കുരുന്നുകൾക്കൊരു കുരുടി പ്രാവ്
text_fieldsമരുഭൂമിയിലെ ജീവിതാനുഭവങ്ങളെ കാല്പനിക നിറക്കൂട്ടുകളിൽ ചാലിച്ച് പരാവർത്തനം ചെയ്യുകയാണ് സുബൈദ കോമ്പിലിന്റെ രചനകൾ. നിഷ്കളങ്കമായ ബാല്യത്തിന്റെ ഭാവനാവിലാസത്തിലൂടെ സഞ്ചരിക്കുന്ന ‘കുരുടി പ്രാവി’ന്റെ കഥ, നെഞ്ചിലൂറുന്ന സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും സന്ദേശമാണ് പ്രസരിപ്പിക്കുന്നത്. പ്രവാസത്തിന്റെ വിരസതയിൽ യന്ത്രങ്ങളുടെ താരാട്ട് കേട്ടുറങ്ങുന്ന ബാല്യത്തിന് മുത്തശ്ശിക്കഥകളോ നാട്ടുപാട്ടിന്റെ ഈണങ്ങളോ കൂട്ടില്ല.
എല്ലാം ഗാഡ്ജറ്റുകളുടെയും ഡിവൈസുകളുടെയും ലോകത്തേക്ക് മാറ്റിമറിക്കപ്പെട്ടിരിക്കുന്നു. ആൻഡ്രോയ്ഡ് മുത്തശ്ശിമാരാണ് പുതിയ കാലത്തെ കുട്ടികളെ കളിപ്പിക്കുന്നതും രസിപ്പിക്കുന്നതും. പൂക്കളും പുഴകളും കാടും കാട്ടാറുമില്ലാത്ത വരണ്ടുകിടക്കുന്ന മരുഭൂമിയിൽ സ്വപ്നങ്ങളുടെ ബഹുവർണത്തിലുള്ള ചിത്രശലഭങ്ങൾ ഒന്നുപോലും പാറി നടക്കുന്നില്ല.
ഒരു ഭൂഗർഭ അറയിലൂടെ സഞ്ചരിക്കുമ്പോൾ ലഭിക്കുന്ന പുറംകാഴ്ചകളാണ് ഓരോ പ്രവാസി കുരുന്നിനും ലഭിക്കുന്നത്. ആ പരിമിതികൾ മറികടക്കാൻ ഉതകുന്നതാണ് ഇത്തരം കഥകൾ. ഭാവനയുടെ അതീന്ദ്രീയമായ ഒരു ലോകത്തിലൂടെ കടന്നുപോകാനും ജീവിതത്തിന്റെ ലാവാണ്യാത്മകതയെ ആവാഹിക്കുവാനും ഈ കൃതിയിലെ അക്ഷരങ്ങൾക്ക് കഴിയുന്നു.
നാല് ചുമരുകൾക്കിടയിൽ വൈരസ്യം നിറഞ്ഞ ‘ആമി’യെന്ന പെൺകുട്ടിയുടെ ലോകത്തേക്ക് യാദൃശ്ചികമായി കടന്നുവരുന്ന ഒരു കുഞ്ഞുപ്രാവുമായുള്ള പ്രണയമാണ് ഈ കഥയുടെ ഇതിവൃത്തം. അനിയത്തി പ്രാവിനോടുള്ള അനുതാപവും അതിനു നൽകുന്ന ശുശ്രൂഷയുമൊക്കെ പതിവ് പോലെയാണെങ്കിലും ഭാവനയുടെ ചിറകിലേറി ആകാശ നീലിമയിലൂടെയുള്ള ആ യാത്ര ആരിലും കൗതുകം ജനിപ്പിക്കും.
വിശാല വിസ്തൃതവും പ്രാശാന്ത സുന്ദരവുമായ മരുഭൂമി, ആയിരത്തൊന്ന് രാവുകളിലും പറഞ്ഞുതീരാത്ത കഥകൾ, നിരവധി ചരിത്രങ്ങളുറങ്ങുന്ന മണൽത്തരികൾ, പ്രവാചകപുംഗവന്മാർ കടന്നുപോയ വഴിയടയാളങ്ങൾ, മരുഭൂമി അതിന്റെ ഗർഭത്തിൽ ഒളിപ്പിച്ചു വെച്ച നയനാനന്ദകരവും ആശ്ചര്യഭരിതവുമായ കാഴ്ചകൾ...
കുഞ്ഞുപ്രാവിന്റെ ചിറകിലേറിയുള്ള ഈ യാത്ര അവസാനിക്കുന്നത് റിയാദിലെ പ്രകൃതി വിസ്മയമായ ‘എഡ്ജ് ഓഫ് ദി വേൾഡി’ലാണെന്നതാണ് ഏറെ കൗതുകകരം. കുഞ്ഞുമനസ്സുകൾക്ക് മുന്നിൽ അറിവിന്റെയും അനുഭങ്ങളുടെയും വെൺ ചെരാതുകൾ കത്തിച്ചുവെക്കുകയാണ് സുബൈദ കോമ്പിൽ എന്ന എഴുത്തുകാരി.
കഥയിലുടനീളം അലിഞ്ഞുചേർന്ന വാത്സല്യത്തിന്റെയും മാനുഷികതയുടെയും സ്നേഹച്ചരട്, ജ്ഞാനാനുഭവത്തിൽ വികസിക്കുന്ന ആമിയുടെ ബാലമനസ്സ്, പ്രകൃതിയോടും ജീവജാലകങ്ങളോടുമുള്ള എഴുത്തുകാരിയുടെ അഭിനിവേശം എല്ലാം കുട്ടിവായനക്കാരിൽ മാത്രമല്ല, മുതിർന്നവരിലും കൗതുകമുണ്ടാക്കും.
വിജയവാഡയിൽ ബി.ആർക്കിന് പഠിക്കുന്ന തമന്ന അബ്ദുൽ ഹമീദാണ് ഇതിലെ ചിത്രങ്ങൾ വരച്ചിരിക്കുന്നത്. എഴുത്തിന്റെ ആശയങ്ങൾ ലളിതമായും ഭംഗിയായും ദ്യോതിപ്പിക്കുന്ന ഇല്ലസ്ട്രേഷൻ. ആടുജീവിതം മാത്രമല്ല, ഗൃഹാന്തർഭാഗത്തെ കുഞ്ഞുജീവിതങ്ങളും വായിക്കപ്പെടേണ്ടത് തന്നെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.