അഞ്ചാമത് ജെ.സി.ബി പുരസ്‌കാരത്തിന്റെ ആദ്യഘട്ട പട്ടികയിൽ ഷീല ടോമിയുടെ 'വല്ലി'
text_fieldsകൊച്ചി: ജെ.സി.ബി സാഹിത്യപുരസ്‌കാരം അഞ്ചാം എഡിഷന്റെ ആദ്യഘട്ട പട്ടികയില്‍ ഖത്തറിലെ മലയാളി എഴുത്തുകാരി ഷീലാ ടോമിയുടെ വല്ലി ഇടം പിടിച്ചു. ഇന്ത്യയിലെ അഭിമാനകരമായ സാഹിത്യ പുരസ്‌ക്കാരമാണ് ജെ.സി.ബി. 2022ലെ ആദ്യഘട്ട പട്ടികയില്‍ ആറു വിവര്‍ത്തനങ്ങളാണ് സ്ഥാനം പിടിച്ചത്. മലയാളം, ബംഗാളി ഭാഷകളിലെ കൃതികള്‍ക്കൊപ്പം ഉര്‍ദു, ഹിന്ദി, നേപ്പാളി ഭാഷകളിലെ കൃതികളും ആദ്യമായി ആദ്യഘട്ട പട്ടികയില്‍ ഇടംപിടിച്ചു. പത്ത് നോവലുകള്‍ ഉള്‍പ്പെടുന്നതാണ് ആദ്യഘട്ട പട്ടിക.
അഞ്ച് ജഡ്ജിമാരടങ്ങുന്ന പാനലാണ് ആദ്യഘട്ട പട്ടികയിലെ പുസ്തകങ്ങള്‍ കണ്ടെത്തിയത്. പത്രപ്രവര്‍ത്തകനും എഡിറ്ററുമായ എ.എസ് പനീര്‍സെല്‍വന്‍ ആണ് പാനലിന്റെ അധ്യക്ഷന്‍. എഴുത്തുകാരനായ അമിതാഭ് ബാഗ്ചി, എഴുത്തുകാരിയും അധ്യാപകയുമായ രഖീ ബലറാം, വിവര്‍ത്തകയും എഴുത്തുകാരിയും അധ്യാപികയുമായ ഡോ. ജെ ദേവിക, എഴുത്തുകാരിയായ ഡോ. ജാനിസ് പരിയാറ്റ് എന്നിവരാണ് പാനലിലുള്ളത്.
ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്ന അഞ്ച് കൃതികള്‍ ഒക്ടോബറില്‍ പ്രഖ്യാപിക്കും. 25 ലക്ഷം രൂപ വിലമതിയ്ക്കുന്ന ജെ.സി.ബി പുരസ്‌കാരം നവംബര്‍ 19ന് പ്രഖ്യാപിക്കും. വിവർത്തനത്തിനാണ് പുരസ്‌കാരമെങ്കില്‍ വിവര്‍ത്തകന് 10 ലക്ഷം രൂപയും ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത കൃതി വിവര്‍ത്തനമാണെങ്കില്‍ വിവര്‍ത്തകന് അരലക്ഷം രൂപ വീതവുമാണ് ലഭിക്കുക.
മലയാളത്തില്‍ നിന്ന് ഷീല ടോമിയുടെ വല്ലിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ജയശ്രീ കളത്തിലാണ് വിവര്‍ത്തനം ചെയ്തത്. റഹ്മാന്‍ അബ്ബാസിന്റെ റോഹ്‌സിന്‍, സാബിക അബ്ബാസ് നഖ്‌വി ഉറുദുവില്‍ നിന്ന് വിവര്‍ത്തനം ചെയ്തു. മനോരഞ്ജന്‍ ബ്യാപാരിയുടെ ഇമാന്‍, ബംഗാളിയില്‍ നിന്ന് അരുണാവ സിന്‍ഹ വിവര്‍ത്തനം നിര്‍വഹിച്ചു. മാമാങ് ദായിയുടെ എസ്‌കേപ്പിങ് ദ ലാന്‍ഡ്, ഖാലിദ് ജാവേദിന്റെ പാരഡൈസ് ഓഫ് ഫുഡ്, ഉര്‍ദുവില്‍ നിന്ന് ബരന്‍ ഫാറൂഖി വിവര്‍ത്തനം ചെയ്തത്, ചുഡന്‍ കബിമോയുടെ സോങ് ഓഫ് ദി സോയില്‍, നേപ്പാളിയില്‍ നിന്ന് അജിത്ബറാല്‍ വിവര്‍ത്തനം ചെയ്തത്, ഈസ്റ്ററിന്‍കൈറിന്റെ സ്പിരിറ്റ് നൈറ്റ്സ്, തജ് സര്‍നയുടെ ക്രിംസണ്‍ സ്പ്രിങ്, അനീസ് സലിമിന്റെ ദി ഓഡ് ബുക്ക് ഓഫ് ബേബി നെയിംസ്, ഗീതാഞ്ജലി ശ്രീയുടെ ടോംബ് ഓഫ് സാന്‍ഡ് ഡെയ്‌സി റോക്ക്വെല്‍ ഹിന്ദിയില്‍ നിന്ന് വിവര്‍ത്തനം ചെയ്തത് എന്നിവയാണ് ആദ്യഘട്ട പട്ടികയിലുള്ളത്. ആദ്യഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പത്തു കൃതികളും ഒരര്‍ഥത്തില്‍ സമകാലിക ഇന്ത്യയുടെ പ്രതിഫലനമാണെന്ന് ജൂറി അധ്യക്ഷന്‍ എ.എസ് പനീര്‍ശെല്‍വന്‍ അഭിപ്രായപ്പെട്ടു.
സാഹിത്യത്തിനുള്ള ജെ.സി.ബി പുരസ്‌കാരം ഇതുവരെ നാലുപേര്‍ക്കാണ് ലഭിച്ചത്. 2018ല്‍ ഷഹനാസ് ഹബീബ് മലയാളത്തില്‍ നിന്ന് വിവര്‍ത്തനം ചെയ്ത ബെന്യാമിന്റെ ജാസ്മിന്‍ ഡേയ്‌സിനും 2019ല്‍ ദി ഫാര്‍ ഫീല്‍ഡ് എന്ന കൃതിയ്ക്ക് മാധുരി വിജയ്ക്കും 2020ല്‍ മലയാളത്തില്‍ നിന്ന് ജയശ്രീ കളത്തില്‍ വിവര്‍ത്തനം ചെയ്ത എസ് ഹരീഷിന്റെ മൊസ്റ്റാഷിനും 2021ല്‍ ഫാത്തിമ ഇ.വി., നന്ദകുമാര്‍ കെ എന്നിവര്‍ ചേര്‍ന്ന് മലയാളത്തില്‍ നിന്നു വിവര്‍ത്തനം ചെയ്ത എം മുകുന്ദന്റെ ഡല്‍ഹി: എ സോളിലോക്വി എന്ന കൃതിക്കുമാണ് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.