Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightഅറബ് കവി ഡോ. ശിഹാബ്...

അറബ് കവി ഡോ. ശിഹാബ് ഗാനിം പെരുന്നാളിനെക്കുറിച്ച് പറയുന്നതിങ്ങനെയാണ്...

text_fields
bookmark_border
Shihab Ghanem
cancel
camera_alt

ഡോ. ശിഹാബ് ഗാനിം                                                                                                                  ചിത്രം-നജു വയനാട്

സമകാലിക അറബ് ലോകത്തെ ഏറ്റവും പ്രഗല്ഭ കവികളിലൊരാളാണ് ഡോ. ശിഹാബ് ഗാനിം. മുതനബ്ബിയും ഇംറുല്‍ ഖൈസും തുടങ്ങി ഖലീല്‍ ജിബ്രാനും മഹ്മൂദ് ദർവീശും അടക്കം മഹാ സാഹിത്യകാരൻമാർ വ്യക്തിമുദ്ര പതിപ്പിച്ച അറബ് സാഹിത്യ ചക്രവാളത്തിൽ പുതുകാലത്തിന്‍റെ അടയാളപ്പെടുത്തലാണ് ഈ നാമം. ലോകം വീണ്ടും ഈദ് ആഘോഷത്തെ വരവേൽകാനൊരുങ്ങവെ, എട്ടു പതിറ്റാണ്ട് പിന്നിട്ട ജീവിതാനുഭവങ്ങളുടെ ആഴങ്ങളിൽ നിന്ന് പെരുന്നാൾ തിളക്കമുള്ള ഓർമകളും പ്രതീക്ഷകളും പങ്കുവെക്കുകയാണദ്ദേഹം..

‘ശാഇറുൽ ഹുബ്ബി വസ്സലാം’ അഥവാ സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും കവി എന്ന് അപരനാമം ചാർത്തപ്പെട്ട ശിഹാബ് ഗാനിം പെരുന്നാളിനെക്കുറിച്ച് പറഞ്ഞു തുടങ്ങുകയാണ്. അറേബ്യൻ ഭൂഖണ്ഡത്തിന്‍റെ ഏറ്റവും തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന യമനിലെ ഏദൻ പട്ടണത്തിൽനിന്ന് തുടങ്ങുന്നതാണ് ഓർമകൾ. ലോകത്തെ ഏറ്റവും പ്രശാന്തമായ തീരദേശ താമസകേന്ദ്രങ്ങളിലൊന്നായ ദുബൈ ജുമൈറയിലെ വില്ലയിൽ ഇപ്പോൾ കവിതയും സാഹിത്യവും ചേർത്തുപിടിച്ച് സർഗാത്മക ജീവിതം തുടരുകയാണദ്ദേഹം. ജീവിതയാത്രയിൽ അറബ് ലോകത്തി​ന്റെ തെക്കും വടക്കും കിഴക്കും പടിഞ്ഞാറും അനുഭവിച്ചിട്ടുണ്ട്. എല്ലാ നാടുകളിലെയും സംസ്കാരവും ജീവിതവും കണ്ടിട്ടുണ്ട്, വായിച്ചറിഞ്ഞിട്ടുമുണ്ട്.

അറബ് ലോകത്തിന് പെരുന്നാൾ എന്നും സ്നേഹക്കൈമാറ്റത്തിന്‍റെ സുന്ദരസുദിനമാണെന്ന് അദ്ദേഹം ഓർത്തെടുക്കുന്നു. അതിൽ ഏറ്റവും പ്രധാനം മുതിർന്നവരോടുള്ള സ്നേഹമാണ്. തലമുറകൾ സന്ധിക്കുന്ന അനിർവചനീയമായ സുന്ദര മുഹൂർത്തങ്ങൾ ഓരോ കുടുംബത്തിലും അന്ന് പിറവിയെടുക്കും. മാതാപിതാക്കൾ, സഹോദരങ്ങൾ, അമ്മാവൻമാർ, മറ്റു കുടുംബാംഗങ്ങൾ, പ്രദേശത്തെ പ്രധാന വ്യക്തികൾ എന്നിങ്ങനെയുള്ളവരെ എല്ലാവരും സന്ദർശിക്കും.

അവർക്ക് ആദരവും സ്നേഹവും ചാലിച്ച ആശംസകൾ കൈമാറും. പെരുന്നാൾ നമസ്കാരം കഴിഞ്ഞാൽ ഇത് എല്ലാ അറബ് പ്രദേശങ്ങളിലും സാധാരണ കാഴ്ച ഇതാണ്. പെരുന്നാൾ എന്നാൽ സമൂഹത്തെയും കുടുംബത്തെയും ഒന്നിപ്പിക്കുന്ന സുദിനമാകുന്നത് ഇതിലൂടെയാണ്. തലമുറകൾ പിന്നിടുമ്പോഴും പൈതൃകത്തിന്‍റെ നൂലിഴ മുറിയാതെ സൂക്ഷിക്കാൻ ഇതെല്ലാം കാരണമാകുന്നു.

ശൈഖുമാരുടെ മജ്‍ലിസും കുട്ടിപ്പെരുന്നാളും

യു.എ.ഇ അടക്കമുള്ള സ്ഥലങ്ങളിൽ ഭരണാധികാരികൾ ജനങ്ങളുടെ ആശംസ സ്വീകരിക്കാനായി സമയം ഒഴിഞ്ഞുവെക്കുന്ന ദിവസമാണ് ഈദ് ദിനം. മജ്‍ലിസുകളിൽ നൂറുകണക്കിനുപേർ ഓരോ സ്ഥലത്തും എത്തിച്ചേരും. ജനങ്ങൾക്ക് ‘ശൈഖു’മാരോടുള്ള സ്നേഹം തിരിച്ചറിയാൻ ഇത്തരം സദസ്സുകളിൽ സാധിക്കും. ജനങ്ങളെ അവർ വിലമതിക്കുന്നതിനാൽതന്നെ അവസാനത്തെ വ്യക്തി ആശംസ പറഞ്ഞ് പിരിയുന്നത് വരെ ശൈഖുമാർ എഴുന്നേറ്റുതന്നെ നിൽക്കും. നിന്നുകൊണ്ടല്ലാതെ ഒരാളെയും അഭിവാദ്യം ചെയ്യില്ല. ചെറുപ്പവലുപ്പങ്ങളോ മറ്റു വ്യത്യസ്തതകളോ ഇതിന് തടസ്സമാകാറില്ല. അത് പരസ്പര ബഹുമാനത്തിന്‍റെയും പരിഗണനയുടെയും സൂചകമാണ്. അതേപോലെ എല്ലാ നാടുകളിലുമെന്നപോലെ ഇവിടെയും പെരുന്നാൾ കുട്ടികളുടേതാണ്. അവരുടെ മുഖങ്ങളിലാണ് സന്തോഷം വന്നുനിറയുന്നത്. അവർ പുതുവസ്ത്രങ്ങളണിയുന്നു, മധുരം നുണയുന്നു, മുതിർന്നവരിൽനിന്ന് സമ്മാനങ്ങളും പാരിതോഷികങ്ങളും സ്വീകരിക്കുന്നു, അൽപം മുതിർന്നവർ പടക്കം പൊട്ടിക്കുന്നു... അങ്ങനെ നീണ്ടുപോകുന്നതാണ് അവരുടെ പെരുന്നാളുകൾ.

ഓരോ വീട്ടിലും പെരുന്നാളുകളിൽ അതിഥികൾക്കായി ‘ഫവാല’ എന്നറിയപ്പെടുന്ന മധുരങ്ങൾ നിറച്ച കൊട്ടയൊരുക്കും. ഈത്തപ്പഴവും മറ്റു പഴവർഗങ്ങളും സവിശേഷ ഭംഗിയോടെയാണതിൽ അണിയിച്ചൊരുക്കുക. ഇതിൽനിന്ന് മധുരം നുണഞ്ഞ് കുട്ടികൾ പെരുന്നാളുകൾക്ക് നിറംപകരും. പെരുന്നാളിന് ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായി രുചികരമായ ഭക്ഷണവും ഒരുക്കും. മുൻകാലങ്ങളിൽ പ്രാദേശിക വിഭവങ്ങൾ മാത്രമായിരുന്ന തീൻമേശകളിലെങ്കിൽ ഇന്ന് ആയിരക്കണക്കിന് വിഭവങ്ങൾ നിറഞ്ഞിട്ടുണ്ട്. ദൈവാനുഗ്രഹത്താലാണ് ഈ സമൃദ്ധി കൈവരിക്കാനായത്. എന്നാൽ, അരനൂറ്റാണ്ട് മുമ്പൊന്നും ഇത്രയും ഭൗതിക സന്നാഹങ്ങളുണ്ടായിരുന്നില്ല.

ഗാന്ധിയുടെ സുഹൃത്തും സഹിഷ്ണുതയും

സംസാരം സ്വന്തം കുട്ടിക്കാലത്തെ ഓർമകളിലേക്ക് ഊളിയിട്ടപ്പോൾ അപ്രതീക്ഷിതമായി മഹാത്മാ ഗാന്ധി കടന്നുവന്നു. യമനിലെ ഏദൻ പട്ടണത്തിലെ കുലീനമായ കുടുംബത്തിലാണ് ശിഹാബ് ഗാനിം ജനിച്ചത്. ബ്രിട്ടീഷ് ആധിപത്യത്തിലായിരുന്നു അന്ന് യമൻ. സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടങ്ങൾ കനത്തുവന്ന അക്കാലത്താണ് അദ്ദേഹത്തിന്‍റെ പിതാമഹൻ മുഹമ്മദലി ലുഖ്മാൻ സ്വാതന്ത്ര്യസമര പോരാട്ടത്തിന്‍റെ ഇന്ത്യൻ ഐക്കണായി ഉയർന്നുവന്ന മഹാത്മാ ഗാന്ധിയെ പരിചയപ്പെടുന്നത്. 1930കളിലായിരുന്നു ഇത്.

പോരാട്ടത്തിന് കരുത്തു പകരാനായി പത്രമാരംഭിക്കാൻ ഗാന്ധി അദ്ദേഹത്തെ ഉപദേശിക്കുകയും അതനുസരിക്കുകയും ചെയ്തിരുന്നു. അങ്ങനെ ആദ്യമായി യമനിൽ ഇംഗ്ലീഷ്, അറബ് പത്രങ്ങൾ ആരംഭിച്ചു. ഗാന്ധിയും ലുഖ്മാനും പല അഭിപ്രായങ്ങളിലും ഒരേ തട്ടിലായിരുന്നു. ഇരുവരും അഹിംസാ മാർഗത്തിൽ സമരം ചെയ്തവരായിരുന്നു. ഗാന്ധിയുടെ നിർദേശാനുസരണം അന്നത്തെ ബോംബെയിൽ പോയി നിയമത്തിൽ ബിരുദം നേടുകയും ചെയ്തിട്ടുണ്ട്. ഒരുപക്ഷേ, മേഖലയിലെതന്നെ ആദ്യ നിയമബിരുദധാരിയായിരുന്നു അദ്ദേഹം. ഈ പാരമ്പര്യത്തിന്‍റെ തുടർച്ചയിലാണ് സമാധാനവും സൗഹൃദവും സ്നേഹവും അടിസ്ഥാനമാക്കി കവിതകൾ ശിഹാബ് ഗാനിമിന്‍റെ തൂലികയിൽ പിറവിയെടുത്തത്. ഇന്ത്യയുമായുള്ള ബന്ധവും തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടു.

ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ വളരെ വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടു. മലയാളത്തിലും തമിഴിലും ബംഗാളിയിലും ഉർദുവിലും രചനകൾ തർജമ ചെയ്യപ്പെട്ടു. ടാഗോർ സമാധാന പുരസ്കാരവും കേരള സാഹിത്യ അക്കാദമി അവാർഡും നേടുന്നതിലേക്ക് നയിച്ചു. കമല സുരയ്യ മുതൽ സച്ചിദാനന്ദൻ വരെ സുഹൃദ് വലയമുണ്ടായി... പെട്ടെന്ന് പറച്ചിൽ വഴിയിൽ നിർത്തി എഴുന്നേറ്റ് പുസ്തകങ്ങൾ അടുക്കിവെച്ച അലമാരയിലേക്ക് നീങ്ങി. നൂറുകണക്കിന് പുസ്തകങ്ങളിൽ മലയാളം ഗരിമയോടെ ചിരിക്കുന്നു. മറ്റനേകം ഭാഷകളിലെ പുസ്തകങ്ങളുമുണ്ട്. ഓരോന്നായി കാണിച്ചുതരുമ്പോൾ അഭിമാനപൂർവം മലയാളത്തിന്റെ സ്നേഹവായ്പിന് പറയാതെ നന്ദിയോതുന്നുണ്ടായിരുന്നു അദ്ദേഹം. പെരുന്നാൾ വിശേഷങ്ങൾ വഴിമാറി ഒഴുകിയത് തിരിച്ചറിഞ്ഞപ്പോൾ വീണ്ടും കസേരയിലേക്ക് മടങ്ങി.

ഇരുട്ട് നീങ്ങും, വെളിച്ചം തെളിയും

അറബ് ലോകത്തെക്കുറിച്ച സംസാരത്തിലേക്ക് തിരിച്ചുവന്നപ്പോൾ സമകാലിക വിഷയങ്ങളിലെ ആശങ്ക മറച്ചുപിടിച്ചില്ല. സമാധാനവും സമൃദ്ധിയും അറബ് ലോകത്ത് എല്ലായിടത്തും ഇപ്പോഴും പുലർന്നിട്ടില്ല. എങ്കിലും യുദ്ധത്തിനിടയിലും പെരുന്നാൾ വരുമ്പോൾ തോക്കുകൾക്ക് അവധി നൽകുന്ന പതിവ് ഇവിടെയുണ്ട്. അത് ജനങ്ങളിൽ ആശ്വാസം നിറക്കുന്നതാണ്. ഇപ്പോൾ സുഡാനിലും ലിബിയയിലും യമനിലുമെല്ലാം സംഘർഷങ്ങളുണ്ട്. എല്ലാം പൂർണമായും ഇല്ലാതാകുമെന്ന് തന്നെയാണ് പ്രതീക്ഷ. അറബ് ലോകം വീണ്ടും സുവർണകാലത്തേക്ക് മടങ്ങുമെന്ന് ഉറച്ചു വിശ്വസിക്കുന്നു.

ഉയിർത്തെഴുന്നേൽപിന്‍റെ ആദ്യ ഘട്ടത്തിലാണ് ഈ സമൂഹമുള്ളത്. ഒരുപക്ഷേ, അടുത്ത തലമുറക്ക് ശേഷം അതിന്‍റെ പൂർണത കാണാനാകും. മേഖലയിൽ രക്തച്ചൊരിച്ചിൽ കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലമായുണ്ട്. അതിന് കാരണം പുറംശക്തികളുടെ ഇടപെടലാണ്. ഈ മണ്ണിലെ വിഭവങ്ങൾ കൊള്ളയടിക്കാനും വികാസത്തെ തടസ്സപ്പെടുത്താനുമാണ് സംഘർഷത്തിന്‍റെ വിത്തുകൾ പാകിയത്.

വിജ്ഞാനം വ്യാപിച്ചതോടെ ഇതെല്ലാം ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. വംശീയതയും വർണവെറിലും ബാധിക്കാത്ത മേഖലയെന്ന നിലയിൽ കുതിപ്പിനുള്ള ആന്തരികമായ കരുത്ത് ഈ നാടിനുണ്ട്. അതിനാൽ ദുഃഖപൂർണമായ രക്തച്ചൊരിച്ചിലുകൾ ഇന്നല്ലെങ്കിൽ നാളെ അവസാനിച്ച് എല്ലായിടത്തും സുന്ദരമായ ഈദ് പിറകൾ തെളിയും. അതിനായി, പെരുന്നാൾ സുദിനം പോലെ തെളിച്ചമുള്ള നാളേക്കായി, മാനവികതയും സഹിഷ്ണുതയും ഇതിവൃത്തമാകുന്ന എഴുത്തുകൾ തുടരുമെന്ന് പറഞ്ഞാണ് സംസാരം അവസാനിപ്പിച്ചത്. ആതിഥ്യമര്യാദയുടെ ഭാഗമായി മുറ്റത്തെ ഗേറ്റ് വരെ വന്ന് കൈവീശി യാത്രയാക്കുമ്പോൾ, ആ മുഖം സ്നേഹത്തിന്‍റെ ‘ശവ്വാലമ്പിളി’യാൽ തിളങ്ങുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dr. shihab ghanemramadan2023
News Summary - Arab poet Dr. Shihab Ghanem speaks
Next Story