മനസ്സിലിപ്പോഴും കവിതയാണ്
text_fieldsഅക്കിത്തം / എൻ.പി. വിജയകൃഷ്ണൻ
പാലക്കാടിന്റെ പടിഞ്ഞാറെ അറ്റത്ത് കുമരനല്ലൂരിൽ അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ സാന്നിധ്യമാണ് മലയാള കവിതയുടെ സുകൃതം. കവിത എഴുതിയിട്ട് കുറച്ചുകാലമായി എങ്കിലും എഴുതിയ കവിതകളുടെ മൗലികതയിൽ മഹാകവിയായി, മഹത്തായ കവിതകൾ എഴുതിയ മഹാകവിയായി അക്കിത്തം ഉയർന്നുനിൽക്കുന്നു; അക്കിത്തത്തിെൻറതന്നെ ഭാഷയിൽ 'നിത്യനിർമല പൗർണമി'യായിത്തന്നെ. വാർധക്യക്ലേശങ്ങൾ ശാരീരികമായി അലട്ടുന്നുണ്ടെങ്കിലും കവിതയെക്കുറിച്ച് പറഞ്ഞുതുടങ്ങിയാൽ അേദ്ദഹത്തിെൻറ മനസ്സ് ഉഷാറാവുകയായി. പഴയ പ്രസന്നതയോടും പ്രസരിപ്പോടുംകൂടി അക്കിത്തം കാവ്യലോകസ്മരണകളിലേക്ക് പ്രവേശിക്കും. ഈയിടെ അക്കിത്തത്തെ കണ്ടവേളയിൽ അദ്ദേഹവുമായി നടത്തിയ വർത്തമാനത്തിന്റെ ചില ഭാഗങ്ങൾ:
ഇനിയീ മനസ്സിൽ കവിതയില്ല എന്ന് തോന്നുന്നുണ്ടോ? ഏറെക്കാലമായല്ലോ കവിത എഴുതിയിട്ട്?
കവിത മനസ്സിലുണ്ട്. അത് തികഞ്ഞുതെളിഞ്ഞു വരണം. ശാരീരിക േക്ലശങ്ങൾ നിമിത്തമാകണം, പഴയ പ്രവാഹമില്ല.
തെൻറ കവിത മറ്റൊന്നിെൻറ പകർപ്പാകരുതെന്ന് ശഠിച്ച ഇടശ്ശേരിയെ, ഗുരുവിനെ ഓർമിപ്പിച്ചുകൊണ്ടാണല്ലോ അക്കിത്തവും തുടങ്ങിയത്. ''ഇല്ലനുകർത്താവിനില്ല തൻ ജീവിതവല്ലരിയിൽ പൂവിരിഞ്ഞു കാണാൻ വിധി'' എന്ന് എഴുതിക്കൊണ്ട്. ചങ്ങമ്പുഴ സ്വാധീനിക്കാതെ രക്ഷപ്പെട്ടത് എങ്ങനെയാണ്?
എന്നെപ്പോലെ, മറ്റൊരാളെപ്പോലെ എഴുതരുത്; നിങ്ങൾ നിങ്ങളെപ്പോലെ എഴുതണം എന്ന് ഇടശ്ശേരി ഉപദേശിച്ചു. അത് തെറ്റിക്കാതെ നടന്നു.
ആദ്യകാല പ്രണയകവിതകളിലും ചങ്ങമ്പുഴ സ്പർശം ഇല്ല എന്നത് അത്ഭുതമാണല്ലോ?
ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള സ്നേഹമാണ് യഥാർഥ പ്രേമമെന്ന് ഞാൻ മനസ്സിലാക്കിയത് ചങ്ങമ്പുഴ കവിതകളിൽനിന്നാണ്. 'മനസ്വിനി'യൊക്കെ ഉദാഹരണം പറയാം. കുടുംബബന്ധങ്ങളിലെ സ്നേഹദുഃഖങ്ങൾ പങ്കിടൽ, അന്യോന്യം ആശ്രയമാകൽ, പരസ്പരം താങ്ങായി നിൽക്കൽ എല്ലാം സ്നേഹത്തിെൻറ മുഖങ്ങളാണ്. ഈ സ്നേഹമാണ് കവിതകളിൽ കൊണ്ടുവരാൻ ശ്രമിച്ചത്. സ്ത്രീപുരുഷ ബന്ധങ്ങളിലെ ഉപരിപ്ലവത അല്ലെങ്കിൽ ബാഹ്യാവസ്ഥ ചങ്ങമ്പുഴ കവിതകളിലുണ്ട്. മാനവികമായ ആദർശശുദ്ധിയാണ് കവിതയിൽ വരേണ്ടത് എന്നതാണ് പ്രണയകവിതകൾ എഴുതുേമ്പാഴും ഞാൻ സിദ്ധാന്തിച്ചത്.
വിശുദ്ധമായ പ്രണയകാവ്യങ്ങൾ ഏതൊക്കെയാണ്?
ജയദേവകവിയുടെ ഗീതാഗോവിന്ദവും കാളിദാസെൻറ ശാകുന്തളവും എന്ന് പറയാം.
രണ്ട് മഹദ്കൃതികൾ പറയുകയാണെങ്കിലോ?
ശ്രീശങ്കരാചാര്യരുടെ സൗന്ദര്യലഹരിയും മേൽപത്തൂരിെൻറ നാരായണീയവും.
അമ്പലച്ചുവരിൽ വരച്ച ചിത്രങ്ങൾക്കുനേരെയുള്ള പ്രതികരണമായിട്ടാണല്ലോ അക്കിത്തം എഴുത്ത് തുടങ്ങിയത്? കവിത പ്രതികരണത്തിനുള്ള ആയുധം കൂടിയാണെന്ന പക്ഷമുണ്ടോ?
പ്രതിഷേധസ്വരമായിട്ടല്ലേ 'വാല്മീകിരാമായണം' ആരംഭിക്കുന്നത്. പ്രതിഷേധവും നിഷേധവും തമ്മിൽ വലിയ അന്തരമില്ല. ശരിയല്ല എന്നുപറഞ്ഞാൽ നിഷേധമായി. ഇല്ലാതാക്കാനുള്ള കർമമാണ് പ്രതിഷേധം.
മലയാള കവിതയുടെ കരുത്തായ 'ഇരുപതാം നൂറ്റാണ്ടിെൻറ ഇതിഹാസ'ത്തിന് അറുപത്തിയേഴ് വയസ്സായി. ഭാവിയുടെ രാഷ്ട്രീയം പ്രവചിച്ച കാവ്യം കൂടിയാണത്. ഇന്നത്തെ പശ്ചാത്തലത്തിൽ ആത്മകാവ്യത്തെ വിലയിരുത്തുന്നത് എങ്ങനെയാണ്?
ഇടശ്ശേരിയുടെ നിർബന്ധം ഒന്നുകൊണ്ടുമാത്രമാണ് ആ കാവ്യം പ്രസിദ്ധപ്പെടുത്തിയത്. ധാരാളം വായിക്കപ്പെട്ടു, പഠിക്കപ്പെട്ടു എന്നതിൽ സന്തോഷം. അതിെൻറ കടപ്പാടും ഇടശ്ശേരിക്ക് നൽകുന്നു.
ഇ.എം.എസുമായുള്ള ഐക്യപ്പെടലും ആശയപരമായ വേർപിരിയലും ഉണ്ടായ സാഹചര്യം പറയാമോ?
തെൻറ ബുദ്ധിപരമായ വളർച്ച കാരണം കമ്യൂണിസം ലോകം മുഴുവൻ പടരും എന്ന ബോധ്യത്തിൽ ഇ.എം.എസ് ജീവിച്ചു. വ്യത്യസ്തമായ സാധ്യതയെപ്പറ്റി അദ്ദേഹം ആലോചിച്ചതുമില്ല. വേദമഹത്ത്വം അദ്ദേഹം അനുഭവിച്ചിട്ടുമുണ്ട്. കൽക്കത്ത തീസിസിനുശേഷം ഞങ്ങൾ വ്യത്യസ്ത ആശയക്കാരായി എങ്കിലും ആത്മബന്ധം തുടർന്നു.
വി.ടിയും സ്വാധീന പുരുഷനായിരുന്നുവല്ലോ? നമ്പൂതിരി നവോത്ഥാനകാലത്തെ പ്രവർത്തനങ്ങളെ ഇപ്പോൾ ഓർമിക്കുന്നത് എപ്രകാരമാണ്?
വി.ടിയുടെ കാലത്ത് സംസ്കൃതം പഠിക്കാത്ത ഒരു തലമുറ നമ്പൂതിരി സമുദായത്തിൽ ഉണ്ടായിരുന്നു. പാരമ്പര്യം തെറ്റിച്ചുനടന്നവർ. ഒപ്പിടാനുള്ള ഒരക്ഷരംേപാലും അറിയാത്തവർ; പുറംലോകവുമായി ബന്ധമില്ലാത്തവർ. അന്തർജനങ്ങളുടെ ദുരന്താവസ്ഥ, അവരുടെ മനസ്സ് വി.ടിക്ക് അറിയാമായിരുന്നു. അദ്ദേഹം സമരം ചെയ്യുകയായിരുന്നു. സമരത്തിനായി സംസാരിച്ചതെല്ലാം സാഹിത്യമായി എന്നതാണ് വി.ടിയുടെ പ്രത്യേകത. ശ്രീനാരായണഗുരുവും മന്നത്ത് പത്മനാഭനും ആരംഭിച്ച സാമൂഹിക പരിഷ്കാരത്തെ ആ സങ്കൽപത്തെ നമ്പൂതിരി സമുദായത്തിലേക്ക് കടത്തിവിടുകയാണ് വി.ടി ചെയ്തത്. ഗാന്ധിസത്തെ കേരളീയ ജീവിതത്തിലേക്ക് വ്യാപിപ്പിക്കാനും അദ്ദേഹം ശ്രമിച്ചു. നമ്പൂതിരി സമുദായത്തിനകത്തുനിന്നുകൊണ്ടുതന്നെ അതിലെ യാഥാസ്ഥിതികത്വത്തിനെതിരെ വി.ടി പോരാടുകയായിരുന്നു.
ആകാശവാണിയിൽ ഉദ്യോഗസ്ഥനായിരുന്നുവല്ലോ. 'ബലിദർശനവും' 'പണ്ടത്തെ മേശാന്തിയും' 'ധർമസൂര്യനു'മെല്ലാം ആകാശവാണിക്കാല കവിതകളാണ്. ഈ ജോലിക്കാലം കവിതയെ ബാധിച്ചവിധം എങ്ങനെയാണ്?
സമ്പന്നമായിരുന്നു. ധാരാളം എഴുതേണ്ടിവന്നു. മഹദ്വ്യക്തികളുമായി ഇടപഴകാൻ അവസരമുണ്ടായി. ധന്യമായ കാലം എന്നുപറയാം. ജീവിതവൃത്തിയെ നിരാകരിക്കുന്നത് അധർമമാണ്.
കവിത വരുന്ന വഴിയെക്കുറിച്ച് ഉദാഹരണം പറയാമോ?
പണ്ടൊരുദിവസം രാവിലെ കുളിച്ചുവരുേമ്പാൾ വിരിഞ്ഞുനിൽക്കുന്ന പൂവ് കണ്ടപ്പോൾ രണ്ടുവരി മനസ്സിൽ വന്നു.
നിന്നെ കൊന്നവർ കൊന്നു പൂവേ
തന്നുടെ തന്നുടെ മോക്ഷത്തെ...
പിന്നെ വരികൾ വന്നു. കവിതയുടെ ഫോം രൂപപ്പെടുന്നതിൽ ബുദ്ധിക്ക് പങ്കുണ്ട്.
അനുഭൂതിയോ?
അനുഭൂതിയുടെ നിമിഷം ദൈവദത്തമാണ്. മിന്നാമിനുങ്ങിെൻറ പ്രകാശംപോലെയാണത്. അതിൽനിന്ന് സൂര്യപ്രകാശം ഊതിയുണ്ടാക്കലാണ് കവിത.
നമ്പൂതിരി സമുദായത്തിനകത്തുനിന്നുതന്നെ കവിതകൾക്കുനേരെ വിമർശനം നേരിട്ട യുവകവിയായിരുന്നു അക്കിത്തം. കവിത എഴുതിത്തുടങ്ങിയ കാലത്ത് ഇത്തരം വിമർശനങ്ങളെ സഹിച്ചത് എങ്ങനെയാണ്?
യോഗക്ഷേമസഭക്ക് പകരമായി യാഥാസ്ഥിതിക നമ്പൂതിരിമാർക്ക് സംഘടനയും 'പതാക' എന്ന പത്രവും ഉണ്ടായിരുന്നു. എല്ലാ ലക്കത്തിലും എന്നെ കളിയാക്കി കുറിപ്പുകൾ വരും.
എെൻറ ആദ്യ പുസ്തകത്തിനുനേരെ ''കമ്യൂണിസ്റ്റാണ്'' എന്നായിരുന്നു വിമർശനം. എല്ലാ വിമർശനവും ഞാൻ ഉൾക്കൊണ്ടു. പരിഗണിക്കപ്പെടുകയാണല്ലോ എന്ന തോന്നലായിരുന്നു.
അക്കിത്തത്തിെൻറ കവിതയോടും കാവ്യനിലപാടുകളോടുമല്ല, ആശയങ്ങളോടാണ് പലരും വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുള്ളത്. അക്കിത്തം മറുപടി പറഞ്ഞ് അതിന് വിവാദമോ സംവാദമോ സൃഷ്ടിക്കാറില്ല. ഈ മൗനകലയുടെ പൊരുൾ എന്താണ്?
അതിനെല്ലാം മെനക്കെട്ട് സമയം കളയാറില്ല. നിൽക്കുന്നത് നിൽക്കും. അല്ലാത്തത് പോകും. സത്യസന്ധതയാണ് പ്രധാനം; ജീവിതത്തിലും കവിതയിലും ആശയത്തിലും. മറ്റൊരാളുടെ വിയോജിപ്പിനുനേരെ പ്രതികരിച്ചിട്ട് ഫലമില്ല. ഭൂഷണവുമല്ല. സത്യം എന്നത് ഈശ്വരനാണ്. ഞാനെന്നഭാവം ഇല്ലാതാവലാണ്. അഹം പോയിക്കിട്ടുകയാണ് വേണ്ടത്. കവിതയിലൂടെ അതിന് ശ്രമിക്കുക. 'അഹം' എന്ന അഗ്നിയെ കെടുത്തുന്ന 'തീ'യാണ് എനിക്ക് കവിത.
അക്കിത്തത്തിെൻറ നോവൽ സങ്കൽപം എന്താണ്?
കവിതയുടെ ഗദ്യരൂപമാണ് നോവൽ എന്ന സങ്കൽപത്തിലാണ് ഉറൂബ് എഴുതിയത്. എം.ടിയുടേത് നല്ല കവിതയുള്ള ഭാഷയാണ്. വി.കെ.എന്നും ഒ.വി. വിജയനും നോവലിൽ വ്യത്യസ്ത ഭാഷ സൃഷ്ടിച്ചു.
ഭാഷാപഠനത്തെക്കുറിച്ച് അക്കിത്തത്തിെൻറ സങ്കൽപം പറയൂ...
വിദ്യാഭ്യാസ സമ്പ്രദായത്തിൽ മാറ്റങ്ങൾ വന്നത് കവിതയുടെ ആസ്വാദനത്തെ ബാധിച്ചു. മുമ്പ് എ.ആറിെൻറയും മുണ്ടശ്ശേരിയുടെയും മാരാരുടെയും ലേഖനങ്ങൾ പ്രാധാന്യത്തോടെ പഠിപ്പിച്ചിരുന്നു. എം.പി. പോൾ, സി.ജെ. തോമസ്, എം.പി. ശങ്കുണ്ണി നായർ, എൻ.വി. കൃഷ്ണവാരിയർ എന്നിവരുടെ ലേഖനങ്ങൾ നിർബന്ധമായും പഠിപ്പിക്കണം. മലയാളം ക്ലാസുകളിൽ വൃത്തവും അലങ്കാരവും നിർബന്ധമായും പഠിപ്പിക്കണം. വൃത്തപഠനം മനസ്സിന് താളബോധമുണ്ടാക്കുന്നു. കവിത മനഃപാഠമാക്കാനുള്ള അവസരങ്ങൾ ഉണ്ടാവണം. വൃത്തപഠനം മാനസികമായ ഡ്രില്ലിങ് ആണ്.
ഈ അഭാവത്തിൽ രൂപപ്പെട്ട തലമുറയാണോ ഗദ്യകവിതകൾ എഴുതുന്നത്?
കവിത എഴുതാൻ അശക്തരായവർക്കുള്ള എളുപ്പമാർഗംപോലെ തോന്നുന്നു ഇന്നത്തെ കവിത. കവികളാവാൻ തീരുമാനിച്ചുറച്ച് ഇറങ്ങിയവർ. അവർക്ക് അവരുടേതായ ന്യായങ്ങൾ ഉണ്ടാവാം. വൃത്താലങ്കാര പഠനത്തിൽനിന്ന് സാധിച്ച സൗന്ദര്യവും താളബോധവും കവിതക്ക് ഗുണംചെയ്യും. ആധുനികരിൽ നല്ല വൃത്തദീക്ഷ പുലർത്തുന്ന കവിയാണല്ലോ ബാലചന്ദ്രൻ ചുള്ളിക്കാട്. വൃത്തമില്ലാതെയും അസ്സലായി എഴുതും. അതെങ്ങനെ സാധിക്കുന്നു? അതാണ് കവിതയുടെ മഹത്ത്വം.
ഇന്ന് ഏത് പ്രശ്നങ്ങൾക്കും എഴുത്തുകാരെൻറ പ്രതികരണം പ്രതീക്ഷിക്കുന്നവരുണ്ട്. എഴുത്തുകാരന് പ്രത്യക്ഷമായ രാഷ്ട്രീയം നിർബന്ധമാണോ?
ഒരു കവിയെ സംബന്ധിച്ചിടത്തോളം കവിതകൾ പാർട്ടിക്കുള്ള പ്രചാരവേലക്കായി എഴുതേണ്ടിവരും. പ്രചാരണത്തിനും രാഷ്ട്രീയത്തിനും കവിത എളുപ്പമാണ്. രാഷ്ട്രീയം ഓരോരുത്തരുടെയും വിശ്വാസമാണ്. എഴുത്തുകാരെൻറ രാഷ്ട്രീയ ബോധംകൊണ്ട് സാഹിത്യത്തിനല്ല പാർട്ടിക്കാവും പ്രയോജനം.
കവി ഏതുപക്ഷത്താവണം?
മനുഷ്യപക്ഷത്ത്.
''ഓരോമാതിരി ചായംമുക്കിയ/കീറത്തുണിയുടെ വേദാന്തം/കുത്തിനിറുത്തിയ മൈക്കിനു മുന്നിൽ /കെട്ടിയുയർത്തിയ മഞ്ചത്തിൽ/നിന്നു ഞെളിഞ്ഞുരുവിട്ടീടുന്നു/തങ്ങടെ കൊടിയുടെ മാഹാത്മ്യം'' എന്ന് എഴുതിയ അക്കിത്തത്തിെൻറ ഇപ്പോഴത്തെ രാഷ്ട്രീയബോധവും ബോധ്യവും എന്താണ്?
എനിക്ക് ഒരു കൊടിയുമായും താൽപര്യമില്ല. ഞാനൊരു രാജ്യസ്നേഹി മാത്രമാണ്.
(2019 ഡിസംബർ 16ന് 'മാധ്യമം' ആഴ്ചപതിപ്പിൽ പ്രസിദ്ധീകരിച്ച അഭിമുഖം)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.