അന്തരം
text_fieldsകാറ്റ് മഴയെ മെലിഞ്ഞെന്നോ
തടിച്ചെന്നോ
പറഞ്ഞു കളിയാക്കാറില്ല.
പൂമ്പാറ്റ പൂവിലെ തേൻ കുടിക്കുമ്പോ
അപ്പുറത്തെ തൊടീലെ പൂവിനെ
കുറ്റപ്പെടുത്താറില്ല.
കാർമേഘം നക്ഷത്രങ്ങളെ വരാൻ
വൈകിയതിന് അടച്ചാക്ഷേപിക്കാറില്ല.
സിംഹം വേട്ടയാടിയതിന്റെ പങ്ക് പറ്റാൻ
പുലി തക്കം പാർത്തിരിക്കാറില്ല.
മുയലിന്റെ മാളം കണ്ട്
എലി അസൂയപ്പെടാറില്ല.
ആന കുതിരയെ കണ്ട് പഠിക്കാൻ
മക്കളെ ഉപദേശിക്കാറില്ല.
ജിറാഫ് കഴുത്ത് നോക്കി
പൊങ്ങച്ചം പറയാറില്ല.
മീനുകൾ കടലിന്റെ വലുപ്പം കണ്ട്
അഹങ്കരിക്കാറില്ല.
പറ്റിപ്പിടിച്ചിരിക്കുന്ന മഞ്ഞുതുള്ളിയെ
പുൽക്കൊടി ചുഴിഞ്ഞുനോക്കാറില്ല.
മണൽത്തരികൾ അസ്ഥിരതയെ
ഒരിക്കലും പഴിചാരാറില്ല.
പുഴകൾ പാറക്കെട്ടുകളെയോർത്തു
ഭയപ്പെടാറില്ല.
ദേശാടനക്കിളികൾ ഭാവിയോർത്തു
ആകുലപ്പെടാറുമില്ല...
ജസ്ലി കോട്ടക്കുന്ന്
റിയാദ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.