സിവിക് ചന്ദ്രനെതിരായ പീഡന പരാതിയിൽ അറസ്റ്റ് ആവശ്യപ്പെട്ട് സാംസ്കാരിക പ്രവർത്തകർ
text_fieldsകോഴിക്കോട്: എഴുത്തുകാരൻ സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡന പരാതിയിന്മേൽ അറസ്റ്റ് ആവശ്യപ്പെട്ട് സാമൂഹിക-സാംസ്കാരിക പ്രവർത്തകർ. എഴുത്തുകാരി കൂടിയായ അതിജീവിത നൽകിയ പരാതിയിൽ രണ്ടാഴ്ച പിന്നിടുമ്പോഴും തുടർ നടപടികൾ വൈകുന്നതിലാണ് പ്രതിഷേധം. ജൂലൈ 12ന് നൽകിയ പരാതി പ്രകാരം ജൂലൈ 16ന് അക്രമം നടന്ന സ്ഥലപരിശോധനയും
വൈദ്യപരിശോധനയുമെല്ലാം പൂർത്തിയാകുകയും മജിസ്ട്രേറ്റിന് മുൻപാകെ രഹസ്യമൊഴി നൽകുകയും ചെയ്ത കേസിലാണ് തുടർ നടപടികൾ വൈകുന്നതെന്ന് സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചവർ ചൂണ്ടിക്കാട്ടി.
എസ്.സി-എസ്.ടി വിഭാഗക്കാർക്കെതിരായ അതിക്രമം തടയുന്ന വകുപ്പുകൾ ഉണ്ടായിട്ടും നടപടികൾ വൈകുന്നത് പൊലീസിന്‍റെ ഭാഗത്ത് നിന്നുണ്ടാകുന്ന ഗൗരവതരമായ വീഴ്ചയാണ്. പാർശ്വവൽകൃത സമൂഹത്തിലെ ഒരു പ്രതിനിധിയായ പരാതിക്കാരിയോട് ആഭ്യന്തര വകുപ്പും പൊലീസും ഇത്തരത്തിലൊരു സമീപനം സ്വീകരിച്ചു കൂടാത്തതാണ്. പ്രതിയെ അറസ്റ്റ് ചെയ്യുന്നതിൽ വരുത്തുന്ന ഈ കാലതാമസത്തിൽ ശക്തമായി പ്രതിഷേധിക്കുന്നതായി സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
ആരോപണ വിധേയന്‍റെ പേരിൽ ഈ പരാതിക്ക് ശേഷവും ഒന്നിലധികം സ്ത്രീകൾ മീ ടൂ പരാതി സോഷ്യൽ മീഡിയയിൽ ഉന്നയിച്ചിരിക്കുന്നത് കുറ്റകൃ ത്യത്തിന്‍റെ ഗൗരവം വർധിപ്പിക്കുന്നു. ഈയൊരു ഘട്ടത്തിൽ അതിജീവിതയ്‌ക്കൊപ്പം നിലകൊള്ളുക എന്നത് നീതിബോധമുള്ള, ജനാധിപത്യ പൗരന്മാരുടെ കടമയാണെന്നും പ്രസ്താവനയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.