കറവപ്പശു
text_fieldsകോൾഡ് സ്റ്റോറിന്റെ ചില്ലു വാതിലിനപ്പുറത്തേക്ക് കണ്ണും നട്ടിരിക്കുകയായിരുന്നു അയാൾ. കുറച്ചപ്പുറത്ത് റോഡിൽ ജലവിതരണ പൈപ്പ് സ്ഥാപിക്കുന്നതിനായി കുഴിയെടുത്തു കൊണ്ടിരിക്കുന്ന പാവം മനുഷ്യരെക്കുറിച്ചാലോചിച്ചപ്പോൾ വല്ലാത്ത സങ്കടം തോന്നി. ചുട്ടുപഴുത്തു തുടങ്ങുന്ന മണൽ പരപ്പിനും കത്തിക്കാളുന്ന സൂര്യനുമിടയിൽ മെച്ചപ്പെട്ടൊരു ജീവിതം വൃഥാ തിരഞ്ഞു കൊണ്ടിരിക്കുന്നവർ ---!!. റോഡ് പണി തുടങ്ങിയതിൽ പിന്നെ പാർക്കിങ് തീരെ ഇല്ലാത്തതിനാൽ കസ്റ്റമറേ ഉണ്ടായിരുന്നില്ല.
അതുകൊണ്ട് തന്നെ ഉടലു പൊള്ളിയ ഉരഗത്തെപോലെ വളരെ ആയാസപ്പെട്ടാണ് സമയം ഇഴഞ്ഞു നീങ്ങിക്കൊണ്ടിരിക്കുന്നത്. അല്ലെങ്കിലും പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെങ്കിൽ സമയവും കാലവുമൊക്കെ നമുക്ക് മുമ്പിൽ നമ്മളെതന്നെ നോക്കി താടിക്ക് കൈയും കൊടുത്തിരിക്കുകയാണല്ലോ ചെയ്യുക.
കുറേ സമയം പുറത്തേക്ക് നോക്കിക്കൊണ്ടിരിക്കുന്നതിനിടയിൽ ചിന്തകൾ ഏറുകൊണ്ട കടന്നലുകളെപ്പോലെ അയാൾക്ക് ചുറ്റും വട്ടമിട്ടു പറന്നു. നീണ്ട മുപ്പത്തി അഞ്ചു വർഷങ്ങൾ ഈ അറബി നാട്ടിൽ കഴിഞ്ഞു പോയിരിക്കുന്നു എന്ന യാഥാർഥ്യം ഓർത്തെടുത്തപ്പോൾ നട്ടെല്ലിലൂടെ വേദനയുടെ ഒരു തരിപ്പ് പടർന്നു കയറുന്നതുപോലെ അയാൾക്ക് തോന്നി.
കൊഴിഞ്ഞു വീണുപോയത് ജീവിതത്തിലെ എത്ര നല്ല മുഹൂർത്തങ്ങളാണ് ---!!. ആടുജീവിതത്തിലെ നജീബിനെപ്പോലെ കോൾഡ് സ്റ്റോർ എന്ന മസറയിൽ തന്റെ കൗമാരവും യൗവനവും എരിഞ്ഞു തീർന്നു കഴിഞ്ഞിരിക്കുന്നു എന്ന യാഥാർഥ്യം ദഹിക്കാത്ത ഭക്ഷണം പോലെ മനസ്സിന് വല്ലാത്ത വിമ്മിഷ്ടം ഉണ്ടാക്കിക്കൊണ്ടിരുന്നു.കട, താമസസ്ഥലം എന്നീ രണ്ട് ദ്വന്തങ്ങളിൽ കുരുങ്ങിപ്പോയ മൂന്നരപ്പതിറ്റാണ്ട് കാലം.
ഈ സമയത്തിനിടയിൽ നാട്ടിലും ഇവിടെയുമായി വന്ന മാറ്റങ്ങൾ ചെറുതൊന്നുമല്ല. കോൺക്രീറ്റ് കാടുകൾ നാടിനെ വിഴുങ്ങിയതും നഗരങ്ങൾ ആകാശം തൊടുന്ന സൗധങ്ങൾ കൊണ്ട് സമ്പന്നമായതും ജനങ്ങളുടെ ജീവിത നിലവാരവും എന്തിന്, ഭക്ഷണശീലം പോലും മാറിമറിഞ്ഞത് ഈ കാലയളവിൽ ആയിരുന്നല്ലോ.
25 പൈസക്ക് പൊറോട്ടയും രണ്ടര രൂപക്ക് ഊണും കിട്ടിക്കൊണ്ടിരുന്ന എൺപതുകളുടെ അവസാനത്തിലാണ് അയാൾ നാടിനെ നെഞ്ചിലേറ്റി കടൽ കടക്കുന്നത്, ഇപ്പോൾ യഥാക്രമം പൊറോട്ടക്ക് 15 രൂപയും ഊണിന് അമ്പത് രൂപയുമായി എത്തിനിൽക്കുന്നു. ഓട്ടോയുടെ മിനിമം ചാർജ് മൂന്ന് രൂപയിൽനിന്ന് മുപ്പത് രൂപയായി. പത്തും പതിനഞ്ചും ഇരട്ടി വർധന.
എന്നാൽ, മുപ്പത് വർഷം മുമ്പ് കോൾഡ് സ്റ്റോറിൽനിന്ന് കിട്ടിയിരുന്ന ശമ്പളത്തിന്റെ ഒരിരട്ടി മാത്രമാണ് വരുമാനത്തിൽ ആകെ ഉണ്ടായ വർധന. ഇപ്പോൾ ലഭിക്കുന്നതിൽ കൂടുതൽ തനിക്ക് തരാൻ ആ സ്ഥാപനത്തിന്റെ വരുമാനം ഒരു തടസ്സമാണെന്ന സത്യം അറിയാവുന്നതുകൊണ്ട് കൂലി വർധന ചോദിച്ചു വാങ്ങാനുള്ള ധൈര്യം അയാൾക്കില്ലായിരുന്നു. ഈ പ്രായത്തിൽ മറ്റൊരു ജോലി എന്നത് ഒരു മരീചിക മാത്രമാണെന്ന് മറ്റാരേക്കാളും അയാൾക്കറിയാമായിരുന്നു.
പിതാവിന്റെ മരണശേഷം മൂന്ന് പെങ്ങന്മാരുടെ വിവാഹം, വീട് പുതുക്കിപ്പണിയൽ, അനുജന്റെ വിദ്യാഭ്യാസം തുടങ്ങിയ തിരക്കുകൾക്കിടയിൽ വിവാഹം എന്ന കാര്യം പോലും വളരെ വളരെ വൈകിപ്പോയിരുന്നു. പിന്നീട് പേരക്കുട്ടികളുടെ കാത് കുത്ത്, സുന്നത്ത് കല്യാണം, അളിയന്മാരുടെ ഇടക്കിടെയുള്ള തിരിച്ചുകിട്ടാൻ ഒരു സാധ്യതയുമില്ലാത്ത വായ്പകൾ തുടങ്ങി ചെലവുകൾക്ക് ഒരു കുറവും ഉണ്ടായിരുന്നേയില്ല.
ഒടുക്കം ചോരയും വിയർപ്പും വിരഹവും കൊണ്ട് കെട്ടിപ്പൊക്കിയ തറവാട് വീട് ഇളയ പെങ്ങൾ ഉമ്മയെ സ്വാധീനിച്ചു കൈക്കലാക്കിയപ്പോൾ വേദനയോടെ വാടകവീട്ടിലേക്കു മാറേണ്ടിവന്ന നിമിഷങ്ങൾ ഓർമയിൽനിന്ന് ഒരിക്കലും കെടുത്തിക്കളയാൻ കഴിയാത്ത തീപിടിച്ച നൊമ്പരമായി ആത്മാവിനെ പൊള്ളിച്ചു കൊണ്ടേയിരുന്നു.
വർഷങ്ങൾ വീണ്ടും റിവേഴ്സ് ഗിയറിൽ പോയപോലെ ഒന്നിൽനിന്ന് തുടങ്ങേണ്ട അവസ്ഥ. സ്വന്തമായൊരു കൊച്ചു കൂരയെന്ന സ്വപ്നം സാർത്ഥകമാക്കാൻ വീണ്ടും ഒരുപാട് വർഷങ്ങൾ ---!!!!!കുടുംബത്തിൽ മൂത്തവനാകുക, പിതാവിന്റെ വിയോഗം, സാമ്പത്തികമായ അരക്ഷിതാവസ്ഥ, കെട്ടിച്ചയക്കാറായ പെങ്ങന്മാർ, ഇങ്ങനെയുള്ള ഒരു പ്രവാസിയുടെ ജീവിതം എത്രത്തോളം വേദന നിറഞ്ഞതായിരിക്കുമെന്ന് അനുഭവം അയാളെ പഠിപ്പിച്ചു.
ലക്ഷങ്ങൾ ചെലവഴിച്ചു കല്യാണം കഴിപ്പിച്ചയച്ച കൂടപ്പിറപ്പുകൾ സ്വത്തിന്റെ കണക്ക് നിരത്തിയപ്പോഴാണ് കുടുംബത്തിനുവേണ്ടി ചെലവാക്കിയതിനൊന്നും തന്റെയരികിൽ കണക്കുകളില്ലെന്ന് ഉൾക്കിടിലത്തോടെ അയാളോർത്തത്. എത്ര വിചിത്രമാണ് ബന്ധങ്ങളുടെ മനഃശാസ്ത്രം എന്നത് അനുഭവം അയാളെ പഠിപ്പിച്ചു.
എന്നിട്ടും ആരോടും വൈരാഗ്യം വെച്ചു പുലർത്താൻ അയാൾക്ക് മനസ്സ് വന്നില്ല. കൂടപ്പിറപ്പുകൾ ഒന്നിച്ചു കത്തിച്ചു കൊണ്ടിരിക്കുന്ന സ്വാർത്ഥതയുടെ അടുപ്പിലെ വിറക് കൊള്ളിയാണ് താനെന്നു ഉള്ളിൽ നിന്നാരോ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നിട്ടും അത് ചെവിക്കൊള്ളാൻ മനസ്സ് സമ്മതിക്കുന്നേ ഉണ്ടായിരുന്നില്ല.
വാട്സ് ആപിൽ മെസേജ് വന്നുവീഴുന്ന ശബ്ദമാണ് അയാളെ ചിന്തയിൽ നിന്നുണർത്തിയത്. തുറന്നു നോക്കിയപ്പോൾ മൂത്ത പെങ്ങളുടെ ഭർത്താവാണ്.
‘ചെറിയൊരു പ്രശ്നം വന്നു അളിയാ, മൊത്തം ഒന്ന് ടൈറ്റ് ആയി. ഇല്ലെന്ന് പറയരുത്. രണ്ടാഴ്ചത്തേക്ക് ഒരു ലക്ഷം രൂപ എങ്ങനെയെങ്കിലും ഒപ്പിച്ചു തരണം, ഒന്നും വിചാരിക്കരുത്’. ഭാര്യ കളിയായും കാര്യമായും പറയാറുള്ള വാചകമാണ് അന്നേരം മനസ്സിലേക്ക് സമ്മതം ചോദിക്കാതെ ഓടിക്കേറി വന്നത്. ‘ഇങ്ങക്ക് കുഞ്ഞമ്മദ് എന്ന പേരിനെക്കാൾ കറവപ്പശു എന്ന പേരാ നല്ലോണം യോജിക്ക്വ, കേട്ടാ’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.