കവിത; തിരുത്ത്
text_fieldsഅകാരണമായൊരു ഭയം
ചൂളം വിളിച്ചു
പുറന്തള്ളുന്നൊരു
തീവണ്ടിയിലാണ് യാത്ര
വെട്ടിയും തിരുത്തിയും
വികൃതമാക്കപ്പെട്ട
ചരിത്ര പുസ്തകം
മടിയിൽ വെച്ച്
കണ്ണുകളിൽ ഭയം
എഴുതിക്കൂട്ടുന്നൊരു
പഴയ ശിഷ്യൻ കൂടെയുണ്ട്
ചുറ്റിലും ഭയം വിതറുന്ന
നോട്ടങ്ങൾ
ചോര മണക്കുന്ന
വാക്കുകൾ
അവസാനമില്ലാത്ത
ഏതോ തുരങ്കത്തിലൂടെ
അനിവാര്യമായ ഇരുട്ടിനെ
കീറി മുറിച്ചാണ്
വണ്ടി ചീറിപ്പായുന്നത്
പുറത്ത്
ആൾക്കൂട്ടങ്ങൾക്ക് നടുവിൽ
ജീവനുവേണ്ടി കേഴുന്ന
നിരായുധന്റെ തേങ്ങലുകൾ
തെരുവുകളിൽ
വെന്തെരിഞ്ഞ
പൈതൃക ശേഷിപ്പുകൾ
മാനഭംഗം ചെയ്യപ്പെട്ടുപോയ
ലിഖിത മൂല്യങ്ങൾ
തിരുത്തപ്പെടുന്ന
ചരിത്ര പാഠങ്ങൾക്ക്
കാത്കൂർപ്പിച്ച്
ശിഷ്യൻ ഉറങ്ങാതിരിപ്പുണ്ട്
പ്രിയപ്പെട്ട ശിഷ്യാ
എതിർ ശബ്ദങ്ങളുടെ
വാക്കുകൾ പരതിയതിന്
പിഴുതെടുക്കപ്പെട്ട
നാവുകളുടെയും
ചുട്ടെരിക്കപ്പെട്ട
തെരുവുകളുടെയും
ചരിത്രമാണ്
ഇനി നീ പഠിക്കേണ്ടത്
തിരുത്തുകളുടെ
കേട്ടെഴുത്തുകൾക്ക്
കാതു കൂർപ്പിക്കുക
മഹാത്മാക്കൾ
വഞ്ചകരാവും
വടിവാൾ സേനകൾ
പുതിയ സമര നായകരാവും
നീതി നിഷേധത്തിന്റെ
ജയാരവങ്ങൾ
പുതിയ വിജയഘോഷമാവും
ഭൂതവും വർത്തമാനവും
തമ്മിലുള്ള
നിലയ്ക്കാത്ത
സംഭാഷണമാണ്
ചരിത്രമെന്നത് നീ
എന്നെന്നേക്കുമായി മറന്നേക്കുക
എന്നെങ്കിലുമൊരു
ആൾക്കൂട്ട
ആക്രോശങ്ങൾക്ക് നടുവിൽ
നിരായുധനായി
പിടഞ്ഞു തീരും വരെ
നിനക്കിനിയൊരു ചരിത്രമില്ല
ഇന്നിൽ മാത്രം
ജീവിക്കുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.