മധുബാനിയുടെ കഥ
text_fieldsബിഹാറിലെ ചെറിയൊരു ഗ്രാമമാണ് ജിത് വാർപുർ. പതിനായിരത്തിൽ താഴെ ആളുകൾ മാത്രം വസിക്കുന്ന ഗ്രാമത്തിൽ അടിസ്ഥാന സൗകര്യങ്ങൾപോലും വളരെ കുറവാണ്. പക്ഷേ, ഇന്നാട്ടുകാരുടെ കലാവൈഭവത്തിന്റെ ഖ്യാതി ലോകപ്രശസ്തമാണ്. ഈ ഗ്രാമത്തിന്റെ കണക്കുപുസ്തകത്തിൽ അവാർഡുകളും പതക്കങ്ങളും ഒട്ടേറെ. ഈ പ്രശസ്തിക്ക് നാട് കടപ്പെട്ടിരിക്കുന്നത് മധുബാനി പെയിൻറിങ്ങിനോടാണ്. മധുബാനി പെയിൻറിങ് രീതിയിൽ വ്യുൽപത്തിയുള്ളവരാണ് ഗ്രാമവാസികളിൽ മുക്കാൽപങ്കും. 50 ശതമാനത്തോളം ആളുകളുടെ ഉപജീവനമാർഗവും ഇതുതന്നെ. ഗ്രാമത്തിലെ ജഗദംബ ദേവി, സീതാദേവി, ബഉവ ദേവി എന്നീ കലാകാരികളെത്തേടി പത്മശ്രീ അവാർഡുകളെത്തി. പത്തുപേർക്ക് ദേശീയ അവാർഡുകളും അറുപതു പേർക്ക് സംസ്ഥാന അവാർഡുകളും ലഭിച്ചു.
വീട്ടുചുമരുകൾക്കുള്ളിൽ മാത്രം ഒതുങ്ങിയിരുന്ന ഈ കലാരൂപത്തെക്കുറിച്ച് പുറംലോകമറിഞ്ഞത് 1934ലെ ഭൂകമ്പ വേളയിലാണ്. തകർന്നു കിടക്കുന്ന വീടു ചുമരുകളിലെ ചിത്രങ്ങൾക്ക് യൂറോപ്യൻ ചിത്രകലയുമായി സാദൃശ്യം തോന്നിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ വില്യം ജി. ആർച്ചർ ഇവയുടെ ചിത്രങ്ങൾ പകർത്തി. 1949ൽ മധുബാനി ചിത്രങ്ങളെക്കുറിച്ച് അദ്ദേഹം മാർഗ് ജേണലിൽ എഴുതിയ ലേഖനത്തോടെയാണ് ഇന്ത്യൻ മുഖ്യധാരാ കലാലോകത്ത് ഇത് ചർച്ചയാവുന്നത്. 1966ലുണ്ടായ കൊടിയ വളർച്ചയെത്തുടർന്ന് കൊടുംപട്ടിണിയിലും ദാരിദ്ര്യത്തിലുമാണ്ട ഗ്രാമത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കെത്തിയ ഭാസ്കർ കുൽകർണി എന്ന കലാകാരനാണ് കൂടുതൽ സ്ത്രീകളെ ചിത്രരചനയിലേർപ്പെടാൻ പ്രോത്സാഹിപ്പിച്ചത്. പിന്നീട് അത് ഗ്രാമത്തിന്റെ മുഖചിത്രമായി മാറുകയായിരുന്നു.
സീതാദേവി വരച്ച ചിത്രങ്ങൾ ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന യാത്രികരെ ആകർഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ജർമനി സന്ദർശിച്ച വേളയിൽ അവിടത്തെ പ്രമുഖർക്ക് ഇന്ത്യയിൽനിന്നുള്ള സമ്മാനമായി നൽകിയത് ബഉവ ദേവി വരച്ച ചിത്രങ്ങളായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.