പ്രവാസം ബാക്കിവെക്കുന്നത്
text_fieldsകഴിഞ്ഞ കുറച്ചു ദിവസം മുമ്പ് അപ്രതീക്ഷിതമായൊരു സന്ദേശം എന്നെ ത്തേടിയെത്തി. 'എന്നന്നേക്കുമായി തിരിച്ചുപോകുകയാണ്, പ്രാർഥനയിൽ ഓർമിക്കുമല്ലോ' എന്നിങ്ങനെ രണ്ടു വരികൾ! അവരുമായുള്ള പഴയ സംഭാഷണങ്ങളിലൂടെയൊക്കെ ഞാൻ ഒരിക്കൽക്കൂടി കടന്നുപോയി. ഏറെ നാളുകളായി ഒരു വിളിപ്പാടകലെ അവരുണ്ടായിരുന്നു. അവരെന്റെ സുഹൃത്തായിരുന്നില്ല. എന്നാൽ വെറുമൊരു പരിചയക്കാരി മാത്രവുമായിരുന്നില്ല. പരിചയത്തിനും സൗഹൃദത്തിനുമിടയിലെ വഴിത്താരയിലൂടെ എത്രപേരാണ് നമ്മോടൊപ്പം നടന്നുനീങ്ങിയത്! ഒരേ കാഴ്ചകൾ കണ്ട്, ഒരേ കാറ്റും മഴയും വെയിലുമേറ്റ് മുന്നോട്ടുപോകവെ ചിലപ്പോൾ ഒരു വഴിത്തിരിവിലേക്ക് അവർ അപ്രത്യക്ഷരാകുന്നു.
നമുക്ക് തീർത്തും അപരിചിതമായ വഴികളിലൂടെ അവർ യാത്ര തുടരുന്നുണ്ടാവാം. ഒരു യാത്ര പറച്ചിലിനപ്പുറം ഉണ്ടായിരുന്ന ഇടം ശൂന്യമാകുമ്പോഴാണ് അവർ നമുക്ക് ആരെല്ലാമോ ആയിരുന്നുവെന്ന തിരിച്ചറിവുണ്ടാകുന്നത്. ചില മനുഷ്യരുണ്ട്. എന്തിനോ വേണ്ടി അവർ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നു. മനസ്സിൽ ഒരിക്കലും മായാത്ത കുറെ ചിത്രങ്ങൾ കോറിയിട്ട് എവിടേക്കോ മറയുന്നു. പ്രവാസത്തിന്റെ ഏറ്റവും മനോഹരമായ നീക്കിയിരിപ്പ് ഇത്തരം ഓർമകൾ തന്നെയാകാം.
‘ഒട്ടകങ്ങൾ വരിവരി വരിയായ്, കാരക്കമരങ്ങൾ നിരനിര നിരയായ്....'
ഏറെ ഇഷ്ടത്തോടെ കേട്ടുകൊണ്ടിരുന്ന ഈ ഗാനത്തിനൊപ്പം മനസ്സിൽ വരച്ചിട്ട ഒരു ചിത്രമുണ്ടായിരുന്നു. അസ്തമയ സൂര്യന്റെ ചുവന്ന വെളിച്ചത്തിൽ തിളങ്ങുന്ന മണലാരണ്യവും കാരക്ക കുലകളായ് കായ്ച്ചുനിൽക്കുന്ന തോട്ടങ്ങളും അലഞ്ഞു തിരിയുന്ന ഒട്ടകക്കൂട്ടങ്ങളും...
പിന്നീട് പലപ്പോഴായി ആ ചിത്രങ്ങൾ മാറിമറഞ്ഞുകൊണ്ടേയിരുന്നു. യാഡ്ലി പൗഡറിന്റെ മനം മയക്കുന്ന ഗന്ധംപോലെ, വർണക്കടലാസുകളിൽ പൊതിഞ്ഞു വന്നിരുന്ന ചോക്ലറ്റിന്റെ മധുരംപോലെ, കണ്ണിമ വെട്ടാതെ നോക്കിനിന്നിരുന്ന കുഞ്ഞുടുപ്പുകൾ പോലെ മനോഹരമാണ് പ്രവാസമെന്ന് ഒരിക്കൽ കരുതിയിരുന്നു.
പിന്നീട് ഏറെ മുതിർന്നപ്പോഴാണ് പലർക്കും പ്രവാസമെന്നത് നഷ്ടങ്ങളുടെ നരച്ച പ്രതലത്തിൽ പ്രതീക്ഷകളും സ്വപ്നങ്ങളുംകൊണ്ട് നിറം പകർന്നൊരു മായാക്കാഴ്ച മാത്രമാണെന്ന തിരിച്ചറിവുണ്ടായത്. ത്യാഗത്തിന്റെയും സഹനത്തിന്റെയും ആഴക്കടൽ നീന്തിക്കയറിയ ഒരു തലമുറക്കു മുന്നിൽ ഞാനെന്ന പ്രവാസി ഭാഗ്യവതിയാണ്. എങ്കിലും നഷ്ടങ്ങളെല്ലാം എന്റെ ഇഷ്ടങ്ങൾ തന്നെയായിരുന്നു.
ഇരുട്ടിൽ ചീവിടുകളുടെ ചിലക്കലുകൾക്കിടയിൽ വാഴയിലക്കൂട്ടങ്ങൾ നിഴൽ ചിത്രങ്ങൾ വരയ്ക്കുന്ന രാത്രിയുടെ നിഗൂഢമായ ഭംഗി, ഇരുട്ടിനെ വകഞ്ഞുമാറ്റി ഓലക്കീറുകൾക്കിടയിലൂടെ അരിച്ചിറങ്ങുന്ന വെളിച്ചത്തിന്റെ തെളിച്ചം, പുലർച്ചെ തൊടിയിലെവിടെയോ നിന്നൊരു കോഴിയുടെ കൂവൽ, മഴയുടെ വ്യത്യസ്ത ഭാവങ്ങൾ, മുത്തുമണികൾ താളമേളത്തിൽ ചിതറിത്തെറിക്കുന്നതുപോലൊരു മരപ്പെയ്ത്ത്, ധനുമാസരാവിലെ ആർദ്രമായ തണുപ്പ്, പുഴയുടെ കരയിലൂടെ കടന്നുപോകുമ്പോൾ കാണുന്ന അക്കരപ്പച്ചയുടെ വശ്യത, ഇടവഴിയിലാർക്കോവേണ്ടി പൂത്തുനിൽക്കുന്ന പാഴ് ചെടികൾ, ഗന്ധരാജന്റെയും ഇലഞ്ഞിയുടെയും പിച്ചകത്തിന്റെയും മനംമയക്കുന്ന ഗന്ധം.
ഇടവഴികളിലൂടെ നടന്നുപോകുമ്പോൾ കേൾക്കുന്ന പിൻവിളിയൊച്ചകൾ, ഇൻക്വിലാബ് വിളികൾ, പൊടുന്നനെ നിശ്ചലമാകുന്ന റോഡുകൾ, നാട്ടുത്സവങ്ങൾ, കല്യാണവീട്ടിലെ കലപിലകൾ... അതെ, നഷ്ടങ്ങളുടെ നിര നീണ്ടതാണ്. മോളേ എന്ന വിളിയോടെ കൈയിലൊരു പൊതിയുമായി കടന്നുവരാറുള്ള വാപ്പ, കടുത്ത ഒരു പനിപ്പകർച്ചയിൽ അരികിലുണ്ടായിരുന്നെങ്കിലെന്ന് കൊതിക്കാറുള്ള ഉമ്മയുടെ കരുതൽ, പ്രിയപ്പെട്ടവരുടെ വേർപാടുകൾ. ഓരോ വരവിലും പ്രിയപ്പെട്ടവരാരൊക്കെയോ കാണാമറയത്തേക്ക് പോയി മറയാറുണ്ട്.
സ്നേഹ വാത്സല്യങ്ങൾ ചൊരിഞ്ഞിരുന്ന ഒരു തലമുറതന്നെ ഓർമയായി മാറി. ഇപ്പോൾ ഇടക്കൊക്കെ നാട്ടുവഴികളിലൂടെ നടന്നുനീങ്ങുമ്പോൾ ഞാൻ വെറുമൊരു അന്യയാണോ എന്ന് തോന്നിപ്പോകാറുണ്ട്.
ഒന്നും ഒന്നിനും പകരമാകാറില്ലെങ്കിലും നഷ്ടങ്ങൾ പകരം നൽകിയ ചില നിറക്കാഴ്ചകളുണ്ട്. പൊടുന്നനെ ആർത്തലച്ചു പെയ്യുന്ന മഴക്കാഴ്ചയിലേക്ക് തുറക്കുന്ന ജനൽപാളികൾക്കപ്പുറം കാണുന്ന തിളക്കമുള്ള കണ്ണുകൾ! മഴയെ പ്രവാസിയോളം പ്രണയിക്കാൻ ആർക്കാണ് കഴിയുന്നത്? പാറിപ്പറക്കുന്ന തുമ്പിയെ, ചിലക്കുന്ന കിളികളെ, വിടർന്നുനിൽക്കുന്ന പുക്കളെ അത്രമേൽ ഇഷ്ടത്തോടെ മറ്റാരാണ് നോക്കിനിൽക്കാറ്?
നാട് അത്രമേൽ പ്രിയപ്പെട്ടതാണെങ്കിലും, നാടിന്റെ ഓർമകൾ അത്രമേൽ ഗൃഹാതുരത്വമുണർത്തുന്നതാണെങ്കിലും എന്നന്നേക്കുമായി പ്രവാസത്തോട് വിട പറയുന്നവരുടെ കണ്ണുകളിലൊക്കെയും തിരിച്ചറിയാൻ കഴിയാത്ത എന്തോ സങ്കടം മിന്നിമറയുന്നത് കാണാറുണ്ട്. വാക്കുകളിൽ പ്രകടിപ്പിക്കാനാകാത്ത പരിഭവങ്ങൾ നിഴലിക്കാറുണ്ട്.
ഒരിക്കൽ നടന്നുതീർത്ത വഴികളിലൂടെ ഇനിയൊരു യാത്രയുണ്ടാകില്ലെന്നതോ, കണ്ടു പരിചിതമായ മുഖങ്ങൾ അപരിചിതമാകുമെന്നതോ, അന്നം തന്ന നാട് അന്യമാകുന്നുവെന്ന തോന്നലോ ആകാം.
ഭാവിയെക്കുറിച്ചുള്ള അരക്ഷിത ബോധവുമാകാം. ഏറെ അപരിചിതരായവർ ഒത്തുചേർന്ന് ഒന്നായിക്കഴിഞ്ഞ് വീണ്ടും അപരിചിതരായിത്തീരുന്നതാണ് പ്രവാസം എന്ന വരികളോർക്കുന്നു. അത്രമേൽ നമ്മെ ചേർത്തുനിർത്തിയ നാടിനോട് കണ്ണീരോടെയല്ലാതെ ആർക്കാണ് വിട പറയാൻ കഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.