അർഫാ ഖാനം ഷെർവാണി വ്യാഴാഴ്ച മടപ്പള്ളി കോളജിൽ
text_fieldsകോഴിക്കോട്: രണ്ടാമത് എം.ആർ. നാരായണ കുറുപ്പ് സ്മാരക പ്രഭാഷണം നിർവഹിക്കുന്നതിനായി പ്രമുഖ മാധ്യമപ്രവർത്തക അർഫാ ഖാനം ഷെർവാണി 18 ന് (വ്യാഴാഴ്ച) രാവിലെ 11ന് മടപ്പള്ളി കോളജിലെത്തും. മാധ്യമകുത്തകകൾ, വർഗീയത, ജനാധിപത്യത്തിെൻറ ഭാവി എന്ന വിഷയത്തെ അധികരിച്ച് അർഫാ ഖാനം ഷെർവാണി സംസാരിക്കും. മടപ്പള്ളി കോളജ് സ്ഥാപിക്കുന്നതിൽ നേതൃത്വപരമായ പങ്ക് വഹിച്ച എം.ആർ. നാരായണ കുറുപ്പിെൻറ സ്മരണാർത്ഥമാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഈ പരമ്പരയിലെ പ്രഥമ പ്രഭാഷണം ഇൻ്റർനാഷനൽ ബൂക്കർ പ്രൈസ് ജേത്രിയായ ഗീതാഞ്ജലി ശ്രീ യാണ് കഴിഞ്ഞ വർഷം നിർവഹിച്ചത് .
സമകാലിക ഇന്ത്യൻ മാധ്യമ രംഗത്തെ ശ്രദ്ധേയമായ മുഖമാണ് അർഫാ ഖാനം ഷെർവാണിയുടേത്. സ്വാതന്ത്രമാധ്യമ രംഗത്തെ സുപ്രധാന മാധ്യമായ ‘ദി വയറി’െൻറ സീനിയർ എഡിറ്റർ ആയി പ്രവർത്തിക്കുന്ന അർഫാ ഖാനം ഷെർവാണി, തെൻറ ബോധ്യങ്ങളെ നിലപാടുകളായി പരിവർത്തിപ്പിച്ച മാധ്യമ പ്രവർത്തകയാണ്. ‘ദി വയറി’ൽ ചേരുന്നതിന് മുമ്പ് രണ്ട് ദശാബ്ദ കാലത്തോളം, എൻ.ഡി.ടി.വി, രാജ്യസഭ ടി. വി, തുടങ്ങിയ മാധ്യമസ്ഥാപനങ്ങളിൽ പ്രവർത്തിച്ച അവർ, പ്രധാനമായും കൈകാര്യം ചെയ്തത്, രാഷ്ട്രീയമായിരുന്നു. അവരുടെ പ്രവർത്തന മികവിന് അംഗീകാരമായി, നിരവധി അവാർഡുകൾ ഷെർവാണിയെ തേടിയെത്തി. 2022 ലെ കുൽദീപ് നായർ പത്രപ്രവർത്തന അവാർഡ് , 2019 ലെ ഏറ്റവും മികച്ച വനിതാ മാധ്യമ പ്രവർത്തകയ്ക്കുള്ള ചമേലി ദേവി ജെയിൻ പുരസ്കാരം, മാധ്യമ രംഗത്തെ മികവിനുള്ള 2019 ലെ റെഡ് ഇങ്ക് പുരസ്‌കാരം, 2018 ൽ അമേരിക്കയിലെ ഈസ്റ്റ് വെസ്റ്റ് സെന്റർ നൽകുന്ന സീനിയർ ജേർണലിസ്റ്റ് സെമിനാർ ഫെല്ലോഷിപ്പ്, 2017 ൽ റോബർട്ട് ബോഷ് മീഡിയ അംബാസഡർ ഫെല്ലോഷിപ്പ് (ജർമ്മനി) എന്നിവ അവയിൽ ചിലത് മാത്രമാണ്.
നിരവധി ദേശീയ അന്തർ ദേശീയ വേദികളിൽ പ്രഭാഷകയായി അർഫാ ഖാനം ഷെർവാണി ക്ഷണിക്കപ്പെട്ടിട്ടുണ്ട്. ഹാർവാർഡ് ഇന്ത്യ കോൺഫറൻസ്, ജർമ്മനിയിലെ, ഗ്ലോബൽ മീഡിയ ഫോറം തുടങ്ങിയ വേദികളിൽ പ്രഭാഷണം നടത്തിയിട്ടുണ്ട്. അതുപോൽ, സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി, മസാച്യുസെറ്റ്സ് യൂണിവേഴ്സിറ്റി, മിഷിഗൺ യൂണിവേഴ്സിറ്റി, കാലിഫോർണിയ ബർക്കിലി യൂണിവേഴ്സിറ്റി, തുടങ്ങിയ അന്തർദേശീയ സർവകലാശാലകളിൽ ക്ഷണിക്കപ്പെട്ട പ്രഭാഷകയായിരുന്നു ഷെർവാണി.
എം.ആർ. നാരായണ കുറുപ്പ് സ്വാതന്ത്ര്യ സമര കാലത്ത് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയിലെ അംഗമായിരുന്നു. പിന്നീട്, കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയോട് ചേർന്ന് പ്രവർത്തിച്ചു. അതിന് ശേഷം കമ്മ്യുണിസ്റ്റ് പാർട്ടിയിലെത്തിയ അദ്ദേഹം, കുന്നുമ്മക്കര പഞ്ചായത്ത് പ്രസിഡന്റായി. ഒഞ്ചിയം പഞ്ചായത്തിന്റെ പ്രസിഡന്റായ അദ്ദേഹം 1976 ൽ മരണപ്പെടുന്നത് വരെ ആ സ്ഥാനത്ത് തുടർന്നു. 25ാo സ്വാതന്ത്ര്യ ദിനത്തിൽ താമ്രപത്രത്തിന് അർഹനായ അദ്ദേഹത്തെ ‘ആധുനിക ഒഞ്ചിയത്തിന്റെ സൃഷ്ടാവാ'യി കണക്കാക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.