ഫെസ്റ്റിവൽ മൂഡിൽ ആംഫി തിയേറ്റർ
text_fieldsപുരാതന സാമ്രാജ്യങ്ങളുടെ ശേഷിപ്പുകളിൽ ഇന്നും സന്ദർശകരെ ആകർഷിക്കുന്ന നിർമിതികളാണ് ആംഫിതിയേറ്ററുകൾ. റോമും ഏദൻസും അമ്മാനും ഒക്കെ സന്ദർശിക്കുന്ന സഞ്ചാരികൾക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഇഷ്ടകേന്ദ്രങ്ങളാണ് ഇവ. 19000 ചതുരശ്ര അടി വിസ്തീർണത്തിൽ 3600 ആളുകളെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഖോർഫക്കാൻ ആംഫിതിയേറ്റർ ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഷാർജ എമിറേറ്റിന് ചാർത്തിയ ഒരു തിലകക്കുറിയാണ്.
നിരവധി വിനോദ സഞ്ചാരികളാണ് നിത്യേന ഇവിടം സന്ദർശിക്കുന്നത്. റമദാനിൽ ഷാർജ ഗവൺമെന്റ് മീഡിയ ബ്യൂറോ സംഘടിപ്പിക്കുന്ന ‘ദക്കാക്കീൻ ഫെസ്റ്റിവലിന്’ ഇത്തവണയും വേദിയാവുകയാണ് ആംഫിതിയേറ്റർ. മാർച്ച് 14 മുതൽ ഏപ്രിൽ 14 വരെ നടക്കുന്ന ഫെസ്റ്റിവലിൽ 34 ഷോപ്പുകളാണ് പങ്കെടുക്കുന്നുണ്ട്. തദ്ദേശീയരായ സംരംഭകർ നിർമിച്ച കരകൗശല വസ്തുക്കൾ മുതൽ വൈവിധ്യമാർന്ന ഉത്പന്നങ്ങളാണ് പ്രദർശനത്തിനെത്തിച്ചിരിക്കുന്നത്.
പെർഫ്യൂമുകൾ, ജ്വല്ലറി ആഭരണങ്ങൾ, കുട്ടികളുടെ കളിപ്പാട്ടങ്ങൾ തുടങ്ങിയ ഉത്പന്നങ്ങളുടെ ഏറ്റവു മികച്ച വിപണി കൂടിയാണ് ‘ദക്കാക്കീൻ ഫെസ്റ്റിവൽ’. രാത്രി എട്ട് മണിമുതൽ അർധരാത്രി വരെയാണ് സന്ദർശന സമയം. സുന്ദരമായ ഖോർഫക്കാൻ തീരത്തോട് ചേർന്ന് അൽ സായിദ് മലനിരയോട് ഒട്ടിനിൽക്കുന്ന അർദ്ധവൃത്താകൃതിയിൽ ഉള്ള ഈ സാംസ്കാരികകേന്ദ്രം റോമൻ വാസ്തുവിദ്യയിൽ നിന്നും പ്രേരണ ഉൾക്കൊണ്ട് നിർമ്മിച്ചതാണ്. പുരാതന ശേഷിപ്പുകളെ അനുസ്മരിപ്പിക്കുന്ന 235 ആർച്ചുകളും 295 തൂണുകളും ഇതിന്റെ പ്രൗഢി ഇരട്ടിപ്പിക്കുന്നു.
ഇരിപ്പിടങ്ങളും സ്റ്റേജും തുറസ്സിൽ ആണെങ്കിലും ഏത് കാലാവസ്ഥയിലും കലാപരിപാടികൾ ആസ്വദിക്കാൻ ഉതകുംവിധമുള്ള ശീതീകരണ സംവിധാനവും ഭക്ഷണശാലയും കഫേയും പോലുള്ള സൗകര്യങ്ങളും ഈ തിയേറ്ററിനെ മികവുറ്റതാക്കുന്നു. ബിസിനസ് മീറ്റിംഗുകൾക്കും സന്ദർശകർക്ക് ഒഴിവു സമയം ചെലവിടാൻ ഉള്ള നഗരചത്വരം ആയും ഒക്കെ ഇവിടം ഉപയോഗപ്പെടുത്താം.
ആംഫി തിയേറ്ററിനോട് ചേർന്ന് ഇതിന്റെ ഭാഗമായി തന്നെ ഒരു മനുഷ്യനിർമ്മിത വെള്ളച്ചാട്ടവും ഇവിടുത്തെ മുഖ്യ ആകർഷണമാണ്. കലയും സാംസ്കാരികപരിപാടികളും പൈതൃകവും കൈകോർത്ത് നടക്കുന്ന ഷാർജക്ക് ഈ ആംഫിതിയേറ്റർ തിയേറ്റർ ഒരു മുതൽക്കൂട്ടാകും എന്നതിന് സംശയമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.