ഭാഷ അലങ്കാരമല്ല, ആവശ്യമാണ് -എം.ടി 'സാഹിത്യത്തെ ഒഴിച്ചുനിർത്തിയുള്ള മലയാള പഠനം അസാധ്യം'
text_fieldsതിരൂർ: ഭാഷ അലങ്കാരമല്ല, ജീവിതത്തിന്റെ ആവശ്യകതയാണെന്ന് എം.ടി. വാസുദേവൻ നായർ. പതിറ്റാണ്ട് പിന്നിടുന്ന തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയുടെ പത്താം വാർഷികാഘോഷത്തിലും മലയാള വാരാഘോഷ പരിപാടിയിലും മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പാഠ്യപദ്ധതിയിൽ മലയാളം ഉൾക്കൊള്ളുന്നതോടൊപ്പം തന്നെ കൃത്യമായ അവഗാഹം വിദ്യാർഥികളിൽ സൃഷ്ടിച്ചെടുക്കാനും കഴിയണം. സാഹിത്യത്തെ ഒഴിച്ചുനിർത്തിയുള്ള മലയാള പഠനം അസാധ്യമാണെന്നും പഴയതുപോലെ വിദ്യാർഥികൾ കവിത മനഃപാഠമാക്കുന്നതിൽ തെറ്റൊന്നുമില്ലെന്നും എം.ടി പറഞ്ഞു. മലയാളികൾ തങ്ങളുടെ അടിത്തറപോലും അറിയാൻ ശ്രമിക്കുന്നില്ല. മലയാളിയുടെ നിലനിൽപ്പ് മലയാള ഭാഷയിലൂടെ മാത്രമാണെന്നും അതിന് മറ്റു വഴികളില്ലെന്നും അദ്ദേഹം ഓർമപ്പെടുത്തി.
സർവകലാശാല വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ അധ്യക്ഷത വഹിച്ചു. കേരള സർക്കാറിന്റെ കേരളജ്യോതി അവാർഡിനർഹനായ എം.ടിയെ സർവകലാശാല ഉപഹാരം നൽകി ആദരിച്ചു.
പ്രമുഖ ഓങ്കോളജിസ്റ്റ് ഡോ. എം.വി. പിള്ള, വിവർത്തകൻ കെ.എസ്. വെങ്കിടാചലം സംസാരിച്ചു. സാഹിത്യ രചന അധ്യാപകൻ ഡോ. സി. ഗണേഷ് സ്വാഗതവും വിദ്യാർഥി യൂനിയൻ ജനറൽ സെക്രട്ടറി പി.സി. ശ്രുജിത്ത് നന്ദിയും പറഞ്ഞു. ഉച്ചക്കുശേഷം സർവകലാശാലയിലെ വിദ്യാർഥികളുടെ രചന മത്സരങ്ങളും കലാപരിപാടികളും നടത്തി.
ആരോഗ്യ സേവനത്തിന് മലയാളം എന്ന സന്ദേശം മഹത്തരം
തിരൂർ: വൈദ്യപഠനത്തിന്റെ ഭാഗമായി മലയാള ഭാഷ അഭ്യസിപ്പിക്കാനുള്ള പദ്ധതി ആവിഷ്കരിക്കാനുള്ള കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ ഉദ്യമം മഹത്തരമായ മാതൃകയാണെന്ന് എം.ടി. വാസുദേവൻ നായർ. വൈദ്യമേഖലയിൽ പ്രവർത്തിക്കുന്നവരുടെ മാനുഷിക മുഖമാണ് മാതൃഭാഷ. ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ മലയാള പഠനത്തിനുതുടക്കം കുറിക്കുന്ന ആരോഗ്യ സേവനത്തിന് മലയാളം എന്ന പദ്ധതി ഉദ്ഘാടനം ചെയ്ത് തിരൂർ തുഞ്ചൻപറമ്പിൽ സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തുഞ്ചൻ സ്മാരക മലയാള സർവകലാശാലയുമായി സഹകരിച്ചാണ് പദ്ധതി ആവിഷ്കരിക്കുന്നത്.
യോഗത്തിൽ ആരോഗ്യ ശാസ്ത്ര സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. പ്രഥമ കേരളജ്യോതി പുരസ്കാരം നേടിയ എം.ടിയെ ആദരിച്ചു. പ്രൊ വൈസ് ചാൻസലർ ഡോ. സി.കെ. വിജയൻ സ്വാഗതം പറഞ്ഞു. അമേരിക്കയിലെ തോമസ് ജെഫേഴ്സൺ സർവകലാശാല പ്രഫസറും എഴുത്തുകാരനുമായ ഡോ. എം.വി. പിള്ള പദ്ധതി വിശദീകരിച്ചു. രജിസ്ട്രാർ ഡോ. എ.കെ. മനോജ് കുമാർ നന്ദി പറഞ്ഞു. മലയാള സർവകലാശാലയിലെയും ആരോഗ്യ സർവകലാശാലയുടെയും വിദഗ്ധർ പങ്കെടുത്ത ശിൽപശാലയിൽ മലയാള പഠനത്തിനുള്ള പാഠ്യപദ്ധതിയുടെ രൂപരേഖ തയാറാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.