Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightദി സെവൻ മൂൺസ്

ദി സെവൻ മൂൺസ്

text_fields
bookmark_border
Shehan Karunatilaka
cancel
camera_alt

ഷെഹാൻ കരുണതിലകെ

1989, ശ്രീലങ്കയിൽ ഏറ്റവും കൂടുതൽ അനാഥ മൃതദേഹങ്ങൾ കണ്ടെത്തിയ കലാപകാലം. അതിൽ ഒരു മൃതദേഹമായിരുന്നു തെരുവിൽ കൊല്ലപ്പെട്ട മാലി അൽമെയ്ദയുടേത്. സ്വന്തം കൊലപാതകിയാരെന്ന് മാലിക്കും അറിയില്ല, അതുകൊണ്ടുതന്നെ കൊന്നതാരാണെന്ന് അന്വേഷിക്കുകയാണ് യുദ്ധഫോട്ടോഗ്രാഫർ കൂടിയായിരുന്ന അദ്ദേഹം. ഏഴ് ചാന്ദ്രദിനങ്ങളാണ് മരണാനന്തര ജീവിതത്തിലെ മാലിയുടെ ​അന്വേഷണത്തിന് ലഭിക്കുക. ശ്രീലങ്കൻ എഴുത്തുകാരൻ ഷെഹാൻ കരുണതിലകെ 'ദി സെവൻ മൂൺസ് ഓഫ് മാലി അൽമെയ്ദ'യിലൂടെ ശ്രീലങ്കയുടെ ഒരു കാലഘട്ട​ത്തെ വിവരിച്ചുതുടങ്ങുന്നതിങ്ങനെ.

ആഭ്യന്തരയുദ്ധവും ​സംഘർഷവും പ്രണയവും ജീവിതവും മരണവും പറയുന്ന 'ദി സെവൻ മൂൺസ് ഓഫ് മാലി അൽമെയ്ദ' എന്ന നോവലിനാണ് ഇത്തവണത്തെ ബുക്കർ പുരസ്കാരം. ഷെഹാൻ കരുണതിലകെയുടെ രണ്ടാമത്തെ നോവലാണ് 'ദി സെവൻ മൂൺസ് ഓഫ് മാലി അൽമെയ്ദ'. വ്യത്യസ്ത തലക്കെട്ടുകളിൽ വിവിധ പേരുകളിൽ രണ്ടാമത്തെ ഈ നോവൽ പ്രസിദ്ധീകരിച്ചിരുന്നു. 'ചാറ്റ്സ് വിത്ത് ദി ഡെഡ്' എന്ന​ പേരിൽ 2020ൽ ഇന്ത്യയിൽ ​പ്രസിദ്ധീകരിക്കപ്പെട്ടു. പിന്നീട് 'ദി സെവൻ മൂൺസ് ഓഫ് മാലി അൽമെയ്ദ' എന്ന പേരിൽ 2022ൽ ​ലോകവിപണിയിൽ എത്തിക്കുകയായിരുന്നു.

ഈ നോവലിന് ലോകം ഉറ്റുനോക്കുന്ന ബുക്കർ പോലൊരു പുരസ്കാരം ലഭിക്കുമെന്ന പ്രതീക്ഷ തനിക്കില്ലായിരുന്നുവെന്ന് ഷെഹാൻ പറയുന്നു. 2009ൽ അവസാനിച്ച ആഭ്യന്തരയുദ്ധത്തിൽ ശ്രീലങ്കയിൽ എത്രയോ സാധാരണക്കാർ മരിച്ചുവീണിരുന്നു. ആരുടെ തെറ്റ് മൂലമാ​ണ് ഇതെല്ലാം എന്ന് ചിന്തിക്കാൻ തുടങ്ങി. അതിനാൽതന്നെ മരിച്ചവർ തന്നെ തങ്ങളുടെ ജീവിതകഥ പറയട്ടെ എന്ന ആശയം തോന്നി. വർത്തമാനകാലത്തെക്കുറിച്ച് പറയാൻ ധൈര്യമില്ലായിരുന്നു. അതുകൊണ്ടുതന്നെ 20 വർഷം പിറകോട്ടുപോയി, 1989ലെ ഇരുണ്ട ദിനങ്ങളെക്കുറിച്ച് കഥയെഴുതാൻ തീരുമാനിക്കുകയായിരുന്നു.

2014ലാണ് രണ്ടാമത്തെ നോവൽ എഴുതിത്തുടങ്ങുന്നത്. അതിന്റെ പല വേർഷനുകൾ എഴുതി. 1989കളെക്കുറിച്ച് പഠിച്ചു. അമാനുഷിക കഥകളെക്കുറിച്ച് വായിച്ചുംകേട്ടും അറിഞ്ഞു. എ3 ഷീറ്റുകളിൽ പെൻസിലിൽ കുറിപ്പുകൾ എഴുതിവെച്ചു. വീണ്ടും തിരുത്തിയെഴുതി. രൂപവും ഭാവവുമെല്ലാം മാറ്റിക്കൊണ്ടിരുന്നു. അഞ്ചുവർഷത്തിന്ശേഷം മാലി അൽ​മെയ്ദയിലൂടെ കഥയുടെ താളം കണ്ടെത്തി -നോവലിനെക്കുറിച്ച് ഷെഹാൻ പറയുന്നതിങ്ങനെ.

2011ലാണ് ആദ്യ നോവലായ 'ചൈനാമാൻ, ദി ലെജൻഡ് ഓഫ് പ്രദീപ് മാത്യു' പ്രസിദ്ധീകരിക്കുന്നത്. ചൈനാമാൻ: ദ ലെജൻഡ് ഓഫ് പ്രദീപ് മാത്യു ആഭ്യന്തര കലാപത്തിന്റെ പശ്ചാത്തലത്തിലുള്ള ശ്രീലങ്കൻ നോവലാണെങ്കിലും പ്രാഥമികമായി ക്രിക്കറ്റിനെയും വൃദ്ധന്മാരെയുമെല്ലാം പരാമർശിക്കുന്നതായിരുന്നു. 'ചൈനമാൻ' ദ ലെജൻഡ് ഓഫ് പ്രദീപ് മാത്യു'വിന് ശ്രീലങ്കൻ ഇംഗ്ലീഷ് സാഹിത്യമേഖലയിലെ സമുന്നത സാഹിത്യ പുരസ്കാരമായ 'ദി ഗ്രെഷ്യൻ പ്രൈസ് നേടിയിരുന്നു. കൂടാതെ 2012ലെ ഡി.എസ്.സി പുരസ്കാരവും കോമൺവെൽത്ത് പുരസ്കാരവും ഇതിന് ലഭിച്ചു. 10 വർഷത്തോളം മിനുക്കിയെടുത്താണ് രണ്ടാമത്തെ നോവലായ ദി സെവൻ മൂൺസ് ഓഫ് മാലി അൽമെയ്ദ ഷെഹാൻ പൂർത്തിയാക്കിയത്.

നോവലിൽ നിഗൂഢതയും മരണാന്തര ജീവിതവും രാഷ്ട്രീയവും പറഞ്ഞുപോരുന്നു. അതിനൊപ്പം ഒരു ത്രികോണ പ്രണയവും ബന്ധങ്ങളുടെ ആഴവും ആത്മാക്കളുടെ ചിന്തകളും ഇതിലുണ്ടായിരുന്നു. വായനക്കാരെ ഈ കഥയിൽ കുരുക്കിയിടുന്നതും ഇവയാണെന്നാണ് എന്റെ വിശ്വാസം -ഷെഹാൻ പറയുന്നു.

1989 എന്റെ ഓർമയിലെ ഇരുണ്ട വർഷമായിരുന്നു. അവിടെ വംശീയയുദ്ധവും മാർക്സിസ്റ്റ് വിപ്ലവവും വിദേശ ശക്തികളുടെ സാന്നിധ്യവുമുണ്ടായിരുന്നു. കൊലപാതകങ്ങളുടെയും മൃതദേഹങ്ങളുടെയും തിരോധാനങ്ങളുടെയും ബോംബുകളുടെയും കാലമായിരുന്നു. എന്നാൽ 1990കളുടെ അവസാനത്തോടെ എതിരാളികളിൽ ഭൂരിഭാഗവും മരിച്ചിരുന്നു. അതിനാൽ തന്നെ മരിച്ചവരെക്കുറിച്ച് എഴുതുക എന്നത് ഇപ്പോഴുള്ളവയെക്കാൾ സുരക്ഷിതമാണെന്ന് എനിക്ക് തോന്നി. ഇന്നത്തെ സാമ്പത്തിക പ്രതിസന്ധിയെ ഒരിക്കലും 1989കളിലെ ഭീകരതയോടോ 1983കളിലെ തമിഴ് വിരുദ്ധ വംശഹത്യയോടോ താരതമ്യം ചെയ്യാൻ കഴിയില്ല -ഷെഹാൻ കൂട്ടിച്ചേർക്കുന്നു.

ഭീതിദമായ ഭൂതകാലവും പ്രക്ഷുബ്ധമായ വർത്തമാനകാലവുമുണ്ടെങ്കിലും ശ്രീലങ്ക ഒരിക്കലും നിരാശാജനകമായ അല്ലെങ്കിൽ നിർഭാഗ്യകരമായ സ്ഥലമല്ല. പ്രതിസന്ധി ഘട്ടങ്ങളിൽ പോലും ഞങ്ങൾ തമാശ പറയുകയും പൊട്ടിച്ചിരിക്കുകയും ഭാവിയെക്കുറിച്ച് ചിന്തിക്കുകയും ചെയ്യും -നോവലിനെ ആക്ഷേപഹാസ്യമെന്ന് ബുക്കർ പുരസ്കാര വിധികർത്താക്കൾ വിശേഷിപ്പിച്ചതിനോട് ഷെഹാൻ പ്രതികരിക്കുന്നത് ഇങ്ങനെ.

1975ൽ ശ്രീലങ്കയിലാണ് ഷെഹാൻ കരുണതിലകെയുടെ ജനനം. കൊളംബോയിൽ വളർന്ന അദ്ദേഹം ന്യൂസിലൻഡിൽ പഠനം പൂർത്തിയാക്കി. ജോലിയുടെ ഭാഗമായി ലണ്ടനിലും സിംഗപ്പൂരിലും ആംസ്റ്റർഡാമിലുമെല്ലാം ജീവിച്ചു. ഇവിടെയെല്ലാം ജീവിച്ചിട്ടുണ്ടെങ്കിലും ഷെഹാൻ കരുണതിലകെയുടെ നോവലിലെല്ലാം ശ്രീലങ്കയെ കാണാം. അതിലൊരു കഥാപാത്രമായി ആ ദ്വീപ് രാജ്യം മുഴച്ചുനിൽക്കും. പ്രശ്നങ്ങളുണ്ടെങ്കിലും നിലവിലെ സ്ഥിതി പ്രതീക്ഷക്ക് വക നൽകുന്നതാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

ശ്രീലങ്കൻ രാഷ്ട്രീയവുമായി എനിക്ക് ബന്ധ​മില്ല, എന്നാൽ രാജ്യത്ത് എന്തു നടക്കുന്നുവെന്ന് ഞാനും ശ്രദ്ധിക്കും. നിലവിൽ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയിൽ ഭൂരിപക്ഷം ആളുകളും വിലക്കയറ്റവും വരുമാനമില്ലാത്തതും തൊഴിലില്ലായ്മയും ക്ഷാമവുമെല്ലാം കൊണ്ട് ഉഴലുന്നുണ്ട്. ഇപ്പോഴ​ത്തെ ജനവികാരം പ്രതീക്ഷയും ആശങ്കയും നൽകുന്നതാണ്. അടുത്തിടെ ഭരണരംഗത്തുണ്ടായ സ്ഥിരത ആശ്വാസം നൽകുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

കഥാകാരൻ എന്നതിനുപുറമെ പരസ്യവാചകമെഴുത്ത് തൊഴിലാക്കിയ വ്യക്തിയാണ് ഷെഹാൻ കരുണാതിലകെ. കൂടാതെ സംഗീതവും അദ്ദേഹം ഒരുമിച്ചുകൊണ്ടുപോകുന്നു. ബാസ്, പിയാനോ, ഹാർമോണിയം, ഗിത്താർ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ സംഗീത താൽപര്യം. റോക്ക്, ഇൻഡി ഗിത്താർ പാട്ടുകളും എഴുതും. മുത്തയ്യ മുരളീധരനെക്കുറിച്ചുള്ള 800-ദി മുരളി സ്റ്റോറിയുടെ തിരക്കഥ അദ്ദേഹം രചിച്ചിരുന്നു. കൂടാതെ പത്രങ്ങളിൽ ക്രിക്കറ്റുമായി ബന്ധപ്പെട്ടും അല്ലാതെയും നിരവധി ലേഖനങ്ങൾ എഴുതി. കരുണതിലകെയുടെ ആദ്യ നോവലായ 'ദ പെയിന്റർ' ഗ്രെഷ്യൻ പുരസ്കാര ചുരുക്കപ്പട്ടികയിലെത്തിയിരുന്നു. എന്നാൽ ആ നോവൽ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. നിലവിൽ കുട്ടികൾക്ക് വേണ്ടിയുള്ള ഒരു പുസ്തകത്തിന്റെ പണിപ്പുരയിലാണ് അദ്ദേഹം. കുറുനഗലായിലെ പൂച്ചികളെപ്പറ്റിയാണ് പുസ്തകം. 'പ്ലീസ് ഡോണ്ട് പുട്ട് ദാറ്റ് ഇൻ യുവർ മൗത്ത്' എന്ന കുട്ടികൾക്ക് വേണ്ടിയുള്ള കരുണതിലകെയുടെ പുസ്തകം ഏ​റെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൊളംബോയിലെ കോർപ​റേറ്റ് ലോകത്തെക്കുറിച്ചാണ് കരുണതിലകെയുടെ അടുത്ത നോവൽ.

courtesy: thebookerprizes.com

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:booker prizeShehan Karunatilaka
News Summary - Article on Booker prize winning novel The Seven Moons of Mali Almeida
Next Story