62 സ്ത്രീകളുടെ 62 പുസ്തകങ്ങൾ; മലയാളത്തിന് ചരിത്ര നിമിഷം
text_fieldsഷാർജ: കേരളത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള 62 സ്ത്രീകളുടെ 62 പുസ്തകങ്ങൾ ഒരുമിച്ച് പ്രകാശനം ചെയ്യപ്പെടുക എന്ന അത്യപൂർവ നിമിഷത്തിനാണ് തിങ്കളാഴ്ച ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം സാക്ഷിയായത്. പെണ്ണില്ലം എഴുത്തിടം എന്ന കൂട്ടായ്മയുടെ കീഴിലാണ് കേരളത്തിലങ്ങോളമിങ്ങോളമുള്ള പ്രതിഭാശാലികളായ ഒരു കൂട്ടം വനിതാ എഴുത്തുകാരുടെ സർഗ സൃഷ്ടികൾ അറബ് ലോകത്ത് പ്രകാശിതമായത്.
62 പേരിൽ 27 പേരും പ്രകാശന ചടങ്ങിനായി എത്തിയിരുന്നു. ചരിത്ര നിമിഷങ്ങളിൽ ഏറെ സന്തോഷമുണ്ടെങ്കിലും നാട്ടിൽനിന്ന് ഷാർജയിലെത്താൻ സാധിക്കാത്ത മറ്റു അംഗങ്ങളുടെ അസാന്നിധ്യത്തിലെ വിഷമം പങ്കുവെക്കാനും ഇവർ മറന്നില്ല.
പെണ്ണില്ലം എഴുത്തിടം പബ്ലിക്കേഷൻസ് എന്ന പേരിൽ പുസ്തക പ്രസാധക രംഗത്തേക്ക് ചുവടുവെക്കുന്ന സംഘടന അംഗങ്ങളായ 62 വനിതകളുടെ 62 പുസ്തകങ്ങളാണ് ഒന്നിച്ച് ഒരേ വേദിയിൽ പ്രകാശനം ചെയ്തത്. മലയാള സാഹിത്യ മേഖലയിൽതന്നെ ഇത്തരം ഒരു ഉദ്യമം ആദ്യമായാണ് നടന്നതെന്ന് ഏറെ അഭിമാനത്തോടെയാണ് ഭാരവാഹികൾ അറിയിച്ചത്.
തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ നിന്നുമായി എൺപതോളം വനിതകളാണ് പെണ്ണില്ലം എഴുത്തിടം കൂട്ടായ്മയിലുള്ളത്. കണ്ണൂർ ആസ്ഥാനമാക്കിയുള്ള സംഘടനയുടെ സെക്രട്ടറി രാജി അരവിന്ദും പ്രസിഡന്റ് അനിത ദേവിയുമാണ് ഇവരുടെ സ്വപ്നസാക്ഷാത്കാരത്തിന് കാരണക്കാരികളായത്. ഇവരുൾപ്പെടെയുള്ള ഏഴംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയാണ് ‘പെണ്ണില്ലം എഴുത്തിട’ത്തെ നിയന്ത്രിക്കുന്നത്.
പെണ്ണില്ലം ഇറക്കിയ ആദ്യ പുസ്തകം കേരളത്തിലെ നാൽപ്പത് വനിത എഴുത്തുകാരുടെ കവിതകളും ആത്മാനുഭവങ്ങളും ഉൾപ്പെടുത്തിയുള്ള സമാഹാരം `പെണ്ണില്ലം' ആയിരുന്നു. ഇക്കഴിഞ്ഞ ഡിസംബർ 29ന് തൃശൂരിൽ കേരള സാഹിത്യ അക്കാദമിയിൽവെച്ച് കേരള സംഗീതനാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി റോസി തമ്പിക്ക് ആദ്യപ്രതി നൽകി പ്രകാശനം നിർവഹിച്ചു.
തുടർന്ന് 71 ദിവസത്തിനുള്ളിൽ പ്രണയദിനത്തിലും വനിതാ ദിനത്തിലുമായി അംഗങ്ങളുടെ രചനകൾ ഉൾപ്പെടുത്തി രണ്ട് സമാഹാരങ്ങൾ കൂടി പുറത്തിറക്കിക്കൊണ്ട് എഴുത്തിടത്തിൽ ചുവടുറപ്പിക്കുകയായിരുന്നു പെണ്ണില്ലം.
ഡിസംബർ 29ന് സംഘടനയുടെ ഒന്നാം വാർഷികാഘോഷത്തോടനുബന്ധിച്ച് 62 പുസ്തകങ്ങളുടെ നാട്ടിലെ പ്രകാശനവും പെണ്ണില്ലം വാർഷിക പതിപ്പിന്റെ പ്രകാശനവും നടത്തപ്പെടുമെന്നും ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.