പഴമയുടെ പത്തായപ്പുരയുമായി 'വൃഹി ധരണി'
text_fieldsകൽപറ്റ: നൂറ്റാണ്ടുകളായി ഉഴുതുമറിച്ച പാടത്തേക്ക് വിത്തെറിഞ്ഞ് നാടിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്ന പാരമ്പര്യ കര്‍ഷകർക്കുള്ള ആദരവായി വൃഹി ധരണി സ്റ്റാള്‍. കൽപറ്റ എസ്.കെ.എം.ജെ സ്കൂൾ മൈതാനിയിലെ എന്റെ കേരളം പ്രദര്‍ശന നഗരിയില്‍ മാനന്തവാടി ബ്ലോക്ക് കൃഷി വകുപ്പിന്റെ നേതൃത്വത്തിലാണ് സ്റ്റാള്‍ ഒരുക്കിയത്. വൃഹി ധരണി എന്നാല്‍ നെൽപാടം. പ്രകൃതിയുടെ പാനപാത്രമായ നെല്‍വയലുകളില്‍നിന്ന് നാടിന്റെ പത്തായപ്പുരകള്‍ നിറച്ച നെല്‍വിത്തുകളുടെ ബൃഹദ് ശേഖരമാണ് ഇവിടെ പുതുതലമുറകള്‍ക്കായി പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ സമൃദ്ധമായി വിളഞ്ഞതും ഇപ്പോഴും കൃഷിചെയ്യുന്നതുമായ അമൂല്യ വിത്തുകളും പ്രദര്‍ശനത്തിനായി തയാറാക്കിയിട്ടുണ്ട്. ജില്ലയിലെ കര്‍ഷകരുടെ ശേഖരത്തില്‍നിന്നാണ് ഇവര്‍ മേളയില്‍ ഈ വിത്തുകള്‍ എത്തിച്ചത്.
വയനാട്ടിലെ അന്യംനിന്നുപോയ നൂറിൽപരം നെല്‍വിത്തുകളില്‍ ഇപ്പോഴും കാലത്തെ അതിജീവിക്കുന്ന മുപ്പതോളം വിത്തുകൾ ഇവിടെ പരിചയപ്പെടാം. അതിരാവിലെ കതിരുവിരിഞ്ഞാല് വൈകീട്ട് കൊയ്തെടുക്കാന്‍ കഴിയുന്ന അന്നൂരി, മാജിക് റൈസ് എന്നറിയപ്പെടുന്ന അകോനി ബോറ, വയലറ്റ് നിറത്തിലുള്ള കൃഷ്ണ കൗമോദ് തുടങ്ങിയ വടക്കെ ഇന്ത്യന്‍ നെല്‍വിത്തുകളും പാല്‍തൊണ്ടി, വെളിയന്‍, ചോമാല, മുള്ളന്‍ കയമ, ഗന്ധകശാല തുടങ്ങിയ വയനാടന്‍ സ്വന്തം നെല്‍വിത്തുകളും വൃഹി ധരണിയുടെ വിത്തുപുരയിലുണ്ട്. വൃഹി ധരണി സന്ദര്‍ശിക്കുന്നവരെ ചെറുപുഞ്ചിരിയോടെ വരവേല്‍ക്കാന്‍ സംസ്ഥാന സര്‍ക്കാറിന്റെ 'ഞങ്ങളും കൃഷിയിലേക്ക്' ഭാഗ്യചിഹ്നമായ ചില്ലു അണ്ണാനുമുണ്ട്. ആയിരത്തിലധികം വിവിധയിനം നെല്വിത്തുകള്കൊണ്ടാണ് ചില്ലു അണ്ണാനെ നിർമിച്ചത്. രാംലി, കാലജീര, രക്തശാലി, അസം ബ്ലാക്ക് തുടങ്ങിയ എട്ടോളം നെല്‍വിത്തിനങ്ങളാണ് ഇതിനായി ഉപയോഗിച്ചത്. പാഡി ആര്‍ട്ടില്‍ ഇതിനകം ശ്രദ്ധേയനായ തൃശ്ശിലേരിയിലെ നെല്കര്ഷകൻ ജോണ്‍സനാണ് ദിവസങ്ങളോളം പരിശ്രമിച്ച് നെല്‍വിത്തുകളില്‍ ചില്ലുവിനെ അണിയിച്ചൊരുക്കിയത്. സ്റ്റാള്‍ സന്ദര്‍ശിക്കുന്നവര്‍ കൗതുകത്തോടെയാണ് ചില്ലു അണ്ണാനെ വീക്ഷിക്കുന്നത്.
ജില്ലയിലെ പ്രധാന പാരമ്പര്യ നെല്‍കര്‍ഷകരുടെയും നെല്‍കൃഷിയില്‍ നൂതന പരീക്ഷണങ്ങള്‍ നടത്തുന്നവരുടെയും പിന്തുണയോടെയാണ് ഈ പ്രദര്‍ശന സ്റ്റാളുകള്‍ വിത്തുകളുടെ ശേഖരണംകൊണ്ട് വേറിട്ടുനില്‍ക്കുന്നത്. പ്രസീദ് തയ്യിലിന്റെ ശേഖരത്തിലുള്ള നെല്‍ വിത്തിനങ്ങളും വ്യത്യസ്ത അരി ഉൽപന്നങ്ങളും വൃഹി ധരണിയെ സമ്പുഷ്ടമാക്കുന്നു. അസി. കൃഷി ഡയറക്ടര്‍ കെ.കെ. രാമുണ്ണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വൃഹി ധരണിയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.