അക്കിത്തം സാഹിത്യോത്സവം: ദേശീയ സെമിനാറിന് തുടക്കം
text_fieldsഎടപ്പാൾ: വള്ളത്തോള്‍ വിദ്യാപീഠത്തില്‍ രണ്ടു ദിവസങ്ങളിലായി നടക്കുന്ന അക്കിത്തം സാഹിത്യോത്സവം 2022 ദേശീയ സെമിനാറിന് തുടക്കമായി. അക്കിത്തത്തിന്റെ ഛായാചിത്രത്തിന് മുന്നിൽ നടന്ന പുഷ്പാർച്ചനക്കു ശേഷം സ്വാഗതസംഘം ഭാരവാഹികളും വിശിഷ്ടാതിഥികളും ചേർന്ന് ഭദ്രദീപം കൊളുത്തിയാണ് അനുസ്മരണ സമ്മേളനവും ദേശീയ സെമിനാറും ഉദ്ഘാടനം ചെയ്തത്.
അക്കിത്തത്തിന്റെ കവിത ജീവോ ബ്രഹൈവ മുരളി പുറനാട്ടുകര ആലപിച്ചു. 'ആധുനിക ഭാരതീയ കവിതയിൽ' വിഷയത്തെക്കുറിച്ച് വിവിധ ഭാഷാ കവികൾ പ്രബന്ധം അവതരിപ്പിച്ചു. വാടാത്ത താമര മനസ്സിനുള്ളിൽ എപ്പോഴും സൂക്ഷിക്കുകയും കണ്ണീരിന്റെ നനവ് പൂണ്ട ഹാസ്യം കവിതകളിലൂടെ ആവിഷ്കരിക്കുകയും ചെയ്ത കവിയാണ് അക്കിത്തമെന്ന് ആമുഖ പ്രഭാഷണത്തിൽ എസ്.കെ. വസന്തൻ മാസ്റ്റർ അഭിപ്രായപ്പെട്ടു.
ആത്മവഞ്ചനയുടെ മുഖംമൂടി വലിച്ചുകീറിയ, നേരിന്റെ പാത തെളിയിച്ച കവിയാണ് അക്കിത്തമെന്നും ഒരു വ്യവസ്ഥക്കും അനുകൂലമായി കവിതകൾ രചിക്കാതെ, ഒരു ചട്ടക്കൂടിലും കവിതകളെ ഒതുക്കാതെ മനുഷ്യത്വത്തെ കവിതയിലേക്ക് ആവാഹിച്ച കവിയാണ് അക്കിത്തമെന്നും ഡോ. കമലേഷ് കുമാർ വർമ അഭിപ്രായപ്പെട്ടു. 'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം' ആധുനിക കവിതയിലേക്കുള്ള ഒരു വഴിത്തിരിവായിരുന്നുവെന്നും വീണ്ടും വീണ്ടും പഠിക്കേണ്ട കൃതിയാണ് ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസമെന്നും ഡോ. പ്രബോധ് വാസുദേവ് പരീഖ് അഭിപ്രായപ്പെട്ടു. പി.പി. മോഹൻദാസ്, ടി.വി. ശൂലപാണി, അഡ്വ. കെ. വിജയൻ, അജിതൻ പള്ളിപ്പാട് തുടങ്ങിയവർ സംസാരിച്ചു.
ഞായറാഴ്ച അക്കിത്തം കവിതകളെക്കുറിച്ച സെമിനാറാണ് നടക്കുക. അനിൽ വള്ളത്തോൾ, ആത്മാരാമൻ, ഡോ. കെ.എം. അനിൽ, ഡോ. കെ.പി. മോഹനൻ, പി.പി. രാമചന്ദ്രൻ, ആലങ്കോട് ലീലാകൃഷ്ണൻ എന്നിവർ പ്രബന്ധം അവതരിപ്പിക്കും. അക്കിത്തത്തിന്റെ കവിതകളെ ആസ്പദമാക്കി രചിക്കുന്ന മികച്ച പ്രബന്ധത്തിന് വള്ളത്തോൾ വിദ്യാപീഠം ഏർപ്പെടുത്തിയ പൗർണമി പുരസ്കാരം പദ്മദാസിന് ചാത്തനാത്ത് അച്യുതനുണ്ണി സമർപ്പിക്കും. ഡോ. കിരാതമൂർത്തി പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.