വരയുടെ തമ്പുരാൻ; ആസ്വാദനാനുഭവത്തെ മാറ്റിമറിച്ച അതുല്യ പ്രതിഭ
text_fieldsഎടപ്പാള്‍: വരയുടെ പരമശിവനെന്ന് ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെ വിശേഷിപ്പിച്ചത് വി.കെ.എൻ ആണ്. സാഹിത്യവായനയെ ദൃശ്യാനുഭവത്തിന്‍റെ പുതിയ തലത്തിലേക്ക് ഉയർത്തുകയായിരുന്നു നമ്പൂതിരി. എന്തിനാണ് എഴുതുന്നത് എന്ന ചോദ്യത്തിന് ഒരിക്കൽ വി.കെ.എൻ മറുപടി നൽകിയത് 'നമ്പൂതിരി വരയ്ക്കുന്ന ചിത്രങ്ങൾ കാണാൻ' എന്നായിരുന്നു. നമ്പൂതിരിയുടെ വിരലുകളിൽ നിന്നൂർന്ന ലോലമായ രേഖകളിലൊളിഞ്ഞു കിടന്ന സൗന്ദര്യ സങ്കല്‍പ്പങ്ങളിൽ അഭിരമിക്കാത്ത മലയാളി ആസ്വാദകരില്ലെന്ന് പറയാം.
ചിത്രകാരനാകണമെന്ന മോഹമൊന്നും തനിക്ക് ഉണ്ടായിരുന്നില്ലെങ്കിലും മനസ്സിലെവിടെയോ ഒരു ചിത്രകാരന്‍ ഒളിച്ചിരുന്നതായി ഒരിക്കൽ നമ്പൂതിരി പറഞ്ഞിരുന്നു. ചുമരുകളിലും തറകളിലും കരിക്കട്ടകൊണ്ട് കോറിയിട്ടുനടന്ന ബാല്യകാലത്ത് ചെന്നൈയിലെത്തി കെ.സി.എസ്. പണിക്കരെപ്പോലെ ഒരതികായന്‍റെ കീഴില്‍ ചിത്രം വര പഠിക്കാന്‍ അവസരമൊത്തതായിരുന്നു എല്ലാത്തിനും നിമിത്തമായത്.
ചോളമണ്ഡലത്തിലെ ചിത്രകലാഭ്യാസത്തിനൊടുവില്‍ വിരല്‍ത്തുമ്പിലൂടെ ജീവന്‍ തുടിക്കുന്ന കഥാപാത്രങ്ങളെ ആസ്വാദകര്‍ക്ക് പകര്‍ന്നുനല്‍കാനുള്ള ആത്മവിശ്വാസവുമായാണ് വാസുദേവന്‍ നമ്പൂതിരി തിരിച്ചെത്തിയത്.
പിന്നീട് മാതൃഭൂമിയിലൂടെ നമ്പൂതിരിയെന്ന കൈയൊപ്പോടുകൂടിയ ചിത്രങ്ങള്‍ മലയാളികളുടെ മനസ്സിലേക്ക് പടര്‍ന്നുകയറുന്ന കാഴ്ചയായിരുന്നു. അതോടെ വാസുദേവന്‍ നമ്പൂതിരി കേരളത്തിലെ വരകളുടെ തമ്പുരാനായി, ആര്‍ട്ടിസ്റ്റ് നമ്പൂതിരിയായി. മാതൃഭൂമിയെ ഒരു പത്രസ്ഥാപനമെന്നതിലുപരി സാംസ്‌കാരിക സ്ഥാപനമായി കാണാനാണ് തനിക്കിഷ്ടമെന്ന് ഇദ്ദേഹം അടിവരയിടുന്നു. അക്കാലത്ത് പ്രശസ്തരുമായി ഉടലെടുത്ത ചങ്ങാത്തവും ജീവിതത്തിലെ വലിയ മുതല്‍ക്കൂട്ടുകളായി.
മലയാളത്തിലുണ്ടായ നിരവധി അതുല്യ സാഹിത്യ സൃഷ്ടികൾക്കാണ് രേഖാചിത്രങ്ങൾ ഒരുക്കിയത്. തകഴി, എം.ടി, ഉറൂബ്, വികെഎൻ അടക്കമുള്ള നിരവധി മഹാപ്രതിഭകളുടെ സൃഷ്ടികൾക്കായി ഒരുക്കിയ ചിത്രങ്ങളാണ് നമ്പൂതിരിയെ ജനപ്രിയനാക്കിയത്.
1982ല്‍ കലാകൗമുദിയിൽ ചേര്‍ന്ന നമ്പൂതിരി പിന്നീട് മലയാളം വാരികയിലും പ്രവര്‍ത്തിച്ചു. രണ്ടു തവണ കേരള ലളിതകലാ അക്കാദമിയുടെ ചെയര്‍മാനായിരുന്നു നമ്പൂതിരി. ജി. അരവിന്ദന്‍റെ ആദ്യചിത്രമായ ഉത്തരായനത്തിൽ കലാസംവിധാനം നിര്‍വഹിച്ച നമ്പൂതിരിക്ക് 1974ൽ മികച്ച കലാസംവിധാനത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. ലളിതകലാ അക്കാദമിയുടെ രാജാരവിവര്‍മ പുരസ്കാരം 2003ൽ നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.