൊക്കെ വിളിച്ചു പരിഹസിക്കാറുണ്ടെങ്കിലും അവയിലൂടെ പുറംതള്ളുന്ന മാലിന്യമെല്ലാം അമൃതായി ഭക്ഷിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരുകയാണ്. ചരിത്രത്തിന്റെ വർഗീയ വ്യാഖ്യാനം പ്രചരിപ്പിക്കാനുള്ള ആർ.എസ്.എസ്/ഹിന്ദു വർഗീയ ശ്രമം വർഷങ്ങളായി പലതലങ്ങളിലായി നടക്കുന്നുണ്ടെങ്കിലും കൂടുതൽ അപകടകരമായ ഒന്നാണ് ശാസ്ത്രീയവും മതേതരവുമായ ശാസ്ത്ര-സാമൂഹിക പാഠപുസ്തകങ്ങൾ തിരുത്തുകയെന്നത്. തീവ്ര ഹിന്ദുത്വ പ്രവർത്തകർ അധികാരത്തിൽ കയറിയ സമയം മുതലേ അവർ പാഠപുസ്തകങ്ങൾ അട്ടിമറിക്കാൻ തുടങ്ങിയിരുന്നു.
ആദ്യകാല അട്ടിമറി ശ്രമങ്ങളും പുതിയ മാറ്റങ്ങളും
1977ൽ ഹിന്ദു വർഗീയ ശക്തികൾ ഇന്ത്യൻ ഗവൺമെന്റിൽ അധികാരം പങ്കിടാൻ വന്നപ്പോഴാണ് അവർ ആദ്യമായി ഇന്ത്യയിലെ ചരിത്ര പാഠപുസ്തകങ്ങളിൽ കൈവെച്ചത് (ബി.ജെ.പിയുടെ മുൻ അവതാരങ്ങളിലൊന്നായ ജനസംഘം ജനതാ പാർട്ടിയിൽ ലയിച്ചു). അതിന്റെ ഭാഗമായി 11ാം ക്ലാസിലെ കുട്ടികൾക്കായി പ്രഫ. ആർ.എസ്. ശർമ തയാറാക്കിയ ‘Ancient India’ എന്ന പുസ്തകമാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ വർഗീയ താൽപര്യത്തിനു വിധേയമായി പിൻവലിക്കപ്പെടുന്ന ആദ്യ പുസ്തകം. എന്നാൽ, ഈ വർഗീയപ്രവർത്തനം 1980ൽ കോൺഗ്രസ് അധികാരത്തിൽ എത്തിയപ്പോൾ പരിഹരിക്കുകയുണ്ടായി. വീണ്ടും ആർ.എസ്. ശർമയുടെ കൃതി പാഠപുസ്തകമായി മാറ്റപ്പെട്ടു. പിൽക്കാലത്തും എൻ.സി.ഇ.ആർ.ടി സ്കൂൾ പാഠപുസ്തകങ്ങൾ നിരോധിക്കാൻ ചിലർ ശ്രമിച്ചിരുന്നു. അത്തരമൊരു നീക്കത്തെ എൻ.സി.ഇ.ആർ.ടി തന്നെ എതിർത്തതിനാലും ഈ വിഷയത്തിൽ രാജ്യവ്യാപകമായി പ്രതിഷേധപ്രസ്ഥാനങ്ങൾ വികസിച്ചതുകൊണ്ടും അവരുടെ ശ്രമങ്ങൾ പരാജയപ്പെട്ടു.
ഇന്ത്യയിലെ അക്കാദമിക ഇടങ്ങളിൽ മാർക്സിസ്റ്റ് ചരിത്രകാരന്മാർ എഴുതിയ ‘വളച്ചൊടിച്ച’ ചരിത്രമാണ് ഇതുവരെ സ്കൂളുകളിൽ പഠിപ്പിച്ചിരുന്നതെന്നും ഈ പാഠ്യപദ്ധതി ഹിന്ദു രാജാക്കന്മാരുടെ ചരിത്രത്തെയും അവരുടെ സംഭാവനകളെയും അവഗണിെച്ചന്നും ബി.ജെ.പി എപ്പോഴും ആരോപിച്ചിരുന്നു. എന്തായാലും അടൽ ബിഹാരി വാജ്പേയിയുടെ കാലത്താണ് അവർ ശക്തമായ ശ്രമം വീണ്ടും നടത്തുന്നത്. അങ്ങനെ അവർ റൊമീല ഥാപ്പർ ഉൾപ്പെടെയുള്ളവർ എഴുതിയ ചരിത്ര പാഠപുസ്തകങ്ങളിൽ ശസ്ത്രക്രിയ നടത്തി. എഴുത്തുകാരുടെ അനുവാദമില്ലാതെ അവരുടെ പുസ്തകങ്ങളിൽ മാറ്റങ്ങൾ വരുത്തിയ കുറ്റകൃത്യത്തെ റൊമീല ഥാപ്പർ ശക്തമായി എതിർക്കുകയുണ്ടായി. എന്തായാലും ഇതിനെതിരായി ഡൽഹി-ജെ.എൻ.യു സർവകലാശാലകളിലെ അധ്യാപകർ വ്യാപക പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കുകയും ഡൽഹിയിലെ ചരിത്രകാരന്മാരുടെ കൂട്ടായ്മ Communalisation of Education- The History Textbook Controversy: An Overview (2001) പോലുള്ള ലേഖനസമാഹാരങ്ങൾ പ്രസിദ്ധീകരിക്കുകയുംചെയ്തു. എന്നാൽ, ഇന്ന് എതിർപ്പുകളെ അവഗണിച്ച് ഫാഷിസ്റ്റ് നയം അവർ വേഗത്തിൽ നടപ്പാക്കിയിരിക്കുകയാണ്. ഇതിനെതിരെ സർവകലാശാലകളിൽനിന്നും കാര്യമായ പ്രതിഷേധങ്ങൾ ഒന്നുംതന്നെ വരുന്നില്ല എന്ന ഒരു വിരോധാഭാസം ഇന്ന് ഇന്ത്യയിൽ നിലനിൽക്കുന്നുണ്ട്.
പാഠപുസ്തകങ്ങൾ ഉപയോഗിച്ച് വരും തലമുറയിൽ ദേശസ്നേഹവും വീര്യവും വളർത്തുന്നു എന്ന പേരിൽ അസത്യങ്ങൾ പ്രചരിപ്പിക്കുകയും പുരാണങ്ങളിലെ മതപരമായ വ്യക്തികളെ യഥാർഥ ചരിത്രപുരുഷന്മാരെപ്പോലെ പരിഗണിക്കുകയും സമുദ്രഗുപ്തനാണ് ഖുതുബ് മിനാർ നിർമിച്ചത് എന്നതുപോലുള്ള അസംബന്ധവാദങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നതാണ് പുതിയ പാഠപുസ്തകം. അഹിംസ വാദിച്ച അശോകന്മാർ ഭീരുത്വത്തെ പ്രചരിപ്പിെച്ചന്നും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം മുസ്ലിംകൾക്കെതിരായ ഒരു മതപരമായ യുദ്ധമായി മാറിയെന്നും അവരുടെ പുതിയ പാഠപുസ്തകങ്ങളിൽ പറയുന്നു. ഭാരതീയവത്കരണ ഭാഗമായി പാഠപുസ്തകങ്ങൾ വഴി ആർ.എസ്.എസ് സൈദ്ധാന്തികരും അനുയായികളും ഉയർത്തിപ്പിടിക്കുന്ന ചരിത്രരചന അടിസ്ഥാനപരമായി അപരിഷ്കൃതവും നിലവിലെ ചരിത്രരചനാ മാതൃകകൾക്ക് വിപരീതദിശയിലുമാണ് സഞ്ചരിക്കുന്നത്.
ആഗോളനിലവാരം പുലർത്താത്ത ഇവരുടെ പരിഷ്കരിച്ച പാഠപുസ്തകങ്ങൾ കുട്ടികളുടെ ഭാവിയെ തകർക്കുമെന്നതിന് തർക്കമില്ല. ഇവരുടെ പാഠപുസ്തകങ്ങൾ പഠിക്കുന്ന കുട്ടികൾക്ക് മത്സരശേഷി കുറയുകയും അതോടൊപ്പം പാഠപുസ്തകങ്ങൾ വിഭാവനചെയ്യുന്ന വിമർശനബോധം അവർക്കുണ്ടാകുകയുമില്ല. വർഗീയവാദികളെ സംബന്ധിച്ച് സ്കൂളിൽ പഠിപ്പിക്കുന്ന ഇതര വിഷയങ്ങളെ അപേക്ഷിച്ച് ചരിത്രമെന്ന വിജ്ഞാനശാഖയിൽ വിഷം കുത്തിവെക്കുക എന്നതാണ് അവരുടെ ലക്ഷ്യം. കഴിഞ്ഞ മാസമാണ് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ (സി.ബി.എസ്.ഇ) സോഷ്യൽ സയൻസ്, ഹിസ്റ്ററി പാഠപുസ്തകങ്ങളിൽനിന്ന് മുഗൾ ചരിത്രം, ഗുജറാത്തിലെ വർഗീയ കലാപം, അടിയന്തരാവസ്ഥ, ദലിത് എഴുത്തുകാർ, നക്സലൈറ്റ് (മാവോയിസ്റ്റ്) പ്രസ്ഥാനം, സമത്വത്തിനായുള്ള പോരാട്ടം തുടങ്ങിയ വിഷയങ്ങൾ ആറു മുതൽ 12 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽനിന്ന് നീക്കംചെയ്തത്. ഈ തിരുത്തലുകളിലൂടെ പാഠപുസ്തകത്തിൽനിന്ന് നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ നൂറുകണക്കിന് മുസ്ലിംകൾ കൊല്ലപ്പെട്ട 2002ലെ ഗുജറാത്ത് കലാപത്തിനെയും ഹിന്ദു തീവ്രവാദികൾ നടത്തിയ മോഹൻദാസ് ഗാന്ധിയുടെ കൊലപാതകവും അവർ അപ്രത്യക്ഷമാക്കി. ഗാന്ധിവധത്തിനുശേഷം തീവ്രവാദ ഹിന്ദു സംഘടനയായ രാഷ്ട്രീയ സ്വയം സേവക് സംഘ് (ആർ.എസ്.എസ്) നേരിട്ട നിരോധനത്തെക്കുറിച്ച് പരാമർശിക്കാനും അതേപോലെ കടുത്ത ഹിന്ദു ദേശീയവാദി വിനായക് ദാമോദർ സവർക്കറിനെ ഏറ്റവും ആഘോഷിക്കപ്പെട്ട സ്വാതന്ത്ര്യസമര സേനാനി, മഹാനായ രാജ്യസ്നേഹി എന്നിങ്ങനെ വിശേഷിപ്പിക്കാനും അവർ മറന്നതുമില്ല. ജാതിവ്യവസ്ഥയുടെ അനാദരവിനെക്കുറിച്ച് സംസാരിച്ച ദലിത് എഴുത്തുകാരെക്കുറിച്ചുള്ള പരാമർശങ്ങളും നർമദാ ബച്ചാവോ ആന്ദോളന്റെ ചരിത്രവും ഇന്ത്യയിലെ അടിയന്തരാവസ്ഥക്കാലത്ത് നടന്ന വൻ പ്രതിഷേധത്തെക്കുറിച്ചുള്ള രചനകളും ഈ കൂട്ടത്തിൽ ഒഴിവാക്കപ്പെട്ടു.
പാഠപുസ്തകങ്ങളിൽ ബി.ജെ.പി സർക്കാർ വരുത്തിയ മാറ്റങ്ങളെ അവരുടെ അനുയായികൾ വളരെ ആവേശത്തോടുകൂടിയാണ് സ്വീകരിച്ചിരിക്കുന്നത്. “മുഗൾ ചക്രവർത്തിമാർ ഇനി ചരിത്രപുസ്തകങ്ങളിലല്ല, ചവറ്റുകൊട്ടയിലാണ്” എന്ന് ഏപ്രിൽ 3ന് കപിൽ മിശ്ര തന്റെ ട്വിറ്റർ അക്കൗണ്ടിൽ കുറിക്കുകയുണ്ടായി, മറ്റ് ചില ബി.ജെ.പി നേതാക്കൾ പാഠപുസ്തകത്തിലെ മാറ്റങ്ങളെ ന്യായീകരിച്ച് സമൂഹമാധ്യമങ്ങളിൽ എത്തിയിരുന്നു. മുസ്ലിം അല്ലെങ്കിൽ മുഗൾ ഉത്ഭവം ഇല്ലാതാക്കാൻ നഗരങ്ങളുടെ പേരുകൾ മാറ്റുക, ഹൈപ്പർ നാഷനലിസ്റ്റ് ബോളിവുഡ് സിനിമകൾ, ഹിന്ദു പുരാണങ്ങളെ ചരിത്രവുമായി സംയോജിപ്പിക്കുന്ന രാഷ്ട്രീയക്കാരും ഉൾപ്പെടെ, ഇന്ത്യയിലെ മുസ്ലിം സ്വാധീനം മറച്ചുവെക്കാൻ ലക്ഷ്യമിട്ടുള്ള മറ്റ് നീക്കങ്ങൾക്കിടയിലാണ് സ്കൂൾ പാഠപുസ്തകങ്ങളിൽനിന്ന് മുഗൾ ചരിത്രം ഉൾപ്പെടെയുള്ള ഇന്ത്യയുടെ ബഹുസ്വരതയെ അവർ മായ്ച്ചുകളഞ്ഞത്.
ഇന്ന് ലോക ജനസംഖ്യയിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയിൽതന്നെയാണ് ഏറ്റവുമധികം സ്കൂൾ വിദ്യാർഥികളുള്ളത്. ഇന്ത്യയെപ്പോലുള്ള ഒരു വലിയ ദരിദ്രരാജ്യത്തിലെ വിദ്യാഭ്യാസത്തിന്റെ പ്രാഥമിക ഉറവിടം സ്കൂൾ പാഠപുസ്തകങ്ങളാണ്. ഇന്ത്യയുടെ ബഹുസ്വരത നിലനിർത്തിക്കൊണ്ട് കുട്ടികളിൽ വിമർശനബോധം വളർത്തുന്ന വൈവിധ്യമാർന്ന വിഷയങ്ങളാണ് ഇന്ത്യയിലെ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തേണ്ടത്. എന്നാൽ, ബി.ജെ.പി ഭരണത്തോടുകൂടി പാഠപുസ്തകങ്ങളുടെ വിമർശനവശം നഷ്ടമാകുകയും മതഗ്രന്ഥങ്ങളോടുള്ള സമീപനരീതിയായി മാറുകയും ചെയ്തു. നന്നേ ചെറുപ്പം മുതൽ വർഗീയതയെ പഠിപ്പിക്കുക എന്നത് ആർ.എസ്.എസ് പ്രസ്ഥാനത്തിന്റെ ഒരു പ്രധാന അജണ്ടയാണ്. ഈ കാരണത്താൽ ബി.ജെ.പി സർക്കാർ ഇന്ന് നടപ്പാക്കിയ പാഠപുസ്തക പരിഷ്കാരങ്ങളെ സൂക്ഷ്മമായി പരിശോധിച്ചാൽ നാം എത്തിച്ചേരുന്നത് ആർ.എസ്.എസ് നടത്തുന്ന വിദ്യാലയ സിലബസുകളുടെ കാർബൺ പതിപ്പിലേക്കാണ്.
വിദ്യാഭാരതിയെന്ന വർഗീയ മാതൃക
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ സ്കൂളുകളിൽ ഒന്ന് നടത്തുന്നത് രാഷ്ട്രീയ സ്വയം സേവക് സംഘമാണ്. അവരുടെ വിദ്യാഭ്യാസ വിഭാഗമാണ് വിദ്യാഭാരതി (വിദ്യാഭാരതി അഖിൽ ഭാരതീയ ശിക്ഷാ സൻസ്ഥാൻ എന്നതിന്റെ ചുരുക്കം). ഇന്ത്യയിൽ ഏറ്റവും കൂടുതൽ വർഗീയത ഉൽപാദിപ്പിക്കുന്ന ഇവരുടെ സ്കൂളുകളെ കുറിച്ചും അവരുടെ പാഠപുസ്തകങ്ങളെ കുറിച്ചും ചില ചരിത്രകാരന്മാർ അന്വേഷണം നടത്തിയിട്ടുണ്ട്. ആ പഠനങ്ങളിൽ ആദിത്യ മുഖർജി, മൃദുല മുഖർജി, സുചേതാ മഹാജൻ എന്നിവർ ചേർന്ന് തയാറാക്കിയ RSS, School Texts and the Murder of Mahatma Gandhi: The Hindu Communal Project (2008) എന്ന പുസ്തകം ആർ.എസ്.എസ് സ്കൂളുകളെ സൂക്ഷ്മമായി വിശകലനം ചെയ്യാൻ ശ്രമിക്കുന്നുണ്ട്. അതോടൊപ്പം ബിപൻ ചന്ദ്രയുടെ ആമുഖപഠനവും ഈ പുസ്തകത്തിലുണ്ട്. സരസ്വതി ശിശുമന്ദിരങ്ങളിലൂടെയും വിദ്യാഭാരതി പ്രൈമറി, സെക്കൻഡറി സ്കൂളുകളിലൂടെയും വർഗീയത പ്രചരിപ്പിക്കുന്ന ആർ.എസ്.എസ് ആരെയും അതിശയിപ്പിക്കുന്ന വേഗത്തിലാണ് വളർന്നതെന്നാണ് അവരുടെ പഠനം വെളിപ്പെടുത്തുന്നത്.
ആദ്യത്തെ സരസ്വതി ശിശു മന്ദിർ 1952ലാണ് സ്ഥാപിതമായത്. 1977ൽ വിദ്യാഭാരതി സ്ഥാപിതമായപ്പോഴേക്കും ഏകദേശം 500 ആർ.എസ്.എസ് സ്കൂളുകളും 20,000 വിദ്യാർഥികളും അവിടെ ഉണ്ടായിരുന്നു. 1993-94 ആയപ്പോഴേക്കും സംസ്ഥാനങ്ങളിലെ ബി.ജെ.പി സർക്കാറുകളുടെ പ്രോത്സാഹനത്തെ തുടർന്ന് 40,000 അധ്യാപകരും 12,00,000 വിദ്യാർഥികളുമുള്ള 6000 സ്കൂളുകൾ നടത്താൻ വിദ്യാഭാരതിക്ക് സാധിച്ചു. 1998ൽ ബി.ജെ.പി കേന്ദ്രത്തിൽ അധികാരത്തിൽ വന്നു. 1999ൽ 80,000 അധ്യാപകരും 18,00,000 വിദ്യാർഥികളുമുള്ള 14,000 വിദ്യാഭാരതി സ്കൂളുകൾ അവർക്ക് നിർമിക്കാൻ സാധിച്ചു. 1998ൽ, ബി.ജെ.പിയുടെ കല്യാൺ സിങ്ങിന്റെ നേതൃത്വത്തിലുള്ള യു.പി സംസ്ഥാന സർക്കാർ എല്ലാ സർക്കാർ സ്കൂളുകളെയും ആർ.എസ്.എസ് ശാഖയുമായി ബന്ധിപ്പിക്കാൻ ശ്രമിച്ചെങ്കിലും അത് പൂർണവിജയത്തിലേക്ക് എത്തിയില്ല.
വർഗീയവാദികൾ നടത്തുന്ന ഈ പള്ളിക്കൂടങ്ങളിൽ പഠിപ്പിക്കുന്ന ചരിത്ര-സാമൂഹികശാസ്ത്ര സിലബസുകൾക്ക് തുല്യമായ നിലവാരത്തിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് ഇപ്പോൾ സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതര മതങ്ങളെ വിമർശിക്കുക എന്നതാണ് ഈ വിദ്യാലയത്തിന്റെ ലക്ഷ്യം. ഹിന്ദുക്കൾ ഒഴികെയുള്ള മതസമൂഹങ്ങൾ, പ്രത്യേകിച്ച് മുസ്ലിംകളും ക്രിസ്ത്യാനികളും ഇന്ത്യയിൽ വിദേശികളാണ്, അവർ അവിശ്വസ്തരും ഇന്ത്യയിൽ ജീവിക്കാൻ അർഹതയില്ലാത്തവരുമാണ് എന്നതാണ് ഇവരുടെ ആഖ്യാനത്തിന്റെ സാരം. അശോകന്റെ കീഴിലുള്ള ബുദ്ധമതവും അഹിംസയുടെ പ്രധാന തത്ത്വവും ഉത്തരേന്ത്യൻ രാജ്യത്തിന്റെ ഭീരുത്വത്തിനും ബലഹീനതക്കും ഉത്തരവാദികളാണെന്നാണ് അവരുടെ വാദം. തന്നെയുമല്ല ചൈനയിലും ഇറാനിലും ആദ്യമായി വാസമുറപ്പിച്ചതും ചൈനയിൽ സംസ്കാരത്തിന്റെ വെളിച്ചം തെളിച്ചതും ഇന്ത്യക്കാരാണെന്നും അവരുടെ പൂർവികർ ഇന്ത്യൻ ക്ഷത്രിയരായിരുന്നെന്നും ആർ.എസ്.എസ് പാഠപുസ്തകങ്ങൾ വാദിക്കുന്നു. ആര്യന്മാരുടെ മഹത്തായ കൃതിയെന്നത് വാല്മീകിയുടെ രാമായണമാണെന്നും അത് ഗ്രീസിനെയും ഹോമറിനെയും സ്വാധീനിച്ചെന്നുമാണ് അവർ കുട്ടികളെ പഠിപ്പിക്കുന്നത്.
മുസ്ലിംകളെ അപരന്മാരായി എല്ലായിടങ്ങളിലും ചിത്രീകരിക്കുന്ന ഈ വിദ്യാലയങ്ങളിൽ പഠിച്ചിറങ്ങുന്ന കുട്ടികളാണ് ഏറ്റവും അക്രമകാരികളായിത്തീരുന്നത്. ഒരു കൈയിൽ വാളും മറുകൈയിൽ ഖുർആനുമായി എത്തിച്ചേർന്നവരാണ് മുസ്ലിംകൾ, അങ്ങനെ ഇന്ത്യക്കുമേൽ അടിച്ചേൽപിക്കപ്പെട്ട ഒരു ശക്തിയായി ഇസ്ലാം ഏകവർണമായി അവരുടെ പാഠപുസ്തകങ്ങളിൽ ചിത്രീകരിക്കപ്പെടുന്നു എന്നാണ് ഈ മേഖലയിലെ ഗവേഷകർ വെളിപ്പെടുത്തുന്നത്. ഇന്ത്യയിലെത്തിയ മുസ്ലിംകളാൽ പ്രാർഥനാലയങ്ങൾ, സർവകലാശാലകൾ, ലൈബ്രറികൾ, മതഗ്രന്ഥങ്ങൾ എന്നിവ നശിപ്പിക്കപ്പെട്ടെന്നും അമ്മമാരും സഹോദരിമാരും അപമാനിക്കപ്പെട്ടെന്നും അവർ നാലാം ക്ലാസിലെ കുട്ടികളെ പഠിപ്പിക്കുന്നു. ഡൽഹിയിലെ ഖുതുബ് മിനാർ യഥാർഥത്തിൽ സമുദ്രഗുപ്തൻ നിർമിച്ചതാണെന്നും അതിന്റെ യഥാർഥ പേര് വിഷ്ണുസ്തംഭം എന്നാണെന്നുമാണ് അവർ അഞ്ചാം ക്ലാസിലെ കുട്ടികളെ പഠിപ്പിക്കുന്നത്. അതുപോലെ അവരുടെ പാഠപുസ്തകങ്ങളിൽ ക്രിസ്ത്യൻ മിഷനറിമാരെ ദേശവിരുദ്ധ പ്രവണതകൾ വളർത്തുന്നതിന്റെ ഏജന്റുമാരായി ചിത്രീകരിക്കുകയും ചെയ്യുന്നു. ഈ സ്കൂളുകളിലെ ചോദ്യോത്തരങ്ങൾ അതി ഗുരുതരമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. ഉദാഹരണങ്ങൾ നോക്കാം:
1. അയോധ്യയിലെ ശ്രീരാമന്റെ ജന്മസ്ഥലത്ത് ആദ്യമായി ക്ഷേത്രം നിർമിച്ചത് ആരാണ്?
ശ്രീരാമന്റെ മകൻ മഹാരാജ കുശൻ.
2. ശ്രീരാമക്ഷേത്രം തകർത്ത ആദ്യത്തെ വിദേശ ആക്രമണകാരി ആരാണ്?
ഗ്രീസിലെ മെനാൻഡർ (ബി.സി 150).
3 C.E 1033ൽ അയോധ്യയിലെ ക്ഷേത്രങ്ങൾ ആക്രമിച്ച മുസ്ലിം കൊള്ളക്കാരൻ?
മഹ്മൂദ് ഗസ്നിയുടെ അനന്തരവൻ സലാർ മസൂദ്.
4. C.E 1528ൽ രാമക്ഷേത്രം തകർത്ത മുഗൾ ആക്രമണകാരി?
ബാബർ.
5. എന്തുകൊണ്ട് ബാബരി മസ്ജിദ് ഒരു പള്ളിയല്ല?
കാരണം മുസ്ലിംകൾ ഇന്നുവരെ അവിടെ നമസ്കരിച്ചിട്ടില്ല.
6. C.E 1528 മുതൽ C.E 1914 വരെ രാമക്ഷേത്രം മോചിപ്പിക്കാൻ എത്ര രാമഭക്തർ ജീവൻ ത്യജിച്ചു?
മൂന്നു ലക്ഷത്തി അമ്പതിനായിരം.
ആർ.എസ്.എസിന്റെ വിദ്യാഭാരതിയുടെ അവസ്ഥയിലേക്ക് ഇന്ത്യയിലെ എല്ലാ സ്കൂളുകളെയും എത്തിക്കുക എന്നതാണ് മോദിസർക്കാർ ലക്ഷ്യമിടുന്നത്. ചരിത്രത്തെ തിരുത്തി ഭൂതകാലവും ഭാവികാലവും തങ്ങളുടേതാക്കിത്തീർക്കാനുള്ള ശ്രമമാണ് ഇന്ത്യയിൽ സംഘ്പരിവാർ സംഘം ശ്രമിക്കുന്നത്. ഇവിടെ പാഠപുസ്തകങ്ങൾ കാവിനിറമാക്കുന്നതിനെ അത്രക്ക് ഭയപ്പെടേണ്ട ആവശ്യമില്ലെന്നും കുട്ടികൾ മുതിർന്നു കഴിയുമ്പോൾ നിലവാരമുള്ള പുസ്തകങ്ങൾ വായിക്കുമെന്നും വാദിക്കുന്ന ഒരുവിഭാഗം ആളുകളുണ്ട്. അത് സംഘ്പരിവാറിനെ ശക്തിപ്പെടുത്തുന്ന വാദമാെണന്ന് പറയാതെ വയ്യ. പാഠപുസ്തകങ്ങൾ തിരുത്തപ്പെടുന്നതിനെ ഇത്ര നിസ്സാരമായി കാണാൻ സാധിക്കില്ല. അത് സാമൂഹികജീവിതത്തിനെയും ജനാധിപത്യക്രമത്തിനെയും അസാധാരണമാക്കി മാറ്റുന്നുണ്ട്. സർവോപരി പാഠപുസ്തകങ്ങളിലൂടെ അട്ടിമറിക്കപ്പെടുന്നത് ഇന്ത്യയിലെ ഓരോ മനുഷ്യരുടെയും അന്തസ്സാണ് (human dignity).
അപഹരിക്കപ്പെടുന്ന മനുഷ്യാന്തസ്സ്
അധിനിവേശ കാലത്തെ ബ്രിട്ടീഷ് ചരിത്രരചനകളിൽ അവർ സ്വീകരിച്ച വർഗീയ-വംശീയ ചരിത്രരചന രീതിയാണ് സമീപകാലത്തായി ചിലർ പാഠപുസ്തകങ്ങളിലും നടപ്പാക്കുന്നത്. അതോടൊപ്പംതന്നെ ചരിത്രപരമായി ഒരു തെളിവുമില്ലാത്ത വ്യക്തികളെയും സംഭവങ്ങളെയും പാഠപുസ്തകത്തിനുള്ളിൽ പ്രതിഷ്ഠിക്കാറുണ്ട്. ഈ രാഷ്ട്രീയ പദ്ധതിയിൽ സംഘ്പരിവാറിനൊപ്പം നിൽക്കുന്ന ചരിത്രവിരുദ്ധതയുടെ കാഴ്ച കേരളത്തിലെ പാഠപുസ്തകങ്ങളിലും കാണാൻ കഴിയുന്നുണ്ട്. 1850കളിൽ ദലിത് വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചതും പള്ളിയോടു ചേർന്ന് പള്ളിക്കൂടം ആരംഭിച്ചതും കുര്യാക്കോസ് ചാവറ അച്ചനാണെന്നും അദ്ദേഹമാണ് ദലിതരുടെ അപ്പോസ്തലൻ എന്നെല്ലാമാണ് കേരള സർക്കാറിന്റെ പാഠപുസ്തകങ്ങളിൽ പറയുന്നത്.
വസ്തുതകൾക്ക് നിരക്കുന്ന ഒരു തെളിവുപോലുമില്ലാതെയാണ് പാഠപുസ്തകങ്ങൾക്കുള്ളിൽ ദലിതർക്ക് ഒരു രക്ഷകനെ നിർമിച്ചത്. കപട ചരിത്രരചനകൾ എന്നത് കേവലം പാഠപുസ്തകങ്ങളെ മാത്രം ലക്ഷ്യമിട്ടുകൊണ്ടുള്ളതല്ല, മറിച്ച് രാഷ്ട്രീയ-സാമൂഹിക ആധിപത്യം ലക്ഷ്യമാക്കി ജനപ്രിയ മേഖലയിൽ നിരവധി തെറ്റായ ചരിത്രങ്ങൾ പ്രസിദ്ധീകരിക്കപ്പെടാറുണ്ട്. ഈ കപട ചരിത്രരചനകൾ എല്ലാം ഒരേപോലെ എത്തിച്ചേരുന്നത് ബ്രാഹ്മണ ആധിപത്യത്തിന്റെ നിർമിതിയിലേക്കാണ്. ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് സുറിയാനി ക്രിസ്ത്യാനികളുടെ ബ്രാഹ്മണപാരമ്പര്യത്തിലേക്ക് എത്തിച്ചേരുന്ന കപട കുടുംബ ചരിത്രങ്ങൾ. മാത്രമല്ല ഈ കപട ചരിത്രരചനകൾ വഴി സവർണ ഹിന്ദു പദ്ധതികളുമായി ഇവർ വേഗത്തിൽ ഐക്യപ്പെടുകയും ചെയ്യുന്നു. കേരളത്തിൽ കത്തോലിക്കാസഭയിലെ പരിഷ്കരണവാദി ജോസഫ് പുലിക്കുന്നേലാണ് അരുൺ ഷൂരിയുടെ ‘ക്രൈസ്തവവത്കരണം ഭാരതത്തിൽ’ എന്ന കുരുക്ഷേത്ര ബുക്സ് പ്രസിദ്ധീകരിച്ച മലയാള പുസ്തകത്തിന് അവതാരിക എഴുതിയത് എന്നത് നാം ഇവിടെ ഓർക്കേണ്ടതാണ്.
പാഠപുസ്തകങ്ങളിൽകൂടി അവതരിപ്പിക്കുന്ന വർഗീയ ചരിത്രമെന്നത് അടിസ്ഥാനപരമായി ഇന്ത്യൻ ഭരണഘടന ലക്ഷ്യമിടുന്ന മനുഷ്യാന്തസ്സ് എന്ന വിഭാവനയെയാണ് അട്ടിമറിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങളിലൂടെയും ജാതിവിരുദ്ധ പ്രസ്ഥാനങ്ങളിലൂടെയും നിർമിക്കപ്പെട്ട ആശയമായിരുന്നു മനുഷ്യൻ എന്ന തിരിച്ചറിവും മനുഷ്യാന്തസ്സും. ഇന്ത്യയുടെ ഭൂതകാലത്തിൽ മനുഷ്യൻ എന്ന വാക്ക് അപ്രസക്തമായിരുന്നെന്നും മുജ്ജന്മ പാപ-പുണ്യ ഫലങ്ങളാണ് ഒരാളുടെ ജീവിതത്തെ നിർണയിക്കുന്നതെന്നും വിശ്വസിച്ചിരുന്ന വലിയ ഒരു ജനത ഇവിടത്തെ മനുസ്മൃതി മൂല്യങ്ങളോട് കലഹിച്ചു പൊരുതി നിർമിച്ചെടുത്ത മനുഷ്യാന്തസ്സിനെയാണ് ഇവർ പാഠപുസ്തകങ്ങൾ വഴി റദ്ദുചെയ്യുന്നത്. സംഘ്പരിവാർ വിശ്വാസികൾക്ക് ഭൂതകാലത്തെ കുറിച്ചും ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങളെ കുറിച്ചും ഒരക്ഷരംപോലും മിണ്ടാൻ വയ്യാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഈ കാരണത്താൽ ജാതിയെക്കുറിച്ചും അയിത്തത്തെക്കുറിച്ചുമുള്ള ഭൂതകാല തെളിവുകളും അവയെ കേന്ദ്രത്തിൽ നിർത്തിക്കൊണ്ടുള്ള ചരിത്രരചനകളും സംഘ്പരിവാർ കൂട്ടങ്ങൾക്ക് മറികടക്കേണ്ടതായിട്ടുണ്ട്.
മനുഷ്യന്റെ അന്തസ്സോടുകൂടിയ നിലനിൽപിനെ അസാധ്യമാക്കിയ സാമൂഹിക സംവിധാനങ്ങളെ കുറിച്ച് ഒരു വിമർശനാത്മക ചരിത്രം രചിക്കുകയെന്നത് ഇവരെ സംബന്ധിച്ച് അസാധ്യമാണ്. അതേപോലെ ചരിത്രപരമായ അനീതികളെക്കുറിച്ച് സംസാരിക്കാൻ സാധിക്കാത്ത ഇവർ ദലിതരുടെയും കർഷകത്തൊഴിലാളികളുടെയും നക്സൽ പ്രസ്ഥാനം ഉൾപ്പെടെയുള്ളവരുടെ ചരിത്രത്തെ പൂർണമായും ഒഴിവാക്കുന്നു. ഈ ഒഴിവാക്കലിന് പിന്നിൽ ഭയം എന്ന മറ്റൊരു കാരണംകൂടിയുണ്ട് എന്നതുകൂടി നാം തിരിച്ചറിയേണ്ടതായിട്ടുണ്ട്. എന്നാൽ, അതേസമയം എന്തിനാണ് നമ്മൾ ചരിത്രപരമായ അനീതിയെ കുറിച്ച് എഴുതുന്നത് എന്ന ഒരു ശ്രദ്ധേയമായ ചോദ്യം ഈ സാഹചര്യത്തിൽ ഉയർന്നുവരുന്നുണ്ട്. അനീതികളെ കുറിച്ച് സംസാരിക്കുന്നത് അനീതി സൃഷ്ടിച്ചവരുടെ മേൽ ആധിപത്യം സ്ഥാപിച്ചെടുക്കുന്നതിനോ പ്രതികാര നടപടിക്കുവേണ്ടിയോ അല്ല, മറിച്ച് ചരിത്രപരമായ അനീതികളെ കുറിച്ച് നമ്മൾ സംസാരിക്കുന്നത് ഇന്നത്തെ ജനാധിപത്യ ക്രമത്തിൽ അനീതി കാണിച്ചവന്റെയും അനീതിക്ക് ഇരയായവന്റെയും മനുഷ്യൻ എന്ന നിലയിലുള്ള വിമോചനം സാധ്യമാകുന്നതിനും മനുഷ്യാന്തസ്സ് വീണ്ടെടുക്കുന്നതിനുമാണ്. ഭൂതകാല അനുഭവങ്ങൾ ആവർത്തിക്കാതിരിക്കാനും അവ മനുഷ്യനുണ്ടാക്കിയ ഭീഷണിയെ മനസ്സിലാക്കുന്നതിനുമാണ് നമ്മൾ ചരിത്രത്തെ ഉപയോഗിക്കുന്നത്.
ചരിത്രകാരന്മാർ ഇത്തരം അനുഭവങ്ങളെ കുറിച്ച് സംസാരിക്കാതെയിരിക്കുന്നതും ഇത്തരം കീഴാള ചരിത്രത്തെ ബഹിഷ്കരിക്കുന്നതും ഒരേപോലെ അനീതിയാണ്. തകർക്കപ്പെട്ട അന്തസ്സിനെയും അംഗീകാരത്തിനെയും മടക്കിക്കൊണ്ടുവരുന്ന ജോലിയാണ് ചരിത്രകാരന്മാർക്ക് ചെയ്യാനുള്ളത്. എന്നാൽ, ഇന്ത്യയിൽ ഇന്ന് സജീവമാകുന്ന ചരിത്രരചനകളെല്ലാംതന്നെ മനുഷ്യത്വവിരുദ്ധമായ ചേരിയിലാണ് എത്തിച്ചേരുന്നത്. ചരിത്രമെന്നത് മറ്റുള്ള മതങ്ങളുടെയും മനുഷ്യരുടെയും കുറ്റങ്ങൾ പറയുന്നതാണെന്ന് കുട്ടികളെ വിശ്വസിപ്പിക്കുകയും ഭൂതകാലം നാം പഠിക്കുന്നത് വർത്തമാനകാലത്ത് പ്രതികാരം ചെയ്യുന്നതിനു വേണ്ടിയാണെന്നുമുള്ള ബോധമാണ് അവർ പാഠപുസ്തകങ്ങളിലൂടെ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഈ കാരണത്താൽ അവർ പാഠപുസ്തകങ്ങളിലൂടെ ഇല്ലാതാക്കുന്നത് ഇന്ത്യൻ ഭരണഘടനയെയും മനുഷ്യാന്തസ്സിനെയുമാെണന്ന് നിസ്സംശയം പറയാം.