പെട്ടിയിലിരുന്നത് 15 വർഷം; കനൽപ്പാത താണ്ടി നാരായന്റെ 'കൊച്ചരേത്തി'
text_fieldsതൃശൂർ: 'ദ അരയ വുമൻ' എന്ന പേരിൽ ഓക്സ്ഫോർഡ് യൂനിവേഴ്സിറ്റി പ്രസ് ഇംഗ്ലീഷിൽ വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ച നോവലാണ് കഥാകൃത്ത് നാരായന്റെ 'കൊച്ചരേത്തി'. പക്ഷേ, എഴുതി പുറംലോകം കാണാതെ ആ നോവൽ പെട്ടിയിലിരുന്നത് 15 വർഷമാണ്.
ദാരിദ്രം പുരകേറിയ സമയത്തായിരുന്നു നാരായന്റെ സ്കൂൾ പഠനം. കടം വാങ്ങിക്കിട്ടിയ പഴയ പാഠപുസ്തകങ്ങളായിരുന്നു ആശ്രയം. ഉച്ചക്ക് ഭക്ഷണം കിട്ടുമല്ലോ എന്നായിരുന്നു സ്കൂളിൽ പോകാനുള്ള പ്രധാന കാരണം. അടക്ക പറിക്കാൻ സഹായിയായി പോകുന്നതിനിടക്കാണ് എംേപ്ലായ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യുന്നതും പിന്നീട് തപാൽ വകുപ്പിൽ ക്ലർക്കായി ജോലി ലഭിക്കുന്നതും. അക്ഷരങ്ങൾ വായിച്ചുതുടങ്ങിയ കാലത്ത് വായനയിലുള്ള താൽപര്യം കണ്ടറിഞ്ഞ മഹാത്മ വായനശാല സെക്രട്ടറി നീട്ടിത്തന്ന പുസ്തകങ്ങളായിരുന്നു വഴികാട്ടി.
വായന ലഹരിയായി. ആദിവാസി ജീവിതം സത്യസന്ധമായി പരിചയപ്പെടുത്താൻ കഴിയുന്ന രചന വായിക്കാൻ കഴിയുമോ എന്ന അന്വേഷണം വായനയുടെ ദിശ നിർണയിച്ചു. പേൾ എസ്. ബക്കിന്റെ 'നല്ല ഭൂമി' നോവൽ പ്രചോദനമായി. അങ്ങനെയായിരുന്നു 'കൊച്ചരേത്തി' പിറന്നത്. 1980നുശേഷമാണ് നാരായൻ കൊച്ചരേത്തി എഴുതാൻ തുടങ്ങിയത്. ഗ്രാമത്തിൽ ചട്ടിയും കലവുമൊക്കെ വിൽക്കാൻ വരുന്നവർ ചെറുപ്പക്കാരികളെ കൊച്ചരേത്തിയെന്നാണ് വിളിച്ചിരുന്നത്.
എഴുതിത്തീർത്ത നോവൽ 15 വർഷം പുറംലോകം കാണാതെ പെട്ടിയിലിരുന്നെന്ന് 'മാധ്യമ'ത്തിന് നൽകിയ അഭിമുഖത്തിൽ നാരായൻ പറഞ്ഞിരുന്നു. പല പ്രസാധകരെയും സമീപിച്ചെങ്കിലും ആരും ഏറ്റെടുത്തില്ല. 15 വർഷത്തിന് ശേഷം പെൻഷൻ പറ്റിയ കാലത്ത് നോവൽ ഡി.സി ബുക്സിന് അയച്ചുകൊടുക്കുകയായിരുന്നു. അവർ പ്രസിദ്ധീകരിച്ചു.
പിന്നീട് 'ദ അരയ വുമൻ' എന്ന പേരിൽ ഓക്സ്ഫോർഡ് യൂനിവേഴ്സിറ്റി പ്രസ് ഇംഗ്ലീഷിൽ വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ചു. അപൂർവം എഴുത്തുകാർക്ക് കിട്ടുന്ന അവസരം. 1999ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ ഈ നോവലിന്റെ ഹിന്ദി പരിഭാഷ കേന്ദ്രസാഹിത്യ അക്കാദമിയാണ് പുറത്തിറക്കിയത്. പഴയ തലമുറയുടെ ഐതിഹ്യങ്ങളെ തേടിയുള്ള യാത്രയായിരുന്നു നാരായന്റെ കഥകളുടെ പശ്ചാത്തലം. പുറമെ നിന്നുള്ള ആളുകളുടെ പ്രകോപനപരമായ സൃഷ്ടിയാണ് എഴുതാൻ പ്രേരിപ്പിച്ചതെന്ന് നാരായൻ തുറന്നുപറഞ്ഞിരുന്നു. സാഹിത്യ അക്കാദമി മുൻ നിർവാഹക സമിതി അംഗം കൂടിയായിരുന്ന നാരായൻ അവസാനം വരെ എഴുത്ത് തുടർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.