സാംസ്കാരിക സ്ഥാപന തലവന്മാരുടെ പ്രായപരിധി; അക്കാദമികളുടെ സ്വയംഭരണം ഇല്ലാതാക്കുമെന്ന് ആക്ഷേപം
text_fieldsതൃശൂർ: സാംസ്കാരിക സ്ഥാപനങ്ങളുടെ തലപ്പത്തെ ഉദ്യോഗസ്ഥ തസ്തികകളിലെ ഉയർന്ന പ്രായപരിധി 65 ആക്കി നിശ്ചയിച്ചതിനെത്തുടർന്നുള്ള നടപടിക്രമങ്ങൾ അക്കാദമികളുടെ സ്വയംഭരണം ഇല്ലാതാക്കുമെന്നും ഉദ്യോഗസ്ഥ ഭരണത്തിന് വഴിവെക്കുമെന്നും ആക്ഷേപം. സാംസ്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇറക്കിയ ഉത്തരവിനെത്തുടർന്ന് കേരള ഫോക്ലോർ അക്കാദമി, കേരള സാഹിത്യ അക്കാദമി, കേരള സംഗീത നാടക അക്കാദമി എന്നിവിടങ്ങളിലെ സെക്രട്ടറിമാർ തിരുവനന്തപുരത്തെ സാംസ്കാരിക വകുപ്പ് അഡീഷനൽ സെക്രട്ടറിക്ക് ചുമതല കൈമാറിയാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്ഥാനമൊഴിഞ്ഞത്. കാലാവധി കഴിഞ്ഞിട്ടും പുതിയ ഭാരവാഹികൾ എത്താത്ത സാഹചര്യത്തിലാണ് പ്രവർത്തനങ്ങൾ പലതും പാതിവഴിയിലെത്തി നിൽക്കേ പിരിയേണ്ടിവന്നത്. പ്രായപരിധി തീരുമാനം നേരത്തേ അറിയിക്കുകയോ കാര്യമായി ചർച്ചക്ക് വിധേയമാക്കുകയോ ചെയ്യാത്തതിൽ ചുമതലയൊഴിഞ്ഞവർക്ക് ആക്ഷേപമുണ്ട്. സംസ്ഥാന സർക്കാറിന്‍റെ നിയന്ത്രണത്തിലുള്ള സ്വയംഭരണ -സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ പൊതുഭരണ സ്ഥാപനങ്ങളുടെയും എം.ഡി, സെക്രട്ടറി, ഡയറക്ടർ, ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ എന്നിവരുടെ ഉയർന്ന പ്രായപരിധി 65 വയസ്സായി നിശ്ചയിച്ച് ജനുവരി ആറിനാണ് ഉത്തരവിറങ്ങിയത്. കാലാവധി കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും സാംസ്കാരിക വകുപ്പിലെ സ്വയംഭരണ സ്ഥാപനങ്ങളിലെ തലവന്മാരുടെ നിയമനങ്ങൾ മിക്കതും പൂർത്തിയായിട്ടില്ല.
സാംസ്കാരിക വകുപ്പിന് കീഴിലെ അക്കാദമികൾ, ഇൻസ്റ്റിറ്റ്യൂട്ടുകൾ മുതലായ സ്ഥാപങ്ങളിൽ വിവിധ സർക്കാർ ഉത്തരവുകളുടെ അടിസ്ഥാനത്തിൽ രൂപവത്കരിച്ച ഗവേണിങ് കൗൺസിൽ, ജനറൽ കൗൺസിൽ, ഭരണസമിതി, എക്സിക്യൂട്ടിവ് കമ്മിറ്റികളിൽ സാംസ്കാരിക ഡയറക്ടറെ അംഗമായി ഉൾപ്പെടുത്തി ഈ മാസം 10ന് ഉത്തരവിറങ്ങിയിരുന്നു. വിവിധ സാംസ്കാരിക സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിലും നയരൂപവത്കരണത്തിലും നിയന്ത്രണമില്ലെന്ന വർഷങ്ങളായുള്ള സാംസ്കാരിക വകുപ്പ് ഉദ്യോഗസ്ഥരുടെ പരാതിയാണ് ഇതോടെ പരിഹരിക്കപ്പെട്ടത്. മറുവശത്ത് സാംസ്കാരിക സ്ഥാപനങ്ങളുടെ നിയന്ത്രണം ഉദ്യോഗസ്ഥരിലെത്തിയെന്ന ആക്ഷേപവും ഉയർന്നു. സാംസ്കാരിക വകുപ്പിലെ പുതുസമീപന മാറ്റത്തോടെ അക്കാദമികളുടെ ഭരണ നിർവഹണവും തീരുമാനങ്ങളും സാംസ്കാരിക വകുപ്പ് സെക്രട്ടറി, ധനകാര്യ സെക്രട്ടറി, സാംസ്കാരിക വകുപ്പ് ഡയറക്ടർ, അഡീഷനൽ സെക്രട്ടറി തുടങ്ങി ഉദ്യോഗസ്ഥർ കൈപ്പിടിയിലൊതുക്കുമോ എന്ന ആശങ്കയും സാംസ്കാരിക സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവർ പങ്കുവെക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.