ജാലകവിരിക്കപ്പുറം...
text_fieldsവർഷങ്ങൾ പിന്നിലെ ജാലകവിരി മാറ്റിനോക്കിയപ്പോൾ എന്റെ ഡിഗ്രി കാലഘട്ടത്തിലെ ഒരു ഉച്ചഭക്ഷണത്തിനുള്ള ഇടവേള. ഭക്ഷണം കഴിഞ്ഞ് മൂന്നാം നിലയിലെ വരാന്തയിൽ കൂട്ടുകാരികളുമായി കത്തിയടിച്ചു നിൽക്കുകയായിരുന്നു ഞാൻ. കൂട്ടത്തിൽ താഴെ കോളജിന്റെ മുറ്റത്തുകൂടി പോകുന്ന കുട്ടികളെ നോക്കി നിർദോഷമായ ഫലിതം പറയുകയും. പെട്ടെന്നാണ് ഒരു ചൂളമടി കേട്ടത്.
ചൂളമടി എന്ന് പറയാനാവുമായിരുന്നില്ല. ചുണ്ടുകൊണ്ട് ഒരു പ്രത്യേക ശബ്ദം ഉണ്ടാക്കുന്നതിൽ വിദഗ്ധയായിരുന്നു എന്റെ സ്നേഹിത. ശബ്ദം നൽകിയശേഷം അഭിനവ ഭാഗ്യലക്ഷ്മി രംഗത്തുനിന്ന് മാറി. എന്നോടും മാറിക്കോളാൻ ആംഗ്യം കാണിച്ചെങ്കിലും ഞാനതത്ര ശ്രദ്ധിച്ചില്ല. കാരണം ഞാൻ നിഷ്കു ആണല്ലോ.
ഞാനല്ലല്ലോ വിളിച്ചത്. വിളി കേട്ടയാൾ നേരെ മുകളിലേക്ക് നോക്കിയപ്പോൾ ഞാൻ പുഞ്ചിരി തൂകി മുകളിലുണ്ട്. അതിന്റെ അപകടം പിറ്റേന്ന് ബോധ്യപ്പെട്ടു. ലൈബ്രറിയിൽ ബുക്കെടുക്കാൻ ചെന്ന എന്നെ ആ എം.കോമുകാരൻ ചോദ്യം ചെയ്യലിലൂടെ പൊക്കി. കഴിഞ്ഞ കുറെ നാളായി അവനതിലേ പോകുമ്പോൾ ഇതുപോലെ ശബ്ദമുണ്ടാക്കി ഈ മഹാപാപി പറ്റിക്കാറുണ്ടത്രേ. ഇന്നാണ് ആളെ കണ്ടതുപോലും.
നോക്കണേ... ഇത്തിരി വോൾട്ടേജ് കൂടിയ ഇനമായതുകൊണ്ട് ഞാനല്ല എന്നു പറഞ്ഞിട്ടും അവൻ വിശ്വസിച്ചില്ല. പിന്നീട് അവനുമായി കൂട്ടായി ഒരു ദിവസം അവൻ എന്നോട് തന്റെ പ്രണയം തുറന്നുപറഞ്ഞു. എന്തു ചെയ്യാം എന്റെ കൂട്ടുകാരിക്ക് ഇവനോട് അടങ്ങാത്ത പ്രണയം.
എന്തായാലും ആർക്കും നീതി കിട്ടിയില്ല. പഠനം കഴിഞ്ഞ് ഓരോരുത്തരും ഓരോ വഴിക്കു പോയി. ഈയിടെ ഒഫീഷ്യൽ ആവശ്യത്തിന് അവന്റെ ഫോൺ അറ്റൻഡ് ചെയ്തപ്പോൾ ഓർമ വന്നൊരു നൊസ്റ്റാൾജിയ. വീണ്ടും ഓർമയിൽ നിറയുന്നു ആ ഒരു വസന്തകാലവും കാറ്റാടിമരങ്ങൾ നിറഞ്ഞ കാമ്പസും...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.