മുത്തുവാരൽ ആഘോഷമാക്കി അവർ മടങ്ങിയെത്തി
text_fieldsകുവൈത്ത് സിറ്റി: പതിറ്റാണ്ടുകൾ മുമ്പ് കടലിനെ ആശ്രയിച്ചുകഴിഞ്ഞിരുന്ന തങ്ങളുടെ പൂർവികരുടെ സ്മരണ പ്രവൃത്തികളിലും ജീവിതത്തിലും പുനരാവിഷ്കരിച്ച് കുവൈത്ത് പേൾ ഡൈവിങ് ഫെസ്റ്റിവലിന് സമാപനം. ശനിയാഴ്ച ആരംഭിച്ച ‘കടൽജീവിതവും’ മുത്തുവാരലും അവസാനിപ്പിച്ച് കുവൈത്തി യുവാക്കൾ മടങ്ങിയെത്തി. ഇതോടെ 32ാമത് ദേശീയ മുത്തുവാരല്‍ ഉത്സവത്തിന് സമാപനമായി.
രണ്ടു പായ്ക്കപ്പലിലായി 60ഓളം കുവൈത്തി മുങ്ങല്‍ വിദഗ്ധരാണ് ‘മുത്ത് തേടി’ യാത്രയായത്. പാരമ്പര്യ വേഷങ്ങളിൽ പഴയകാലത്തെ അനുസ്മരിക്കുന്ന ഉപകരണങ്ങളുമായാണ് യാത്രതിരിച്ചത്. സാൽമിയ തീരത്തുനിന്ന് ഖൈറാന്‍ ദ്വീപിലെത്തിയ സംഘം ആറു നാള് ഖൈറാന്‍ ദ്വീപില്‍ കഴിഞ്ഞ് മുത്തുപെറുക്കിയും കടൽജീവിതം അറിഞ്ഞുമാണ് തിരിച്ചെത്തിയത്.
മുൻകാലങ്ങളിൽ കുവൈത്തിലെ ജനങ്ങൾ ഉപജീവനമാർഗം തേടി നാലു മാസം വരെ നീണ്ട യാത്രകളിൽ മുത്തുപെറുക്കലിൽ ഏർപ്പെട്ടിരുന്നു. മുങ്ങിയെടുക്കുന്ന ഈ മുത്തുകളിലൂടെയാണ് ഒരു വിഭാഗം ജീവിതത്തിന്റെ ആവശ്യകതകൾ നിറവേറ്റുന്നതിനും ജീവിതം സുരക്ഷിതമാക്കുന്നതിനുമുള്ള പണം കണ്ടെത്തിയിരുന്നതും.
ഈ ഓർമകൾ നിലനിർത്തുന്നതിന്റെ ഭാഗമായി 1986ലാണ് കുവൈത്ത് സീ സ്പോർട്സ് ക്ലബ് വാർഷിക ഫെസ്റ്റിവലിന് തുടക്കമിട്ടത്. കോവിഡ് കാരണം നിർത്തിവെച്ച ഫെസ്റ്റിവൽ മൂന്നു വർഷത്തെ ഇടവേളക്കുശേഷമാണ് ഇത്തവണ തിരികെ എത്തിയത്. കടലില്‍നിന്ന് മുങ്ങിയെടുത്ത മുത്തുകളുമായി എത്തിയവരെ, കരയില്‍ കാത്തിരുന്ന കുടുംബങ്ങളും സുഹൃത്തുക്കളും പരമ്പരാഗത കുവൈത്തി ഗാനങ്ങള്‍ പാടിയും ചെണ്ടകൊട്ടിയും കൈയടിച്ചും സ്വീകരിച്ചു.
വ്യവസായമന്ത്രിയും യുവജനകാര്യമന്ത്രിയുമായ മുഹമ്മദ് അൽ ഐബാൻ, കുവൈത്തിലെ യു.കെ അംബാസഡർ ബെലിൻഡ ലൂയിസ്, കുവൈത്ത് സീ സ്പോർട്സ് ക്ലബ് ചെയർമാൻ ഫഹദ് അൽ ഫഹദ് എന്നിവര്‍ സമാപന ചടങ്ങില്‍ പങ്കെടുത്തു. പാരമ്പര്യ മഹിമയിലും പൈതൃക സംരക്ഷണത്തിലും ഏറെ അഭിമാനിക്കുന്നവരാണ് കുവൈത്തികള്‍. അതുകൊണ്ടുതന്നെ വര്‍ഷംതോറും അരങ്ങേറുന്ന മുത്തുവാരല്‍ ഉത്സവത്തിന് കുവൈത്ത് നല്കുന്ന പ്രാധാന്യവും ഏറെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.