ആർട്സ് ക്ലബ്
text_fieldsബഹ്റൈനിലെ പ്രവാസി മലയാളികളുടെ രചനകൾ (ലേഖനം, അനുഭവക്കുറിപ്പുകൾ, കവിത, ചെറുകഥ, വരകൾ, യാത്രാവിവരണം തുടങ്ങിയവ) പ്രസിദ്ധീകരിക്കുന്നതിനുള്ള ഇടമാണ് ആർട്സ് ക്ലബ്. രചനകൾ അയക്കേണ്ട വിലാസം- bahrain@gulfmadhyamam.net
വലിയ കമ്പനിയിലെ ഏറ്റവും വലിയ പോസ്റ്റിൽനിന്ന് വിരമിച്ചു. നഗരത്തിലെ ആഡംബര ഫ്ലാറ്റ് സ്വന്തമാക്കി. വെള്ളനിറത്തിന്റെ ആഢ്യത്വത്തോടുള്ള ആരാധന കാരണം ഫർണിഷ് ചെയ്യുമ്പോൾ വെള്ള അല്ലാത്തതൊന്നും കഴിവതും എവിടെയും വരാതിരിക്കാൻ ശ്രദ്ധിച്ചു. ആഡംബരത്തിന്റെ അതിപ്രസരം എവിടെയും നിറഞ്ഞു. മനസ്സ് അന്നുവരെ അറിയാത്ത തൃപ്തി അറിഞ്ഞു. വെള്ള നിറമാർന്ന ബാൽക്കണിയിലിരുന്ന് നാലുമണി ചായ കുടിക്കവെ, എവിടെനിന്നോ ഒരു കുളിർക്കാറ്റ് നൊസ്റ്റാൾജിയ ഗന്ധം പേറി വന്നു. പുറത്തു നനുത്ത മഴയും കാറ്റും ഉള്ളതുകൊണ്ട് ആ ഗന്ധം വളരെ തെളിവുറ്റതായിരുന്നു. തിരികൾ മുനിഞ്ഞുകത്തുന്ന മണ്ണെണ്ണ സ്റ്റൗവിൽനിന്നു മാത്രം വരുന്ന മണം. ഒരു കോടി രൂപ ഇപ്പോ തരാമെന്നു പറഞ്ഞാൽപോലും ഇവിടെയുള്ള ഒരു ഫ്ലാറ്റിൽനിന്ന് അത്തരം ഒരു സ്റ്റൗ കിട്ടില്ലെന്നുറപ്പാണ്. അങ്ങുദൂരെ പരന്നുകിടക്കുന്ന ചേരിപ്രദേശത്തുനിന്നും മഴക്കാറ്റ് കൊണ്ടുവന്ന മണമാണ്.
‘ഹും, എന്തൊരു മണ്ണെണ്ണനാറ്റമെന്ന’ ഭാര്യയുടെ അതൃപ്തിയെ ഒരു കണ്ണുചിമ്മൽകൊണ്ട് ശരിവെച്ച് പുഷ്ബാക്ക് ചെയറിൽ ചാരിയിരുന്ന് കണ്ണടച്ചു. ആ മണം ആവുന്നത്ര ഉള്ളിലേക്ക് ആവാഹിച്ചുകൊണ്ട്. ഗന്ധത്തിനൊരു ഗുണമുണ്ട്- മറ്റൊരാളും അറിയാതെ ഉള്ളിൽ ലയിപ്പിക്കാം. ദൃശ്യമാണെങ്കിൽ രക്ഷയില്ല. പഴകിയ കാക്കി ട്രൗസറും ഇട്ട് മണ്ണെണ്ണ അടുപ്പിൽനിന്ന് അമ്മ പകരുന്ന കട്ടൻചായക്കും വേവാത്ത കപ്പക്കും കാത്തിരുന്ന കൗമാരം മനസ്സിൽ നിറഞ്ഞു. പുറത്ത് ഇരുണ്ട മഴ - ഇടക്കു ചോരുന്ന പുരയിൽ വെള്ളം ശേഖരിക്കാൻവെച്ച ചളുങ്ങിയ പാത്രങ്ങൾ. റേഷൻകടയിൽനിന്നു കിട്ടിയ മണ്ണെണ്ണ തീരാറായ കുപ്പിയെ അമ്മ നോക്കിയ നോട്ടം തുച്ഛമായ ആദ്യ ശമ്പളംകൊണ്ട് വാങ്ങിയ ഷിവാസ് റീഗൽ പാതിയിലധികം ഒഴിഞ്ഞപ്പോൾ താൻ നോക്കിയ നോട്ടത്തോട് കിടപിടിക്കുന്നതായിരുന്നു. പുകയടുപ്പിന്റെ ഓരത്തു കെട്ടിയ അയയിൽ വിരിച്ചുണക്കിയ നിക്കറിന് ഡ്രയറിൽനിന്നെടുത്ത ബ്രാൻഡഡ് ജീൻസിനേക്കാൾ വിലയുണ്ടായിരുന്നു.
‘‘അല്ല, ചിന്തിച്ചു കാടുകയറി ഇതെങ്ങോട്ടാണ് പോകുന്നത്? ചുമ്മാ ജാഡ കാണിക്കല്ലേ’’ മനസ്സ് പിറകിൽനിന്നു വിളിച്ചു. ‘‘പുകമണക്കുന്ന നിക്കറുമിട്ട് മണ്ണെണ്ണ മണമുള്ള കട്ടൻചായയും ആ വേവാത്ത കപ്പയും കഴിക്കാൻ ഇപ്പഴും പറ്റും. എന്താ തിരിച്ചു പോകുന്നോ?’’ എന്ന് അത് ഒരു ചിരിയോടെ ചോദിച്ചു.
മഴ കനത്തുതുടങ്ങിയിരിക്കുന്നു. തുള്ളികൾ തെറിച്ചുള്ള ശല്യം ഒഴിവാക്കാൻ അകത്തോട്ടു നടക്കവേ അയാൾ തന്നോടുതന്നെ ഗൂഢമായി ചിരിച്ചു-
വാസ്തവത്തിൽ നൊസ്റ്റാൾജിയ എന്ന പേരിൽ നമ്മൾ മിസ് ചെയ്യുന്നത് പഴയകാലത്തിന്റെ വറുതികളെയാണോ? അല്ലേയല്ല. മറിച്ച് ഇനിയൊരിക്കലും തിരികെ വരാത്ത നമ്മുടെ ബാല്യകൗമാരങ്ങളെയല്ലേ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.