വേഷ - ചമയങ്ങൾക്ക് അപ്പുറത്തും....നിറഞ്ഞാടിയ കുന്തി...പൂജ്യത്തിെൻറ ശൂന്യതയിൽ നിന്നും എട്ടിെൻറ പൂർണ്ണതയിലേക്ക്.........
text_fields"ഹന്ത മാനസം ആദ്യസന്താനമേ പാരം
വയ്യയോ സഹിക്കുവാൻ നീയ്യേമമശരണം
അയ്യോ നീയെന്നെവെറും കയ്യോടെ മടക്കിയോ"
ശഹാന രാഗത്തിൽ ചെമ്പട താളം മുറുക്കി പദം ഉയർന്നു കേൾക്കാം. മദ്ദള കയ്യിൽ എരൂർ, അരങ്ങിൽ കുന്തിയായി മിനുക്കിൽ മിനുങ്ങി വെഞ്ചേരി കുഞ്ഞിരാമൻ. ഇത് അന്ത്യരംഗമാണ്. കുഞ്ഞിരാമന്റെ അന്ത്യരംഗം. മുന്നിൽ കുന്തിദേവിയുടെ മാതൃത്വസ്നേഹത്തിൽ പരവശയായി സാവിത്രികുട്ടിയും....
അനു ചന്ദ്രയുടെ എട്ട് എന്ന നോവൽ കയ്യിൽ എത്തിയിട്ട് കുറച്ച് ദിവസങ്ങൾ കഴിഞ്ഞിരുന്നു. ഇന്നത് വായന പൂർത്തിയാക്കി മടക്കി വെച്ചു. ആട്ടം മുഴുവൻ കണ്ടൊരു കഥകളി പ്രേമിയായി ഞാൻ നെടുനിശ്വാസം ഇട്ടു. എട്ട് - രണ്ട് വട്ടങ്ങൾ ചേർന്ന് യോനി പോലൊരു സംഘ്യ. LGBTQ+ പ്രമേയമായി അനു കുറിച്ചുവെച്ചൊരു നോവൽ ആണ് എട്ട്. സ്വത്വ പ്രതിസന്ധിയും, sexual orientation ഉൾപ്പെടെ നിരവധി വിഷയങ്ങൾ നോവൽ മുന്നോട്ട് വെക്കുന്നുണ്ട്.
പതിറ്റാണ്ടുകൾ ആയി കുന്തിയായി മിനുക്ക് വേഷത്തിൽ നിറഞ്ഞാടിയ വെഞ്ചേരി കുഞ്ഞിരാമൻ എന്ന ആട്ടക്കാരൻ. വേഷത്തിനകത്ത് തന്റെ സ്വത്വത്തിലും ഒരു സ്ത്രീയായി കണ്ടൊരു മനുഷ്യൻ. കുഞ്ഞിരാമന്റെ കുന്തിയെ ആരും പ്രണയിച്ചുപോകും. അത്രയ്ക്ക് മനോഹരമായിരുന്നു അത്. പക്ഷെ സാവിത്രിക്കുട്ടിക്ക് തന്റെ അമ്മയായിരുന്നു കുഞ്ഞിരാമന്റെ കുന്തി. കുന്തിയിലൂടെ കുഞ്ഞിരാമനെയും ആദ്യം മനസ്സ് കൊണ്ടും പിന്നെ ഉറക്കെയും അവൾ അമ്മേ എന്ന് തന്നെ വിളിച്ചു. പഴയ മദ്ദളക്കാരൻ എരൂർ ന്റെ കൊച്ചുമോള് കുഞ്ഞിരാമന് മകളായി, കുഞ്ഞിരാമൻ അമ്മയും....
ഒരിക്കൽ കുന്തി സൂര്യഭഗവാനോട് എന്നപോലെ കുഞ്ഞിരാമൻ എരൂർ ന്റെ നെഞ്ചിൽ പ്രണയപരവശയായി ചാഞ്ഞു കിടന്നു. തട്ടി മാറ്റി ദേഷ്യത്തിൽ സാവിത്രിയെയും വിളിച്ചു മനയുടെ പടി ഇറങ്ങി അയാൾ... അതോടെ തീർന്നു കുഞ്ഞിരാമൻ എന്ന മനുഷ്യൻ. ഒടുവിൽ സർവ്വം മനസിലാക്കി ഏരൂർ തിരിച്ചു മനയുടെ പടി ചവിട്ടാൻ കുഞ്ഞിരാമൻ അന്ത്യരംഗം ആടി തീർക്കും വരെ കാത്തിരിക്കേണ്ടി വന്നു.
ഒരു മനുഷ്യന്റെ സ്വത്വബോധം, അത് പറയാനോ കാണിക്കാനോ പറ്റാത്തൊരു പ്രതിസന്ധി, ഹോ എന്തൊരു ഭീകരമായ അവസ്ഥയാണ് അത്. സാവിത്രി അമ്മേ എന്നെ വിളിക്കുമ്പോൾ തന്റെ ഉള്ളിലെ പെണ്ണ് സ്വതന്ത്ര ആയിക്കാണും. അമ്മയും കാമുകിയും ഒക്കെ ആയി മാറി. എന്ത് മനോഹരമായാണ് അനു ഓരോന്നും എഴുതി വെച്ചിരിക്കുന്നത്. വായന നൽകുന്ന ചിന്തകൾ, സ്വയം കണ്ടെത്തുന്ന ഉത്തരങ്ങൾ, മനസ്സിലാക്കേണ്ട പാഠങ്ങൾ, തിരിച്ചറിയേണ്ട ഒരുപാട് കാര്യങ്ങൾ....
ശൂന്യതയിൽ നിന്ന് പൂർണ്ണതയിലേക്കുള്ള കുഞ്ഞിരാമന്റെ യാത്ര പൂർത്തിയായത് അയാൾ ഒരു അമ്മയും കാമുകിയും ഒക്കെ ആയപ്പോൾ തന്നെ ആണ്. അങ്ങനെ എത്രയെത്ര കുഞ്ഞിരാമന്മാർ. അരങ്ങിലെ കഥാപാത്രം അഭിനയിക്കാതെ ജീവിക്കേണ്ടി വരുന്ന ആട്ടം. എട്ട് ഒരു നോവലിനു അപ്പുറം ഒരു രാഷ്ട്രീയമാണ്. എടുത്തു പറയേണ്ട ഒന്ന് ഇതിലെ ഭാഷയാണ്. ഒരു കഥകളി പദം പോലെ ഒഴുകുന്നുണ്ട് അത്. ഒരു വായനയിൽ അർത്ഥം ഗ്രഹിക്കാൻ ആകണം എന്നില്ല, പലയാവർത്തി അതിലൂടെ കണ്ണുകളെ പായിക്കേണ്ടി വരും. അവതാരികൻ പറഞ്ഞു വെക്കുന്നുണ്ട് "സിനിമറ്റിക് ആയൊരു നോവൽ ആണ് " എന്ന്. അനുവാദം ചോദിക്കാതെ ഒന്ന് തിരുത്തിക്കോട്ടെ, കഥകളി ആട്ടം പോലൊരു എഴുത്താണ് ഇതെന്ന്. വായനയ്ക്ക് ഒടുവിലും ഇതാ കുഞ്ഞിരാമന്റെ കുന്തി എന്റെ മുന്നിൽ ഇങ്ങനെ നിറഞ്ഞാടുന്നു.
നിരന്നു കത്തുന്ന നിലവിളക്കുകൾക്ക് ഇടയിൽ, മുറിക്കകത്തെ നടുക്കലിലേ ആട്ടുകട്ടിലിനരികിൽ സ്ത്രയ്ണമായ നോട്ടത്തിൽ, വേഷത്തിൽ, ഭാവത്തിൽ നിൽക്കുന്ന കുഞ്ഞിരാമൻ ഇതാ ശ്രാദ്ദേയനായ കർണ്ണന്റെ, ഹതഭാഗ്യനായ കർണ്ണന്റെ, സാവിത്രികുട്ടിയുടെ നെറുകയിൽ ചുംബിക്കുന്നു... കുന്തി അരങ്ങിലും ജീവിതത്തിലും നിറഞ്ഞാടുന്നു. കുഞ്ഞിരാമൻ കുന്തി ആയി പരകായപ്രവേശം നേടുന്നു. അയാൾ സ്വതന്ത്രയാകുന്നു. അണിയറയിൽ ചെന്നിട്ട്, ചമയങ്ങൾ അഴിച്ചിട്ട് കണ്ണീരു കൊണ്ടയാൾ മുഖം കഴുകുന്നു...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.