മെലിയുന്ന മേയ് ദിനവും കൊഴുക്കുന്ന യോഗയും
text_fieldsചുവപ്പുനിറം കലർന്ന കലണ്ടറിലെ ഓരോ അക്കത്തിന്റെ പിറകിലും ചോരകൊണ്ട് കണ്ണീര് കഴുകിയ പ്രക്ഷോഭ ചരിത്രമാണ് പടർന്നുകിടക്കുന്നത്. മേയ് ഒന്ന് ചോരയുടെ ചുവപ്പും കണ്ണീരിന്റെ ഉപ്പും ആത്മബോധത്തിന്റെ തീയും ഒത്തുചേർന്നപ്പോൾ സംഭവിച്ച ഒരു രാഷ്ട്രീയ സ്ഫോടനത്തിന്റെ സംഗ്രഹമാണ്.
ഒരുദിവസം എന്ന് തോന്നുമെങ്കിലും അതൊരു ദിവസമല്ല. സത്യമായി മാറിയ മഹാസ്വപ്നങ്ങളുടെ സ്മരണകളാണതിൽ മഹാസമുദ്രം കണക്ക് ഇളകിമറിയുന്നത്. ‘എട്ടുമണിക്കൂർ ജോലി, എട്ടുമണിക്കൂർ വിശ്രമം, എട്ടുമണിക്കൂർ വിനോദം’ എന്നുള്ളത് മുദ്രാവാക്യത്തിനപ്പുറം, അജയ്യമായ തൊഴിലാളിവർഗ പ്രക്ഷോഭം ചരിത്രത്തിന്റെ ചുമരിൽ കുറിച്ചിട്ട ‘മഹാവാക്യമാണ്’. ഈയൊരു മഹാവാക്യത്തെ മറച്ചുവെച്ചുകൊണ്ട്, കാലത്തെ കീഴ്മേൽ മറിച്ച മനുഷ്യമുന്നേറ്റങ്ങളെക്കുറിച്ച് ചിന്തിക്കുക അസാധ്യമാണ്.
അത്രമേൽ ലോകവ്യാപകമായി കോളിളക്കം സൃഷ്ടിച്ച, മനുഷ്യജീവിതത്തിന്റെ ഭാഗധേയങ്ങളെ തിരുത്തിയെഴുതിയ, മേയ്ദിന സമരം സൃഷ്ടിച്ച സ്വാതന്ത്ര്യത്തിന്റെ തണലിലാണ് പരിമിതികൾക്കിടയിലും ആധുനിക മനുഷ്യർ ശിരസ്സുയർത്തിനിൽക്കുന്നത്.
തൊഴിലിടങ്ങളിലെ പീഡനങ്ങൾക്കിടയിൽവെച്ച്, എന്നെന്നേക്കുമായി തോറ്റുപോയി എന്ന് കരുതിയവർ, ഒത്തുചേർന്ന് ചുവടുറപ്പിച്ച് നേടിയ വിജയത്തിന്റെ വീര്യവിസ്മയങ്ങളാണ് ഓരോ മേയ്ദിനവും പങ്കുവെക്കുന്നത്. ഒഴിവുദിനമല്ല, ഒഴിഞ്ഞുപോവാനുള്ള ദിനവുമല്ല, ഒന്നുമില്ലാത്തവർ ഒത്തുചേർന്നാൽ, അസാധ്യമായതൊക്കെയും സാധ്യമായേക്കും എന്ന സന്ദേശമാണ്, മേയ് ഒന്നിൽ തളിർക്കുന്നത്.
‘നിങ്ങൾ കഴുത്തുഞെരിച്ചു കൊന്ന ശബ്ദത്തേക്കാൾ ഞങ്ങളുടെ നിശ്ശബ്ദത ശക്തമാകുന്ന ദിവസം വരും’ എന്ന മേയ്ദിന പ്രക്ഷോഭ നേതാവായ അഗസ്റ്റസ് സ്പൈസിന്റെ ശബ്ദം, ആത്മബോധമുള്ള മനുഷ്യർ ഈ ഭൂമിയിൽ ജീവിക്കുന്നിടത്തോളം കാലം അനാഥമാവുകയില്ല.
യൂറോപ്പിലെ പ്രാചീന ഉത്സവമായ മേയ്ദിനത്തിന് ആധുനികമായ പുതിയ ഉള്ളടക്കം ഉണ്ടായിത്തീർന്നത്, മൂലധന മേൽക്കോയ്മയെ നിവർന്നുനിന്ന് വെല്ലുവിളിച്ച, അമേരിക്കയിലെ ഷികാഗോയിൽ ആരംഭിച്ച് ലോകമാകെ പടർന്ന, പ്രക്ഷോഭ പരമ്പരകളിലൂടെയാണ്. പ്രാഥമിക ജനായത്ത അവകാശത്തിനുവേണ്ടിയുള്ള ആ സമരത്തെ അപകീർത്തിപ്പെടുത്തുകയും തല്ലിച്ചതക്കുകയുമാണ് അധികാരികൾ ചെയ്തത്.
ആ സമരത്തിന് നേതൃത്വം കൊടുത്തവരെ തൂക്കിക്കൊന്നു. അല്ലാത്തവരെ ജീവപര്യന്തം തടവിലിട്ടും പ്രസ്തുത സമരത്തെ ഓർമിപ്പിക്കുന്ന സ്മരണകളെ മായ്ച്ചുകളഞ്ഞും സമരത്തെ അടിച്ചമർത്തിയ പൊലീസ് ഉദ്യോഗസ്ഥരെയും ഗുണ്ടകളെയും ആദരിച്ചും അവർക്ക് സ്മാരകങ്ങൾ നിർമിച്ചുമാണ് മൂലധന ശക്തികളും അമേരിക്കൻ ഭരണകൂടവും മാധ്യമങ്ങളും കോടതികളും 1886ലെ മഹാസമരത്തെ നേരിട്ടത്.
1887 നവംബർ 11 മേയ്ദിനത്തെ സംബന്ധിച്ചിടത്തോളം, ആ പ്രക്ഷോഭ ചരിത്രത്തിലെ ഒരിക്കലും മറക്കാൻ പാടില്ലാത്ത, മനുഷ്യരായ മനുഷ്യരെയൊക്കെയും നൊമ്പരപ്പെടുത്തുന്ന, മറ്റൊന്നുമായും പകരംവെക്കുക പ്രയാസമായൊരു തീയതിയാണ്. അന്നാണ് മഹാന്മാരായ മേയ്ദിന പ്രക്ഷോഭ നായകരായ ആർബർട്ട് ആർ പാർസണെയും അഡോൾഫ് ഫിഷറെയും അഗസ്റ്റസ് സ്പൈസിനെയും ജോർജ് എംഗൽസിനെയും മൂലധനശക്തികളുടെ താൽപര്യം സംരക്ഷിക്കാൻ യു.എസ് കോടതി തൂക്കിലേറ്റിയത്.
എന്നാൽ, അതേ അമേരിക്കയിലെ ഇല്യാനോയിലെ ഗവർണർ പീറ്റർ അട്ജൽസ് തടവറയിൽ അവശേഷിക്കുന്ന മേയ്ദിന തടവുകാരെ മോചിപ്പിക്കുകയും നീതിപീഠം നടത്തിയ മേയ്ദിന പ്രക്ഷോഭ നായകരുടെ തൂക്കിക്കൊലകളെ ഭീകരപ്രവർത്തനമായി വിശേഷിപ്പിക്കുകയും ചെയ്തു. എന്നാൽ, അമേരിക്ക പിന്തുടർന്നത് പീറ്റർ അട്ജൽസ് പ്രകടിപ്പിച്ച നീതിബോധത്തെ മുന്നോട്ടു കൊണ്ടുപോവാനല്ല; തൊഴിലാളി പ്രസ്ഥാനങ്ങളെയാകെ തുടച്ചുനീക്കാനാണ്.
ലോക മാനവചരിത്രത്തിന്റെ ഗതി തിരുത്തിക്കുറിച്ച ഷികാഗോയിൽ ഭരണകൂടം നിർമിച്ചത്, സമരത്തെ ചോരയിൽ മുക്കിക്കൊന്ന മർദകരുടെ സ്മാരകമാണ്. അത് പക്ഷേ, നിരന്തര പ്രതിഷേധങ്ങൾക്കൊടുവിൽ ഹേമാർക്കറ്റ് ചത്വരത്തിൽനിന്ന് സുരക്ഷിതത്വം പരിഗണിച്ച് പൊലീസ് ഹെഡ്ക്വാർട്ടേഴ്സിന്റെ അകത്തേക്ക് മാറ്റിസ്ഥാപിക്കേണ്ടിവന്നു.
അൽപം ആഴത്തിൽ ചിന്തിച്ചാൽ ഏതർഥത്തിലും 1893ലെ ഷികാഗോയിലെ ലോക മതസമ്മേളനത്തേക്കാൾ പ്രസക്തമാണ്, അതിനും ഏഴുകൊല്ലം മുമ്പ് അതേ ഷികാഗോയിൽ നടന്ന മഹാപ്രക്ഷോഭം. പക്ഷേ, മേയ്ദിന സ്മരണകൾ ത്രസിപ്പിക്കുന്ന ഷികാഗോ ആ അർഥത്തിൽ അമേരിക്കൻ ഭൂപടത്തിലില്ല. ഷികാഗോയിൽ മതസമ്മേളനത്തിന്റെ മുദ്രകളുണ്ട്. വിവേകാനന്ദന്റെ പേരിൽ ഷികാഗോയിൽ റോഡുണ്ട്.
അതെല്ലാം വേണ്ടതുതന്നെ. എന്നാൽ, അതിനും മുമ്പ് അതേ ഷികാഗോയിൽ നടന്ന മഹാസമരത്തിന്റെ ഒരവശിഷ്ട മുദ്രപോലും ഇന്നവിടെ അവശേഷിക്കുന്നില്ല! മേയ്ദിന പോരാളികളെ ഷികാഗോ മേയിൽ, ഷികാഗോ ട്രിബൂൺ, ന്യൂയോർക് ടൈംസ് തുടങ്ങിയ പത്രങ്ങൾ അന്ന് വിശേഷിപ്പിച്ചത് സമരനേതാക്കൾ എന്നല്ല, തെണ്ടികൾ, തെമ്മാടികൾ, ചുവപ്പുഭീകരർ, അമേരിക്കാവിരുദ്ധർ എന്നിങ്ങനെയായിരുന്നു.
ഇക്കാര്യം അന്നെന്നപോലെ ഇന്നും അമേരിക്കയിൽ മാത്രമല്ല ഇന്ത്യയിലും ഓർമിക്കപ്പെടേണ്ടത് അനിവാര്യമാണ്. സമാനതകളില്ലാത്ത സമരകേന്ദ്രമായി മാറിയ ഹേ മാർക്കറ്റിൽ, ആൽബർട്ട് പാർസണിന്റെയോ അഗസ്റ്റസ് സ്പൈസിന്റെയോ പേരിലൊരു പാർക്ക് പോലുമില്ല. മറിച്ച് അവിടെയുള്ളത് ഡിസ്നി ലാൻഡ് മോഡലിലുള്ള ആനന്ദ പാർക്കാണ്!
മേയ്ദിനം ഇന്നുയർത്തേണ്ട പ്രധാന ചോദ്യം പൊരുതിനേടിയ എട്ടു മണിക്കൂർ വർധിപ്പിക്കുന്നതും തൊഴിലവകാശങ്ങൾ റദ്ദുചെയ്യപ്പെടുന്നതും മാത്രമല്ല, നമ്മളറിഞ്ഞും അറിയാതെയും നമ്മുടെ വിശ്രമസമയവും വിനോദസമയവും മൂലധനശക്തികൾ പിടിച്ചെടുക്കുന്നതുകൂടിയാണ്.
പൊരുതി നേടിയ സമയക്രമം അട്ടിമറിക്കുകയും അതിന്റെ സാംസ്കാരിക ഉള്ളടക്കം മലിനമാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നതുകൂടിയാണ്. മേയ്ദിന സ്മാരക കാലത്ത് തൊഴിലാളികൾ 8 മണിക്കൂറിനെ ഘടികാരത്തിലെ സമയമായിട്ടല്ല, ചൂഷക ചരിത്രഘട്ടത്തെ തിരുത്തുന്ന സ്വാതന്ത്ര്യത്തിന്റെ ആഘോഷമായാണ് കണ്ടത്. അവരന്ന് ഉണ്ടാക്കിയ ഷൂസിന് 8 മണിക്കൂർ ഷൂസ് എന്നും സിഗരറ്റിന് 8 മണിക്കൂർ സിഗരറ്റ് എന്നും അഭിമാനത്തോടെ പേരുവിളിച്ചു.
അതേസമയം, മൂലധന ശക്തികൾ അതേ 8 മണിക്കൂറിനെ വിളിച്ചത് എട്ടു മണിക്കൂർ ഭ്രാന്ത് എന്നായിരുന്നു. ജർമനിയിലെ ‘ഉരുക്ക് ചാൻസ്ലർ’ എന്നറിയപ്പെട്ട ബിസ് മാർക്ക് മേയ്ദിനം നിയമവിരുദ്ധ ദിനമായി പ്രഖ്യാപിച്ചതും പിന്നീട് വന്ന അഡോൾഫ് ഹിറ്റ്ലർ ആദ്യം മേയ്ദിനം ഒഴിവുദിനമായി പ്രഖ്യാപിച്ചതും തുടർന്ന് തൊഴിലാളി സംഘടനകളെ നിരോധിച്ചതും ചരിത്രത്തിന്റെ ഭാഗമാണ്.
ഫ്രഞ്ച് വിപ്ലവ വിജയത്തിന്റെ പ്രതീകങ്ങളായി പരിഗണിക്കപ്പെടുന്ന ഫ്രാൻസിലെ ബാസ്റ്റിൽ കാരാഗൃഹത്തിന്റെ പതനത്തിന്റെ നൂറാം വാർഷികമായ 1889 ജൂലൈ മാസത്തിൽ ലോക തൊഴിലാളി പ്രസ്ഥാനത്തെ പ്രതിനിധാനം ചെയ്ത രണ്ടാം ഇന്റർനാഷനലാണ് മേയ്ദിനത്തെ സാർവദേശീയദിനമായി പ്രഖ്യാപിക്കുന്നത്. അന്നുമുതൽ ഇന്നുവരെ മേയ്ദിനം ലോകത്ത് പലവിധത്തിൽ ആചരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നുള്ളത് അഭിമാനകരമാണ്.
അമേരിക്കയിൽ ഇന്നത് കൊണ്ടാടുന്നത്, ‘ശിശു ആരോഗ്യദിന’മായിട്ടാണെങ്കിലും! ചൂഷകർ ഭയക്കുന്നത് മേയ്ദിനത്തിന്റെ രാഷ്ട്രീയ ഉള്ളടക്കത്തെയാണ്. ഇന്ത്യയിലിന്ന് പ്രത്യേകിച്ചൊരു പ്രക്ഷോഭ ചരിത്രവുമില്ലാത്ത ‘യോഗ’ കൊഴുക്കുകയും; സ്വയം മഹാ പ്രക്ഷോഭമാവുകയും പ്രക്ഷോഭ പരമ്പരകൾക്ക് പിറവി നൽകുകയും ചെയ്ത മേയ്ദിനം മെലിയുകയും ചെയ്യുന്നതാണ് പൊതുവിൽ നാം കാണുന്നത്.
സെമിനാറുകളിലും പ്രകടനങ്ങളിലും പോസ്റ്ററുകളിലും അവസാനിക്കുന്നതിന് പകരം മേയ്ദിനത്തെ ശരിക്കുള്ള ഒരു ജനകീയ ഉത്സവമാക്കി ഉയർത്താനുള്ള ശ്രമങ്ങൾക്കാണ് ജനായത്ത പ്രസ്ഥാനങ്ങൾ നേതൃത്വം നൽകേണ്ടത്. തൊഴിലാളിക്ക് ‘യോഗ’ ചെയ്യാനുള്ള സമയം ലഭിച്ചത്, മേയ്ദിന സമരത്തിന്റെ സംഭാവനയാണെന്ന സത്യം മറ്റാര് മറന്നാലും ഒരു തൊഴിലാളിയും മറക്കരുത്!
രണ്ടു വർഷം മുമ്പ് ഒരു സാംസ്കാരിക പ്രവർത്തകൻ എന്ന നിലയിൽ വിചിത്രമായ ഒരനുഭവമുണ്ടായതുകൂടി ഇതോടൊപ്പം ചേർക്കുന്നത് നന്നാവുമെന്നു തോന്നുന്നു. വയനാട് ജില്ലയിലെവിടെയോ ജൂൺ 21ന് ഒരു സാംസ്കാരിക പരിപാടിയിൽ പങ്കെടുക്കാമെന്ന് സമ്മതിച്ചിരുന്നു.
പ്രസ്തുത പ്രോഗ്രാമിന് രണ്ടാഴ്ച മുമ്പ് സംഘാടകരിൽപെട്ട ഒരാളുടെ ഫോൺവിളി വന്നു. അന്നേദിവസം യോഗദിനമായതിനാൽ സാംസ്കാരിക പരിപാടി നടക്കില്ല എന്നായിരുന്നു അത്. അത്ഭുതം, ജീവിതത്തിൽ ഇതിന് മുമ്പൊന്നും ഇങ്ങനെയൊരു കാരണംകൊണ്ട് ഒരു സാംസ്കാരിക സമ്മേളനവും മാറ്റിവെച്ച അനുഭവം ഉണ്ടായിട്ടില്ല.
2014ന് ശേഷമുള്ള നവ ഫാഷിസ്റ്റ് രാഷ്ട്രീയ സർക്കസിൽ അതിനോട് ശരിക്കും വിയോജിച്ചുള്ളവരും വീണുപോവുന്നതിന്റെ ഭാഗമായിട്ടല്ലാതെ അതിനെ മറ്റൊരു തരത്തിലും കാണാനാവില്ല. ജൂൺ 21 സാർവദേശീയ മാനവിക ദിനമാണെന്നത് ഓർക്കാൻ നേരമില്ലാത്തവർകൂടി, മേയ്ദിനത്തെ ഔചാരികതയിൽ ഒതുക്കി സംതൃപ്തരാവുന്നവർ കൂടി ‘പ്രദർശന യോഗ’യുടെ ചാമ്പ്യന്മാരാവുന്ന അവസ്ഥ സഹതാപാർഹമാണ്.
ഇന്ത്യയുടെ അഭിമാനമായ പഴയ പതഞ്ജലിയുടേത് പ്രദർശനയോഗ ആയിരുന്നില്ലെന്നെങ്കിലും മിനിമം നാം ഓർക്കണം. അതേസമയം പുതിയ പതഞ്ജലി ബാബാ രാംദേവിന്റെ പ്രദർശനയോഗയുടെ രാഷ്ട്രീയ ഉള്ളടക്കം മറക്കുകയും ചെയ്യരുത്.
അദ്ദേഹം 2017ൽ ബിഹാറിലെ മോത്തിഹാരിയിൽ സംഘടിപ്പിച്ച യോഗ ഉത്സവം മാധ്യമശ്രദ്ധ പിടിച്ചുപറ്റിയത് ശീർഷാസനം മുതൽ ശവാസനം വരെയുള്ള ആസവ സഹോദരങ്ങളുടെ പ്രകടനം കണ്ടല്ല, അന്നത്തെ കേന്ദ്ര കൃഷിമന്ത്രി രാധാ മോഹൻ സിങ്ങിന്റെ ഒരു ഗമണ്ടൻ ബബ്ളൂസ് പ്രസ്താവന കേട്ടാണ്! ബാബാ രാംദേവിനൊപ്പം യോഗ ഉത്സവത്തിൽ ആവേശഭരിതനായി പങ്കെടുത്തുകൊണ്ടിരുന്ന മന്ത്രിയോട് കർഷക സമരത്തെക്കുറിച്ചും അതിന്റെ ഭാഗമായി നിരവധി പേർ വെടിയേറ്റ് മരിച്ചതിനെക്കുറിച്ചും മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ അദ്ദേഹം പത്മാസനത്തിലിരുന്ന് അരുൾചെയ്തത് കർഷകർ യോഗ ചെയ്യട്ടെ എന്നായിരുന്നു.
കർഷകപ്രശ്നങ്ങൾക്കുള്ള സിദ്ധൗഷധം യോഗയാണെന്ന് മന്ത്രിയുടെ പ്രഖ്യാപനം കേട്ടപ്പോൾ മാധ്യമപ്രവർത്തകർ പകച്ചുപോയിരിക്കാമെങ്കിലും ബാബാ രാംദേവ് പുളകിതനായിരിക്കണം.
2015ൽ സാർവദേശീയ പദവി നേടിയ യോഗക്കുമുന്നിൽ 1889 മുതലെങ്കിലും ഒരു ഐക്യരാഷ്ട്രസഭയുടെയും ഭരണകൂട അധികാരത്തിന്റെയും പിന്തുണയില്ലാതെ ആഘോഷിക്കപ്പെടുന്ന മേയ്ദിനം ഇന്ന് ഇന്ത്യയിൽ നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്ന് ‘യോഗ കീജിയേ’, ‘Do yoga’, ‘യോഗ ചെയ്യുക’ എന്ന ഒരുവിധ ശ്വസനക്രമീകരണ വിദ്യകളുമായും പൊരുത്തപ്പെടാത്ത പ്രസ്താവന കൂടിയായതിനാലാണ് ഈ മേയ്ദിന ഓർമക്കുറിപ്പിൽ മേയ്ദിനത്തെ നിർവീര്യമാക്കാൻ പരോക്ഷമായി ശ്രമിക്കുന്ന ആ മറവി വൈറസിനെക്കുറിച്ചുകൂടി സംക്ഷിപ്തമായി ഇത്രയും പറഞ്ഞത്!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.