കലയും സംസ്കാരവും വികസനപ്രക്രിയയുടെ അടിസ്ഥാന സ്തംഭങ്ങൾ -സൗദി മന്ത്രി
text_fieldsറിയാദ്: കലയും സംസ്കാരവും സൗദി സമൂഹത്തിന്റെ ആത്മാവിന്റെ ഭാഗമാണെന്നും അവ വികസനപ്രക്രിയയുടെ രണ്ട് അടിസ്ഥാന സ്തംഭങ്ങളാണെന്നും സാംസ്കാരിക ഡെപ്യൂട്ടി മന്ത്രി ഹമീദ് ബിൻ മുഹമ്മദ്. റിയാദിലെ റോഷൻ ഫ്രൻറിൽ നടന്ന നാലുദിന സൗദി ഫിലിം ഫോറത്തിൽ (സൗദി ഫിലിം കോൺഫെക്സ്) സംസാരിക്കുകയായിരുന്നു അദ്ദേഹം. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ആരംഭിച്ച ‘വിഷൻ 2030’ന്റെ അടിസ്ഥാനത്തിൽ ചലച്ചിത്ര-കലാവ്യവസായത്തിന് ശോഭനമായ ഭാവി കെട്ടിപ്പടുക്കാൻ സാംസ്കാരിക മന്ത്രാലയവും ഫിലിം കമീഷനും ശ്രമിച്ചുവരുകയാണ്.
യാഥാർഥ്യത്തെ മികച്ചതാക്കി മാറ്റുന്നതിലും നമ്മുടെ സംസ്കാരം ലോകമെമ്പാടും പ്രചരിപ്പിക്കുന്നതിലും സിനിമ പ്രധാന പങ്കുവഹിക്കുമെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. ഫിലിം കമീഷൻ കലാപരവും സിനിമാപരവുമായ സംരംഭങ്ങളെ പിന്തുണക്കുന്നത് തുടരും. കഴിവുകൾ വികസിപ്പിക്കുന്നതിനും സർഗാത്മകതയുടെ ചക്രവാളങ്ങൾ വികസിപ്പിക്കുന്നതിനും ഇത് സംഭാവന നൽകും. ഇതെല്ലാം നമ്മുടെ രാജ്യത്തെ കലയും സിനിമാമേഖലയും വികസിപ്പിക്കാനുള്ള ഉറച്ച പ്രതിജ്ഞാബദ്ധതയുടെ ചട്ടക്കൂടിനുള്ളിലാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സൗദി യുവാക്കളുടെ സർഗാത്മകത, മികവ്, നിശ്ചയദാർഢ്യം എന്നിവ ഉപയോഗിച്ച് അന്താരാഷ്ട്രതലത്തിലും ആഗോളതലത്തിലും മികച്ച സൗദി സൃഷ്ടികൾ ഉണ്ടായിട്ടുണ്ടെന്നും ഡെപ്യൂട്ടി മന്ത്രി പറഞ്ഞു.
സാംസ്കാരിക മന്ത്രിയും ഫിലിം അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാനുമായ അമീർ ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ, സാംസ്കാരിക ഡെപ്യൂട്ടി മന്ത്രി മുഹമ്മദ് ബിൻ ഹമദ് എന്നിവരുടെ രക്ഷാകർതൃത്വത്തിൽ നാലു ദിവസം നീണ്ട സൗദി ഫിലിം ഫോറം ബുധനാഴ്ചയാണ് സമാപിച്ചത്. ചലച്ചിത്രനിർമാണത്തിൽ താൽപര്യമുള്ള നിരവധി അറബ്, അന്തർദേശീയ വ്യക്തിത്വങ്ങളുടെയും രാജ്യത്തിലെ പ്രാദേശിക, അറബ്, അന്തർദേശീയ സംവിധായകർ, അഭിനേതാക്കൾ, വ്യവസായ വിദഗ്ധർ എന്നിവരുടെയും വലിയ സാന്നിധ്യത്തിനും ഫോറം സാക്ഷ്യം വഹിച്ചു.
സിനിമാമേഖലയിലെ നൂറിലധികം വിദഗ്ധരുടെയും അന്തർദേശീയ വ്യക്തികളുടെയും പങ്കാളിത്തത്തോടെ ലോകമെമ്പാടുമുള്ള എക്സിക്യൂട്ടിവുകൾ, നിക്ഷേപകർ, സ്പെഷലിസ്റ്റുകൾ എന്നിവരുൾപ്പെടെ 50ഓളം പ്രഭാഷകർ ഫോറത്തിൽ പെങ്കടുത്തു. ചലച്ചിത്രനിർമാണത്തെയും അതിന്റെ പ്രവർത്തനങ്ങളെയും പിന്തുണക്കുന്ന ഏറ്റവും പുതിയ വിഷയങ്ങളും സാങ്കേതികവിദ്യകളും ഫോറത്തിന്റെ വിവിധ സെഷനുകളിൽ ചർച്ചചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.