ഇതാ തെളിവ്, പുസ്തകമുയർത്തിക്കാട്ടി ശ്രീകുമാരൻ തമ്പി; ‘കവിതക്ക് അവാർഡില്ലെങ്കിലും വയലാറിന്റെ അംഗീകാരമുണ്ട്’
text_fieldsതിരുവനന്തപുരം: കവി വയലാറിന്റെ പേരിലുള്ള പുരസ്കാരം കവിയായ തന്റെ കവിതകൾക്കല്ല, ആത്മകഥക്കാണ് ലഭിച്ചതെങ്കിലും ശ്രീകുമാരൻ തമ്പിക്ക് സങ്കടമില്ല. മാത്രമല്ല, സാക്ഷാൽ വയലാർ രാമവർമയുടെ നേരിട്ടുള്ള അംഗീകാരം 63 വർഷം മുമ്പുതന്നെ ലഭിച്ചതിന്റെ തിളങ്ങുന്ന ഓർമകൾ ഒപ്പമുണ്ട് താനും. 19ം വയസ്സിൽ എഴുതിയ ‘ഒരു കവിയും കുറേ മാലാഖമാരും’ എന്ന കൃതിക്ക് അവതാരിക എഴുതിയത് വയലാർ ആയിരുന്നെന്നതാണ് ഈ മഹത്തായ അംഗീകാരം.
നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ 47ാം വയലാർ പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കവെ തെളിവായി ഈ പുസ്തകം ഉയർത്തിക്കാട്ടിയാണ് അവിസ്മരണീയമായ ഓർമകളിലേക്ക് ശ്രീകുമാരൻ തമ്പി മനസ്സ് തുറന്നതും മറുപടി പ്രസംഗം നടത്തിയതും.
‘തന്റെ കവിതക്ക് വയലാർ അവാർഡ് കിട്ടിയിട്ടില്ലെങ്കിലും 19ാം വയസ്സിൽ തന്നെ വയലാർ അംഗീകരിച്ചിട്ടുണ്ട് എന്നതിന് തെളിവാണ് ഈ പുസ്തകത്തിലെ അവതാരിക. ആലപ്പുഴ എസ്.ഡി കോളജിൽ ഡിഗ്രിക്ക് പഠിക്കുന്ന കാലം. കൈയിൽ കുറേ കവിതകളുമെടുത്ത് വയലാറിലെ രാഘവപ്പറമ്പിലേക്ക് പോയി. കവിതകൾ പുസ്തകമാക്കാൻ ആഗ്രഹിക്കുന്നു അവതാരിക എഴുതിത്തരണമെന്ന് പറഞ്ഞു. ഓരോ കവിതയും വായിച്ച വയലാർ മുഖത്തേക്ക് നോക്കി. ഇറങ്ങാൻ സമയത്ത് ഊണിന് വിളിച്ചു. ഒരുമിച്ചിരുന്ന് ഊണ് കഴിച്ചു. 14 ദിവസം കഴിഞ്ഞപ്പോൾ വയലാർ അവതാരിക എഴുതിത്തന്നു. ‘ശ്രീ തമ്പിയുടെ ആദ്യ കവിതാ സമാഹാരം പുറത്തിറങ്ങുമ്പോൾ ഈ കവിയുടെയും കവിത ഗ്രന്ഥത്തിന്റെയും കൂടെ നിൽക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു’ എന്നായിരുന്നു അവതാരികയിലെ അവസാന വരി.
‘ജീവിതം എന്ന പെൻഡുലം’ എന്ന ആത്മകഥ എഴുതിയില്ലായിരുന്നെങ്കിൽ ഈ അവാർഡ് കിട്ടുമായിരുന്നില്ല. വയലാർ അവാർഡ് കിട്ടേണ്ടിയിരുന്നത് ശ്രീകുമാരൻ തമ്പി എന്ന കവിക്കാണെന്നും അദ്ദേഹം പറഞ്ഞു.
പെരുമ്പടവം ശ്രീധരനാണ് പുരസ്കാരം സമർപ്പിച്ചത്. മൂന്നംഗ സമിതിയാണ് പുരസ്കാരം നിശ്ചയിക്കുന്നതെങ്കിലും ഇത് മലയാളികൾ നൽകുന്ന ജനകീയ അവാർഡാണെന്നും മലയാളികളുടെ കാവ്യബോധമാണ് അതിന് പിന്നിലെന്നും പെരുമ്പടവം പറഞ്ഞു. പ്രഫ.ജി. ബാലചന്ദ്രൻ, ബി. സതീശൻ, കെ. ജയകുമാർ, പി.കെ. രാജശേഖരൻ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.