മുക്രി പോക്കറും ചാമുണ്ഡിയും ഒന്നാവുന്ന ഇന്ത്യ
text_fieldsഖത്തറിലെ മാധ്യമ പ്രവർത്തകൻ അഷ്റഫ് തൂണേരി തയാറാക്കിയ ‘മുക്രി വിത്ത് ചാമുണ്ഡി’ ഡോക്യുമെന്ററിയെക്കുറിച്ച് സാജിദ് ശംസുദ്ദീൻ എഴുതുന്നു
കള്ളിമുണ്ടും മേൽവസ്ത്രവും ധരിച്ച് അരയിലൊരു പച്ചബെൽറ്റുമണിഞ്ഞ് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ഒരു ചെറുപ്പക്കാരൻ ക്ഷേത്രത്തിലേക്ക് നടന്നുവരുന്നു. അയാളുടെ ശിരസ്സിൽ മുസ്ലിംകളുടെ നിസ്കാര തൊപ്പിയുണ്ട്. കൈയിൽ വാളും പരിചയും, മുഖത്തൊരു വെപ്പു മീശയും. യോദ്ധാവിന്റെ ശരീരഭാഷ ഓരോ ചുവടിലുമുണ്ട്. ക്ഷേത്രാങ്കണത്തിൽ എത്തിയ ഉടനെ ഇസ്ലാമിക രീതിയിൽ അംഗശുദ്ധി വരുത്തി, ബാങ്ക് വിളിക്കുകയും, മുസല്ലവിരിച്ച് മുസ്ലിം നമസ്കാര മാതൃകയിൽ ആരാധനയിൽ മുഴുകുകയും ചെയ്യുന്നു. ചുറ്റിലും നമസ്കാരം വീക്ഷിക്കുന്ന ഹൈന്ദവ വിശ്വാസികൾ, ആശിർവാദത്തിനായി വേഷക്കാരന് അരികിലെത്തുന്നു.... ഈ പറഞ്ഞു വരുന്നത് ഒരു കെട്ടുകഥയല്ല. കാസർകോട് ജില്ലയിലെ, വെള്ളരിക്കുണ്ടുനടുത്തുള്ള മാലോം കൂലോം ഭഗവതി ക്ഷേത്രത്തിൽ എല്ലാവർഷവും കെട്ടിയാടുന്ന മാപ്പിള തെയ്യത്തിൽ നിന്നുള്ള ഭാഗമാണിത്.
അഷ്റഫ് തൂണേരി എന്ന മാധ്യമപ്രവർത്തകൻ സംവിധാനം ചെയ്ത ‘മുക്രി വിത് ചാമുണ്ഡി; ദി സാഗ ഓഫ് ഹാർമണി ഇൻ തെയ്യം ആർട്ട്’ എന്ന അതിമനോഹര ഡോക്യൂമെന്ററിയിലെ ഒരു രംഗമാണ് വിവരിച്ചത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ഒരു അനുഷ്ഠാന കലയെ സംവിധായകൻ അതേപടി സ്ക്രീനിലേക്ക് പകർത്തുമ്പോൾ സമകാലിക ഇന്ത്യയുടെ പലചോദ്യങ്ങൾക്കുമുള്ള ഉത്തരം ഇവിടെയുണ്ട്. മതമൈത്രിയുടെയും സാഹോദര്യത്തിന്റയും വിശാലമായ ലോകത്തിലേക്കുള്ള നേർ കാഴ്ചയാണ് 17 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഈ ഡോക്യുമെന്ററി. മാപ്പിള തെയ്യങ്ങൾ സാധ്യമാക്കുന്ന സാമൂഹിക നവനിർമിതിയുടെ സാധ്യതകളിലേക്കുള്ള അന്വേഷണം കൂടിയാണിതെന്ന് പറയാം.
മുക്രി വിത്ത് ചാമുണ്ഡി ഡോക്യുമെന്ററിയിൽനിന്ന്
ഇന്ത്യൻ മീഡിയ ഫോറം, ഖത്തറിലെ ഇന്ത്യൻ കൾചറൽ സെന്ററിൽ ഒരുക്കിയ പ്രദർശനത്തിൽ വെച്ചാണ് അഷറഫ് തൂണേരിയുടെ കാലിക പ്രാധാന്യമുള്ള ഈ കല സൃഷ്ടി കാണാൻ ഇടയായത്. മുക്രി പോക്കർ തെയ്യത്തെക്കുറിച്ച് യാദൃച്ഛികമായി വായിച്ച ഒരു പത്രക്കുറിപ്പുണ്ടാക്കിയ സ്വാഭാവികമായ കൗതുകം, പിന്നീട് അത് കൂടുതൽ അന്വേഷണങ്ങൾക്കു വഴിവെച്ചതായി സംവിധായകൻ പറയുന്നു. ഒരു പ്രദേശം പരമ്പരാഗതമായി ആചരിച്ചു പോരുന്ന അനുഷ്ഠാനം, ആധുനിക കാലത്തു, മത സാമുദായിക ഐക്യത്തിന്റെ പ്രതീകമായി രൂപാന്തരപ്പെടുന്ന അനുഭവം, ഡോക്യുമെന്ററിയിലൂടെ ലോകത്തോട് പറയുവാൻ ശ്രമിക്കുകയാണ് അദ്ദേഹം. തെയ്യം ഒരുക്കുന്ന പശ്ചാത്തലത്തിൽ നിന്നുകൊണ്ട് ഡോക്യുമെന്ററി അനാവരണം ചെയ്യുന്നത് മുക്രി പോക്കറിന്റെ കഥയാണ്. തെയ്യത്തിന്റെ വർണാഭമായ കാഴ്ചയും ചെണ്ടമേളവും ആൾക്കൂട്ടവുമെല്ലാം ചേർന്ന് സ്ക്രീനിന് ഉത്സവാന്തരീക്ഷം നൽകാൻ ശ്രമിച്ച സംവിധായകൻ കാലം ആവശ്യപ്പെടുന്ന രാഷ്ട്രീയ സന്ദേശവും മുന്നോട്ടു വെക്കുന്നു.
കർണാടകയിലെ ഉള്ളാൾ എന്ന പ്രദേശത്തുനിന്നും ഉത്ഭവിക്കുന്ന മുക്രി പോക്കാറിന്റെ കഥയുടെ ഇതളുകൾ വിരിയുമ്പോൾ, ഒരു അനുഷ്ഠാന കർമത്തിലെ പ്രധാന കഥാപാത്രമായി അയാൾ അവതരിക്കുന്നത് കാണാം. മർത്യനെന്നും ദൈവമെന്നുമുള്ള വേർതിരിവുകൾ മാഞ്ഞു മുക്രിപ്പോക്കറിലേക്കു എത്തുമ്പോൾ, അവ വേർതിരിക്കുവാൻ ആവാത്ത വണ്ണം ഇഴകിച്ചേരുന്നതായും ദർശിക്കാം. തികഞ്ഞ ലാളിത്യത്തിൽ അവതരിപ്പിക്കപ്പെടുന്ന ഈ മാപ്പിള തെയ്യത്തിലെ ആഖ്യാനം, നമ്മെ ആഴത്തിൽ സ്വാധീനിക്കുന്നു. കാവ്യസുന്ദരമായ ഡോക്യുമെന്ററിയിൽ, ദൈവമായി ആരോഹിതനായ പോക്കേറെ, കാഴ്ചക്കാരുടെ ഹൃദയങ്ങളിലേക്ക് മനുഷ്യനായി ഇറങ്ങുന്നത് ഹൃദ്യമായ അനുഭവമായിരുന്നു.
കേരളത്തിലെ കൂർഗ് എന്നറിയപ്പെടുന്ന മാലോം എന്ന പ്രദേശത്തെ കാമറയിൽ മനോഹരമായാണ് പകർത്തിയിരിക്കുന്നത്. എന്നാൽ, ഇത്തരമൊരു ദൃശ്യാനുഭവത്തിനപ്പുറം, തെയ്യം സൃഷ്ടിക്കുന്ന സാമുദായിക ബന്ധങ്ങളുടെ ആഴപ്പരപ്പും അനാവരണം ചെയ്യുന്നതിൽ ഡോക്യുമെന്ററി വിജയിച്ചു. മാലോമിനടുത്തുള്ള പെരുമ്പട്ടയിലെ ശ്രീ പാദാർകുളങ്ങര ഭഗവതി ക്ഷേത്രത്തിലെ വാർഷിക കളിയാട്ട മഹോത്സവത്തിൽ, തെയ്യാട്ടം സമാപിക്കുന്നത്, പെരുമ്പട്ട ജുമാമസ്ജിദ് അങ്കണത്തിലാണ്. ഈ ദൃശ്യങ്ങൾ മതമൈത്രിയുടെയും സാമുദായിക ഐക്യത്തിന്റയും നേർകാഴ്ചയാണ്. ജുമാമസ്ജിദിലെ തെയ്യാട്ടവും, മുക്രി പോക്കറിന്റെ ഉത്ഭവ കഥയും വിവരിക്കാൻ വേണ്ടി ഡോക്യുമെന്റേറിയൽ സ്വീകരിച്ച ഗ്രാഫിക്സ്, വ്യത്യസ്തമായ ആഖ്യാന രീതിക്കപ്പുറം ഈ സംഭവങ്ങൾക്കു ആധ്യാത്മികമായ ഒരു പരിവേഷം നൽകാൻ സഹായിച്ചു.
ദോഹയിൽ നടന്ന ഡോക്യൂമെന്ററി സ്ക്രീനിങ്ങിനു ശേഷം സംവിധായകൻ അഷ്റഫ് തൂണേരി സംസാരിക്കുന്നു
ഈ അവസരത്തിൽ സുപ്രധാനമായ ഒരു വസ്തുത സൂചിപ്പിക്കേണ്ടതുണ്ട്. അഷ്റഫ് തൂണേരി ചിത്രത്തിലൂടെ ഗൗരവമേറിയ ഒരു സന്ദേശം സംവദിക്കാൻ ശ്രമിക്കുമ്പോൾ തന്നെ, ആചാര അനുഷ്ഠാനങ്ങൾ പൊതുവേ ഉയർത്തുന്ന കൗതുകത്തിനപ്പുറം ഇവ മുന്നോട്ടുവെക്കുന്ന ഗൗരവമേറിയ വിഷയങ്ങളിലേക്ക് പൊതുസമൂഹത്തിന്റെ ശ്രദ്ധ കൈവരിക്കുമോ എന്നത് നോക്കിക്കാണേണ്ടതാണ്. വിഷലിപ്തമായ രാഷ്ട്രീയ അന്തരീക്ഷത്തിലൂടെ മനുഷ്യരെ അകറ്റപ്പെടുന്ന സമകാലീന ഇന്ത്യയിൽ, ഇത്തരം ഡോക്യൂമെന്ററികൾ കൗതുക കാഴ്ചകൾക്കപ്പുറത്തേക്ക് സന്ദേശമായി മാറേണ്ടത് അത്യന്താപേക്ഷിതമാണ്. യൂറോപ്യൻ, അമേരിക്കൻ നാടുകളിലെ വിഖ്യാതമായ മ്യൂസിയങ്ങളിൽ പ്രദർശനത്തിന് വെച്ചിട്ടുള്ള പല വസ്തുക്കളും ഏഷ്യ ആഫ്രിക്ക, ലാറ്റിനമേരിക്ക തുടങ്ങിയ നാടുകളിലെ മനുഷ്യരാനുഭവിച്ച കൊടിയ പീഡനങ്ങളും വംശഹത്യകളുെടയും ചരിത്രം പറയുന്നുണ്ട്. എന്നാൽ ഇന്ന് അതെല്ലാം വെറും കൗതുക കാഴ്ചകൾ മാത്രമായി ചുരുങ്ങിപ്പോയി. എന്നിരുന്നാലും, ‘മുക്രി വിത്ത് ചാമുണ്ഡി’ മതസൗഹാർദത്തിന്റെ ചിന്തോദ്ദീപകമായ അന്വേഷണമായിമാറുന്നു എന്നുറപ്പിച്ചു പറയാം. അഷ്റഫ് തൂണേരിയുടെ മികവാർന്ന സംവിധാനത്തിലൂടെ ഈ ഹ്രസ്വചിത്രം കാഴ്ചക്കാരന്റെ മനസ്സിൽ മായാത്ത മുദ്ര പതിപ്പിക്കുകയും ചെയ്യുന്നു.
ഡോ. അബ്ദുസ്സമ്മദ്, ജെ.കെ മേനോന്, സംവിധായകൻ അഷറഫ് തൂണേരി എന്നിവരാണ് നിർമാണം. ഡല്‍ഹി യൂനിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രഫസര്‍ അബ്ദുല്ല അബ്ദുല്‍ ഹമീദ്, മാധ്യമ പ്രവര്ത്തകന് മുജീബുര്‍റഹ്മാന്‍ കരിയാടന്‍ എന്നിവരാണ് തിരക്കഥ തയാറാക്കിയത്. എ.കെ മനോജും സോനു ദാമോദറും കാമറയും അനീസ് സ്വാഗതമാട് എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്ന ഡോക്യുമെന്ററി ദേശീയ അന്തർ ദേശീയ മത്സരങ്ങളിൽ പങ്കെടുക്കാനുള്ള സാങ്കേതികമികവോടെയാണ് ചിത്രീകരിച്ചിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.