സമ്പൂർണ സാക്ഷരതക്ക് 33 വർഷം: ഇനി ഡിജിറ്റൽ സാക്ഷരതയിലേക്ക്...
text_fields‘അക്ഷര ജ്ഞാനം അറിവല്ല, അറിവിന്റെ രക്ഷാകവാടമാണെന്നതോർക്കുക’– കേരളത്തിലെ സാക്ഷരതാ പ്രസ്ഥാനത്തിന്റെ ഉണർത്തുപാട്ടായി മുഴങ്ങിയ ഗാനം വീണ്ടും ഓർമയിലെത്തുന്നു. നാടിനാകെ പുതിയ വഴിവെളിച്ചമായ മുന്നേറ്റത്തിന് ഇന്ന് 33 വയസ് തികഞ്ഞു. സമ്പൂർണ സാക്ഷരത നേടിയ ആദ്യ സംസ്‌ഥാനമായി കേരളം പ്രഖ്യാപിക്കപ്പെട്ടത് 1991 ഏപ്രിൽ 18നായിരുന്നു.
രാജ്യം മുഴുവൻ കയ്യടിച്ച സമ്പൂർണ സാക്ഷരതാ പ്രഖ്യാപനത്തിന് പ്രസ്‌ഥാനത്തിന്റെ മുഖമായ മലപ്പുറം കാവനൂരിലെ ചേലക്കോടൻ ആയിഷയാണ് കോഴിക്കോട് മാനാഞ്ചിറ മൈതാനിയിൽ അക്ഷരദീപം കൊളുത്തിയത്. ഈ നേട്ടത്തിന്റെ തുടർച്ചയാണ് ഔപചാരിക വിദ്യാഭ്യാസം ലഭിക്കാത്തവർക്ക് നാലാം ക്ലാസ് തുല്യത സർട്ടിഫിക്കറ്റ് ലഭിക്കുന്നത്.
സമ്പൂർണ സാക്ഷരത പ്രഖ്യാപനം നടന്നപ്പോൾ കേരളം 90 ശതമാനം സാക്ഷരതയാണ് കൈവരിച്ചിരുന്നത്. 90 ശതമാനം ജനങ്ങൾ സാക്ഷരരായാൽ സമ്പൂർണ സാക്ഷരത കൈവരിച്ചതായി കണക്കാക്കാമെന്നായിരുന്നു യുനെസ്കോയുടെ മാനദണ്ഡം. സമ്പൂർണ സാക്ഷരതക്കു പിന്നാലെ കേരളത്തിൽ തുടർ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. 1998ൽ രൂപവത്കരിച്ച സാക്ഷരത മിഷന്റെ നടന്നുവരുന്ന തുല്യത കോഴ്സുകൾ ഈ രംഗത്തെ മികച്ച ഉദാഹരണമാണ്.
വൈജ്ഞാനിക മുന്നേറ്റത്തിൽ സാക്ഷരതായജ്ഞം കേരളത്തെ ലോകത്തിന്റെ നെറുകയിലേക്കുയർത്തി. അതേ മാതൃകയിൽ മറ്റൊരു മഹത്തായ പ്രവർത്തനം കൂടി ഏറ്റെടുത്തിരിക്കുകയാണ് അതാണ്, സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ യജ്ഞം. ഇതിനകം തന്നെ, തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ യജ്ജം യാഥാർത്ഥ്യമായി. ഇന്റർനെറ്റും, ഓൺലൈൻ വ്യവഹാരങ്ങളും, സ്മാർട്ട്ഫോൺ അധിഷ്ഠിതമായ ജീവിതക്രമങ്ങളും പുതിയ കാല ജീവിതത്തിന്റെ ഭാഗമായി. വിവര സാങ്കേതിക വിദ്യയു അനുനിമിഷം നമ്മെ അമ്പരിപ്പിച്ചുകൊണ്ട് മുന്നേറുകയാണ്. നിർമിതബുദ്ധി ഉൾപ്പെടെയുളള പുതിയ നേട്ടങ്ങൾ മനുഷ്യ ജീവിതത്തെ പാടെ മാറ്റി മറിക്കുകയാണ് .
വിജ്ഞാന സമ്പദ് വ്യവസ്ഥയാകാനുള്ള കേരളത്തിന്റെ കുതിപ്പിൽ ചരിത്രം കുറിക്കുന്ന രാജ്യത്തെ ആദ്യ ഡിജിറ്റൽ സയൻസ് പാർക്ക് അടക്കം യാഥാർത്ഥ്യ മാവുകയാണ്. മൂന്നരക്കോടി ജനസംഖ്യയുള്ള കേരളം ഇന്ത്യയിലെ ഏറ്റവും കൂടുതൽപേർ ഇന്റർനെറ്റ് ഉപയോഗിക്കുന്ന സംസ്ഥാനങ്ങളിൽ മുൻപന്തിയിലാണ്. ജനസംഖ്യയുടെ 54ശതമാനം പേർ ഇന്റർനെറ്റ് ഉപയോഗിക്കുന്നുവെന്നാണ് കണക്ക്. അഖിലേന്ത്യാ ശരാശരിയുടെ ഇരട്ടിയോളമാണിത്. ജനസംഖ്യയെക്കാൾ ഒരു കോടിയിലധികം മൊബൈൽ ഫോൺ കണക്ഷനുകളും കേരളത്തിലുണ്ട്. കാലം മാറുന്നതിനൊപ്പം ജീവിത രീതിയും അറിവുകളും മാറിക്കൊണ്ടിരിക്കുന്നുവെന്ന വലിയ പാഠമാണ് മനുഷ്യവംശത്തിനുമുൻപിലുള്ളത്. ഇവിടെയാണ് സാക്ഷരതാപ്രവർത്തകർ നടത്തിയ ത്യാഗത്തിന്റെ പ്രസക്തി ഇന്നും തിളക്കമായി നിലകൊള്ളുന്നത്...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.