കേട്ടതും പറഞ്ഞതും അക്ഷരക്കൈപിടിച്ച് നടക്കുമ്പോൾ
text_fieldsരണ്ടു വർഷം മുമ്പ് പാലയാട് എൽ.പിയിലെ ഒന്നാം ക്ലാസിലെ അധ്യയന പ്രവർത്തനത്തിനിടെയാണ് രക്ഷിതാക്കളും കുട്ടികളും ചേർന്നൊരു ഡയറി എഴുത്ത് അഥവാ സംയുക്ത ഡയറി പിറക്കുന്നത്. അതിന് നേതൃത്വം കൊടുത്ത സുസ്മിത ടീച്ചറെ തീർച്ചയായും ഒന്നാം തരത്തിലെ ഒന്നാം തരം ടീച്ചറെന്ന് വിശേഷിപ്പിക്കാം. കേരളത്തിലെ മുഴുവൻ സ്കൂളുകളും ആ വഴി സഞ്ചരിക്കുകയാണിപ്പോൾ
‘‘ഒന്നെന്നെങ്ങനെയെഴുതാം
വളവും വേണ്ട, ചെരിവും വേണ്ട,
കുത്തനെയൊരു വര,
കുറിയ വര,
ഒന്നായി, നന്നായി,
ഒന്നായാല്‍ നന്നായി,
നന്നായാല്‍ ഒന്നായി..!’’
(കവിത -കുഞ്ഞുണ്ണി മാഷ്)
കുഞ്ഞുണ്ണി മാഷിന്‍റെ കവിതകൾ പാടിയും പറഞ്ഞും പഠിച്ച അക്ഷരങ്ങൾ എത്രയാണെന്ന് ഓർമയുണ്ടോ?, ഓർമ കാണില്ല. കാരണം, അക്ഷരം പഠിച്ചു കഴിഞ്ഞാൽ പഠിച്ച കാലം ഒരു കളിക്കാലമാകും. വീണ്ടുമൊരു സ്കൂൾകാലം ആരംഭിക്കുകയാണ്. ലക്ഷക്കണക്കിന് കുരുന്നുകൾ അറിവിന്‍റെ ആദ്യക്ഷരം നുകരാൻ പള്ളിക്കൂടത്തിലേക്ക് എത്തുന്നു. പെരുമഴക്കാലത്തിന്‍റെ കുളിരിൽ ഇന്നലെവരെ പറഞ്ഞതും കേട്ടതും അവർ എഴുതാൻ പഠിക്കുന്നു... വല്ലാത്തൊരനുഭവം. പറഞ്ഞ
വാക്കുകൾ കൈവിരലുകളിലേക്ക് എത്തിക്കാൻ പെടുന്ന പാട്... ചിലർക്ക് എളുപ്പം വഴങ്ങും. മറ്റു ചിലർക്ക് ഏറെ പരിശ്രമം വേണ്ടി വരും. തറയും പറയും പഠിച്ച് അക്ഷരക്കൈ പിടിച്ചതിനെ കുറിച്ച് പറയുന്ന മുതിർന്ന തലമുറയാണിവിടെയുള്ളത്.
അക്ഷരം പഠിക്കുക. പഠിപ്പിക്കുക. അക്ഷര ചിത്രങ്ങളെ മനസ്സിലുറപ്പിക്കുക ഇതാണ് സ്കൂൾ വിദ്യാഭ്യാസത്തിന്‍റെ തുടക്കം. ഇത്, എക്കാലത്തും വലിയ വെല്ലുവിളിയാണ്. ഏറെ മുന്നൊരുക്കം വേണം. എന്നാൽ, കഴിഞ്ഞ രണ്ടു വർഷമായി വലിയ സ്വീകാര്യത ലഭിച്ച പഠനരീതി കേരളത്തിലുണ്ട്. അതാണ്, ‘സംയുക്ത ഡയറി’. നമ്മുടെ കുട്ടികൾ രക്ഷിതാക്കളോടൊപ്പം ചേർന്ന് ഡയറി എഴുതുന്നു. അനുഭവങ്ങൾ അക്ഷരരൂപം കൈവരിക്കുന്നത് കുട്ടികൾ കൗതുകത്തോടെ അറിയുന്നു. ഈ അധ്യയന വർഷം മുതൽ ഒന്നാം ക്ലാസിലെ പാഠപുസ്തകത്തിനൊപ്പം സംയുക്ത ഡയറി പരിചയപ്പെടുത്തിക്കൊണ്ട് മറ്റൊരു സഹായക ഗ്രന്ഥംകൂടി പുറത്തിറക്കാൻ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് പദ്ധതിയുണ്ട്.
സംയുക്ത ഡയറിയെന്ന ആശയം പിറന്നതിന് പിന്നിലൊരു കഥയുണ്ട്. അത്, പറയുകയാണ് കോഴിക്കോട്, വടകര പാലയാട് എൽ.പി സ്കൂളിലെ അധ്യാപിക എസ്. സുസ്മിത. രണ്ടുവർഷം മുമ്പ് പാലയാട് എൽ.പിയിലെ ഒന്നാം ക്ലാസിലെ അധ്യയന പ്രവർത്തനത്തിനിടെയാണ് രക്ഷിതാക്കളും കുട്ടികളും ചേർന്നൊരു ഡയറി എഴുത്ത് അഥവാ സംയുക്ത ഡയറി പിറക്കുന്നത്. അതിന് നേതൃത്വം കൊടുത്ത സുസ്മിത ടീച്ചറെ തീർച്ചയായും ഒന്നാം തരത്തിലെ ഒന്നാം തരം ടീച്ചറെന്ന് വിശേഷിപ്പിക്കാം. കേരളത്തിലെ മുഴുവൻ സ്കൂളുകളും ആ വഴി സഞ്ചരിക്കുകയാണ്.
ഒന്നാം തരത്തിലെ ഒന്നാം തരം ടീച്ചർ
മൂന്നു വർഷം മുമ്പാണ് സുസ്മിത ടീച്ചർക്ക് ഒന്നാം ക്ലാസിൽ പഠിപ്പിക്കാനുള്ള ചുമതല ലഭിക്കുന്നത്. അവിടെ തുടങ്ങുകയാണ് കുട്ടികളെ അക്ഷരങ്ങളുമായി ചേർത്തുനിർത്താനുള്ളപ്രവർത്തനങ്ങൾ. എല്ലാ സ്കൂളിലും ഒന്നാം ക്ലാസ് അവസാനത്തോടെ കുട്ടികൾ അര പേജ് ഡയറി എഴുതാറുണ്ടായിരുന്നു. അതിലേറെയും രാവിലെ എഴുന്നേറ്റ് പല്ലുതേച്ച് ചായ കുടിച്ചു എന്ന ആവർത്തനമാണ് കണ്ടത്. എന്നാൽ, ഡയറി പിന്നീട് ഓർമിക്കാൻ കഴിയുന്ന തരത്തിലാവണം. എന്തെങ്കിലും സവിശേഷത വേണം. ഡയറി എഴുത്തിലൂടെ ഭാഷാപ്രക്രിയ കുട്ടികൾക്ക് മനസ്സിലാവണമെന്ന ചിന്ത മനസ്സിലുദിച്ചു. അങ്ങനെയാണ് ആ അധ്യയനവർഷത്തെ ആദ്യ ക്ലാസ് പി.ടി.എ വിളിച്ചു ചേർക്കുന്നത്. ആ യോഗത്തിൽ ഡയറി എഴുത്തിനെക്കുറിച്ച് സംസാരിച്ചു. രക്ഷിതാക്കൾ പറഞ്ഞു: ‘‘കുട്ടികൾ പറയട്ടെ, ഞങ്ങൾ എഴുതാം.’’
അതോടെ, ഞാൻ അന്നുവരെ കുട്ടികൾ പഠിച്ച അക്ഷരങ്ങൾ ബോർഡിൽ എഴുതിക്കാണിച്ചു. അത് മാത്രമേ കുട്ടികൾക്കറിയൂ. ഈ അക്ഷരങ്ങൾ കുട്ടികൾ എഴുതട്ടെയെന്ന് നിർദേശിച്ചു. കുട്ടികൾ പെൻസിൽ കൊണ്ടും ബാക്കിയുള്ളവ രക്ഷിതാക്കൾ പേനകൊണ്ടും എഴുതി പൂർത്തിയാക്കാൻ ആവശ്യപ്പെട്ടു. അങ്ങനെ ഓരോ ദിവസവും കുട്ടി വീട്ടിലെത്തി അന്ന് നടന്ന പ്രധാനപ്പെട്ട കാര്യങ്ങൾ പറഞ്ഞു. അതിൽനിന്ന് ഒന്നോ രണ്ടോ കാര്യങ്ങൾ രക്ഷിതാവും കുട്ടിയും ചേർന്ന് എഴുതാൻ തീരുമാനിച്ചു. ഇതിനിടയിൽ, എഴുതാൻ പ്രയാസം തോന്നുന്ന കുട്ടികളോട് അര പേജ് ഡയറിയും ബാക്കി ഭാഗത്ത് അതുമായി ബന്ധപ്പെട്ട ചിത്രം വരക്കാനും നിർദേശം കൊടുത്തു. ചിത്രം വരക്കാൻ കഴിയുന്നുവെന്നുള്ളത് കുട്ടികളിൽ ആത്മവിശ്വാസം വർധിപ്പിച്ചു.
ഇതോടെ, കുട്ടി വീട്ടിലെത്തി രക്ഷിതാവുമായി അന്നന്നത്തെ കാര്യങ്ങൾ പറയുന്ന ഒരു സാഹചര്യം ഉണ്ടാവണമെന്നതുകൂടി പ്രധാന ലക്ഷ്യമായിരുന്നു. ഭാഷാപഠനത്തിലുപരി എല്ലാ ദിവസത്തെയും വിശേഷങ്ങൾ എന്തൊക്കെയാണെന്ന് രക്ഷിതാക്കൾകൂടി അറിയണം. പിന്നീട് കുട്ടികൾ എഴുതിത്തുടങ്ങി.
അമ്മ എഴുത്ത് കാണാതായി
ആഗസ്റ്റ് മാസം ഓണം അവധിക്കാലമാവുേമ്പാഴേക്കും സംയുക്ത ഡയറിയുടെ ഒന്നാം വാള്യം കഴിഞ്ഞു. പിന്നീട് കാണുന്നത് ഡയറി പുസ്തകങ്ങൾ എഴുതി തീരാൻ തുടങ്ങുന്നതാണ്. അപ്പോഴേക്കും കണ്ട പ്രവണത കുട്ടികളുടെ ഡയറി എഴുത്തിൽ അമ്മ എഴുത്ത് തീരെ നിന്നു. മുഴുവൻ എഴുത്തും കുട്ടികളുടേതായി. പഠിപ്പിക്കാത്ത അക്ഷരങ്ങൾ വരെ അവർ സ്വന്തമാക്കി. ക്രിസ്മസ് അവധിക്കാലമാകുേമ്പാഴേക്കും മുഴുവൻ അക്ഷരങ്ങളും സാധാരണ നിലയിൽ പഠിച്ചു കഴിയില്ല. പക്ഷേ, സംയുക്ത ഡയറിയിലൂടെ അമ്മ എഴുതിയത് അറിയാനുള്ള താൽപര്യം വർധിച്ചു. അങ്ങനെ, അറിയാതെ, ശരിക്കും പറഞ്ഞാൽ പഠിപ്പിക്കാതെ അവർ അക്ഷരങ്ങൾ ഹൃദിസ്ഥമാക്കി.
നമ്മുടെ സ്കൂൾ സംവിധാനത്തിൽ നാം പഠിപ്പിക്കുന്നത് ആശയാവതരണ രീതിയാണ്. അതായത്, ഒരാശയത്തിൽനിന്നു വാക്കുകളിലേക്കും വാക്കുകളിൽനിന്നും പദങ്ങളിൽനിന്നും അക്ഷരങ്ങളിലേക്കും വരുന്ന രീതിയാണ്. ഈ സാഹചര്യത്തിലാണ് സംയുക്ത ഡയറി ആശയാവതരണ രീതിയിൽ ഏറ്റവും മികച്ച മാതൃകയാണെന്ന് തിരിച്ചറിയുന്നത്. അതോടെയാണ് വിദ്യാഭ്യാസ വകുപ്പ് ഇത് ഏറ്റെടുക്കുന്നത്. ഡോ. കലാധരൻ സാറാണ് ഇതിനെ ഒരു പാഠ്യപദ്ധതിയാക്കി മാറ്റിയത്. അദ്ദേഹമാണ് ഒന്നാം ക്ലാസ് പാഠപുസ്തകം ഒരുക്കുന്നതിന് നേതൃത്വം കൊടുക്കുന്നത്. കലാധരൻ സാറിന്‍റെ നേതൃത്വത്തിൽ ‘പൂന്തേൻ മലയാളം’ എന്ന മുന്നൊരുക്ക പരിപാടി നടത്തിയിരുന്നു. അന്ന്, ഓരോ അധ്യാപകനും നടത്തുന്ന നവീനമായ ആശയങ്ങളെ കുറിച്ച് ചർച്ചചെയ്യാനായി വാട്സ്ആപ് ഗ്രൂപ്പുണ്ടാക്കി. അവിടെ സംയുക്ത ഡയറി അനുഭവങ്ങൾ പങ്കുവെച്ചു. അങ്ങനെയാണ് അധ്യാപകർക്കുള്ള അവധിക്കാല ക്യാമ്പിൽ ഈ പഠനരീതി പരിചയപ്പെടുത്തുന്നതിലേക്ക് എത്തിയത്. കഴിഞ്ഞ വർഷം സംസ്ഥാനത്താകെ സംയുക്ത ഡയറി ഒന്നാം ക്ലാസിൽ നടപ്പാക്കി.
നിരന്തരം പുതുക്കപ്പെടുന്ന കുട്ടികൾ
പുതിയ കുട്ടികൾ ടെക്നോളജിയുടെ പിന്നാലെയാണ്. അവർ, നിരന്തരം പുതുക്കപ്പെടുകയാണ്. നമ്മുടെ പഴയ ഒരു രീതികൊണ്ട് അവരെ നമുക്ക് ക്ലാസ് മുറികളിൽ പിടിച്ചിരുത്തുന്നതിന് പരിമിതികളുണ്ട്. അവരുടെ പഠന താൽപര്യത്തെ നിലനിർത്തണമെങ്കിൽ വഴിമാറി നടക്കൽ അനിവാര്യമാണ്. അതുകൊണ്ടാണ്, ഇങ്ങനെയൊക്കെ ചിന്തിക്കേണ്ടി വന്നത്. പുതിയകാലത്തിനൊപ്പം നിൽക്കാതെ പുതിയ തലമുറയെ കിട്ടില്ല. പുതിയ തലമുറ മൊബൈൽ ഫോണുകൾക്ക് അടിമപ്പെട്ടിരിക്കുന്നുവെന്ന് പറയാൻ സുസ്മിത ടീച്ചർ ഒരുക്കമല്ല. അത്, ഈ കാലത്തിന്‍റെ ആവശ്യകതയാണെന്നാണ് വിലയിരുത്തൽ. പുതിയ സങ്കേതങ്ങൾ കെണ്ടത്തേണ്ടത് അധ്യാപകന്‍റെ ഉത്തരവാദിത്തമാണ്. കുട്ടികളിൽ പഠന താൽപര്യം എക്കാലത്തുമുണ്ട്. എന്നാൽ, ഓരോ കാലത്തെയും തിരിച്ചറിഞ്ഞ് പ്രവർത്തിക്കണമെന്നുമാത്രം.
സംയുക്ത ഡയറി രണ്ടാം വർഷത്തിലേക്ക്
സംയുക്ത ഡയറി രണ്ടാം വർഷത്തിലേക്ക് കടക്കുന്നതിലുള്ള സന്തോഷത്തിലാണ് സുസ്മിത ടീച്ചർ. ഈ വർഷം പാഠപുസ്തകത്തിനോടൊപ്പം സംയുക്ത ഡയറിക്കായി പ്രത്യേക പതിപ്പ് കൂടി ഇറങ്ങുകയാണെന്ന് അവധിക്കാല പരിശീലന കാമ്പിൽ നിന്നറിയാൻ കഴിഞ്ഞു. കഴിഞ്ഞ അധ്യയന വർഷം ആദ്യഘട്ടങ്ങളിൽ ഇതു നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പലതരത്തിൽ വിമർശനം നേരിട്ടിരുന്നു. പഠനപ്രവർത്തനത്തിന്‍റെ ഭാഗമാക്കിയപ്പോഴാണ് അധ്യാപകർക്കും രക്ഷിതാക്കൾക്കും ഇത്, ഭാഷാപരമായ വലിയൊരു മികവ് ഉണ്ടാക്കാൻ കഴിയുന്നതിനൊപ്പം കുട്ടികളുടെ സർഗാത്മക രചനകൾക്കുൾപ്പെടെ ആക്കംകൂട്ടുന്ന പ്രവർത്തനമാണെന്ന് ബോധ്യപ്പെടുന്നത്. അതോടെ, എല്ലാവരും ഇത് ഏറ്റെടുത്തു. കഴിഞ്ഞവർഷം സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും സംയുക്ത ഡയറി അച്ചടിച്ചിറക്കി. അതിൽ, തന്നെ വ്യത്യസ്തതകൾ ഏറെയായിരുന്നു. കുട്ടികൾ വായിക്കുന്ന ഡിജിറ്റൽ ഡയറി ഉൾപ്പെടെ ഇതിൽപ്പെടും. അതുപോലെ സ്കൂൾ വിക്കിയിലേക്ക് അപ്‌ലോഡ് ചെയ്യപ്പെട്ട രചനകളിൽ സംസ്ഥാനത്തുള്ള മുഴുവൻ ഒന്നാം ക്ലാസുകാരുടെയും ഒരു ലക്ഷത്തോളം രചനകൾ വന്നു. അതിലേറെയും സംയുക്ത ഡയറിയിലെ മികച്ച രചനകളായിരുന്നു. ഇതിലൊക്കെ ഉപരി നമ്മുടെ ആശയം സംസ്ഥാനത്തെ മുഴുവൻ കുട്ടികളിലേക്കും എത്തിയെന്നത് വലിയ സന്തോഷമാണ്. ഇതിനിടയാക്കിയത്, അന്ന്, എന്‍റെ ക്ലാസിലുണ്ടായിരുന്ന 21 കുട്ടികളുടെ രക്ഷിതാക്കൾ നൽകിയ പിന്തുണയാണ്. അവർ അത്, ഒരേ മനസ്സോടെ ഏറ്റെടുത്തതിനാലാണ് പിന്നീട് ഈ തുടർച്ചക്കൊക്കെ ഇടയാക്കിയത്.
സുസ്മിത ടീച്ചർ വടകര സ്വദേശിയാണ്. ഭർത്താവ്: സുജിത്ത് ബി. അഴിയൂർ (അധ്യാപകൻ, രാമകൃഷ്ണ ഹൈസ്കൂൾ, ഒളവിലം). മകൾ: മനസ്വിനി എസ്. ബാല.
ഭാഷാപഠനം: കേരളം മാതൃകയാണിന്ന്
ഡോ. ടി.പി. കലാധരൻ (ഒന്നാം ക്ലാസ് പാഠപുസ്തക കമ്മിറ്റി ചെയർപേഴ്സൺ)
ഭാഷാപഠനത്തിൽ കേരളമിന്ന് മാതൃകയാണെന്ന് ഡോ. ടി. പി. കലാധരൻ പറയുന്നു. ഒന്നാം ക്ലാസിലെ അധ്യാപകർക്ക് അഭിമാന നിമിഷങ്ങളാണിത്. കൈറ്റും അവരുടെ പ്രയത്നത്തെ അംഗീകരിക്കുകയാണ്. സുസ്മിത ടീച്ചറിൽ തുടങ്ങി കേരളമാകെ വ്യാപിച്ച സംയുക്ത ഡയറി ഈ വർഷവും തുടരുകയാണ്. ഒന്നാം ക്ലാസിലെ മക്കൾ സ്വതന്ത്ര വായനക്കാരാവുകയാണിപ്പോൾ. ലഘു ബാലസാഹിത്യ കൃതികൾ വായിച്ച് തുടങ്ങി. പരസഹായമില്ലാതെ ആശയങ്ങൾ എഴുതുന്നു. രക്ഷിതാക്കളോടൊപ്പം യാത്ര പോയതിനെ കുറിച്ച് നാല് പേജൊക്കെ എഴുതുന്ന കുട്ടികളിന്ന് ഒന്നാം ക്ലാസിലുണ്ട്. ഇതിനുപുറമെ, പ്രകൃതിയെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണവർ. ഓന്ത് മുട്ടയിട്ടതിനെ കുറിച്ച് എഴുതിയിരിക്കുന്നു. റോഡ് മുറിച്ച് കടക്കുന്ന അപ്പൂപ്പനെ സഹായിക്കുന്ന ചിത്രം മനസ്സിലുണ്ടാക്കിയ അനുഭവത്തെ കുട്ടി എഴുതുന്നു. നമ്മുടെ കുട്ടികൾ ഭാഷാപരമായും സാമൂഹികമായും ഏെറ മുന്നേറുകതന്നെയാണ്.
കഴിഞ്ഞ വർഷത്തെ കുട്ടികളുടെ നിലവാരം മനസ്സിലാക്കണമെങ്കിൽ സംയുക്ത ഡയറി പരിശോധിച്ചാൽ മതിയാകും. എങ്ങനെ ഒന്നാം ക്ലാസിലെ കുട്ടികളുടെ ഭാഷാപഠനം എളുപ്പമാക്കാമെന്ന് ചിന്തിക്കുന്നതിനിടെയാണ്, അധ്യാപക ഗ്രൂപ്പിൽ സുസ്മിത ടീച്ചർ സംയുക്ത ഡയറിയെന്ന ആശയം അവതരിപ്പിക്കുന്നത്. അതിനെക്കുറിച്ച് മനസ്സിലാക്കാൻ ഞാൻ, പാലയാട് സ്കൂളിൽ പോയി. അതാണിപ്പോൾ കേരളത്തിലെ മുഴുവൻ വിദ്യാലയങ്ങളും ഏറ്റെടുത്തിരിക്കുന്നത്. അവധിക്കാലത്ത് എസ്.എസ്.കെ വായന പ്രോത്സാഹിപ്പിക്കാനായി പുസ്തകങ്ങൾ കുട്ടികൾക്ക് കൊടുത്തിരുന്നു. മൂന്നും നാലും പുസ്തകങ്ങൾ കുട്ടികൾ ആവേശത്തോടെ വായിക്കുന്നു. എല്ലാ ദിവസവും രക്ഷിതാക്കൾ കുട്ടികളോടൊപ്പം ഇരുന്നു എന്നത് സംയുക്ത ഡയറിയുണ്ടാക്കിയ മാറ്റമാണ്. തീർച്ചയായും ഭൂരിഭാഗവും അമ്മമാർതന്നെയാണ് കുട്ടികളോടൊപ്പം നിന്നത്. ഇതിൽ, മാറിനിന്നത് അച്ഛൻമാരാണ്. അമ്മയുെട മാത്രം ഉത്തരവാദിത്തമല്ല കുട്ടിയുടെ പഠനം. അതിനാൽ, ഇത്തവണ അച്ഛൻകൂടി ഡയറി എഴുത്തിൽ പങ്കാളിയാവണമെന്ന് നിർദേശിച്ചിട്ടുണ്ട്. എൻ.സി.ആർ.ടി.ഇയുടെ ശിൽപശാല ആലപ്പുഴയിൽ നടന്നിരുന്നു. അവിടെ, കേരളത്തിലെ മാറ്റത്തെക്കുറിച്ച് സൂചിപ്പിച്ചു. അവർ, ആരെയും അറിയിക്കാതെ സ്കൂളുകൾ സന്ദർശിച്ചു. കൃത്യമായി ബോധ്യപ്പെട്ടാണ് അവർ മടങ്ങിയത്. സംയുക്ത ഡയറിക്കൊപ്പം ചിത്രങ്ങളോടുകൂടിയ ബുക്സും കുട്ടികളെ ഏറെ സഹായിക്കുന്നു.
ഫോട്ടോ: അനീഷ് തോടന്നൂർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.