ആൾക്കൂട്ടത്തിൽ തനിയെ
text_fields‘അമ്മേ, തിരക്കാണ്. ഈ ബസിൽ കയറണ്ട’, അമ്മയുടെ കൈയിൽ തൂങ്ങി ചിണുങ്ങുന്ന പതിനൊന്നു വയസ്സുകാരി. ‘മഴ ചാറുന്നുണ്ട്. ഉത്രാടപ്പാച്ചിൽ ആണ്. എല്ലാ ബസിലും തിരക്കാവും നമുക്കു കയറാം...’ അമ്മയുടെ മറുപടിയിൽ മനസ്സില്ലാമനസ്സോടെയാണ് ബസിലേക്ക് കയറിയത്.
മണ്ണിടാൻ സ്ഥലമില്ല. ചെറുതായതിനാൽ മുകളിലെ കമ്പിയിൽ പിടിക്കാനും കഴിയാത്ത അവളെ നോക്കി അടുത്ത സീറ്റിൽ ഇരിക്കുന്ന ആൾ പറഞ്ഞു, ‘ഇങ്ങോട്ടു കടന്നുനിന്നോളൂ... തിരക്കിൽ പെടേണ്ട.’
രണ്ടാളുകൾക്കിടയിൽ അവൾക്കിരിക്കാൻ ഇത്തിരി സ്ഥലമുണ്ടാക്കിക്കൊടുത്ത മധ്യവയസ്കനെ അമ്മ നന്ദിയോടെ നോക്കി. തിരക്കു കൂടിക്കൊണ്ടിരുന്നു... മഴ കനത്തു. ബസിന്റെ ഷട്ടറുകൾ എല്ലാം അടച്ചു. വീഴാതിരിക്കാനെന്നവണ്ണം വയറിലൂടെ അയാൾ ചേർത്തുപിടിച്ചിട്ടുണ്ടായിരുന്നു. പിടിമുറുകി അവളുടെ കുഞ്ഞുവയർ വേദനിക്കാൻ തുടങ്ങി. പേടിയോടെ അവൾ അയാളെ നോക്കി. അമ്മയെവിടെ... ദൂരെ എവിടേക്കോ അമ്മ മാറി പോയിരുന്നു തിരക്കിൽ.
കൈ വിടുവിക്കുവാനുള്ള കുഞ്ഞിന്റെ ശ്രമങ്ങൾ ‘വീഴും, സൂക്ഷിച്ചിരിക്കൂ’ അയാളുടെ കരുതൽ ശബ്ദത്തിൽ വിഫലമായിപ്പോയി. വേദനിക്കുന്നുണ്ടവൾക്ക്! അയാളുടെ കൈകൾ ഇപ്പോൾ നെഞ്ചിലാണ്. അമ്മെയവിടെ? അവൾ പതറിനോക്കി. അവൾക്കു ചുറ്റും നൂറുപേരുണ്ട്.
പക്ഷേ ആരും, ആരും കാണുന്നില്ല അവളുടെ പിടച്ചിൽ. ‘വയസ്സറിയിച്ചതാണോ’, അയാളുടെ അടക്കിപ്പിടിച്ച ശബ്ദം കാതിൽ. കിതപ്പോടെ തന്റെ കഴുത്തിന് അരികിലേക്ക് മുഖം ചേർക്കുന്ന മനുഷ്യൻ. നെഞ്ചിലേക്ക് കൂടുതൽ അമരുന്ന അയാളുടെ പരുക്കൻ കൈ... അയാളുടെ ചോദ്യത്തിന്റെ പൊരുളറിയാതെ പേടിയോടെ ആ ചെറിയ പെൺകുട്ടി അയാളെ നോക്കി.
അയാളുടെ ചോദ്യംകേട്ട് കുലുങ്ങി ചിരിക്കുന്ന മറ്റേയാൾ. കണ്ണിലിരുട്ടു കയറുന്നതുപോലെ. ‘അമ്മേ...’ കുതറി പിടഞ്ഞ് ഉറക്കെ കരഞ്ഞുകൊണ്ട് അവൾ എഴുന്നേറ്റു. ആ കരച്ചിലിൽ ബസ് നിന്നു. എവിടെയാണെന്ന് പോലും നോക്കാതെ ആളുകളെ വകഞ്ഞുമാറ്റി ബസിൽനിന്നും ചാടി ഇറങ്ങി അവൾ.
‘എന്തുപറ്റി എന്തുപറ്റി?’ ചുറ്റുമുയരുന്ന ചോദ്യങ്ങൾ. വെപ്രാളപ്പെട്ടിറങ്ങി തന്റെ പിന്നാലെ ഓടിവരുന്ന അമ്മയെ അവൾ കണ്ടില്ല, ബസിൽനിന്നും തലയിട്ടു പുറത്തേക്കു നോക്കിയ നൂറു മുഖങ്ങളെയും കണ്ടില്ല. തോരാതെ പെയ്ത മഴയിൽ അതിലും തോരാതെ പെയ്ത കണ്ണുകൾക്ക് മുന്നിലെ കാഴ്ചകൾ എല്ലാം മങ്ങിപ്പോയിരുന്നു.
വർഷങ്ങൾക്കിപ്പുറം... ഉത്രാടപ്പാച്ചിൽ ആണ്. അവൾക്ക് ചുറ്റുമായി പരക്കം പായുന്ന മനുഷ്യർ. തിരക്കുള്ള ബസിൽ തന്റെ അഞ്ചു വയസ്സുകാരിക്ക് നേരെ നീട്ടിയ കാരുണ്യത്തിന്റെ കൈ തട്ടിമാറ്റി തന്റെ കുഞ്ഞിനെ പൊതിഞ്ഞു പിടിക്കുമ്പോഴും അവൾ വിറക്കുന്നുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.