വായന മാത്രമല്ല, കേൾവിയും കാഴ്ചയുമാണീ പുസ്തകം
text_fieldsകേളകം: വായിക്കാനും കേൾക്കാനും കണ്ടനുഭവിക്കാനുമായി അനിൽ പുനർജനിയുടെ വഴിയരികിൽ എന്ന കവിത സമാഹാരം. വായിക്കാൻ സമയമില്ലാത്ത കാലത്ത് അത് കേൾക്കാനും വിഡിയോ കാണാനുമായി ക്യു.ആർ കോഡുമായി വ്യത്യസ്തമായൊരു പുസ്തകമാണ് ഈ കവിത സമാഹാരം. ഓരോ കവിതയുടെയും ചിത്രരചന നടത്തിയതും അനിൽ പുനർജനി തന്നെയാണ്. 30 കവിതകളുടെ സമാഹാരമാണ് വഴിയരികിൽ.
ഗ്രാമ്യജീവിതമാണ് അനിലിന്റെ അനുഭവ മണ്ഡലം. ഗ്രാമീണ സംസ്കാരത്തെ നഷ്ടപ്പെടുത്താൻ തയാറല്ല ഈ കവി. എന്നാൽ, തന്റെ നിയന്ത്രണത്തിൽ അല്ലാത്ത കാരണങ്ങളാൽ അന്യം നിന്നുപോകുന്ന ഗ്രാമപ്പച്ചയെക്കുറിച്ചുള്ള വിങ്ങലുകളുണ്ട് അനിലിന്റെ കവിതകളിൽ.
മുറിവേറ്റ മനസ്സ്, മഴനിഴൽ പക്ഷി, കനലാട്ടം, ഓർമയിൽ ഒരോണം, സർവംസഹ, ശിൽപിയെ നീ മറന്നോ, ജന്മസുകൃതം, നിഴൽ, പറയാൻ മറന്ന പ്രണയം, കുരുവിയോട്, ആർദ്ര സ്മൃതികൾ, മർത്യൻ, നീലക്കുയിൽ, ഭൂതി, വഴിയരികിൽ, എന്തിനായ് പിറന്നു നീ കുഞ്ഞെ, പുഞ്ചപ്പാടം, കൂടൊരുക്കുന്നു, സൈനികൻ, വേനൽമഴ, എന്റെ ഗ്രാമം, ബാക്കിപത്രം, അച്ഛൻ, പൂനിലാവ് തുടങ്ങി 30 കവിതകളാണിതിലുള്ളത്.
കേരളത്തിലാദ്യമായാണ് ഇത്തരത്തിൽ വായിക്കാനും ക്യു.ആർ കോഡ് ഉപയോഗിച്ച് കേൾക്കാനും കവിതയുടെ ദൃശ്യ ആവിഷ്കാരമുള്ള വിഡിയോ ചിത്രീകരണം ആസ്വദിക്കാനുമുള്ള പുസ്തകം പ്രസിദ്ധീകരിക്കുന്നതെന്ന് ഇരിട്ടിക്ക് സമീപം കുന്നോത്ത് സ്വദേശിയായ അനിൽ പുനർജനി പറയുന്നു. വഴിയരികിൽ എന്ന കവിത സമാഹാരം പുസ്തകം ഐ.ബി. സതീഷ് എം.എൽ.എ പ്രശസ്ത കവി മുരുകൻ കാട്ടാക്കടക്ക് കൈമാറിയാണ് പ്രകാശനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.