ലോകത്തിലെ ഏറ്റവും ചെറിയ പുസ്തകത്തിന് 10 വയസ്സ്
text_fieldsഇന്ന് വായനദിനം
എരുമപ്പെട്ടി: ഒരു സെന്റിമീറ്റർ മാത്രം നീളവും വീതിയും 300 മില്ലി ഗ്രാം തൂക്കവുമുള്ള, നഗ്നനേത്രങ്ങൾകൊണ്ട് വായിക്കാൻ കഴിയുന്ന ലോകത്തിലെ ഏറ്റവും ചെറിയ പുസ്തകമായ ഗിന്നസ് സത്താർ ആദൂർ രചിച്ച 'വൺ' കാവ്യസമാഹാരത്തിന് 10 വയസ്സ് പൂർത്തിയായി. 2012 ജൂൺ 19ന് വായനാദിനത്തിലാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. 68 പേജുകളുള്ള ഇതിൽ 66 വ്യത്യസ്തമായ ഭാഷാ കവിതകളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.
ഹിന്ദി, സംസ്കൃതം, ഉറുദു, തമിഴ്, തെലുങ്ക്, കന്നഡ, ഗുജറാത്തി, ബംഗാളി, മലയാളം തുടങ്ങിയ ഒമ്പത് ഇന്ത്യൻ ഭാഷകളിലേക്കും ഹിബ്രു, ചൈനീസ്, പോളിഷ്, ഇംഗ്ലീഷ്, പേർഷ്യൻ, ഇറ്റാലിയൻ, ജർമൻ, ഡച്ച്, ജപ്പാനീസ്, അറബിക്, ഫ്രഞ്ച്, ടർക്കിഷ്, ലാറ്റിൻ, സ്പാനിഷ്, ഗ്രീക്ക്, ഫിലിപ്പിനോ, പോർച്ചുഗീസ്, റഷ്യൻ തുടങ്ങിയ 57 വിദേശഭാഷകളിലേക്കും സ്വന്തം രചനകളെ വിവർത്തനം ചെയ്തതാണ് സത്താർ ആദൂർ ഈ മിനിയേച്ചർ ബുക്ക് തയാറാക്കിയത്.
ഒരു എ ഫോർ ഷീറ്റ് കൊണ്ട് 68 പേജുകളുള്ള പത്തു പുസ്തകം എന്ന തരത്തിൽ രൂപകൽപ്പന ചെയ്ത, കണ്ണിന്റെ കൃഷ്ണ മണിയോളം മാത്രം വലിപ്പമുള്ള ഈ അത്ഭുത കൃതിക്ക് റെക്കോർഡ് സെറ്റർ, ലിംക്ക ബുക്ക് ഓഫ് റെക്കോർഡ്, വേൾഡ് റെക്കോർഡ്സ് ഇന്ത്യ, യൂനിറ്റ് വേൾഡ് റെക്കോർഡ്, മിറാക്കിൾസ് വേൾഡ് റെക്കോർഡ്സ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്, ഇന്ത്യാസ് ബെസ്റ്റ് അച്ചീവർ, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്, റെക്കോർഡ് ഹോൾഡേഴ്സ് റിപ്പബ്ലിക് തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.