അക്കിത്തത്തിന്റെ 'മാധ്യമം' കവിതകൾ
text_fields'മാധ്യമം' ആഴ്ചപതിപ്പിൽ പ്രസിദ്ധീകരിച്ച അന്തരിച്ച മഹാകവി അക്കിത്തത്തിനെ കവിതകൾ
വി.ടി
അച്ഛനും അമ്മയും
മുത്തച്ഛനും മുത്തശ്ശിയും
ഏട്ടനും അനുജനും
എല്ലാമായിരുന്നു, അദ്ദേഹം. ആ ഖദറുടുത്ത മടിത്തട്ടിൽ
തുള്ളിച്ചാടിയ കാലടികൾ
അറുപതുകൊല്ലം
കഴിഞ്ഞത് അറിഞ്ഞില്ല. ശുഭ്രശ്വേതമായ ആ ഉടുപ്പിൽ
ചളിപറ്റിയത്
എെൻറ കാലടികൾ
തത്തിക്കളിച്ചപ്പോഴായിരുന്നു. അദ്ദേഹത്തെ വിരചിച്ചത്
വീട്ടിമരംകൊണ്ടായിരുന്നു. മടിയിൽ കിടന്ന്
മലർന്നുനോക്കിയപ്പോൾ
നഗ്നമായ ആ മാറിൽ കണ്ടു
ഒരമാവാസി രാത്രി. മുഖം പൗർണമി സ്മിതമയം. ഇടിമിന്നലിെൻറ
പൂണൂലുണ്ടായിരുന്നില്ല,
ഉള്ളിൽ
ആകാശഗംഗയുണ്ടായിരുന്നു. വാക്കിെൻറ പ്രാണമയകോശത്തിൽ,
മനോമയകോശത്തിൽ
വിജ്ഞാനമയകോശത്തിൽ
ആനന്ദമയകോശത്തിൽ
ആകാശഗംഗ. അദ്ദേഹത്തിെൻറ പേർ
മനുഷ്യൻ എന്നായിരുന്നു. അവിടെ മനുഷ്യനും ദൈവവും
വേറെ വേറെയായിരുന്നു. എന്നാൽ തെൻറ ഖാദിവസ്ത്രം
അദ്ദേഹം അഴിച്ചിട്ടു.
എെൻറ കാൽച്ചളി മാത്രം
ശൂന്യതയിൽ
ഒരു കറുത്ത പാടായി
അവശേഷിച്ചു. പക്ഷേ, അദ്ദേഹം
ശീതളമായ തീജ്വാലയായി
ആകാശത്ത് പടർന്നുനിന്നു. അപ്പോൾ അവിടെ
മനുഷ്യനും ദൈവവും
അഭിന്നസത്യമായി;
ഈശ്വരമയം.
(1996 മാധ്യമം വാർഷികപ്പതിപ്പ്)
കപ്പലിൽ ഒരു സന്ന്യാസി
മഞ്ഞച്ച പതിറ്റടി–
ക്കടലിൻ മുഖമർക്കൻ
മഞ്ജുള സുവർണപാ–
ത്രംകൊണ്ടു മറച്ചപ്പോൾ
കണ്ണടച്ചിരുന്നെന്തോ
മന്ത്രിച്ചൂ താടിക്കാരൻ
കപ്പലിൽ; ക്രമത്തിലാ–
ദൈവനാമോച്ചാരണം
സഹയാത്രികന്മാർക്കു
ശല്യമാവുന്നുണ്ട, വർ
സഹികെട്ട ദേഹത്തിൻ
ചെപ്പയിലടിക്കുന്നു;
ഇടിപ്പൂ നെഞ്ചിൽ; പക്ഷേ,
നിർവികാരനാ യോഗി
ചൊടിപ്പീലാർദ്രസ്മിതം
പൊഴിപ്പൂ കണ്ണീർത്തുള്ളി.
ഉച്ചമാ നാമോച്ചാര–
ണങ്ങളാൽ സുരസിദ്ധ–
സ്വച്ഛ ശൂന്യത്തിൻ സ്വർണ–
ത്തിരകളുയരവേ,
ഇടിവെട്ടുണ്ടായി വിണ്ണി–
ലശരീരിതൻ ചുണ്ടി–
ലുടനെസ്സന്ന്യാസിൻ, ഞാൻ
തുഷ്ടനായ്, അവിളംബം
നിന്നെ രക്ഷിപ്പേൻ; നിന്നെ–
പ്പീഡിപ്പിച്ചവരെ ഞാ–
നിന്നിമിഷത്തിൽത്താഴ്ത്തും
കടലിൽ; ഭയം വേണ്ട. അലറിത്തുള്ളും തിര–
മാലയാലുടൻ കപ്പ–
ലിളകിത്തുള്ളീ; സഹ–
യാത്രികരപ്പോഴേക്കും
ഭയവിഹ്വലരായി–
സ്സന്ന്യാസിയുടെ കാൽക്കൽ
തൊഴുകൈയോടെ വീഴ്കെ–
യുറക്കെച്ചൊന്നാനവൻ
ആകാശത്തിനുനേരെ
വിടർന്ന മിഴികളു–
മാജാനുബാഹുക്കളു–
മായ് സ്ഫുടാക്ഷരമേവം:
''അശരീരിയാം താങ്ക–
ളീശനോ, പിശാചല്ലേ?
അവിടുന്നീശൻ തന്നെ–
യെങ്കിൽ ഞാൻ ചോദിക്കട്ടെ:
എന്തിനു കൊല്ലുന്നൂമ–
ൽ സഹയാത്രികരെ നീ?
എന്തുകൊണ്ടുദിപ്പീപ്പീ–
ലവരിൽ സൽബുദ്ധി നീ?''
(മാധ്യമം വാർഷികപ്പതിപ്പ്, 1998)
തൊള്ളപൊളി
''നാടുതോറും പ്രസംഗിക്കാനോടി നടക്കേണ്ടിവരും
നാളെ'' യെന്നു ചെറുപ്പത്തിൽ അറിഞ്ഞുവെങ്കിൽ
കാവ്യം കുത്തിക്കുറിയ്ക്കുമായിരുന്നില്ല; പറഞ്ഞിട്ടു
കാര്യമെന്തീ വാർധക്യത്തിൽ? ക്ഷമിയ്ക്ക തന്നെ!
കട്ടിലിൽനിന്നിറങ്ങായ്കിൽ കഞ്ഞിയില്ലെന്നോർത്ത കുട്ടി
കിട്ടിയ വള്ളിയിൽ പൊത്തിപ്പിടിച്ചു തൂങ്ങി.
കഞ്ഞികുടി നടന്നുവെന്നാശ്വസിക്കാം; പാതിരക്കും
കട്ടിലിൽ കിടപ്പാനിപ്പോൾ സമയമില്ല,
വള്ളത്തോളിൻ കരുണയാൽ കവിതയ്ക്കു കാശുകിട്ടും;
തൊള്ള പൊളിയ്ക്കലിന്നിന്നും തൊഴുകൈ മാത്രം. എങ്കിലും മുഖം മുറിച്ചു പറയുവാൻ കഴിയാഞ്ഞി–
ട്ടെന്തെങ്കിലും മൈക്കിൻ വായിൽ വിളമ്പിടുന്നു.
മനസ്സിലുള്ളതു വായ തുറക്കുമ്പോഴേയ്ക്കുതന്നെ
മറന്നതു ഞാനല്ലാതാരറിഞ്ഞീടുന്നു?
ആയിരക്കണക്കിൻ പിമ്പും
മൈക്കിൻ മുമ്പിൽ ചെന്നുനിന്നാൽ
വായ വരളുന്നൂ; തല കറങ്ങിടുന്നു–
എഴുതുവാൻ തുടങ്ങിയാൽ
കിണി കിണി ഫോണിൽ പോയി–
ട്ടെടുത്താലോ, ചേതം നമുക്കൊരു ദിവസം,
തൊള്ള പൊളിയ്ക്കലിന്നുള്ള വിളികളാണെല്ലാം; പോയി–
ത്തൊള്ളപൊളിച്ചാലോ, നേട്ടം തൊഴുകൈ മാത്രം.
(മാധ്യമം വാർഷികപ്പതിപ്പ്, 2001)
അക്കിത്തത്തിന്റെ പ്രധാനകൃതികൾ
കവിത, ചെറുകഥ, നാടകം, വിവർത്തനം, ഉപന്യാസം എന്നിങ്ങനെയായി മലയാള സാഹിത്യത്തിൽ അമ്പതോളം കൃതികളുടെ രചയിതാവാണ് അക്കിത്തം അച്യുതൽ നമ്പൂതിരി. ഇരുപതാം നൂറ്റാണ്ടിെൻറ ഇതിഹാസം, വെണ്ണക്കല്ലിന്റെ കഥ, ബലിദർശനം, പണ്ടത്തെ മേൽശാന്തി (കവിത), മനസാക്ഷിയുടെ പൂക്കൾ, നിമിഷ ക്ഷേത്രം, പഞ്ചവർണ്ണക്കിളി, അരങ്ങേറ്റം, മധുവിധു, ഒരു കുല മുന്തിരിങ്ങ (കുട്ടിക്കവിതകൾ), ഭാഗവതം (വിവർത്തനം, മൂന്നു വാല്യങ്ങൾ), ഇടിഞ്ഞു പൊളിഞ്ഞ ലോകം, അമൃതഗാഥിക, അക്കിത്തത്തിെൻറ തിരഞ്ഞെടുത്ത കവിതകൾ, കളിക്കൊട്ടിലിൽ, അക്കിത്തം കവിതകൾ: സമ്പൂർണ സമാഹാരം, സമത്വത്തിെൻറ ആകാശം, കരതലാമലകം, ആലഞ്ഞാട്ടമ്മ, മധുവിധുവിനു ശേഷം, സ്പർശമണികൾ, അഞ്ചു നാടോടിപ്പാട്ടുകൾ, മാനസപൂജ
പുരസ്കാരങ്ങള്
•സഞ്ജയൻ പുരസ്കാരം (1952)
•കേരള സാഹിത്യ അക്കാദമി
അവാർഡ് (1972)
•കേന്ദ്ര സാഹിത്യ അക്കാദമി
അവാർഡ് (1973)
•ഓടക്കുഴൽ അവാർഡ് (1974)
•സമാവർത്തനം (1978)
•പത്മപ്രഭ പുരസ്കാരം (2002)
•അമൃതകീർത്തി പുരസ്കാരം (2004)
•മാതൃഭൂമി സാഹിത്യ പുരസ്കാരം (2008)
•സമഗ്രസംഭാവനക്കുള്ള എഴുത്തച്ഛൻ പുരസ്കാരം (2008)
•വയലാർ അവാർഡ് -2012
•എഴുത്തച്ഛൻ പുരസ്കാരം (2016)
•പത്മശ്രീ (2017)
•ജ്ഞാനപീഠം പുരസ്കാരം (2020)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.